Asianet News MalayalamAsianet News Malayalam

കുടിയൊഴിപ്പിക്കപ്പെട്ട് ​ഗ്രാമീണർ, പോകാനിടമില്ല, പ്രതിഷേധം ശക്തം

1980 കളിലാണ് രാജ്യത്തുടനീളമുള്ള കൂലിത്തൊഴിലാളികൾ ഖനനത്തിനായി ഇവിടെ വന്ന് സ്ഥിരതാമസമാക്കിയത്. ക്രമേണ ഈ ചേരി ഒരു ലക്ഷത്തിലധികം ആളുകൾ അടങ്ങുന്ന പതിനായിരത്തിലധികം വീടുകളായി മാറി.

Supreme court order to clear encroached forest land protest
Author
Khori, First Published Jun 22, 2021, 2:12 PM IST

ഫരീദാബാദിലെ ജില്ലയിലെ ആരവല്ലി വനമേഖലയിൽ സ്ഥിതിചെയ്യുന്ന ഗ്രാമമാണ് ഖോരി. അവിടെ പതിനായിരക്കണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. കഴിഞ്ഞ ജൂൺ ഏഴിന് അരവല്ലി വനമേഖലയിൽ വീട് വച്ച ചേരി നിവാസികളെ ഒഴിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അതിനെത്തുടർന്ന് വലിയ പ്രതിഷേധമാണ് അവിടെ അരങ്ങേറിയത്. പ്രതിഷേധങ്ങൾക്കിടയിലും സർക്കാർ ഒഴിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്. എന്നാൽ, ഇതുവരെ അവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികളൊന്നും ആവിഷ്കരിച്ചിട്ടില്ല എന്നതാണ് ദുഃഖകരമായ കാര്യം. അതുകൊണ്ട് തന്നെ ഇവിടെ നിന്ന് പിഴുതെറിയപ്പെട്ടവർ എവിടെ പോകുമെന്നത് ഒരു ചോദ്യചിഹ്നമായി തുടരുന്നു.  

Supreme court order to clear encroached forest land protest

ചേരികൾ പൊളിച്ചുമാറ്റുന്ന ജോലികൾ ആരംഭിച്ചു കഴിഞ്ഞിട്ടും, എവിടെ, എങ്ങനെ അവരെ പുനരധിവസിപ്പിക്കും എന്നത് ആർക്കുമറിയില്ല. ഒരു ലക്ഷത്തോളം വരുന്ന പാവപ്പെട്ട ചേരിനിവാസികളെ ഒഴിപ്പിക്കാൻ ധൃതി കൂട്ടുന്ന സർക്കാർ, എന്നാൽ അതിനടുത്ത് സ്ഥിതിചെയ്യുന്ന വിവിധ ഫാം ഹൗസുകളും, വലിയ നക്ഷത്ര ഹോട്ടലുകളും തൊടാൻ മടിക്കുന്നുവെന്നും ആരോപണമുണ്ട്. 40 -കാരിയായ സർവാരി പതിനഞ്ചു വർഷത്തിന് മീതെയായി അവിടെ താമസിക്കുന്നു. ഫരീദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ അദ്ദേഹത്തിന്റെ വീട് നശിപ്പിച്ചു. "ഞങ്ങൾ 15 വർഷമായി ഇവിടെ താമസിക്കുന്നു. ഞങ്ങൾ തൊഴിലാളി വർ​ഗമാണ്. ഞങ്ങൾക്ക് വേറെ വരുമാനമൊന്നുമില്ല. ലോക്ക്ഡൗൺ കാരണം സമ്പാദ്യവും തീർന്നു. ഞങ്ങൾ എങ്ങനെ ജീവിക്കും" അദ്ദേഹം പറഞ്ഞു.

