എന്നാൽ, ഡോക്ടറോട് യുവതിയുടെ റൂംമേറ്റ് പറഞ്ഞ മറ്റൊരു കാര്യമാണ് അവരെ ആകെ അമ്പരപ്പിച്ചത്. ഇത് വിദ്യാർത്ഥിനിയുടെ ആദ്യത്തെ പ്രസവമല്ല. അവൾക്ക് ഒരു കുട്ടി കൂടിയുണ്ട്.
യൂണിവേഴ്സിറ്റി ഡോർമിറ്ററിയിൽ 4.5 കിലോ ഭാരമുള്ള കുഞ്ഞിന് ജന്മം നൽകി 20 -കാരിയായ വിദ്യാർത്ഥിനി. ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ യൂണിവേഴ്സിറ്റി ഡോർമിറ്ററിയിൽ തന്റെ ബങ്ക് ബെഡ്ഡിൽ വച്ചാണ് മൂന്നാം വർഷ വിദ്യാർത്ഥിനിയായ യുവതി കുഞ്ഞിന് ജന്മം നൽകിയത്. ഇവർക്ക് പരീക്ഷയായിരുന്നു. അതിനാൽ തന്നെ പരീക്ഷ എഴുതി പൂർത്തിയാക്കിയ ശേഷമേ ആശുപത്രിയിൽ പ്രസവത്തിനായി എത്തൂ എന്ന തീരുമാനത്തിലായിരുന്നത്രെ യുവതി.
അർദ്ധരാത്രിയോടെ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. രക്തത്തിന്റെ രൂക്ഷഗന്ധം പരന്നതോടെയാണ് വിദ്യാർത്ഥിനിയുടെ റൂംമേറ്റ് ഉണർന്നത്. 'ഞാൻ ഞെട്ടിയുണരുകയായിരുന്നു. അപ്പോഴേക്കും അവൾക്ക് കഠിനമായ വേദന അനുഭവപ്പെട്ടു. അവൾ പൂർണമായും രക്തത്തിൽ കുതിർന്നിരിക്കുകയായിരുന്നു' എന്നും റൂംമേറ്റ് പറഞ്ഞു. ഞെട്ടിക്കുന്ന രംഗം രംഗം കണ്ടതോടെ അവൾ എമർജൻസി സർവീസിൽ വിളിച്ചു. ഡോക്ടറടക്കം സ്ഥലത്തെത്തുമ്പോഴേക്കും 20 -കാരി കുഞ്ഞിന് ജന്മം നൽകിയിരുന്നു.
എന്നാൽ, ഡോക്ടറോട് യുവതിയുടെ റൂംമേറ്റ് പറഞ്ഞ മറ്റൊരു കാര്യമാണ് അവരെ ആകെ അമ്പരപ്പിച്ചത്. ഇത് വിദ്യാർത്ഥിനിയുടെ ആദ്യത്തെ പ്രസവമല്ല. അവൾക്ക് ഒരു കുട്ടി കൂടിയുണ്ട്. ഇത് ഡോക്ടറെ മാത്രമല്ല, എല്ലാവരേയും ഞെട്ടിച്ചു. പൂർണഗർഭിണിയായ ഒരു യുവതിയെ യൂണിവേഴ്സിറ്റി ഡോർമിറ്ററിയിൽ താമസിക്കാൻ അനുവദിച്ച വിദ്യാർത്ഥിനിയുടെ വീട്ടുകാരെയാണ് ഡോക്ടർ കുറ്റപ്പെടുത്തിയത്.
4.5 കിലോയാണ് കുട്ടിയുടെ ഭാരമെന്നതും ഡോക്ടറെയും സംഘത്തേയും അമ്പരപ്പിച്ചു. യുവതിക്ക് പ്രസവത്തോടെ ആരോഗ്യപ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വ്യായാമം ഇല്ലാത്തതും ഉയർന്ന സമ്മർദ്ദവുമാണ് ഇതിന് കാരണം എന്നും പറയുന്നു.
'തന്റെ അവസാനത്തെ പരീക്ഷയായിരുന്നു. ആശുപത്രിയിലേക്ക് പോകും മുമ്പ് അത് പൂർത്തിയാക്കണം എന്ന വാശിയിലായിരുന്നു' എന്നാണ് കുഞ്ഞിന് ജന്മം നൽകിയ 20 -കാരി പറയുന്നത്. രാത്രിയോടെ വേദന അനുഭവപ്പെട്ടു. രാവിലെ ആശുപത്രിയിലേക്ക് പോകാം എന്നാണ് കരുതിയിരുന്നത് എന്നും യുവതി പറയുന്നു.
എന്തായാലും, കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും അമ്മയും കുഞ്ഞും ഇപ്പോൾ സുഖമായിട്ടിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
