സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന് എതിരെ സ്വന്തം സൈന്യം രൂപീകരിച്ച പോരാളി
മാതൃരാജ്യത്തിന്‍റെ പേരാട്ടത്തിനായി ലോക രാജ്യങ്ങളുടെ സഹായം തേടിയ, സ്വന്തമായി ഒരു സൈന്യത്തെ തന്നെ രൂപികരിച്ച പോരാളി, സുഭാഷ് ചന്ദ്രബോസിന്‍റെ 127 -ാം ജന്മദിനമാണിന്ന്.

സുഭാഷ് ചന്ദ്ര ബോസ്, ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ മരണമില്ലാത്ത പോരാളി. 'എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം' എന്ന് ആഹ്വാനം ചെയ്ത് രാജ്യത്തെ യുവത്വത്തെ സ്വാതന്ത്ര്യ സമരത്തിലേക്ക് വലിച്ചെടുപ്പിച്ച നേതാവ്. 127 വര്‍ഷം മുമ്പ് (1897 ജനുവരി 23) ഇതേ ദിവസമായിരുന്നു ആ ധീരദേശാഭിമാനി ഒറീസയിലെ കട്ടക്കിൽ ജനിച്ചത്. പിന്നീടിങ്ങോട്ട് രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി ജീവന്‍ പോലും ബലി നല്‍കാന്‍ തയ്യാറായ ഒരു ദേശസ്നേഹിയുടെ വളര്‍ച്ച ലോകം കണ്ടു. മറ്റ് സ്വാതന്ത്ര സമര സേനാനികളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു അദ്ദേഹത്തിന്‍റെ വഴികൾ. ആ ജീവിതത്തിലേക്ക്...
ബ്രീട്ടീഷ് ഇന്ത്യയില്‍ 'റായ് ബഹാദൂർ' പദവി നേടിയ, പ്രഗത്ഭനായ അഭിഭാഷകനായിരുന്ന ജാനകിനാഥ് ബോസിന്‍റെയും പ്രഭാവതി ദേവിയുടെയും പതിനഞ്ച് മക്കളില്‍ ഒമ്പതാമനായിരുന്നു സുഭാഷ്. മിടുക്കനായ വിദ്യാര്‍ത്ഥി. സ്വാമി വിവേകാനന്ദന്‍റെ ക്ലാസുകളില്‍ ആകൃഷ്ടനായ സുഭാഷിൽ കുട്ടിക്കാലം മുതല്‍ക്കേ ദേശസ്നേഹം വളര്‍ന്നു. കൽക്കട്ടയിലെ പ്രസിഡൻസി കോളേജിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിഎ പാസായി. പഠനകാലത്ത് വംശീയ പരാമര്‍ശം നടത്തിയ തന്‍റെ പ്രൊഫസർ ഇ.എഫ്.ഓട്ടനെ മര്‍ദ്ദിച്ചതോടെ പ്രാദേശിക ബ്രിട്ടീഷ് സര്‍ക്കാര്‍ സുഭാഷ് ചന്ദ്ര ബോസിനെ നോട്ടമിട്ടു. ഒടുവില്‍ അച്ഛന്‍റെ നിർബന്ധത്തിന് വഴങ്ങി, ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പിനായി അദ്ദേഹം ബ്രിട്ടനിലേക്ക് തിരിച്ചു.
