മയക്കുമരുന്ന് സ്ഥിരമായി കഴിക്കുന്നത് ഈ പക്ഷികളുടെ പറക്കാനുള്ള കഴിവിനെ ബാധിക്കും. അതിനാൽ തന്നെ ക്ഷീണിച്ച, പറക്കാൻ സാധിക്കാത്ത ഈ പക്ഷികളെ വേട്ടക്കാർക്ക് എളുപ്പത്തിൽ പിടികൂടാൻ സാധിക്കും എന്നും കർഷകർ പറയുന്നു.

എന്തിന്റെയെങ്കിലും അടിമകളാവുക എന്നാൽ മനുഷ്യരെ സംബന്ധിച്ച് വളരെ അപകടകരമായ കാര്യമാണ് അല്ലേ? പ്രത്യേകിച്ച് മദ്യത്തിനും മയക്കുമരുന്നിനും ഒക്കെ അടിമകളാവുന്ന അവസ്ഥ. എന്നാൽ, സ്ലോവാക്യയിലെ കർഷകർ വളരെ വ്യത്യസ്തമായ ഒരു പ്രതിസന്ധിയിൽ കൂടി കടന്നു പോവുകയാണ്. റിപ്പോർട്ടുകൾ പ്രകാരം അവരുടെ പോപ്പി വയലുകളിൽ മുഴുവനും ഇന്ന് ഹംസങ്ങൾ മേഞ്ഞ് നടക്കുകയാണ്. അത് കാരണം കൃഷി മര്യാദക്ക് നടക്കുന്നില്ല എന്നാണ് ഈ കർഷകരുടെ പരാതി. 

ഒരു തരത്തിലും ഈ ഹംസങ്ങൾ പോപ്പി പാടം വിട്ട് പോകാൻ തയ്യാറാവുന്നില്ല. ഡസൻ കണക്കിന് ഹംസങ്ങൾ അവിടം താവളമാക്കിയിരിക്കുകയാണ് എന്നും ഇവർ പറയുന്നു. ഈ പക്ഷികൾ മയക്കുമരുന്നിന് അടിമകളായിരിക്കുന്നു എന്നാണ് കർഷകർ പറയുന്നത്. വർഷങ്ങളായി പ്രദേശത്ത് പോപ്പി കൃഷി ചെയ്യുന്ന ബാലിന്റ്‌സ് പാം എന്ന കർഷകൻ പറയുന്നത് ആദ്യമായിട്ടാണ് താൻ തന്റെ ജീവിതത്തിൽ ഇത്തരം ഒരു സ്ഥിതി വിശേഷം കാണുന്നത് എന്നാണ്. 

കൊമർനോ ഗ്രാമത്തിനടുത്തുള്ള അദ്ദേഹത്തിന്റെ വയലുകളിൽ ഫെബ്രുവരിയിൽ വലിയ കൂട്ടം ഹംസങ്ങൾ സന്ദർശിച്ചു. എന്നാൽ, എല്ലാവരുടേയും പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് അവ അവിടെ നിന്നും പോകാൻ തയ്യാറാവാതെ അവിടെ തന്നെ കൂടുകയാണുണ്ടായത്. ഇതോടെ വിളവെടുക്കാനായിരുന്ന പാടത്തിന്റെ അവസ്ഥ വളരെ മോശമായി. വിളവിനെ മൊത്തവും അത് ബാധിച്ചു. പോപ്പി ചെടികളോട് ഈ ഹംസങ്ങൾക്ക് ആസക്തിയായി എന്നും അതിന്റെ ഫലമായിരുന്നു ഇതെല്ലാം എന്നും കർഷകർ പറയുന്നു. 

മഴയ്ക്ക് ശേഷം പാടത്തുണ്ടാകുന്ന ചെറിയ വെള്ളവും ഈ പക്ഷികൾക്ക് പാടത്ത് തന്നെ തുടരുന്നതിനുള്ള അനുകൂലസാഹചര്യം ഒരുക്കുന്നു. പാം പറയുന്നത് തന്റെ പാടത്ത് 200 -ലധികം ഹംസങ്ങളുണ്ട് എന്നാണ്. വലിയ വിശപ്പുള്ള പക്ഷികളാണ് ഇവ. മുതിർന്ന് കഴിയുമ്പോൾ 14 കിലോ വരെയൊക്കെ ഇവ തൂക്കം വയ്ക്കുന്നു. പോപ്പി ചെടിയുടെ എല്ലാ ഭാ​ഗവും അവ ഭക്ഷണമാക്കുകയാണ്. ഇത് അവയ്ക്ക് വലിയ ആരോ​ഗ്യപ്രശ്നം തന്നെ ഉണ്ടാക്കും എന്നാണ് കർഷകർ പറയുന്നത്. 

മയക്കുമരുന്ന് സ്ഥിരമായി കഴിക്കുന്നത് ഈ പക്ഷികളുടെ പറക്കാനുള്ള കഴിവിനെ ബാധിക്കും. അതിനാൽ തന്നെ ക്ഷീണിച്ച, പറക്കാൻ സാധിക്കാത്ത ഈ പക്ഷികളെ വേട്ടക്കാർക്ക് എളുപ്പത്തിൽ പിടികൂടാൻ സാധിക്കും എന്നും കർഷകർ പറയുന്നു. അതുപോലെ പോപ്പി കൂടുതലായി കഴിക്കുന്നത് ഇവ ചാവുന്നതിനും കാരണമായിത്തീരുന്നു. 

കർഷകർക്ക് ഇവയെ കൊണ്ടുണ്ടാകുന്ന നഷ്ടവും വലുതാണ്. നാല് മാസത്തിനുള്ളിൽ അഞ്ച് ഹെക്ടർ പോപ്പിപ്പാടം ഇവ നശിപ്പിച്ചു എന്നും 8-9 ലക്ഷത്തിന്റെ നഷ്ടമാണുണ്ടാക്കിയത് എന്നും കർഷകർ പറയുന്നു.