ഞാൻ വായ് പൊളിച്ചു നിന്നു. ഇങ്ങനേയും ഉണ്ടോ ആളുകൾ? എനിക്ക് യാതൊരു ഓർമ്മയുമില്ല. ഫീസ് തരാൻ പോലും മറന്നു പോകാറുണ്ട് പലരും. പുറകീന്ന് വിളിച്ച് ഫീസ് തരാൻ മറന്നൂട്ടോ എന്ന് ഒരിക്കലും പറയാറില്ല. ചിലരൊക്കെ മടങ്ങി വന്ന് സോറി പറഞ്ഞ് ഫീസ് തന്നു പോകും. ഇതുപക്ഷേ, ആദ്യത്തെ അനുഭവമാണ്.

പലപ്പോഴും പലര്‍ക്കും ചില്ലറയില്ലാത്തതിന്‍റെ പേരില്‍ പത്തോ അമ്പതോ രൂപയൊക്കെ പിന്നെത്തരാമെന്ന് പറഞ്ഞ് മാറ്റിവെക്കേണ്ടി വരാറുണ്ട്. ചിലര്‍ 'ഓഹ് അതൊന്നും സാരമില്ല' എന്ന് പറയും. എന്നാല്‍, ഒരു 50 രൂപ കൊടുക്കാന്‍ ബാക്കിയുണ്ടായത് നല്‍കാന്‍ മൂന്നോ നാലോ തവണ തേടി വരികയും അവസാനം അതേല്‍പ്പിച്ച് അപ്പൂപ്പന്‍താടി പോലെ ഭാരമില്ലാത്തവരായി നടന്നുപോവുകയും ചെയ്യുന്ന മനുഷ്യരുണ്ടാകുമോ? ഉണ്ടെന്ന് പറയുകയാണ് ഈ ഡോക്ടര്‍. ഡോ. സുനില്‍ പി.കെ തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത് അങ്ങനെയൊരാളെ കുറിച്ചാണ്. 

തിരികെ കിട്ടിയ 50 രൂപയോ, തിരികെ കിട്ടാത്ത പൈസയോ ഒന്നുമല്ല, മറിച്ച് അദ്ദേഹം കാണിച്ച സത്യസന്ധതയും അതിനായി രണ്ടുമൂന്നു തവണ തന്നെ തിരഞ്ഞെത്താന്‍ കാണിച്ച ആത്മാര്‍ത്ഥതയുമാണ് ഡോക്ടറെ ആകര്‍ഷിച്ചത്. മകന്‍ ഫീസില്‍ ബാക്കി കൊടുക്കാന്‍ ബാക്കിയുണ്ടായിരുന്ന 50 രൂപയുമായാണ് ഒരു വൃദ്ധന്‍ ഡോക്ടറേയും തിരക്കി വന്നത്. 

ഫേസ്ബുക്ക് കുറിപ്പ്: 
സാധാരണ വൈകീട്ട് നാലു മണിയോടു കൂടിയാണ് വീട്ടിൽ കുഞ്ഞാവകളെ പരിശോധിച്ചു തുടങ്ങുക. എറണാകുളത്ത് നിന്ന് വരാൻ ഇത്തിരി വൈകി ഇന്നലെ. ഒരു സുഹൃത്തിന്‍റെ അമ്മ മരിച്ചിടം വരെ ഒന്നു പോകാനുമുണ്ട്. ചറപറാന്ന് കോളിംഗ് ബെൽ അടിക്കുന്നുണ്ട് ആരോ. ഇതാരാണാവോ മൂന്നര ആവുമ്പോഴേക്കും!

ഒരു ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി വന്ന ദമ്പതികളാണ്. ഞാനിപ്പോൾ പറവൂരല്ല എന്ന് കേട്ടതോടെ, അവർ വൈക്ലബ്യത്തോടെ മടങ്ങിപ്പോയി... അപ്പോഴാണ് അവരുടെ പിറകിൽ നിന്നിരുന്ന ആ വയോധികനെ കണ്ടത്. മുടിയൊക്കെ നരച്ച്, ക്ലീൻഷേവ് ചെയ്ത മുഖത്ത് പ്രകാശം നിറയ്ക്കുന്ന പുഞ്ചിരിയുമായാണ് അദ്ദേഹത്തിന്റെ നിൽപ്പ്...