(ഗാന്ധിജിയോടൊപ്പം)
നാലാം റാങ്കോടെ ഇന്ത്യന്‍ സിവില്‍ സർവ്വീസ് പാസായി. സർവ്വീസില്‍ കയറിയെങ്കിലും 1921 ല്‍ രാജിവച്ച് തിരികെ നാട്ടിലെത്തി മുഴുവന്‍ സമയ സ്വാതന്ത്ര്യ സമര പോരാളിയായി. പിന്നീടങ്ങോട്ട് ഇന്ത്യ കണ്ട ധീരനായ ഒരു സ്വാതന്ത്ര്യ സമര പേരാളിയുടെ രൂപപ്പെടലായിരുന്നു. അതേവർഷം ഡിസംബറില്‍ വെയിൽസ് രാജകുമാരന്‍റെ ഇന്ത്യാ സന്ദർശനത്തിന്‍റെ ആഘോഷങ്ങൾ ബഹിഷ്‌കരിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് അദ്ദേഹം ജയില്‍ ശിക്ഷ വരിച്ചു. പിന്നാലെ തന്‍റെ രാഷ്ട്രീയ ഉപദേഷ്ടാവായ ചിത്തരഞ്ജൻ ദാസിന്‍റെ നിർദേശപ്രകാരം, സുഭാഷ് ചന്ദ്രബോസ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ (INC) ചേരുകയും മഹാത്മാഗാന്ധി ആരംഭിച്ച നിസ്സഹകരണ പ്രസ്ഥാനത്തിലെ പ്രധാനിയായി മാറുകയും ചെയ്തു. 1927 -ൽ അദ്ദേഹം കോൺഗ്രസിന്‍റെ ജനറൽ സെക്രട്ടറി, 1938 -ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പ്രസിഡന്‍റ് പദവി. പക്ഷേ, ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തവും ഗ്രാമങ്ങളിലൂന്നിയ സ്വാശ്രയത്വവും ബോസിന്‍റെ ചിന്താപദ്ധതികൾക്ക് പുറത്തായിരുന്നു. സ്വാതന്ത്ര്യം 'പിടിച്ച് വാങ്ങേണ്ട'താണെന്നും സ്വാശ്രയത്വം വ്യവസായ വത്ക്കരത്തിലൂടെ സാധ്യമാക്കണമെന്നും ബോസ് വാദിച്ചു. ആശയപരമായ ഈ വൈരുദ്ധ്യം 1939 -ൽ ബോസിനെ ഐഎന്‍സിയുടെ പുറത്തെത്തിച്ചു.
പിന്നീടങ്ങോട്ട് സുഭാഷ് ചന്ദ്രബോസ് എന്ന വ്യക്തിയുടെ ജീവിതം കൂടുതല്‍ ദുരൂഹമായി തീരുകയായിരുന്നു. അതേ വർഷം അദ്ദേഹം ഫോർവേഡ് ബ്ലോക്ക് എന്ന പുതിയ പാർട്ടി രൂപികരിച്ചു. ബ്രീട്ടിഷുകാര്‍ക്കെതിരെ പോരാടുമ്പോഴും അദ്ദേഹം അവരുടെ ജീവിതരീതിയോടുള്ള തന്‍റെ ആദരവ് പ്രകടിപ്പിച്ചിരുന്നു. ബ്രിട്ടീഷ് ലേബർ പാർട്ടി നേതാക്കളുമായും ക്ലെമന്‍റ് ആറ്റ്ലി, ഹരോൾഡ് ലാസ്കി, ജെ.ബി.എസ്. ഹാൽഡെയ്ൻ, ആർതർ ഗ്രീൻവുഡ്, ജി.ഡി.എച്ച്. കോൾ, സർ സ്റ്റാഫോർഡ് ക്രിപ്സ് തുടങ്ങിയ രാഷ്ട്രീയ ചിന്തകരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
(ഹിറ്റ്ലറിനോടൊപ്പം)
ഈ സമയം ആകുമ്പോഴേക്കും ലോകം രണ്ടായി വിഭജിക്കപ്പെട്ടിരുന്നു. നാസി ജർമ്മനിയുടെ നേതൃത്വത്തില്‍ ഇറ്റലിയും ജപ്പാനും അടങ്ങുന്ന അച്ചുതണ്ട് ശക്തികളും ഫ്രാൻസ്, ബ്രിട്ടൻ, യുഎസ്, സോവിയറ്റ് യൂണിയനും അടങ്ങിയ സഖ്യകക്ഷികളും രണ്ട് ചേരികളായി അണിനിരന്നു. ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്, ബ്രിട്ടന് പിന്തുണ പ്രഖ്യാപിച്ചു. പക്ഷേ, ശത്രുവിന്‍റെ ശത്രു മിത്രം എന്ന യുദ്ധ തന്ത്രത്തെ അടിസ്ഥാനമാക്കി ബോസ്, ഹിറ്റ്ലറുടെ നാസി പടയ്ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചു. 'എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാം' എന്ന വാക്കുകളിലൂടെ ഒരു ജനതയിൽ സ്വാതന്ത്ര്യവാഞ്ച ഊതിക്കത്തിച്ച അദ്ദേഹം തന്‍റെ പുതിയ പാതയിലേക്ക് ചുവട് വച്ചു. ഈ ആഹ്വാനത്തിന് പിന്നാലെ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ ജയിലില്‍ അടച്ചെങ്കിലും അദ്ദേഹം നിരാഹാര സമരം ആരംഭിച്ചു. ആരോഗ്യം മോശമായതോടെ വീട്ടുതടങ്കലിലേക്ക് മാറ്റി.
