കാസിൻസ്‍കിയുടെ ആക്രമണങ്ങൾക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. അയാൾ സ്ഥിരമായി ലക്ഷ്യമിട്ടിരുന്നത് എയർലൈനുകളെയും, യൂണിവേഴ്സിറ്റികളെയും ആയിരുന്നു.
പതിനേഴു വർഷം. 24 പോസ്റ്റൽ ബോംബുകൾ, മൂന്ന് മരണം. 23 പേർക്ക് ഗുരുതരമായ പരിക്കുകൾ - 1978 മുതൽ 1995 വരെയുള്ള കാലത്തിനിടെ തിയോഡോർ കാസിൻസ്‍കി എന്ന ഹാർവാർഡ് ഗണിതശാസ്ത്ര ജീനിയസ് അമേരിക്കയിലെ സർവോന്നത കുറ്റാന്വേഷണ ഏജൻസിയായ എഫ്‌ബിഐയെ നട്ടം തിരിച്ചതിന് കയ്യും കണക്കുമില്ല.
'യൂനാബോംബർ' എന്നറിയപ്പെട്ടിരുന്ന കാസിൻസ്‍കി കാട്ടിനു നടുക്കുള്ള തന്റെ മരക്കോട്ടേജിനുള്ളിൽ ഇരുന്നുകൊണ്ട് അയച്ചുവിട്ട ഓരോ പാഴ്‍സലിലും ഉണ്ടായിരുന്നത് പ്രത്യേക തരത്തിൽ നിർമ്മിച്ചെടുത്ത ഓരോ ബോംബുകൾ ആയിരുന്നു. ഒരു ബോംബുപോലും മറ്റൊന്നിനെപ്പോലെ ആയിരുന്നില്ല. അത് നിർമ്മിച്ചയാളിലേക്ക് നീളുന്ന ഒരു തെളിവും അവശേഷിപ്പിക്കാതെയാണ് അവ പൊട്ടിത്തെറിച്ചിരുന്നതും.
ആരാണ് ഈ തിയോഡോർ കാസിൻസ്‍കി?
1942 -ൽ ഷിക്കാഗോയിൽ ജനനം. സ്നേഹസമ്പന്നനായ അച്ഛനമ്മമാരും ഇളയ സഹോദരനും അടങ്ങിയ സംതൃപ്തമായ ഒരു മിഡിൽ ക്‌ളാസ് കുടുംബത്തിലെ മൂത്തപുത്രനായിരുന്നു തിയോഡോർ കാസിൻസ്‍കി എന്ന 'ടെഡ്'. കണക്കിൽ പുലിയായിരുന്ന, പഠിക്കാൻ ഏറെ മിടുക്കനായിരുന്ന ജ്യേഷ്ഠനെ മാതൃകയാക്കിയാണ് അനുജൻ ഡേവിഡും പഠിച്ചുവളർന്നു വന്നത്. അക്ഷരാർത്ഥത്തിൽ ഒരു ജീനിയസായിരുന്നു തിയോഡോർ കാസിൻസ്‍കി. തന്റെ പതിനഞ്ചാം വയസ്സിൽ തന്നെ തിയോഡോർ ഹാർവാർഡ് സർവകലാശാലയിൽ ഒരു മെറിറ്റ് സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നു. അവരാകട്ടെ തിയോഡോറിന്റെ അസാമാന്യമായ പ്രതിഭ തിരിച്ചറിഞ്ഞ് അയാൾക്ക് തങ്ങളുടെ സ്‌കോളർഷിപ്പ് അനുവദിക്കുകയും ചെയ്യുന്നു. അങ്ങനെ പതിനാറാം വയസ്സിൽ ടെഡ് കാസിൻസ്‍കി ഹാർവാർഡിലെ തന്റെ പഠനം തുടങ്ങുന്നു.

തികച്ചും ഉൾവലിഞ്ഞ പ്രകൃതമായിരുന്നു കാസിൻസ്‍കിയുടെത്. ഹാർവാർഡിലെ പഠനകാലമത്രയും സ്വന്തം ഡോർമെറ്ററി മുറിയിൽ ചടഞ്ഞു കൂടിയ അയാൾ എന്നും പുസ്‍തകങ്ങളിൽ മുഴുകിയിരിക്കുന്നതിൽ ഹരം കണ്ടെത്തി. ഏതുനേരം നോക്കിയാലും ഒന്നുകിൽ ലൈബ്രറിയിൽ അല്ലെങ്കിൽ ഹോസ്റ്റലിൽ, കയ്യിൽ പുസ്‍തകമില്ലാതെ കാസിൻസ്‍കിയെ അക്കാലത്ത് കാണുകയേ ഇല്ലായിരുന്നു.
ഹാർവാർഡിലെ ബിരുദപഠനത്തിനിടെയാണ് അതിസങ്കീർണ്ണമായ ഒരു മനഃശാസ്ത്ര പരീക്ഷണത്തിന്റെ ഭാഗമാകാൻ കാസിൻസ്‍കി സമ്മതം മൂളുന്നത്. ആ പഠനം നടത്തിയത് കാസിൻസ്‍കിയുടെ പ്രൊഫസർ ആയ ഡോ. ഹെൻറി മുറെ ആയിരുന്നു. ഡോ. മുറെ ഒരു മുൻ അമേരിക്കൻ മിലിട്ടറി ഇന്റലിജൻസ് ഓഫീസർ ആയിരുന്നു. രണ്ടാം ലോകമഹായുദ്ധം നടന്ന കാലത്ത് സിഐഎക്കുവേണ്ടി അഡോൾഫ് ഹിറ്റ്ലറുടെ പ്രൊഫൈൽ ഉണ്ടാക്കിയ ആളാണ് പുള്ളി. യുദ്ധം കഴിഞ്ഞപ്പോൾ അദ്ദേഹം ഹാർവാർഡിലെ പ്രൊഫസർ പ്രവർത്തനം തുടർന്ന് എങ്കിലും, അതീവ രഹസ്യമായ പല സിഐഎ പരീക്ഷണങ്ങൾക്കും ചുക്കാൻ പിടിച്ചിരുന്നത് ഡോ.മുറെ ആയിരുന്നു എന്ന് പലരും ആക്ഷേപങ്ങൾ ഉന്നയിച്ചിട്ടുണ്ട് പിന്നീട്.
