കാലങ്ങളായി കാലാവസ്ഥ പ്രവര്‍ത്തകര്‍ കാലാവസ്ഥയും (climate) അന്തരീക്ഷവസ്ഥയും (weather) തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചു ജനങ്ങളെ ബോധവത്കരിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇന്ന് കാലാവസ്ഥ വ്യതിയാനമെന്നത് നമുക്കാര്‍ക്കും ഒരു പുതിയ വാര്‍ത്തയല്ല. ചൂടുള്ള കാലാവസ്ഥയിലെ തണുത്ത ശൈത്യകാലം പോലുള്ള പരസ്പരവിരുദ്ധമായ പ്രതിഭാസങ്ങളെ വിശദീകരിക്കാന്‍ 'കാലാവസ്ഥയും അന്തരീക്ഷവസ്ഥയും' തമ്മിലുള്ള വ്യാത്യാസങ്ങളാണ് സാധാരണയായി ഉപയോഗിച്ച് വരുന്നത്. അന്തരീക്ഷവസ്ഥാ വ്യതിയാനങ്ങളെ കൂട്ടിയോജിപ്പിച്ചാണ് കാലാവസ്ഥാ വ്യതിയാനങ്ങളെ കുറിച്ചു പഠിക്കാനാവുന്നത്. കാരണം കാലാവസ്ഥ വ്യതിയാനമെന്നത് പ്രതിദിനമുള്ള അന്തരീക്ഷവസ്ഥ മാറ്റങ്ങളുടെ പതിറ്റാണ്ടുകളായുള്ള ആകെത്തുകയാണ്. 

ആഗോളതലത്തില്‍ പ്രതിദിനം നിരീക്ഷിച്ചു രേഖപ്പെടുത്തുന്ന താപനിലയുടെയും അന്തരീക്ഷ ഈര്‍പ്പത്തിന്റെയും അടിസ്ഥാനത്തില്‍, കാലാവസ്ഥാ വ്യതിയാനത്തിന്റെ വിരല്‍പ്പാടുകള്‍  കണ്ടെത്താന്‍ സാധിക്കുമെന്ന് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു. സ്വിറ്റ്‌സര്‍ലണ്ടിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അറ്റ്മോസ്ഫെറിക് ആന്‍ഡ് ക്ലൈമറ്റ് സയന്‍സിലെ ഡോ. സെബാസ്റ്റിയന്‍ സിപ്പലിന്റെ നേതൃത്വത്തിലാണ് ഈ പഠനം. സിമിപ് 5 മോഡല്‍ ഔട്പുട്ടുകള്‍ ഉപയോഗിച്ചാണ് ഈ പഠനം നടത്തിയിരിക്കുന്നത്. കാലാവസ്ഥ മോഡലുകളെയും മറ്റു സ്റ്റാറ്റിസ്റ്റിക്കല്‍ പഠനങ്ങളെയും ആശ്രയിച്ചുള്ള ഈ പഠനം,  വാര്‍ഷിക ആഗോള ശരാശരി താപനിലയും, ഈര്‍പ്പവും, ഭൂമിയുടെ ഊര്‍ജ്ജ അസന്തുലിതാവസ്ഥ പോലുള്ള പ്രധാന കാലാവസ്ഥാ വ്യതിയാന സൂചികകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിശദീകരിക്കുന്നു. 

പഠനത്തില്‍ പറയുന്നത് 2012ന്റെ തുടക്കം മുതല്‍ പ്രതിദിനവും പ്രതിമാസവും കാലാവസ്ഥാവ്യതിയാനത്തിന്റെ വിരല്‍പ്പാടുകള്‍ കണ്ടെത്താന്‍ സാധിക്കുമെന്നാണ്. കഴിഞ്ഞ ദശകത്തില്‍ തുടര്‍ച്ചയായി ഭൂമി ഒരുപാട് ഊര്‍ജ്ജം ആഗിരണം ചെയ്തിട്ടുണ്ട്. ഇതായിരിക്കും വരുംകാലങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം നയിക്കാന്‍ പോകുന്നത്. ഈ പഠനം  പരമ്പരാഗത കാലാവസ്ഥാ വ്യതിയാന കണ്ടെത്തലിനെ തിരുത്തിക്കുറിക്കുന്നു. മാത്രമല്ല കാലാവസ്ഥാ വ്യതിയാനം മൂലം മാറ്റം വരുന്ന അന്തരീക്ഷവസ്ഥാ വ്യതിയാനങ്ങളെ കുറിച്ച് മനസിലാക്കാനും സൂക്ഷ്മവും കൃത്യവുമായ പ്രവചനങ്ങള്‍ക്കും വരുംകാലങ്ങളില്‍ വഴിതുറക്കുന്നു