ഈ മഹാമാരി സമയത്ത് ജീവിക്കാൻ ആളുകൾ കഷ്ടപ്പെടുമ്പോൾ, ഇത്തരമൊരു ഒഴിപ്പിക്കൽ നടപടി അവരെ കൂടുതൽ തകർക്കുന്നു. ഈ ഗ്രാമത്തിൽ താമസിക്കുന്ന ഭൂരിഭാഗം ആളുകൾക്കും വോട്ടർ ഐഡി കാർഡോ ആധാർ കാർഡോ ഉള്ളവരാണ്. വനഭൂമിയുടെ ഭാഗങ്ങൾ വലിയ ഭൂമാഫിയകൾ സർക്കാരിന്റെ മൗനാനുവാദത്തോടെ പാവപ്പെട്ട തൊഴിലാളികൾക്ക് വിറ്റതാണ്. എന്നാൽ പിടിക്കപ്പെട്ടപ്പോൾ, പാവപ്പെട്ട തൊഴിലാളികൾ മാത്രം വെട്ടിലായി. അതേസമയം, അവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി ഉടൻ ആരംഭിക്കുമെന്നാണ് സർക്കാർ വാദം. എന്നാൽ, പുനരധിവാസം ഹരിയാന നിവാസികൾക്ക് മാത്രമായിരിക്കും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ആ ആനുകൂല്യം ഉണ്ടാകില്ല. അതും 2003 ന് മുൻപ് അവിടെ താമസമാക്കിയവർക്ക് മാത്രമാണ് പുനരധിവാസത്തിന് അർഹതയുള്ളതെന്ന് സുപ്രീം കോടതി അറിയിച്ചു. പക്ഷേ, അതിനി എത്ര സമയമെടുക്കുമെന്ന് പറയാൻ സാധിക്കില്ല.

ഈ മഹാമാരി സമയത്ത് അന്നന്നത്തെ ആഹാരം കണ്ടുപിടിക്കാൻ പോലും ആളുകൾ പാടുപെടുന്നു. അതിനിടയിൽ താമസത്തിനായി ഇനി ഒരു ഇടം അവർ എങ്ങനെ കണ്ടെത്തും? അതിനുള്ള പണം അവർക്ക് എവിടെനിന്ന് ലഭിക്കും? പൊളിച്ചുമാറ്റലിന് മുന്നോടിയായി കഴിഞ്ഞ ചൊവ്വാഴ്ചയോടെ ഗ്രാമത്തിലെ വൈദ്യുതിയും ജലവും സർക്കാർ വിച്ഛേദിച്ചു. വീടുകൾ ഇതിനകം തന്നെ പൊളിച്ചുതുടങ്ങിയിട്ടുണ്ട്. പലരുടെയും ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. കഴിഞ്ഞ ആഴ്ച 70 -കാരനായ ഒരാൾ ഇവിടെ ആത്മഹത്യ ചെയ്തിരുന്നു. വീട് പണിയുന്നതിനായി അദ്ദേഹം അടുത്തിടെ വായ്പയെടുത്തിരുന്നു. എന്നാൽ വീട് പൊളിച്ചുനീക്കുമെന്ന വാർത്ത കേട്ട അദ്ദേഹം ആശങ്കാകുലനാവുകയും, ഒടുവിൽ മരത്തിൽ കെട്ടിതൂങ്ങുകയുമായിരുന്നു.

Supreme court order to clear encroached forest land protest 

1980 കളിലാണ് രാജ്യത്തുടനീളമുള്ള കൂലിത്തൊഴിലാളികൾ ഖനനത്തിനായി ഇവിടെ വന്ന് സ്ഥിരതാമസമാക്കിയത്. ക്രമേണ ഈ ചേരി ഒരു ലക്ഷത്തിലധികം ആളുകൾ അടങ്ങുന്ന പതിനായിരത്തിലധികം വീടുകളായി മാറി. വനഭൂമി പിടിച്ചെടുക്കാൻ ആഗ്രഹിച്ചല്ല അവർ ഇവിടെ താമസമാക്കിയത്. മറിച്ച് കടുത്ത ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവയിൽ നിന്ന് കരകയറാനായുള്ള ഒരു ശ്രമത്തിന്റെ ഭാഗമായിരുന്നു അത്. 2020 സെപ്റ്റംബറിലാണ് പൊളിച്ചുമാറ്റാൻ നടപടികൾ ആദ്യമായി ആരംഭിക്കുന്നത്. അന്ന് 1700 ഓളം വീടുകൾ കോർപ്പറേഷൻ പൊളിച്ചുമാറ്റിയിരുന്നു. ഈ വർഷം ഏപ്രിളിൽ വീണ്ടും 300 ഓളം വീടുകൾ കോർപ്പറേഷൻ പൊളിച്ചു. ഇത് നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ട് ജനങ്ങൾ നൽകിയ ഹർജി കോടതി തള്ളി. അങ്ങനെയാണ് ഇപ്പോൾ വീണ്ടും ഒഴിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നത്. എന്നാൽ ഇത്രയും കാലമായിട്ടും സർക്കാരിന് ഇതുവരെ ഒരു വ്യക്തിയെ പോലും പുനരധിവസിപ്പിക്കാൻ സാധിച്ചിട്ടില്ല.  

Follow Us:
Download App:
  • android
  • ios