എന്തായാലും, കാസിൻസ്‍കി പങ്കെടുത്ത ഡോ.മുറേയുടെ പരീക്ഷണം MKUltra എന്ന സിഐഎയുടെ രഹസ്യ മനഃശാസ്ത്ര പരീക്ഷണത്തിന്റെ ഭാഗമായിരുന്നു എന്നാണ് ചിലരെങ്കിലും വിശ്വസിക്കുന്നത്. തങ്ങളുടെ ഓപ്പറേഷൻസിന്റെ ഭാഗമായി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് പലരെയും ചോദ്യം ചെയ്യേണ്ടി വന്നിരുന്നു. അങ്ങനെ ചോദ്യം ചെയ്യുന്നവരെ ബ്രെയിൻ വാഷ് ചെയ്യാനും അവരുടെ മനസ്സിനെ നിയന്ത്രിക്കാനും വേണ്ടി മാനസിക പീഡനങ്ങൾ, ഉറക്കം നിഷേധിക്കൽ, സൈക്കഡലിക് ഡ്രഗ്സ് എന്നീ സമ്മർദ്ദ തന്ത്രങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്നത് സംബന്ധിച്ച് നടന്ന കുറെയധികം സൈക്കോളജിക്കൽ ഗവേഷണ പരീക്ഷണങ്ങളെയാണ് MKUltra എന്ന വോട്ട് നാമത്താൽ സിഐഎ വിവക്ഷിച്ചിട്ടുള്ളത്. ഇങ്ങനെയുള്ള പഠനങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഈ പരീക്ഷണങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളെപ്പറ്റി സാധാരണ യാതൊരു ധാരണയും കാണില്ല. ഏറെക്കുറെ ഗിനിപ്പന്നികളുടെ അവസ്ഥയിൽ ആയിരിക്കും അവർ. അത്തരത്തിൽ ഒരു ഗിനിപ്പന്നി ആവാനായിരുന്നു, അറിയാതെയെങ്കിലും, ഹാർവാർഡിലെ പ്രൊഫസർ മുറേയുടെ പരീക്ഷണത്തിന് ചെന്ന് തലവെച്ചുകൊടുത്ത തിയോഡോർ കാസിൻസ്‍കിയുടെ നിയോഗം.

ഈ പരീക്ഷണത്തിന്റെ ചെറിയൊരു ഭാഗം ഇങ്ങനെ. ഇതിൽ പങ്കെടുക്കുന്നവരോട് തങ്ങൾ അടിയുറച്ചു വിശ്വസിക്കുന്ന കാര്യങ്ങൾ ഒരു ലേഖനമായി എഴുതാൻ പറയും. അതിനെ കീറിമുറിച്ച് വിമർശിച്ച് അവരോട് ഡിബേറ്റ് ചെയ്യാൻ മറ്റൊരു വിദ്യാർത്ഥിയോട് പറയും. എഴുതിവെച്ച കാര്യങ്ങളിൽ പിടിച്ച് ഇങ്ങനെ അപമാനിക്കുകയും, വഴക്കു പറയുകയും, മാനസികമായി പീഡിപ്പിക്കുകയും ഒക്കെ ചെയ്യുമ്പോൾ എഴുതിയ ആളിൽ ഉണ്ടാകുന്ന ന്യൂറോ റെസ്പോൻസുകൾ ഇലക്ട്രോഡുകൾ വെച്ച് പ്രൊഫ. മുറേ രേഖപ്പെടുത്തും. എന്തായാലും കാസിൻസ്‍കിയെ മാനസികമായി ഏറെ പിടിച്ചുലച്ച ഈ മനഃശാസ്ത്ര പരീക്ഷണവും അയാളുടെ മനസ്സിൽ കില്ലർ ഇൻസ്റ്റിൻക്റ്റ് വളരാൻ കാരണമായി എന്നൊരു പക്ഷമുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും മോശം കാലം എന്നാണ് ഈ പഠനത്തെപ്പറ്റി പിന്നീട് കാസിൻസ്‍കി പറഞ്ഞിട്ടുള്ളത്.
എന്തായാലും, അതും പൂർത്തിയാക്കി, നന്നായി പഠിച്ച് ഹാർവാർഡിൽ നിന്ന് ബിരുദം നേടിയ ശേഷം, തിയോഡോർ കാസിൻസ്‍കി മിഷിഗൺ സർവകലാശാലയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും, തുടർന്ന് ഡോക്ടറേറ്റും നേടി. തന്റെ ഇരുപത്തഞ്ചാം വയസ്സിൽ തന്നെ അയാൾ ഒരു കാലിഫോർണിയ സർവകലാശാലയുടെ ബെർക്ക്ലി കാമ്പസിൽ ഗണിതശാസ്ത്രത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി പ്രവർത്തിച്ചു തൂണാജി. അതുവരെയുള്ള അമേരിക്കൻ അക്കാദമിക ചരിത്രത്തിൽ തന്നെ ഏറ്റവും ചെറുപ്പക്കാരനായ ഗണിതശാസ്ത്ര പ്രൊഫസറായി അതോടെ കാസിൻസ്‍കി മാറി.

പഠിച്ചുകൊണ്ടിരുന്നപ്പോഴും, പഠനശേഷം ഒരു ജോലി കിട്ടിയപ്പോഴും ഒന്നും സ്ത്രീകളിലേക്ക് കാസിൻസ്‍കി ആകൃഷ്ടനായിരുന്നില്ല. ഒരു പെണ്ണിനെ തൊടാനുള്ള ഒരേയൊരു വഴി താൻ തന്നെ ഒരു പെണ്ണായി മാറുകയാണ് എന്ന് ധരിച്ച കാസിൻസ്‍കി ഒരിക്കൽ 'ജെണ്ടർ റീ അസൈൻമെന്റ്' ശസ്ത്രക്രിയ നടത്താൻ വേണ്ടി ഒരു ഡോക്ടറുടെ അപ്പോയിന്റ്മെന്റ് എടുക്കുക വരെ ഉണ്ടായിട്ടുണ്ട്. അവസാനനിമിഷം, ഡോക്ടറുടെ കാത്തിരിപ്പു മുറിയിൽ വെച്ച് അയാളുടെ തീരുമാനം മാറുകയാണ് ഉണ്ടായത്. എന്തുകൊണ്ടോ, തനിക്കു ചുറ്റുമുള്ള ലോകത്തെ കാസിൻസ്‍കി പാടെ വെറുത്തു കഴിഞ്ഞിരുന്നു. തന്റെ അയൽക്കാരെ, സഹപ്രവർത്തകരെ, നിത്യം കാണുന്നവരെ, സൈക്യാട്രിസ്റ്റിനെ ഒക്കെ അയാൾക്ക് കണ്ണെടുത്താൽ കണ്ടുകൂടാത്ത അവസ്ഥയായി.
