Asianet News MalayalamAsianet News Malayalam

അധ്യാപികയെ നിരന്തരം ശല്യം ചെയ്തു, 'ഐ ലവ് യൂ' പറഞ്ഞു, വീഡിയോ പകർത്തി, പന്ത്രണ്ടാം ക്ലാസുകാർക്കെതിരെ കേസ്

വിദ്യാർത്ഥികൾ താൻ സ്കൂളിലേക്ക് വരുമ്പോഴും സ്കൂളിൽ നിന്നും തിരികെ വീട്ടിലേക്ക് വരുമ്പോഴും അശ്ലീല പരാമർശങ്ങളുമായി തന്റെ പിന്നാലെ നടന്ന് ശല്യം ചെയ്യുന്നുണ്ട് എന്നും അധ്യാപികയുടെ പരാതിയിൽ പറയുന്നു.

students harassed teacher said i love you detained
Author
First Published Nov 28, 2022, 9:27 AM IST

വനിതാ അധ്യാപികയോട് മോശമായി പെരുമാറിയതിന് പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പൊലീസ്. മീററ്റിലെ കിത്തോർ ഏരിയയിലെ ഒരു ഇന്റർമീഡിയറ്റ് കോളേജിലെ വിദ്യാർത്ഥികൾക്കെതിരെയാണ് അധ്യാപികയുടെ പരാതിയിൽ കേസെടുത്തിരിക്കുന്നത്. 

അധ്യാപികയോട് മോശമായി പെരുമാറുന്നതിന്റെ ഒരു വീഡിയോ വിദ്യാർത്ഥികൾ തന്നെ പകർത്തുകയും അത് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും പ്രചരിക്കുകയും ചെയ്തു. ആ വീഡിയോയിൽ വിദ്യാർത്ഥികൾ അധ്യാപികയെ 'ജാൻ' എന്ന് വിളിക്കുന്നതും 'ഐ ലവ് യൂ' എന്ന് പറയുന്നതും കേൾക്കാം. 

പൊലീസ് ഉദ്യോ​ഗസ്ഥർ പറയുന്നതനുസരിച്ച് അധ്യാപികയ്ക്ക് ഇരുപതുകളിലാണ് പ്രായം. അവർ പരാതി നൽകിയത് വെള്ളിയാഴ്ചയാണ്. പരാതിയിൽ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന മൂന്ന് വിദ്യാർത്ഥികൾ കഴിഞ്ഞ കുറേ ആഴ്ചകളായി തന്നെ ബുദ്ധിമുട്ടിക്കുകയാണ് എന്ന് അധ്യാപിക പറയുന്നു. 

വിദ്യാർത്ഥികൾ താൻ സ്കൂളിലേക്ക് വരുമ്പോഴും സ്കൂളിൽ നിന്നും തിരികെ വീട്ടിലേക്ക് വരുമ്പോഴും അശ്ലീല പരാമർശങ്ങളുമായി തന്റെ പിന്നാലെ നടന്ന് ശല്യം ചെയ്യുന്നുണ്ട് എന്നും അധ്യാപികയുടെ പരാതിയിൽ പറയുന്നു. അധ്യാപിക ഈ വിദ്യാർത്ഥികളുടെ മാതാപിതാക്കളോടും ഇതേ പരാതി ആവർത്തിച്ചിരുന്നു. എന്നാൽ, അവർ അധ്യാപികയുടെ പരാതി ​ഗൗരവത്തിലെടുക്കുകയോ എന്തെങ്കിലും ചെയ്യുകയോ ചെയ്തിരുന്നില്ല എന്നും അധ്യാപിക പറഞ്ഞതായി പൊലീസ് പറയുന്നു. 

അധ്യാപികയുടെ പരാതി പ്രകാരം സെക്ഷൻ 354 (സ്ത്രീയുടെ മാന്യതയെ തകർക്കാൻ ഉദ്ദേശിച്ചുള്ള പ്രവൃത്തികൾ), ഐപിസി 500 (അപകീർത്തിപ്പെടുത്തൽ), ഐ ടി നിയമം എന്നിവ പ്രകാരമാണ് വിദ്യാർത്ഥികൾക്കെതിരെ കേസ് എടുത്തിരിക്കുന്നത് എന്ന് കിത്തോർ സർക്കിൾ ഓഫീസർ സുചിത സിംഗ് പറഞ്ഞു. 

വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ് എന്ന് കഴിഞ്ഞ ദിവസം പൊലീസ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

Follow Us:
Download App:
  • android
  • ios