വീഡിയോയിൽ ജീവനില്ലാതെ കിടക്കുന്ന അരയന്നത്തെ ഉണർത്താൻ അതിൻറെ ഇണയായ അരയന്നം തീവ്രമായി ശ്രമിക്കുന്നത് കാണാം.

പരസ്പര സ്നേഹത്തിന്റെ കാര്യത്തിൽ മനുഷ്യരേക്കാൾ ഒട്ടും പിന്നിലല്ല പക്ഷി മൃഗാദികൾ എന്ന് തെളിയിക്കുന്ന ഒരു വീഡിയോ ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ഒരു തടാകക്കരയിൽ ജീവനറ്റുകിടക്കുന്ന തൻ്റെ ഇണയ്ക്കരികിൽ നിന്നും മാറിപ്പോകാൻ കൂട്ടാക്കാതെ ഒരു അരയന്നം കാത്തുനിൽക്കുന്ന വൈകാരിക രംഗങ്ങളാണ് ഈ വീഡിയോയിൽ ഉള്ളത്. മുൻ ഐഎഫ്എ‍സ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ പങ്കിട്ട ഈ ക്ലിപ്പിൽ അരയന്നങ്ങൾ തമ്മിലുള്ള സ്നേഹത്തിൻ്റെ ആഴം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.

വീഡിയോ പങ്കുവെച്ചുകൊണ്ട് നന്ദ കുറിച്ചത് ഇങ്ങനെയാണ്: 'മരണത്തിനു പോലും തകർക്കാൻ കഴിയാത്ത പ്രണയം. ഈ അരയന്നം അതിന്റെ ജീവനില്ലാത്ത പങ്കാളിയെ ഉണർത്താൻ കഠിനമായി പരിശ്രമിക്കുകയാണ്. അരയന്നങ്ങൾ ജീവിതകാലം മുഴുവൻ ഇണചേരുന്നു, ഒരാൾ ഇല്ലാതാകുമ്പോൾ... മറ്റേയാൾക്ക് അത് ആഴത്തിലാണ് ബാധിക്കുക. ചില ബന്ധങ്ങൾ എന്നെന്നേക്കുമായി നിലനിൽക്കുന്നു.'

വീഡിയോയിൽ ജീവനില്ലാതെ കിടക്കുന്ന അരയന്നത്തെ ഉണർത്താൻ അതിൻറെ ഇണയായ അരയന്നം തീവ്രമായി ശ്രമിക്കുന്നത് കാണാം. മരിച്ച ഇണയെ ഉപേക്ഷിച്ചു പോകാൻ കൂട്ടാക്കാതെ നിൽക്കുന്ന ഈ അരയന്നത്തിന്റെ ദൃശ്യങ്ങൾ കാഴ്ചക്കാരെയും വേദനിപ്പിക്കുന്നതാണ്.

Scroll to load tweet…

ജീവിതകാലം മുഴുവനും പങ്കാളിക്കൊപ്പം കഴിയുന്നതിന് പേരുകേട്ട പക്ഷികളാണ് അരയന്നങ്ങൾ. ഒരിക്കൽ ഇണചേർന്നാൽ ഇവ അപൂർവമായി മാത്രമേ വേർപിരിയുകയുള്ളൂ. മരിച്ചുപോയ ഇണയെ ഒറ്റയ്ക്കാക്കി പോകാൻ മനസ്സ് വരാതെ അതിനരികിൽ തന്നെ ചുറ്റിത്തിരിയുകയും തലോടുകയും ചെയ്യുന്ന അരയന്നത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈകാരിക പ്രതികരണങ്ങൾക്ക് കാരണമായി.

'ഈ വീഡിയോ ദൃശ്യങ്ങൾ എന്നെ കരയിപ്പിച്ചു' എന്നായിരുന്നു ഒരാൾ കുറിച്ചത്. 'ഒരു പങ്കാളിയുടെ നഷ്ടം ഹൃദയഭേദകമാണ്. എല്ലാ ജീവികൾക്കും അത് അങ്ങനെത്തന്നെ അനുഭവപ്പെടുന്നു' എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. 'ശുദ്ധമായ സ്നേഹം' എന്നായിരുന്നു മറ്റു ചിലർ കുറിച്ചത്.