കാസിൻസ്‍കിക്ക് തന്റെ പ്രൊഫസർ ജോലിയും മടുത്തു തുടങ്ങിയിരുന്നു അതിനിടെ. പഠിക്കാൻ വന്നെത്തിയിരുന്ന വിദ്യാർത്ഥികളുടെ പ്രതിഭാരാഹിത്യം അയാളെ പെട്ടെന്ന് മടുപ്പിച്ചു എന്നതാണ് സത്യം. 1969 -ൽ കാസിൻസ്‍കി തന്റെ ബെർക്ക്ലിയിലെ ജോലി രാജിവെച്ചു. എന്തിനെന്ന് ചോദിച്ച അച്ഛനമ്മമാരോടും സഹോദരൻ ഡേവിഡിനോടും കാസിൻസ്‍കി തന്റെ പുതിയ തത്വശാസ്ത്രങ്ങൾ വിവരിച്ചു. സാങ്കേതിക വിദ്യ മാനവരാശിയെ എങ്ങനെയൊക്കെയാണ് സർവനാശത്തിലേക്ക് നയിക്കുന്നത് എന്ന് അയാൾ അവരോട് പറഞ്ഞു. നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി, കാട്ടിനുള്ളിൽ ഒരു വുഡൻ കോട്ടേജ് നിർമിച്ച് അതിലേക്ക് താമസം മാറാൻ അയാൾ ആഗ്രഹിച്ചു. ജീനിയസായ മകന്റെ ഈ ഭാവമാറ്റം അച്ഛനമ്മമാരെ അമ്പരപ്പിച്ചു എങ്കിലും, അവന്റെ ഇച്ഛാശക്തി അവരെ അതിശയിപ്പിച്ചു. അങ്ങനെയാണ് അവൻ ആഗ്രഹിക്കുന്നതെങ്കിൽ അതിനുവേണ്ട സാമ്പത്തികസഹായങ്ങൾ നൽകാം എന്നുതന്നെ അവർ ഉറപ്പിച്ചു. അങ്ങനെ അച്ഛനമ്മമാരുടെ അനുഗ്രഹാശിസ്സുകളോടെ തന്നെ, തിയോഡോർ കാസിൻസ്‍കി തന്റെ സഹോദരൻ ഡേവിഡിനൊപ്പം മൊണ്ടാനയിലെ ഒരു കാട്ടിനുള്ളിൽ ഒന്നരയേക്കർ സ്ഥലം വാങ്ങി, അതിന്റെ നടുക്ക്, പത്തടി നീളവും പന്ത്രണ്ടടി വീതിയുമുള്ള ഒരു ഒറ്റമുറി കോട്ടേജ് സ്വയം നിർമിച്ച് അതിലേക്ക് താമസം മാറ്റി. വെള്ളമോ വൈദ്യുതിയോ എത്താത്തതായിരുന്നു കാട്ടിനുള്ളിലെ അയാളുടെ ആ കോട്ടേജ്. അതിൽ നാഗരികതയുടെ പാശങ്ങളിൽ നിന്നെല്ലാം മോചിതനായികാസിൻസ്‍കി ഒതുങ്ങിക്കൂടി.

1973 ആയപ്പോഴേക്കും, കാസിൻസ്‍കിയുടെ അനുജൻ ഡേവിഡിന് ആ ജീവിതവും, തന്റെ ജ്യേഷ്ഠന്റെ പ്രാന്തും ഒക്കെ മടുത്തു. ഒരു അധ്യാപന ജോലി സംഘടിപ്പിച്ച് അയാൾ തന്റെ വഴിക്ക് പോയി. 'രോഗി ഇച്ഛിച്ചതും, വൈദ്യൻ കല്പിച്ചതും പാലെ'ന്ന പോലായി അത് കാസിൻസ്‍കിയ്ക്ക്. എന്തായാലും, അതോടെ ആ കാട്ടിനു നടുവിലെ ഒറ്റമുറികോട്ടേജിൽ അയാൾ തികച്ചും ഒറ്റയ്ക്കായി. അന്നോളം താൻ ആഗ്രഹിച്ച ഒരു ജീവിതം ജീവിച്ചുതുടങ്ങി കാസിൻസ്‍കി. തുടർന്നുള്ള തന്റെ ഏകാന്ത ജീവിതത്തിനിടെ ഒരുപാട് പുസ്തകങ്ങൾ കാസിൻസ്‍കി വായിച്ചു തീർത്തു. ബാക്കിയുള്ള സമയം തന്റെ സർവൈവൽ സ്കില്ലുകൾ മെച്ചപ്പെടുത്താൻ അയാൾ പ്രയോജനപ്പെടുത്തി. കാട്ടിൽ വേട്ടയാടാൻ, മീൻപിടിക്കാൻ, തിന്നാൻ പറ്റുന്ന ചെടികൾ കണ്ടെത്താൻ, എന്തിന് കാരറ്റുകളുടെ സങ്കരയിനങ്ങൾ വികസിപ്പിച്ചെടുക്കാൻ വരെ കാസിൻസ്‍കിക്ക് അക്കാലത്ത് സാധിച്ചു.
എന്നാൽ, എഴുപതുകളുടെ അവസാനത്തോടെ മൊണ്ടാനയിലേക്കും വികസനം വന്നെത്തി. കാസിൻസ്‍കി അടക്കം മൂന്നേ മൂന്നു പേർ താമസമുണ്ടായിരുന്ന ആ താഴ്വരയിലേക്ക് നഗരത്തിന്റെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞു മാറി താമസിക്കണം എന്നാഗ്രഹമുണ്ടായിരുന്ന പലരും വന്നു കുടിയേറിപ്പാർത്തു. അതോടെ ആ താഴ്‌വരയിൽ വാഹനങ്ങളുടെ മേളമായി. കാസിൻസ്‍കിയുടെ സ്വൈരജീവിതത്തിന്റെ താളം മുറിഞ്ഞു. അയാൾ വീണ്ടും അസ്വസ്ഥനാകാൻ തുടങ്ങി. മാനസികനില കൈവിട്ടു പോകുന്നു എന്ന് തോന്നിയപ്പോൾ അയാൾ ഒരു സൈക്യാട്രിസ്റ്റിനെ ചെന്ന് കാണുന്നുണ്ടെങ്കിലും ഡോക്ടർ നൽകിയ ഉത്കണ്ഠയ്ക്കുള്ള മരുന്നുകൾ അയാൾ സേവിച്ചില്ല. ഇക്കാലത്താണ് അയാൾ തന്റെ അച്ഛനമ്മമാരോടുള്ള എല്ലാ സമ്പർക്കവും അറുത്തു കളയുന്നത്. അതിനിടെ കാസിൻസ്‍കിക്ക് ഈ ലോകത്ത് ആകെ മാനസിക അടുപ്പം ഉണ്ടായിരുന്ന ഒരേയൊരാൾ, സഹോദരൻ ഡേവിഡ്, സഹപ്രവർത്തകയായിരുന്ന ലിൻഡയെ വിവാഹം കഴിക്കുക കൂടി ചെയ്തതോടെ എല്ലാം പൂർത്തിയായി. അതോടെ, അയാൾ സഹോദരനോടുള്ള സകല ബന്ധവും ഒഴിവാക്കി.
