ലോകത്തിലെ സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുക്കേണ്ടുന്നതിന്‍റെ അളുവുകോലെങ്ങനെയാണ്? മെലിഞ്ഞ ശരീരം -സീറോ സൈസ്, നല്ല നീളം, വെളുത്ത നിറം അങ്ങനെ നേരത്തെ എഴുതിവച്ചിരിക്കുന്ന പലതും... 

എന്നാല്‍, ലോകമെഴുതിയിരിക്കുന്ന ഈ നിയമത്തിനൊക്കെ പുറത്താണ് സിഖ്വാരി എന്ന ആഫ്രിക്കക്കാരി യുവതി. അടുത്ത വര്‍ഷം നടക്കുന്ന മിസ് പ്ലസ് വേള്‍ഡ് ഇന്‍റര്‍നാഷണല്‍ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ പ്രതിനിധീകരിക്കുക ഇവളായിരിക്കും. മിസ് സൗത്ത് ആഫ്രിക്ക പ്ലസ് വേള്‍ഡില്‍ കിരീടമണിഞ്ഞവളാണ് സിഖ്വാരി. സിഖ്വാരിയെ പരിചയപ്പെടേണ്ടത് എന്തുകൊണ്ടെന്നാല്‍, അവര്‍ ഈ ലോകത്തിന് നല്‍കിയ ആത്മവിശ്വാസത്തിന്‍റെ പേരിലാണ്.

ഇരുപത്തിരണ്ടുകാരിയായ സിഖ്വാരിക്ക് എഴുതിവച്ചിരിക്കുന്ന ലോകത്തിന്‍റെ കണക്കുകളോട് പറയാനുള്ളത്, 'നിങ്ങളുടെ ശരീരം നിങ്ങളെന്താണ് എന്ന് കാണിക്കാന്‍ പര്യാപ്തമല്ല. നിങ്ങളുടെ സ്വപ്നങ്ങള്‍ക്ക്, ഇഷ്ടങ്ങള്‍ക്ക് ഒന്നും തന്നെ നിങ്ങളുടെ ശരീരം തടസമല്ല. നിങ്ങളുടെ ആത്മാവിന്‍റെ സൗന്ദര്യമാണ് നിങ്ങളുടെ പുറത്തുള്ള സൗന്ദര്യമായി വെളിപ്പെടുന്നത്' എന്നാണ്. 

പ്ലസ് സൈസ് മോഡല്‍ കൂടിയാണ് സിഖ്വാരി. ഈ സമൂഹം ഞങ്ങളെപ്പോലുള്ളവര്‍ക്ക് പരിധി നിശ്ചയിച്ചിരിക്കുകയാണ്. അവര്‍ പല മേഖലകളില്‍ നിന്നും നമ്മെ അകറ്റി നിര്‍ത്തും പ്രത്യേകിച്ച് സൗന്ദര്യവുമായി ബന്ധപ്പെട്ട എല്ലായിടത്തുനിന്നും. സൗന്ദര്യ മേഖലയില്‍ നിന്നും... ആ പരിമിതികളെ മാറ്റിനിര്‍ത്താന്‍, ആ ചങ്ങലകള്‍ പൊട്ടിക്കാനാണ് ഞാന്‍ ശ്രമിച്ചത് എന്നാണ് എപ്പോഴും സിഖ്വാരി പറഞ്ഞത്. തനിക്ക് ബിക്കിനി ധരിക്കാനിഷ്ടമാണ്, സ്വിമ്മിങ് സ്യൂട്ട് ധരിക്കാനിഷ്ടമാണ് എന്താണോ ഇഷ്ടം ഞാനതെല്ലാം ധരിക്കാറുണ്ട്. ഒരിക്കലും എന്‍റെ ശരീരം അതിന് തടസമായിട്ടില്ലയെന്നും സിഖ്വാരി പറയുന്നു. 

2009 -ല്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സിഖ്വാരി മോഡലിങ്ങ് തുടങ്ങുന്നത്. അവള്‍ക്ക് ഡാന്‍സ് ചെയ്യുന്നത് ഇഷ്ടമായിരുന്നു. ബാള്‍ റൂം ഡാന്‍സിലാണ് അവളാദ്യം കൈവച്ചത്. അതിലുള്ള ഒരേയൊരു പ്ലസ് സൈസുകാരി സിഖ്വാരിയായിരുന്നു. അതവളെ കൂടുതല്‍ ആവേശം കൊള്ളിച്ചു. ഇനിയും ഇങ്ങനെ മാറ്റിനിര്‍ത്തിയിരുന്ന എല്ലാ ഇടങ്ങളിലും കയറിച്ചെല്ലണമെന്നും തന്നെപ്പോലുള്ളവര്‍ക്ക് പ്രചോദനമാകണമെന്നും അവള്‍ തീരുമാനിച്ചു. അങ്ങനെയാണ് സൗന്ദര്യമത്സരങ്ങളിലെഴുതിച്ചേര്‍ത്തിരിക്കുന്ന നിയമങ്ങളെ തകര്‍ക്കാനുള്ള യാത്രയാരംഭിക്കുന്നത്. 

നിയമ വിദ്യാര്‍ത്ഥിനി കൂടിയായ സിഖ്വാരിക്ക് ഈ ലോകത്തെ പ്ലസ് സൈസുകാരോട് പറയാനുള്ളതും ഇതാണ്... 'അതിനൊന്നും നമ്മെ തകര്‍ക്കാനാകില്ല, നമ്മുടെ സ്വപ്നങ്ങളെ ഇല്ലാതാക്കാനാകില്ല... ശരീരം സ്വപ്നങ്ങള്‍ക്കൊരു തടസ്സമേയല്ല. നമ്മളായിരുന്നു കൊണ്ട് തന്നെ ആ സ്വപ്നങ്ങളിലേക്ക് യാത്ര ചെയ്യണം. എല്ലാ ലോകത്തും നമ്മുടെ കൂടി കാല്‍പ്പാദങ്ങള്‍ കൂടി പതിപ്പിക്കണം' എന്ന്.