Asianet News MalayalamAsianet News Malayalam

ഇല്ലാത്ത ശാസ്ത്രജ്ഞന്റെ പേരില്‍ വ്യാജവാര്‍ത്ത; ചൈനീസ് മാധ്യമങ്ങള്‍ നാണം കെട്ടു

കൊവിഡിന്റെ ഉദ്ഭവം ചൈനീസ് ലാബുകളിലേക്കാണെന്ന പ്രചാരണത്തിനു പിന്നില്‍ അമേരിക്കയുടെ രാഷ്ട്രീയ കളി ആണെന്ന് ഒരു സ്വിസ് ശാസ്ത്രജ്ഞന്‍ അഭിപ്രായപ്പെട്ടുവെന്ന് ദിവസങ്ങളായി വാര്‍ത്ത പ്രസിദ്ധീകരിച്ച ചൈനീസ് മാധ്യമങ്ങളാണ് പുലിവാല്‍ പിടിച്ചത്.

Swiss embassy requests Chinese media to remove fake news regarding corona virus
Author
Beijing, First Published Aug 11, 2021, 3:02 PM IST

ഇല്ലാത്ത ശാസ്ത്രജ്ഞന്റെ പേരില്‍ വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച് ചൈനീസ് മാധ്യമങ്ങള്‍ നാണം കെട്ടു. കൊവിഡിന്റെ ഉദ്ഭവം ചൈനീസ് ലാബുകളിലേക്കാണെന്ന പ്രചാരണത്തിനു പിന്നില്‍ അമേരിക്കയുടെ രാഷ്ട്രീയ കളി ആണെന്ന് ഒരു സ്വിസ് ശാസ്ത്രജ്ഞന്‍ അഭിപ്രായപ്പെട്ടുവെന്ന് ദിവസങ്ങളായി വാര്‍ത്ത പ്രസിദ്ധീകരിച്ച ചൈനീസ് മാധ്യമങ്ങളാണ് പുലിവാല്‍ പിടിച്ചത്. വാര്‍ത്ത തെറ്റാണെന്ന് സ്വിസ് എംബസി വ്യക്തമാക്കിയതോടെ, ആളുടെ പേരു നീക്കം ചെയ്ത് തടിയൂരാനുള്ള ശ്രമങ്ങളിലാണ് ചൈനീസ് മാധ്യമഭീമന്‍മാര്‍് 

ഇല്ലാത്ത ശാസ്ത്രജ്ഞനെ ഉദ്ധരിച്ച് ചൈനീസ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത നീക്കം ചെയ്യണമെന്ന് ചൈനയോട് ബീജിംഗിലെ സ്വിസ്‌സര്‍ലാന്റ് എംബസി ആവശ്യപ്പെടുകയായിരുന്നു. ചൈനീസ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ഫേക്ക് ആണെന്ന് ട്വിറ്ററിലൂടെയാണ് എംബസി അറിയിച്ചത്. 

കൊറോണ വ്യാപനത്തില്‍ ചൈനയുടെ പങ്ക് എന്താണെന്ന അന്വേഷണം തുടരുന്നതിനിടെയാണ്, ചൈനയെ ന്യായീകരിക്കുന്ന വിധത്തിലുള്ള വാര്‍ത്ത ചൈനീസ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. കൊറോണ വൈറസിന്റെ ഉദ്ഭവത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന നടത്തുന്ന അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് സ്വിസ്‌സര്‍ലാന്റിലെ പ്രമുഖ ജീവശാസ്ത്രജ്ഞനായ വില്‍സന്‍ എഡ്വേര്‍ഡ് പറഞ്ഞു എന്നായിരുന്നു ചൈനീസ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. വില്‍സന്‍ എഡ്വേര്‍ഡ് എന്ന പേരിലുള്ള ഫേസ്ബുക്ക് പോസ്റ്റ് ഉദ്ധരിച്ചായിരുന്നു ഈ വാര്‍ത്ത. ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയടക്കം ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചു. പ്രമുഖ ചൈനീസ് മാധ്യമങ്ങളായ സിജിടിഎന്‍, ഷാങ്ഹായി ഡെയിലി, ഗ്ലോബല്‍ ടൈംസ് തുടങ്ങിയവയും വന്‍ പ്രാധാന്യത്തോടെ ഈ വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചു. അതോടൊപ്പം,  ചൈനീസ് സോഷ്യല്‍ മീഡിയയിലും ഇതു പരന്നു. 

അതിനു പിന്നാലെയാണ് രസകരമായ തിരുത്തുമായി സ്വിസ് എംബസി രംഗത്തുവന്നത്. ഈ വാര്‍ത്ത മൊത്തത്തില്‍ വ്യാജം ആണെന്നാണ് എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചത്.  വില്‍സന്‍ എഡ്വേര്‍ഡ് എന്നൊരു ബയോളജിസ്റ്റ് സ്വിസ്‌സര്‍ലാന്റിലില്ല. ആ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് ആവട്ടെ  രണ്ടാഴ്ച മുമ്പ്  ആരംഭിച്ചതാണ്. മൂന്ന് ഫ്രെന്റ്‌സ് മാത്രമേ ആ പ്രൊഫൈലിലുള്ളൂ. ചൈനയെ പിന്തുയ്ക്കുന്ന ആ പോസ്റ്റ് അല്ലാതെ മറ്റു പോസ്റ്റുകളും അതിലില്ല. ഇതാണ് സ്വിസ് എംബസി ട്വിറ്റിറിലൂടെ അറിയിച്ചത്. 

കൊറോണ വൈറസിന്റെ പേരില്‍ ചൈനക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എന്ന് പ്രമുഖ സ്വിസ് ബയോളജിസ്റ്റ് വില്‍സന്‍ എഡ്വേര്‍ഡ് പറഞ്ഞു എന്നായിരുന്നു ചൈന ഡെയിലിയുടെ വാര്‍ത്ത. അല്‍പ്പം കൂടി കടന്ന്, ചൈനയെ അപകീര്‍ത്തിപ്പെടുത്താന്‍ അമേരിക്ക നടത്തുന്ന രാഷ്ട്രീയ കളിയാണ് കൊറോണയുടെ ഉല്‍ഭവം തിരയലെന്ന് വില്‍സന്‍ എഡ്വേര്‍ഡ് എന്നായിരുന്നു ഷാങ്ഹായി ടൈംസ് എഴുതിയത്. 

എന്തായാലും എംബസിയുടെ ട്വീറ്റ് പുറത്തുവന്നതോടെ നാണക്കേടായ ചൈനീസ് മാധ്യമങ്ങള്‍  വില്‍സന്‍ എഡ്വേര്‍ഡ് എന്ന പേരു വെട്ടിക്കളഞ്ഞ് യൂറോപ്യന്‍ ഗവേഷന്‍ എന്നാക്കി മാറ്റിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 

 

Follow Us:
Download App:
  • android
  • ios