‘ക്ലാസിലെ ഒരു കുട്ടിയോട് ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ അധ്യാപകൻ പറഞ്ഞു. പക്ഷേ, അവന് ഉത്തരം കിട്ടിയില്ല. അവൻ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ തനിക്ക് ചിരിവന്നു. താൻ ചിരിച്ചു. ആ സമയത്ത് അധ്യാപകൻ തന്റെ അടുത്തേക്ക് വന്നു, കൈയടിച്ചു, തന്റെ കവിളത്തടിച്ചു.’

ടീച്ചർ ചോദിച്ച ചോദ്യത്തിന് ഉത്തരം പറയാനാവാതെ നിന്ന സഹപാഠിയെ നോക്കി ചിരിച്ചു. വിദ്യാർത്ഥിയെ തല്ലി അധ്യാപകൻ. തല്ലിയതിന് പിന്നാലെ 35 -കാരനായ അധ്യാപകനെ അധ്യാപനം തുടരുന്നതിൽ നിന്നും വിലക്കിയിരിക്കയാണ്. ഹാംഷെയറിലെ കോവ് സെക്കൻഡറി സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപകനായ ബെർണാഡ് അക്വിലീനയെയാണ് അധ്യാപകനായി ജോലി ചെയ്യുന്നതിൽ നിന്നും വിലക്കിയിരിക്കുന്നത്. ഇന്റേണൽ എൻക്വയറിക്കും ഡിസിപ്ലിനറി ഹിയറിം​ഗിനും ശേഷമാണ് നടപടി. 2024 മെയ് മാസത്തിൽ തന്നെ അധ്യാപകനെ സ്കൂളിൽ നിന്ന് പുറത്താക്കിയിരുന്നു. ഇപ്പോൾ ഇംഗ്ലണ്ടിൽ എവിടെയും പഠിപ്പിക്കുന്നതിൽ നിന്നും ബെർണാഡിനെ വിലക്കിയിരിക്കുകയാണ്.

സംഭവം നടന്നത് 2024 ഫെബ്രുവരി 5 -നാണ്. 'ക്ലാസിലെ ഒരു കുട്ടിയോട് ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ അധ്യാപകൻ പറഞ്ഞു. പക്ഷേ, അവന് ഉത്തരം കിട്ടിയില്ല. അവൻ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ തനിക്ക് ചിരിവന്നു. താൻ ചിരിച്ചു. ആ സമയത്ത് അധ്യാപകൻ തന്റെ അടുത്തേക്ക് വന്നു, കൈയടിച്ചു, വെൽഡൺ എന്ന് പറഞ്ഞ ശേഷം അധ്യാപകൻ തന്റെ കവിളത്തടിച്ചു എന്നാണ് അധ്യാപകന്റെ തല്ലുകൊണ്ട വിദ്യാർത്ഥി പറഞ്ഞത്.

എട്ട് വിദ്യാർത്ഥികളിൽ നിന്നും അന്വേഷണസമയത്ത് മൊഴിയെടുത്തിരുന്നു. അതിൽ ഒരു വിദ്യാർത്ഥി പറഞ്ഞത്, ''അധ്യാപകൻ വിദ്യാർത്ഥിയുടെ അടുത്ത് ചെന്ന് 'നീ ബഹുമാനമില്ലാതെ പെരുമാറുന്നുണ്ടെങ്കിൽ എനിക്കും അങ്ങനെ പെരുമാറാമല്ലോ' എന്ന് പറഞ്ഞു. 'ഞാനെന്ത് തെറ്റാണ് ചെയ്തത്, ചിരിച്ചു എന്നല്ലാതെ' എന്ന് വിദ്യാർത്ഥി തിരികെ ചോദിച്ചു. അപ്പോഴേക്കും അധ്യാപകൻ അവനെ തല്ലുകയായിരുന്നു'' എന്നാണ്. അത് കടുത്ത തല്ല് തന്നെ ആയിരുന്നു. താൻ ഇരുന്ന സ്ഥലത്ത് അതിന്റെ ശബ്ദം കേൾക്കാമായിരുന്നു എന്നും ഈ വിദ്യാർത്ഥി പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും വിദ്യാർത്ഥികൾ പറഞ്ഞത് ശരിയാണ് എന്ന് ബോധ്യപ്പെട്ടു.

ഒരു അധ്യാപകനെന്ന നിലയിൽ ബെർണാഡ് ചിന്തിക്കാതെ പ്രവർത്തിച്ചു എന്നും അത് ശരിയല്ല എന്നും കുട്ടികളെ ഇത് ബാധിക്കും എന്നും പറഞ്ഞാണ് ഇയാളെ അധ്യാപനത്തിൽ നിന്നും വിലക്കിയിരിക്കുന്നത്.