പക്ഷേ, അദ്ദേഹം പെഷവാർ വഴി ജർമ്മനിയിലേക്ക് രക്ഷപ്പെട്ടു. അവിടെ വച്ച ഹിറ്റ്ലറെ കാണുകയും പരസ്പര സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തു. ബെർലിനിലെ താമസത്തിനിടെ അദ്ദേഹം ഓസ്ട്രിയൻ വംശജയായ എമിലി ഷെങ്കലിനുമായി പ്രണയത്തിലായി. പിന്നാലെ രഹസ്യമായി ഹിന്ദു ആചാര പ്രകാരം വിവാഹം. 1942 -ല്‍ സുഭാഷ് ചന്ദ്ര ബോസിന് അനിത എന്ന മകൾ ജനിച്ചു. 1943 -ൽ ബോസ് ജർമ്മനി വിട്ട് കിഴക്കന്‍ ഏഷ്യയിലേക്ക് മടങ്ങി.
ജപ്പാനില്‍ നിന്നും 1943 -ൽ സിംഗപ്പൂരിൽ എത്തിയ ബോസ് ആസാദ് ഹിന്ദ് ഫൗജ് എന്ന 'ഇന്ത്യൻ നാഷണൽ ആർമി' (ഐഎൻഎ) രൂപികരിച്ചു. പിന്നാലെ, 'ദില്ലി ചലോ', 'ജയ് ഹിന്ദ്' മുദ്രാവാക്യങ്ങളില്‍ ആകൃഷ്ടരായി, ഇന്ത്യൻ യുദ്ധത്തടവുകാരും തെക്കുകിഴക്കൻ ഏഷ്യയിലെ ഇന്ത്യന്‍ പ്രവാസികളും അടക്കം 45,000 സൈനികരുടെ ഒരു സേനയായി ഐഎൻഎ വളർന്നു. 1943 ഒക്ടോബർ 21 -ന് ബോസ്, സ്വതന്ത്ര ഇന്ത്യയുടെ താൽക്കാലിക സർക്കാർ രൂപീകരണം പ്രഖ്യാപിച്ചു. പിന്നാലെ ഐഎന്‍എ ആൻഡമാൻ നിക്കോബാർ ദ്വീപുകള്‍ കൈയടക്കുകയും അവിടെ ഇന്ത്യൻ പതാക ഉയർത്തുകയും ചെയ്തു. പിടിച്ചെടുത്ത പ്രദേശങ്ങളിൽ ഒരു താൽക്കാലിക 'ആസാദ് ഹിന്ദ് സർക്കാർ' പ്രവർത്തനം തുടങ്ങി. ഈ സര്‍ക്കാറിലെ പ്രധാനമന്ത്രി സുഭാഷ് ചന്ദ്രബോസായിരുന്നു. യുദ്ധ മന്ത്രി ക്യാപ്റ്റൻ ഡോ. ലക്ഷ്മി സ്വാമിനാഥനും. സൈന്യം ബർമ്മ അതിർത്തി കടന്ന് 1944 മാർച്ച് 18 -ന് ഇന്ത്യൻ നാഷണൽ ആർമി ഇന്ത്യൻ അതിർത്തി ഭേദിച്ചു. പക്ഷേ, വിധി മറ്റൊന്നായിരുന്നു. ലോകമഹാ യുദ്ധത്തിലെ പരാജയം ഹിറ്റ്ലരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു. ജപ്പാന്‍ ദയനീയമായി കീഴടങ്ങി. എല്ലാ സഹായങ്ങളും നിലച്ചതിന് പിന്നാലെ ബോസും സൈന്യവും പിന്മാറാന്‍ നിർബന്ധിതരായി.