തന്റെ തലയ്ക്കു മേലേക്കൂടി പറന്നു പൊയ്ക്കൊണ്ടിരുന്ന വിമാനങ്ങളും ഹെലികോപ്റ്ററുകളും കാസിൻസ്‍കിയെ വല്ലാതെ അസ്വസ്ഥനാക്കി. അവയെ തന്റെ ഹണ്ടിങ് റൈഫിൾ കൊണ്ട് വെടിവെച്ചിടാൻ വരെ അയാൾ ശ്രമിച്ചെങ്കിലും അത്രക്ക് റേഞ്ചുള്ളവയായിരുന്നില്ല അയാളുടെ തോക്കുകൾ എന്നതുകൊണ്ട് ആ ശ്രമം വിജയിച്ചില്ല. കാരവനുകളിൽ വന്നെത്തി തനിക്ക് ചുറ്റും വന്നു തമ്പടിച്ചിരുന്ന, കാടിനുനടുവിൽ തീകൂട്ടി, ഉച്ചത്തിൽ പാട്ടും മറ്റും വെച്ച് ബഹളമുണ്ടാക്കിയിരുന്ന ക്യാമ്പിംഗ് പ്രേമികൾ അയാളെ വല്ലാതെ അസ്വസ്ഥനാക്കി. തന്റെ വീടിനടുത്ത് സ്ഥലം വാങ്ങി പുതുതായി താമസിക്കാൻ എത്തിയ പുത്തൻകൂറ്റുകാരെയും കാസിൻസ്‍കി വെറുത്തു. അവരിൽ പലരുടെയും വീടുകൾ അയാൾ ആരുമില്ലാത്ത നേരം നോക്കി കൊള്ളയടിച്ചു. ആ വീടുകളിൽ നിന്ന് പലതും മോഷ്ടിച്ചു. അവരുടെ വാഹനങ്ങളുടെ ഇന്ധന ടാങ്കിൽ അയാൾ പഞ്ചസാര കലക്കി. പലരുടെയും പട്ടികളെ അയാൾ വിഷം കൊടുത്ത് കൊന്നുകളഞ്ഞു. കാണാൻ പുറമേക്ക് ആകെയൊരു താപസഭാവമായിരുന്നതിനാൽ ആരും തന്നെ ഈ സംഭവങ്ങളിൽ കാസിൻസ്‍കിയെ മാത്രം സംശയിച്ചില്ല.
അതിനിടെയാണ് വല്ലാത്തൊരു കൊലപാതകവസാന കാസിൻസ്‍കിയെ വന്നു പിടികൂടുന്നത് തന്നെ വെറുപ്പിച്ചുകൊണ്ടിരുന്ന ആരെയെങ്കിലും ഒന്ന് കൊന്നാൽ തന്റെ ഈ 'വെറി' തെല്ലൊന്നടങ്ങിയേക്കും എന്ന് അയാൾ തിരിച്ചറിഞ്ഞു. തന്നെക്കൊണ്ട് മറ്റൊരാളെ കൊല്ലാൻ നിഷ്പ്രയാസം സാധിക്കുമെന്നും ഒരുപക്ഷേ, അങ്ങനെ ചെയ്‌താൽ തനിക്ക് അതിൽ നിന്ന് ഒരു ആനന്ദം കണ്ടെത്താനാകും എന്നുമുള്ള തോന്നൽ കാസിൻസ്‍കിയെ ആവേശം കൊള്ളിച്ചു. പക്ഷേ, ഒരു ആവേശത്തിന്റെ പുറത്ത് അങ്ങനെ എടുത്തുചാടി ഒന്നും ചെയ്യുന്ന പതിവ് അയാൾക്കില്ലായിരുന്നു. തികഞ്ഞ പെർഫെക്ഷനിസ്റ്റായിരുന്ന, ഓസിഡി ബാധിതനായിരുന്ന കാസിൻസ്‍കി കൃത്യമായി പ്ലാൻ ചെയ്യാതെ രാവിലെ പല്ലുപോലും തേക്കുന്ന പ്രകൃതക്കാരനായിരുന്നില്ല. ഒന്നാലോചിച്ചപ്പോൾ അയാൾക്ക് ഒരു കാര്യം പിടികിട്ടി. എന്തെങ്കിലും തെളിവുകൾ അവശേഷിപ്പിച്ചാൽ, ഒരിക്കൽ, തനിക്ക് ഒരേയൊരു വട്ടം മാത്രമേ കൊല്ലാൻ പറ്റൂ. അപ്പോൾ തന്നെ പിടിക്കപ്പെടും. അയാൾക്ക് ഒരിക്കൽ കൊന്നാൽ പോരായിരുന്നു. കൊതിയടങ്ങും വരെ കൊല്ലണം. അതിനെന്താണ് വഴി എന്ന് ആ ജീനിയസ് ചിന്തിക്കാൻ തുടങ്ങി. "കൊല്ലണം... പക്ഷേ, കൃത്യമായി പ്ലാൻ ചെയ്ത്, തെളിവുകൾ ഒന്നും അവശേഷിപ്പിക്കാതെ കൊല്ലണം, പിന്നെയും പിന്നെയും കൊല്ലണം..." അയാൾ മനസ്സിൽ അതിനുള്ള പ്ലാനിങ് തുടങ്ങി. ഒടുവിൽ കാസിൻസ്‍കി തന്റെ മെയിൽ ബോംബിങ് പദ്ധതിക്ക് തുടക്കമിട്ടു. അയല്പക്കങ്ങളിൽ നിന്ന് മോഷ്ടിച്ചെടുത്തതായിരുന്നു അയാളുടെ ബോംബുകളിലെ അസംസ്കൃത വസ്തുക്കളിൽ മിക്കതും. വർഷത്തിൽ ഒന്നും രണ്ടും വെച്ച് ബോംബാക്രമണങ്ങൾ കാസിൻസ്കിയിൽ നിന്ന് അമേരിക്കയുടെ പലഭാഗങ്ങളിലായി മെയിൽ വഴി നടന്നുകൊണ്ടിരുന്നു. എഫ്ബിഐ കിണഞ്ഞു പരിശ്രമിച്ചിട്ടും അയാളിലേക്ക് എത്തിപ്പെടാൻ മാത്രം കഴിഞ്ഞില്ല.
