ഫ്ലോറിഡയിലെ ഒരു സ്കൂളിൽ, സുഹൃത്തിനെ എങ്ങനെ കൊല്ലുമെന്ന് എഐ ചാറ്റ്ബോട്ടായ ചാറ്റ് ജിപിടിയോട് ചോദിച്ച 13 വയസ്സുകാരനായ വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. സ്കൂളിലെ ഡിജിറ്റൽ മോണിറ്ററിംഗ് സിസ്റ്റം ഇത് കണ്ടെത്തി അധികൃതരെ അറിയിക്കുകയായിരുന്നു. 

ഫ്ലോറിഡയിലെ ഡെലാൻഡിലുള്ള സൗത്ത് വെസ്റ്റേൺ മിഡിൽ സ്കൂളിലെ 13 വയസ്സുകാരനായ വിദ്യാർത്ഥി, ക്ലാസ് നടക്കുന്നതിനിടെ എഐ ചാറ്റ്ബോട്ടായ ചാറ്റ് ജിപിടിയോട് തന്‍റെ സുഹൃത്തിനെ ഏങ്ങനെ കൊല്ലാമെന്ന് ചോദിച്ചു. വിദ്യാർത്ഥി സ്കൂൾ അധികൃതർ നല്‍കിയ കമ്പ്യൂട്ടർ ഉയോഗിച്ചാണ് ചാറ്റ് ജിപിടിയോട് ചോദ്യം ചോദിച്ചത്. ഇതിന് പിന്നാലെ കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തെന്ന് റിപ്പോര്‍ട്ടുകൾ. സ്‌കൂളിലെ ഡിജിറ്റൽ മോണിറ്ററിംഗ് സിസ്റ്റം വിദ്യാർത്ഥിയുടെ ചോദ്യം കണ്ടെത്തുകയും ഉടനടി അധ്യാപകരുടെയും പോലീസിന്‍റെയും ശ്രദ്ധയില്‍പ്പെടുത്തുകയുമായിരുന്നു.

മോണിറ്ററിംഗ് സിസ്റ്റം

കുട്ടികളില്‍ ഉണ്ടാകുന്ന അപകടകരമായ പ്രവണതകളെ കണ്ടെത്തുന്നതിനായി പ്രത്യേകം നിർമ്മിച്ച സോഫ്റ്റ്വെയറാണ് കുട്ടിയുടെ അപകടകരമായ ചോദ്യം കണ്ടെത്തിയതും ഓട്ടോമാറ്റിക്കായി അധ്യാപകര്‍ക്കും പോലീസിനും വിവരം കൈമാറുകയും ചെയ്തത്. വിവരം ലഭിച്ചതിന് പിന്നാലെ പോലീസ് സ്കളിലെത്തുകയും കുട്ടിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

Scroll to load tweet…

തമാശയ്ക്കെന്ന്

കസ്റ്റഡിയില്‍ എടുത്ത് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ സുഹൃത്തിനെ അപകടപ്പെടുത്താന്‍ തനിക്ക് ഉദ്ദേശമൊന്നുമില്ലായിരുന്നെന്ന് കുട്ടി പറഞ്ഞു. തന്നെ നിരന്തരം ശല്യപ്പെടുത്തിയ ഒരു സഹപാഠിയെ ട്രോളാനായിട്ടായിരുന്നു താനത് ചെയ്തതെന്നാണ് കുട്ടി പോലീസുകാരോട് അവകാശപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. തമാശയ്ക്ക് ചെയ്തതെന്ന് കുട്ടി അവകാശപ്പെട്ടെങ്കിലും കുട്ടിയുടെ ചോദ്യം അന്ത്യന്തം അപകടം നിറഞ്ഞതാണെന്നാണ് പോലീസിന്‍റെ പക്ഷം. മാത്രമല്ല. അതില്‍ ഭീഷണിയുടെ സ്വരമുണ്ടെന്നും പോലീസ് പറഞ്ഞു. നിലവില്‍ കുട്ടിയെ ജുവനൈൽ തടങ്കല്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും എന്നാല്‍ കുട്ടിക്കെതിരെയുള്ള കുറ്റങ്ങൾ പുറത്ത് വിട്ടില്ലെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.