ഇന്ത്യ ഉള്‍ക്കൊള്ളുന്ന ഉഷ്ണമേഖലാ ബെല്‍റ്റില്‍ ഓരോ വര്‍ഷവും ഒന്നോ നാലോ ആഴ്ച വരെ 'വളരെ അപകടകരം' എന്ന് കണക്കാക്കപ്പെടുന്ന താപ തരംഗങ്ങള്‍ ബാധിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.
ഹോ, എന്തൊരു ചൂടാണിത്! ഇപ്പോള്‍ തന്നെ ദിനംപ്രതി ഇങ്ങനെ പരാതി പറയുന്നവരാണ് നമ്മള്‍. അപ്പോള്‍ നിലവിലുള്ള ചൂട് മൂന്നിരട്ടിയായി വര്‍ദ്ധിച്ചാലോ? ചിന്തിക്കാന്‍ കൂടി പറ്റുന്നില്ല അല്ലേ? എന്നാല്‍ അത്തരമൊരു പ്രതിഭാസത്തിലേക്കാണ് നാം മാറിക്കൊണ്ടിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം വഷളായാല്‍, ലോകത്തിന്റെ ഭൂരിഭാഗവും 'അപകടകരമായ ചൂട്' ഉണ്ടാവുമെന്നാണ് ഒരു പുതിയ പഠനം പ്രവചിക്കുന്നത്. ഇന്ത്യ ഉള്‍ക്കൊള്ളുന്ന ഉഷ്ണമേഖലാ ബെല്‍റ്റില്‍ ഓരോ വര്‍ഷവും ഒന്നോ നാലോ ആഴ്ച വരെ 'വളരെ അപകടകരം' എന്ന് കണക്കാക്കപ്പെടുന്ന താപ തരംഗങ്ങള്‍ ബാധിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.
കമ്മ്യൂണിക്കേഷന്‍സ് എര്‍ത്ത് ആന്‍ഡ് എന്‍വയോണ്‍മെന്റ് ജേണലില്‍ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, അടുത്ത നൂറ്റാണ്ടിന്റെ മധ്യത്തോടെ ഭൂമിയുടെ സമ്പന്നമായ പല മധ്യ-അക്ഷാംശങ്ങളിലും 39.4 ഡിഗ്രി സെല്‍ഷ്യസ് അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഉയര്‍ന്ന താപനിലയും ഈര്‍പ്പവും 20 മുതല്‍ 50 തവണ വരെ സംഭവിക്കും. ഇങ്ങനെ സംഭവിക്കുമ്പോള്‍ നിലവില്‍ വല്ലപ്പോഴും അനുഭവിക്കുന്ന സമ്മര്‍ ഷോക്കാണ് പലമടങ്ങ് കൂടുതലായി നമുക്ക് അനുഭവിക്കേണ്ടി വരികയെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ലുകാസ് സെപറ്റെല്ലോ പ്രവചിക്കുന്നു.
യു.എസിന്റെ തെക്കുകിഴക്ക് മേഖലകള്‍ പോലുള്ള പ്രദേശങ്ങളില്‍, 2100-ഓടെ വേനല്‍ക്കാലത്തിന്റെ ഭൂരിഭാഗം സമയത്തും ഭയാനകമായ ചൂട് നിലനില്‍ക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. കൂടാതെ, ഇന്ത്യ ഉള്‍ക്കൊള്ളുന്ന ഉഷ്ണമേഖലാ ബെല്‍റ്റില്‍ ഓരോ വര്‍ഷവും ഒന്നോ നാലോ ആഴ്ച വരെ 'വളരെ അപകടകരം' എന്ന് കണക്കാക്കപ്പെടുന്ന താപ തരംഗങ്ങള്‍ ബാധിക്കും, അല്ലെങ്കില്‍ ചൂട് സൂചിക 51 ഡിഗ്രി സെല്‍ഷ്യസ് കവിയും.
വിശകലനം അനുസരിച്ച്, താപനം വളരെ കുറവും അപൂര്‍വവുമാകാനുള്ള സാധ്യത 5% മാത്രമാണ്. 2100-ഓടെ ഉഷ്ണമേഖലാ പ്രദേശങ്ങള്‍ 'ഓരോ സാധാരണ വര്‍ഷത്തിന്റെയും മിക്ക ദിവസങ്ങളിലും' 103 ഡിഗ്രി ഫാരന്‍ഹീറ്റില്‍ ആവി ഉയരുമെന്ന് റിപ്പോര്‍ട്ട് പ്രവചിക്കുന്നു. 1979 മുതല്‍ 1998 വരെ, ചിക്കാഗോയില്‍ 103 ഡിഗ്രി ചൂട് സൂചിക നാല് തവണ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ, ചിക്കാഗോയില്‍ വര്‍ഷത്തില്‍ 11 തവണ അതീ തീവ്ര ചൂട് അനുഭവിക്കുമെന്നാണ് പഠനം പ്രവചിക്കുന്നത്.
അപ്പോക്കലിപ്റ്റിക് കാലാവസ്ഥാ വ്യതിയാനത്തിന്റെ പുതിയ നാല് ലക്ഷണങ്ങളില്‍ ഒന്നാണ് താപ തരംഗങ്ങള്‍. സമുദ്രനിരപ്പ് ഉയരല്‍, ജലക്ഷാമം, മൊത്തത്തിലുള്ള ആവാസവ്യവസ്ഥയിലെ മാറ്റങ്ങള്‍ എന്നിവയാണ് മറ്റുള്ളവ. വ്യത്യസ്ത അളവിലുള്ള കാര്‍ബണ്‍ മലിനീകരണത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിക്കുന്ന മറ്റ് കാലാവസ്ഥാ ഗവേഷണങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഈ പഠനം ഗണിതശാസ്ത്ര സാദ്ധ്യതാ സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയുള്ളതാണ്