കാസിൻസ്‍കിയുടെ ആക്രമണങ്ങൾക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. അയാൾ സ്ഥിരമായി ലക്ഷ്യമിട്ടിരുന്നത് എയർലൈനുകളെയും, യൂണിവേഴ്സിറ്റികളെയും ആയിരുന്നു. അതുകൊണ്ടാണ് കേസന്വേഷണത്തിന്റെ ആദ്യഘട്ടങ്ങളിൽ എഫ്ബിഐ അയാളെ 'യൂനാബോം' (UNABOM -UNiversity and Airline BOMber ) എന്ന് വിളിച്ചത്. അയാളുടെ ഒരു ബോംബിലും ഒരു ഡിഎൻഎ ഫുട്ട്പ്രിന്റോ, ഒരു വിരലടയാളം പോലുമോ ഉണ്ടാവില്ല. അതെല്ലാം കൃത്യമായി തുടച്ചു മാറ്റിയ ശേഷമാണ് അയാൾ ബോംബ് പാർസലായി അയച്ചിരുന്നത്. ചിലപ്പോഴൊക്കെ അയാൾ തന്റെ സൃഷ്ടി ആസിഡ് കൊണ്ട് തുടച്ചെടുക്കുമായിരുന്നു. ബോംബ് നിർമാണത്തിനുപയോഗിച്ചിരുന്ന സ്റ്റാൻഡേർഡ് ഇലക്ട്രിക് വയറുകൾ പോലും അവയിൽ നിന്ന് ചില സ്ട്രാൻഡുകൾ മാത്രം ഊരിമാറ്റി, അന്വേഷകർക്ക് അതിനെ ഒരുകാരവശാലും തിരിച്ചു ട്രേസ് ചെയ്യാൻ പറ്റാത്ത പരുവത്തിൽ ആക്കിയിരുന്നു. മറ്റു ചില കേസുകളിൽ കാസിൻസ്‍കി തന്റെ ഇരകളുടെ വിലാസത്തിൽ നിന്ന് വേണ്ടത്ര സ്റ്റാമ്പ് ഇല്ലാതെ പാർസൽ അയച്ചിരുന്നു. ഒടുവിൽ അവ ഷിപ്പിംഗ് ഏജൻസി അയച്ചയാൾക്ക് തന്നെ തിരികെ വിടുമ്പോൾ ആയിരിക്കും ആ ബോംബുകൾ അവയുടെ യഥാർത്ഥ ഇരകളെ തേടി എത്തുന്നതും അവർക്ക് പരിക്കേൽപ്പിക്കുന്നതും ഒക്കെ.

മരംകൊണ്ടുണ്ടാക്കിയതായിരുന്നു കാസിൻസ്‍കിയുടെ മിക്ക പോസ്റ്റൽ ബോംബുകളും. വെടിമരുന്ന്, ആണി, നട്ടുംബോൾട്ടും, ബോൾ ബെയറിങ് തുടങ്ങി എളുപ്പത്തിൽ, ഏതൊരു മാർക്കറ്റിൽ നിന്നും ആർക്കും നിഷ്പ്രയാസം സംഘടിപ്പിക്കാവുന്ന തരത്തിലുള്ള അസംസ്കൃത വസ്തുക്കളാണ് അയാൾ തന്റെ ബോംബുകളിൽ നിറച്ചിരുന്നത്. കണ്ടാൽ ഒരു ബോംബെന്ന് തോന്നാത്ത രീതിയിലായിരുന്നു അയാൾ അവ അയച്ചുകൊടുത്തിരുന്നത്. ഉദാ. നോർത്ത് വെസ്റ്റേൺ സർവകലാശാലക്ക് പുറത്ത് ഉപേക്ഷിച്ചത് സിഗാർ ബോക്സിന്റെ ആകൃതിയിൽ ഉള്ളൊരു ലെറ്റർ ബോംബാണ്. സാക്രമെന്റോയിലെ കമ്പ്യൂട്ടർ സ്റ്റോറിന്റെ പുറത്ത് ഉപേക്ഷിച്ചതോ ആണികൾ പുറത്തേക്ക് എഴുന്നു നിൽക്കുന്ന ഒരു മരത്തിന്റെ പെട്ടിയും. തുടക്കത്തിൽ കാസിൻസ്‍കി നിർമിച്ച ബോംബുകളിൽ ബാരോമീറ്റർ ഘടിപ്പിച്ച ഏറെ സങ്കീർണ്ണമായ ഒരു ബോംബും ഉണ്ടായിരുന്നു. വിമാനം ഒരു പ്രത്യേക ഉയരത്തിൽ എത്തുമ്പോൾ പൊട്ടാൻ കണക്കാക്കിയാണ് അത് നിർമിച്ചതും വിമാനത്തിൽ ഉപേക്ഷിച്ചതും. ആ ബോംബ് ആരുടെയും ജീവനെടുത്തില്ല അന്ന്. പക്ഷേ, വർഷം ചെല്ലും തോറും ആ ബോംബുകൾ കൂടുതൽ കൂടുതൽ മാരകമായിക്കൊണ്ടിരുന്നു.
കാസിൻസ്‍കിയുടെ ഇരകൾ, വളരെ റാൻഡം ആയി തെരഞ്ഞെടുത്തവ ആണെന്ന് ഒറ്റനോട്ടത്തിൽ ആർക്കും തോന്നുന്നവ ആയിരുന്നു. ആക്രമണങ്ങൾ പ്രധാനമായും നടന്നിട്ടുള്ളത് ഷിക്കാഗോ, കാലിഫോർണിയ, ന്യൂ ജേഴ്സി എന്നിവിടങ്ങളിൽ ആയിരുന്നു. ഇരകളിൽ മിക്കവരും പ്രൊഫസർമാർ, ടിംബർ ഇൻഡസ്ട്രിയിലെ ലോബിയിസ്റ്റുകൾ, എയർലൈൻ കമ്പനിയിലെ ഉന്നതോദ്യോഗസ്ഥർ, കമ്പ്യൂട്ടർ സ്റ്റോർ എക്സിക്യൂട്ടീവുകൾ എന്നിവരായിരുന്നു. ഈ ലെറ്റർ ബോംബുകൾ തുറക്കുമ്പോൾ പൊട്ടിത്തെറിച്ച് പരിക്കേറ്റവരിൽ പലർക്കും അവരുടെ കൈവിരലുകൾ, കൈകൾ, കണ്ണുകൾ എന്നിവ നഷ്ടമായി. പലരുടെയും കൈകളിലെ സ്പർശനശേഷി നഷ്ടപ്പെട്ടു.
