ഇതിനിടെ റോഡരികിൽ നിർത്തിയിട്ടിരുന്ന നിരവധി സ്കൂട്ടറുകളും സൈക്കിളുകളും കാർ ഇടിച്ചു തകർക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഒടുവിൽ ഒരു മതിലിൽ ഇടിച്ച് കാർ നിൽക്കുമ്പോൾ അതിൽനിന്നും ഭയചകിതരായി രണ്ടു കുട്ടികൾ ഇറങ്ങിവരുന്നതും വ്യക്തമാണ്.

ഓരോ ദിവസവും നിരവധി വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അവയിൽ പലതും അശ്രദ്ധമായ ഡ്രൈവിങ്ങിന്റെയും അമിതവേഗതയുടെയും പരിണിതഫലങ്ങളാണ്. എന്നാൽ, ഇതൊന്നുമല്ലാത്ത ഒരു സംഭവം കഴിഞ്ഞ ദിവസം ഹരിയാനയിൽ റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. രണ്ടു കൊച്ചുകുട്ടികളാണ് ഈ അപകടത്തിന് കാരണക്കാരായത്.

സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ ഇവർ ഒരു എസ്‌യുവി അമിതവേഗതയിൽ ഓടിച്ച് ആളുകൾക്കും മറ്റു വാഹനങ്ങൾക്കും ഇടയിലേക്കും കയറ്റുന്ന രംഗങ്ങളാണ് ഉള്ളത്. ഭാഗ്യവശാൽ ആർക്കും പരിക്കേറ്റിട്ടില്ല. എന്നാൽ, നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഒരു തെരുവിലൂടെ അമിതവേഗതയിൽ എത്തുന്ന വാഹനം ഒടുവിൽ ഒരു ഭിത്തിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു.

ജൂലൈ 16 -ന് രാവിലെ എട്ടുമണിക്കാണ് ഈ സംഭവം നടന്നത്. റോഡരികിലെ ഒരു സിസിടിവി ക്യാമറയിൽ പതിഞ്ഞ ഞെട്ടിക്കുന്ന ദൃശ്യത്തിൽ തിരക്കേറിയ റോഡിലൂടെ ഒരു നിയന്ത്രണവുമില്ലാതെ ഒരു എസ്‌യുവി കാർ വരുന്നത് കാണാം. കാർ ആദ്യം ഒരു ബൈക്ക് യാത്രികന് നേരെയാണ് പാഞ്ഞടുത്തത്. ഭാഗ്യവശാൽ അയാൾ രക്ഷപ്പെട്ടു. തുടർന്ന് തെരുവിൽ ഉണ്ടായിരുന്ന രണ്ടു കുട്ടികൾക്ക് നേരെ കാർ ചെല്ലുന്നു. കുട്ടികളും ഓടി മാറിയതിനാൽ അപകടം ഒഴിവായി.

എന്നാൽ, ഇതിനിടെ റോഡരികിൽ നിർത്തിയിട്ടിരുന്ന നിരവധി സ്കൂട്ടറുകളും സൈക്കിളുകളും കാർ ഇടിച്ചു തകർക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഒടുവിൽ ഒരു മതിലിൽ ഇടിച്ച് കാർ നിൽക്കുമ്പോൾ അതിൽനിന്നും ഭയചകിതരായി രണ്ടു കുട്ടികൾ ഇറങ്ങിവരുന്നതും വ്യക്തമാണ്. നാട്ടുകാരും വീട്ടുകാരും ചേർന്ന് അവരെ ആശ്വസിപ്പിക്കുന്ന രംഗങ്ങളും വീഡിയോയിലുണ്ട്.

വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ നിരവധി ചോദ്യങ്ങളാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഭാഗത്തുനിന്നും ഉയരുന്നത്. കുട്ടികൾക്ക് ആരാണ് വാഹനം ഓടിക്കാൻ നൽകിയത് എന്നാണ് പ്രധാന ചോദ്യം. ഇത്തരം പ്രവൃത്തികൾ ചെയ്യുമ്പോൾ എന്തുകൊണ്ടാണ് മാതാപിതാക്കൾ അറിയാതെ പോകുന്നത് എന്നും നെറ്റിസൻസ് ആശങ്ക പ്രകടിപ്പിച്ചു.