"ഡോക്ടറേ, ഒരു മൂന്നാഴ്ച മുമ്പ് എന്‍റെ മകൻ കുട്ടിയെ കാണിക്കാൻ വന്നിരുന്നു ഇവിടെ..."

പുള്ളിയുടെ കയ്യിൽ ചീട്ടൊന്നും കാണുന്നില്ല. ഇങ്ങനെ നമുക്കെല്ലാം ഓർമ്മ കാണും എന്ന ചിന്തയിൽ മുമ്പ് കാണാൻ വന്ന കാര്യവും, അന്നെഴുതിയ മരുന്നുകളുടെ വിശേഷവും പങ്കു വെക്കാറുണ്ട് പലപ്പോഴും ആളുകൾ. നമുക്കതൊന്നും ഓർമ്മയില്ലെന്ന് കാണുമ്പോൾ പലരുടേയും മുഖത്ത് അവിശ്വസനീയത നിഴലിക്കുന്നതും കാണാറുണ്ട്.

"മോനും ഫാമീലീം ഇപ്പൊ പുറത്താണ്..." ബെസ്റ്റ്... നേരല്ല്യാത്ത നേരത്ത് ഇനി ഞാൻ എന്തൊക്കെ ഗണിച്ചു കണ്ടുപിടിക്കേണ്ടി വരും!
"മോനന്ന് ഡോക്ടർക്ക് അമ്പത് രൂപ കൂടി തരാനുണ്ടായിരുന്നു... "
"അതൊന്നും സാരല്ല്യാർന്നു."
"സാരല്യ എന്ന് അന്നുതന്നെ ഡോക്ടർ പറഞ്ഞിരുന്നുന്ന് അവൻ പറഞ്ഞു. കഴിഞ്ഞ ദിവസം വിളിച്ചപ്പോഴും എന്നെ ഓർമ്മിപ്പിച്ചു അവൻ."

ഞാൻ വായ് പൊളിച്ചു നിന്നു. ഇങ്ങനേയും ഉണ്ടോ ആളുകൾ? എനിക്ക് യാതൊരു ഓർമ്മയുമില്ല. ഫീസ് തരാൻ പോലും മറന്നു പോകാറുണ്ട് പലരും. പുറകീന്ന് വിളിച്ച് ഫീസ് തരാൻ മറന്നൂട്ടോ എന്ന് ഒരിക്കലും പറയാറില്ല. ചിലരൊക്കെ മടങ്ങി വന്ന് സോറി പറഞ്ഞ് ഫീസ് തന്നു പോകും. ഇതുപക്ഷേ, ആദ്യത്തെ അനുഭവമാണ്.

"ഞാൻ രണ്ടു തവണ വന്നിരുന്നു ഇത് തരാൻ... ഡോക്ടർ ഇവിടെ ഉണ്ടായിരുന്നില്ല..." നിറഞ്ഞ് ചിരിച്ച്, ഉറച്ച കാൽവെപ്പുകളോടെ നടന്നുപോകുന്ന അദ്ദേഹത്തെ തെല്ലിട നോക്കി നിന്നു പോയി.

പുതിയ അമ്പതുരൂപാ നോട്ട് എനിക്കിഷ്ടമില്ലാത്തതാണ്, പഴയ നോട്ടിനെ അപേക്ഷിച്ച്... ഇതിപ്പോൾ ആ നോട്ടിനും എന്തു ഭംഗി! മറ്റൊരാൾക്കുള്ള പണം തിരിച്ചേൽപ്പിച്ച് ഭാരമൊഴിഞ്ഞ് ഒരു അപ്പൂപ്പൻ താടി പറന്നു പോകുന്നത് പോലെ, അദ്ദേഹം ദൂരെ നടന്നു മറയുന്നു.