കാസിൻസ്‍കി അയച്ചുവിട്ട ലെറ്റർ ബോംബുകളിൽ ഒരെണ്ണം മാത്രമാണ് പൊട്ടാതെ അവശേഷിച്ചത്. അതിൽ കണ്ട ചുള്ളിക്കമ്പുകളും ഇലകളും ഒരു പ്രധാന തെളിവായിരുന്നു. ബോംബുകളിൽ എല്ലാം തന്നെ FC എന്ന രണ്ടക്ഷരങ്ങൾ വെൽഡ് ചെയ്തോ കാർവ് ചെയ്തോ പിടിപ്പിച്ചിട്ടുണ്ടാകും. അത് കാസിൻസ്‍കിയുടെ സിഗ്നേച്ചർ ആയിരുന്നു. ഈ തെളിവുകൾ, തങ്ങൾ തേടുന്ന സീരിയൽ ബോംബർ എയർലൈൻ കമ്പനിയിൽ നിന്ന് പിരിച്ചു വിടപ്പെട്ട ഏതോ മെക്കാനിക്ക് ആണെന്ന ധാരണ എഫ്ബിഐ ഏജന്റുമാരിൽ വളർത്തി. പക്ഷേ, ജോൺ ഡഗ്ലസ് എന്ന ഒരു എഫ്ബിഐ പ്രൊഫൈലർ മാത്രം കാസിൻസ്‍കിയെപ്പറ്റി ഏറെക്കുറെ കൃത്യമായ നിഗമനത്തിലേക്ക് എത്തുകയുണ്ടായി. "വളരെ ഉയർന്ന ഇന്റലിജൻസ് ലെവൽ ഉള്ള ഏതോ ഒരു അക്കാദമിഷ്യനാണ് പ്രതി" എന്നായിരുന്നു ജോൺ ഡഗ്ലസിന്റെ ആദ്യ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ആ റിപ്പോർട്ടിന് പക്ഷേ ബ്യൂറോയിൽ കാര്യമായ സ്വീകാര്യത ഉണ്ടായില്ല. അതിനു പിന്നാലെയും, നിരവധി പ്രൊഫൈലർമാർ ഡസൻ കണക്കിന് പ്രൊഫൈൽ കാസിൻസ്‍കിയെപ്പറ്റി എഴുതി. അവസാനം യദൃച്ഛയാ പിടിക്കപ്പെട്ടപ്പോൾ കാസിൻസ്കിയുടെ പ്രൊഫൈൽ, ആ മാരത്തോൺ അന്വേഷണങ്ങളുടെ തുടക്കത്തിൽ ജോൺ ഡഗ്ലസ് എഴുതി വെച്ചിരുന്ന പ്രൊഫൈലിനോട് അച്ചട്ട് യോജിക്കുന്ന ഒന്നായിരുന്നു.
പതിനേഴു വർഷത്തെ ആക്രമണങ്ങൾക്കു ശേഷം, തന്നെ തേടി എഫ്ബിഐ വാലിൽ തീപിടിച്ച് ഓടിക്കൊണ്ടിരിക്കെ, 1995 -ൽ തിയോഡോർ കാസിൻസ്‍കി തന്റെ ടൈപ്പ് റൈറ്ററിൽ ടൈപ്പ് ചെയ്തെടുത്ത 35,000 വാക്കുകളുള്ള, 78 പേജ് വരുന്ന, Industrial Society and Its Future. ഒരു സുദീർഘ ലേഖനം, വാഷിങ്ടൺ പോസ്റ്റ്, ന്യൂയോർക്ക് ടൈംസ് എന്നീ പത്രങ്ങൾക്ക് അയച്ചു നൽകി. അത് പ്രസിദ്ധപ്പെടുത്തിയാൽ തന്റെ പോസ്റ്റൽ ബോംബിങ് നിർത്താം എന്നായിരുന്നു കാസിൻസ്‍കിയുടെ ഓഫർ. ആ മാനിഫെസ്റ്റോയിലെ എഴുത്തിന്റെ ശൈലി കണ്ടെങ്കിലും ആരെങ്കിലും ആളെ തിരിച്ചറിഞ്ഞാലോ എന്ന് കരുതി രണ്ടു പത്രങ്ങളും സ്‌പെഷ്യൽ സപ്ലിമെന്റായി കാസിൻസ്‍കിയുടെ ആ ലേഖനം പ്രസിദ്ധപ്പെടുത്തി. പ്രസ്തുത ലേഖനത്തിൽ കാസിൻസ്‍കി മുതലാളിത്തത്തിന്റെ നീരാളിക്കൈകളിൽ പിടയുന്ന സമൂഹത്തെക്കുറിച്ചും മനുഷ്യരെക്കുറിച്ചുമുള്ള തന്റെ ആശങ്കകൾ വെളിപ്പെടുത്തിയിരുന്നു. ഫ്രീഡം ക്ലബ്ബ് (FC) എന്ന ഒരു പ്രസ്ഥാനമാണ് അന്നോളം നടന്ന പോസ്റ്റൽ ബോംബ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് ധ്വനിപ്പിക്കാൻ വേണ്ടിയാകും, ആ ലേഖനത്തിലുടനീളം മനഃപൂർവം 'ഞങ്ങൾ' എന്നാണ് പരാമർശിച്ചിരുന്നത്. ആ മാനിഫെസ്റ്റോയിലൂടെയാണ് അതുവരെയുള്ള ബോംബുകളിൽ പതിച്ചിരുന്നു FC എന്ന ചുരുക്കപ്പേരിന്റെ പൂർണ്ണരൂപം 'ഫ്രീഡം ക്ലബ്ബെ'ന്നാണ് എന്ന് എഫ്ബിഐ സ്ഥിരീകരിക്കുന്നത്. അതിൽ വാഹനങ്ങൾ, ടെലിവിഷൻ തുടങ്ങി മനുഷ്യന്റെ സൗകര്യത്തിനും സുഖത്തിനും വേണ്ടി എന്ന പേരിൽ മുതലാളിത്തം സമൂഹത്തിൽ അവതരിപ്പിച്ച പല യന്ത്രങ്ങളും പിന്നീട് എങ്ങനെയാണ് മനുഷ്യരെ നിയന്ത്രിക്കാനും, ഒരർത്ഥത്തിൽ അടിമകളാക്കാനും തുടങ്ങിയത് എന്നത് സംബന്ധിച്ചുള്ള കാസിൻസ്കിയുടെ വീക്ഷണങ്ങൾ വിശദീകരിച്ചിരുന്നു.

'യുനാബോം' ടാക്സ് ഫോഴ്‌സ് എന്ന പേരിൽ ഡസൻ കണക്കിന് വിദഗ്ധ ഏജന്റുമാറം സൈക്കോ അനലിസ്റ്റുകളും പ്രൊഫൈലർമാരും ഒക്കെ അടങ്ങുന്ന ഒരു വമ്പൻ ടീം തന്നെ ഉണ്ടാക്കി പത്തുപതിനേഴു വർഷം അന്വേഷിച്ചിട്ടും എഫ്ബിഐക്ക് ഒരു തുമ്പുമുണ്ടാക്കാൻ പറ്റാതെ പോയ കാസിൻസ്‍കിയുടെ പോസ്റ്റൽ ബോംബിങ്ങുകൾക്ക് ഒരു അറുതിയുണ്ടാക്കുന്നത് അയാളുടെ സഹോദരൻ ഡേവിഡിന്റെ ഭാര്യ ലിൻഡ പാട്രിക്കിന്റെ മനസ്സിൽ 1995 -ലെ വേനൽക്കാലത്ത് തോന്നിയ ഒരു സംശയമാണ്. ഈ യുനാബോംബർ നിങ്ങളുടെ സഹോദരനാകാൻ സാധ്യതയുണ്ടോ എന്നൊരു സംശയം അവിചാരിതായി ഭാര്യയിൽ നിന്നുയർന്നപ്പോൾ ഡേവിഡ് ഞെട്ടി.