(1943 നവംബർ 5 മുതൽ 6 വരെ ടോക്കിയോയിൽ നടന്ന ഗ്രേറ്റർ ഈസ്റ്റ് ഏഷ്യ കോൺഫറൻസിൽ പങ്കെടുത്തവർ. ഇടത്തുനിന്ന് വലത്തോട്ട് മുൻ നിരയിൽ, ഷാങ് ജിൻഹുയി, വാങ് ജിംഗ്‌വെയ്, ഹിഡെകി ടോജോ, വാൻ വൈത്തയാക്കോൺ, ജോസ് പി. ലോറൽ, സുഭാഷ് ചന്ദ്ര ബോസ്. )
അദ്ദേഹം സിംഗപ്പൂരിലേക്ക് മടങ്ങി. 1945 ഓഗസ്റ്റ് 17-ന് സൈഗോൺ വിമാനത്താവളത്തിൽ നിന്ന് ഒരു മിത്സുബിഷി കി-21 ഹെവി ബോംബറിൽ അദ്ദേഹം ജപ്പാന്‍ ലക്ഷ്യമാക്കി നീങ്ങി. തായ്‌വാനിൽ നിന്നും രാത്രി പറന്നുയർന്നതിന് തൊട്ടുപിന്നാലെ ബോംബർ തകർന്നുവീണു. തീവ്രമായി പൊള്ളലേറ്റ സുഭാഷ് ചന്ദ്ര ബോസ് 1945 ഓഗസ്റ്റ് 18-ന് മരിച്ചതായി ജപ്പാന്‍ സ്ഥിരീകരിച്ചു. ഓഗസ്റ്റ് 20 -ന് തായ്‌ഹോകു ശ്മശാനത്തിൽ അദ്ദേഹത്തെ സംസ്‌കരിച്ചു. ചിതാഭസ്മം ടോക്കിയോയിലെ നിചിരെൻ ബുദ്ധമതത്തിന്‍റെ റെങ്ക്ജി ക്ഷേത്രത്തിൽ സംസ്‌കരിച്ചു. പക്ഷേ, അതിനകം നേതാജി എന്ന വിളിപ്പേര് സ്വന്തമാക്കിയ ആ അസാമാന്യ മനുഷ്യന്‍ മരിച്ചെന്ന് കരുതാന്‍ അനുയായികൾ തയ്യാറായില്ല. പലരും അദ്ദേഹം ജീവിച്ചിരിക്കുന്നതായി വിശ്വസിച്ചു. ചിലര്‍ നേരിട്ട് കണ്ടെന്ന് അവകാശപ്പെട്ടു. മറ്റ് ചിലർ അദ്ദേഹം സന്യാസ ജീവിതത്തിലേക്ക് കടന്നതായി പറഞ്ഞു. സംശയങ്ങൾക്ക് ബലം വച്ചപ്പോൾ സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ വച്ചു, ഒന്നല്ല പലത്.
ആദ്യം 1946-ൽ ഫിഗ്ഗസ് കമ്മിറ്റി, പിന്നീട് 1956-ൽ ഷാ നവാസ് കമ്മിറ്റി, 1970 -ലെ ഖോസ്‌ല കമ്മീഷൻ. മൂന്ന് അന്വേഷണങ്ങളും ബോസ് വിമാനാപകടത്തില്‍ മരിച്ചതായി സ്ഥിരീകരിച്ചു. പക്ഷേ, 2006 -ലെ ജസ്റ്റിസ് മുഖർജി കമ്മീഷന്‍ ബോസ് വിമാനാപകടത്തിൽ മരിച്ചിട്ടില്ല, റെങ്കോജി ക്ഷേത്രത്തിലെ ചിതാഭസ്മം അദ്ദേഹത്തിന്‍റെതല്ല എന്ന് റിപ്പോര്‍ട്ട് ചെയ്തു. പക്ഷേ, ഇന്ത്യന്‍ സര്‍ക്കാര്‍ ഈ റിപ്പോർട്ട് തള്ളി. ഇന്നും സുഭാഷ് ചന്ദ്രബോസ് എന്ന നേതാജിയുടെ മരണം ദുരൂഹമായി തുടരുന്നു.