തന്റെ ഭാര്യയുടെ ആ അപ്രതീക്ഷിതമായ ചോദ്യം ഡേവിഡിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. കാരണം, അയാൾ പറഞ്ഞുള്ള അറിവുമാത്രമേ ലിൻഡയ്ക്ക് കാസിൻസ്‍കിയെപ്പറ്റി ഉള്ളൂ. മൊണ്ടാനയിലെ ഒരു കാടിന്റെ നടുക്ക് ഒറ്റപ്പെട്ട്, ആകെ ഉൾവലിഞ്ഞ് ഒരു മുനിയെപ്പോലെ പാർത്തുവരുന്ന തിയോഡോറിനെ അവർ അന്നുവരെ നേരിൽ കണ്ടിട്ടുപോലുമില്ല. പിന്നെ എങ്ങനെയാണ് ഇങ്ങനെ ഒരു ഭീകരവാദം തന്റെ സഹോദരൻ പ്രവർത്തിച്ചുവെന്ന് അവൾ ആരോപിക്കുക. തന്റെ ഭർത്താവും അമ്മയും കൂടി പലപ്പോഴായി ജ്യേഷ്ഠൻ തിയോഡോറിനു പുതിയ കാലത്തിന്റെ ടെക്നൊളജികളോടുള്ള അലർജിയെപ്പറ്റി ചർച്ച ചെയ്യുന്നത് അവൾ കേട്ടിട്ടുണ്ടായിരുന്നു. ആ ചർച്ചയുടെ ഓർമ്മപ്പുറത്താണ് ലിൻഡ ഇങ്ങനെ ഒരു സാധ്യതയെപ്പറ്റി ഭർത്താവിനോട് വെറുതെയെങ്കിലും, ഒന്നു ചോദിച്ചത്. മലമുകളിലെ ഒരു ഒറ്റമുറി കോട്ടേജിൽ താപസജീവിതം നയിക്കുന്ന ജ്യേഷ്ഠനെപ്പറ്റി തന്റെ ഭാര്യ അങ്ങനെയൊരു ആരോപണമുന്നയിച്ചത് ഡേവിഡിനെ വല്ലാതെ അലട്ടി. അയാൾ അന്നോളം അക്രമസ്വഭാവം പ്രകടിപ്പിച്ചു കണ്ടിട്ടില്ല തിയോഡോറിനെ. പിന്നെങ്ങനെയാണ് തിയോഡോർ 'യുനാബോംബർ' ആണെന്നൊക്കെ അവൾ ആരോപിക്കുന്നത്? അയാൾക്ക് തന്റെ ഭാര്യയോട് അനിഷ്ടം വരെ തോന്നി എന്നതാണ് സത്യം.
ഡേവിഡിന് വായിക്കാൻവേണ്ടി ലിൻഡ വാഷിങ്ടൺ പോസ്റ്റിൽ അച്ചടിച്ചു വന്ന, യുനാബോംബറുടെ Industrial Society and Its Future എന്ന ലേഖനം സംഘടിപ്പിച്ചു കൊടുത്തു. അത് വായിച്ചു കഴിഞ്ഞിട്ടും ഡേവിഡിന് തന്റെ ഭാര്യ പറഞ്ഞത് സമ്മതിക്കാൻ മനസ്സുവന്നില്ല. എന്നാലും, 0.1 ശതമാനം സാധ്യത അങ്ങനെ സംഭവിക്കാനും ഉണ്ട് എന്ന് അയാൾ തർക്കത്തിന് വേണ്ടിയെങ്കിലും ലിൻഡയ്ക്കു മുന്നിൽ സമ്മതിച്ചു. തുടർന്നുള്ള ആഴ്ചകളിൽ ഭാര്യയും ഭർത്താവും കൂടി ഇരുന്ന്, ആ മാനിഫെസ്റ്റോയിലെ വരികളെ, ജ്യേഷ്ഠൻ തിയോഡോർ അയച്ച അവസാനത്തെ കത്തിലെ വരികളുടെ ശൈലിയുമായി ഒന്ന് താരതമ്യം ചെയ്തു നോക്കി. അതോടെ ഡേവിഡിന്റെ സംശയങ്ങൾക്ക് ബലം കൂടി. ആ താരതമ്യപഠനം പൂർത്തിയായതോടെ, നാട്ടിൽ ഭീതി വളർത്തിയിരുന്ന യുനാബോംബർ തന്റെ സഹോദരൻ തിയോഡോർ ആകാൻ സാധ്യത 'ഫിഫ്റ്റി-ഫിഫ്റ്റി' ആണെന്നായി അയാളുടെ അഭിപ്രായം. അതോടെ, അവർ ഇരുവരും ചേർന്ന് എഫ്ബിഐയെ വിവരമറിയിക്കാൻ തീരുമാനിച്ചു.

ഏറെനാളത്തെ ചെലവേറിയ അന്വേഷണങ്ങൾക്ക് ശേഷവും യുനാബോംബറുടെ ഏഴയലത്തുപോലും എത്താൻ എഫ്ബിഐയ്ക്ക് സാധിച്ചിരുന്നില്ല. അത്രയും കാലത്തിനിടെ ആകെ അവർക്ക് കിട്ടിയത് ഒരേയോരു ദൃക്‌സാക്ഷിയെ മാത്രമായിരുന്നു. 1987 -ൽ ഒരു ബോംബ് പാർസൽ കൊണ്ട് വെക്കാൻ നേരിൽ ചെന്ന കാസിൻസ്‍കിയെ കുറച്ചകലെ നിന്നുകൊണ്ട് ഒരു യുവതി നേരിൽ കണ്ടിരുന്നു. അവരുടെ മൊഴിയെ ആധാരമാക്കി എഫ്ബിഐ അയാളുടെ ഒരു രേഖാചിത്രവും പുറത്തുവിട്ടിരുന്നു. അങ്ങനെ വിശേഷിച്ചൊരു തുമ്പും കിട്ടാതെ, എഫ്ബിഐ ഇരുട്ടിൽ തപ്പുന്ന സമയത്താണ് ദൈവാനുഗ്രഹം പോലെ അവരെത്തേടി ഡേവിഡിന്റെ വിളി എത്തുന്നത്. അതിന്റെ പിന്നാലെ, 1996 ഏപ്രിൽ 3 -ന് കാസിൻസ്‍കിയെ തേടി എഫ്ബിഐ അയാളുടെ മൊണ്ടാനയിലെ വുഡൻ കോട്ടേജിലേക്ക് ചെന്നെത്തി.

അപ്പോഴും രക്ഷപ്പെടാൻ അയാൾക്ക് സാധ്യതയുണ്ടായിരുന്നു. കാസിൻസ്‍കിയെ ഒറ്റിക്കൊടുത്തത് അയാളുടെ അടങ്ങാത്ത കോപമായിരുന്നു. കാസിൻസ്‍കിക്ക് തന്റെ പുരയിടവുമായി ബന്ധപ്പെട്ടുകൊണ്ട് മാസങ്ങളായി പരിഹരിക്കപ്പെടാതെ കിടന്നിരുന്ന ഒരു അതിർത്തി തർക്കം ഉണ്ടായിരുന്നു. പ്രദേശത്തെ ഫോറസ്ട്രി വിഭാഗം ഓഫീസർമാരുടെ അതേപ്പറ്റി ഒന്നു തർക്കിക്കണം എന്നയാൾക്കുണ്ടായിരുന്നു. ആ വിഷയം ചർച്ച ചെയ്യാൻ വന്നതാണ് എന്നമട്ടിൽ ഫോറസ്റ്റ് ഓഫീസർമാരെക്കൊണ്ടാണ് എഫ്ബിഐ കാസിൻസ്‍കിയുടെ വാതിൽക്കൽ മുട്ടി വിളിച്ചത്. ആ മുറിക്കുള്ളിൽ ലോഡ് ചെയ്തു വെച്ച ഒരു ഷോട്ട് ഗൺ ഉണ്ടായിരുന്നു. രക്ഷപ്പെടാൻ പറ്റിയ ഒരു പിൻവാതിൽ ഉണ്ടായിരുന്നു. പുറത്തുകടന്ന് അത് അടച്ചാൽ നിമിഷങ്ങൾക്കകം ആ കാബിൻ മുഴുവൻ പൊട്ടിത്തെറിച്ച് തെളിവുകൾ ഒന്നില്ലാതെ എല്ലാം കത്തിയെരിയാൻ പാകത്തിന് ഒരു ബോംബും കാസിൻസ്കി തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നു. അത് മാത്രമല്ല, അങ്ങനെ തന്റെ പുരയിടം വിട്ട് പുറത്തെ കാട്ടിലേക്ക് ഓടിക്കയറിയാൽ അവിടെ നിന്ന് രക്ഷപ്പെട്ടോടും വഴി ചില രഹസ്യകേന്ദ്രങ്ങളിൽ അടുത്ത കുറെ ദിവസത്തേക്ക് പിടിച്ചുനിൽക്കാനാവശ്യമുള്ള ടിൻഡ് ഫുഡ്ഡും മറ്റുള്ള അതിജീവന സാമഗ്രികളും ഒക്കെ കാസിൻസ്കി ഒളിപ്പിച്ചുവെച്ചിട്ടുണ്ടായിരുന്നു, പലയിടത്തായി കുഴിച്ചിട്ടിട്ടുണ്ടായിരുന്നു.
അയാളുടെ കട്ടിലിനടിയിൽ നിന്ന് അടുത്ത ഇരയ്ക്ക് അയച്ചു കൊടുക്കാൻ വേണ്ടി കാസിൻസ്കി തയ്യാറാക്കി വെച്ചിരുന്ന പോസ്റ്റൽ ബോംബും എഫ്ബിഐ കണ്ടെത്തി. അയാളുടെ ആ കുഞ്ഞു കോട്ടേജിനുള്ളിൽ ആന്ത്രപ്പോളജി, ചരിത്രം, മെറ്റലർജി, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളിൽ നിരവധി ഗവേഷണപുസ്തകങ്ങൾക്കൊപ്പം ബോംബ് നിർമിക്കാനുള്ള പലതരം അടിസ്ഥാന ഘടകങ്ങളും അസംസ്കൃത വസ്തുക്കളും അടങ്ങിയ നിരവധി പ്ലാസ്റ്റിക് ജാറുകളും എഫ്ബിഐ കണ്ടെത്തി. മുപ്പതിനായിരത്തോളം പേജുകൾ നിറയെ കുനുകുനാ അക്ഷരങ്ങളിൽ കാസിൻസ്‍കി നിത്യേന എഴുതിയ ഡയറിക്കുറിപ്പുകളും ആ കോട്ടേജിൽ നിന്ന് അവർക്ക് കിട്ടി.
കാസിൻസ്‍കിയുടെ പല ഡയറിക്കുറിപ്പുകളും കോഡ് ഭാഷയിൽ ഉള്ളതായിരുന്നു. അവയിൽ പലതും പിന്നീട് അയാൾക്കുതന്നെ ഡീകോഡ് ചെയ്തെടുക്കാൻ പറ്റിയിരുന്നില്ല. തുടർന്ന് നടന്ന വിചാരണയിൽ കാസിൻസ്‍കി തന്റെ മേൽ ആരോപിച്ചിരുന്ന കുറ്റങ്ങൾ മിക്കതും സമ്മതിച്ചു. 1998 -ൽ ജനുവരിയിൽ കോടതി അയാൾക്ക് പരോൾ സാധ്യത ഇല്ലാത്ത, ഒന്നിന് പിന്നാലെ ഒന്നായി അനുഭവിച്ചു തീർക്കേണ്ട എട്ടു ജീവപര്യന്തങ്ങൾ ശിക്ഷയായി വിധിച്ചു. കടുത്ത സ്കിസോഫ്രീനിയ ബാധിതനാണ് കാസിൻസ്കി എന്ന് സംശയം ഉണ്ടായതാണ് അയാളെ വധശിക്ഷയിൽ നിന്ന് രക്ഷിച്ചത്. കഴിഞ്ഞ 22 വർഷങ്ങളായി കാസിൻസ്‍കി 'റോക്കീസിലെ ആൽക്കട്രാസ്' (Alcatraz of Rockies) എന്നറിയപ്പെടുന്ന കൊളറാഡോ ഫ്ലോറൻസ് പ്രിസണിൽ തടവിലാണ്. കാസിൻസ്‍കിയുടെ 17 വർഷം നീണ്ടു നിന്ന പോസ്റ്റൽ ബോംബിങ് കരിയറിന് ഇന്നും അതിന്റെതായ ഒരു ആരാധകവൃന്ദം തന്നെയുണ്ട്. കാസിൻസ്‍കിയുടെ പിന്നാലെ എഫ്ബിഐ നടത്തിയ അന്വേഷണത്തിന്റെ കഥ "Manhunt: Unabomber"എന്ന പേരിൽ ഒരു ഒറിജിനൽ സീരീസ് തന്നെ പുറത്തിറക്കിയിട്ടുണ്ട് നെറ്റ്ഫ്ലിക്സ്.

റോക്കി മലനിരകളുടെ നടുവിലുള്ള, ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ തടവറകളിൽ ഒന്നിൽ ഏകാന്തവാസത്തിലാണ് ഇന്ന് ഈ കുപ്രസിദ്ധനായ കൊലയാളി. ഒരുപക്ഷേ, ആത്യന്തികമായി അയാൾ ആഗ്രഹിച്ചതും ഇങ്ങനെ ഒരു 'ഏകാന്തത' തന്നെയാകും. അയാൾ ഒരു പക്ഷേ അത് ആസ്വദിക്കുന്നു പോലുമുണ്ടാകാം..!
