Asianet News MalayalamAsianet News Malayalam

Sarco suicide capsule : ഒറ്റമിനിറ്റില്‍ വേദനയില്ലാമരണം? സ്വിറ്റ്സർലൻഡിൽ ശവപ്പെട്ടിയാകൃതിയിൽ ആത്മഹത്യായന്ത്രം?

എക്‌സിറ്റ് ഇന്റർനാഷണൽ എന്ന കമ്പനിയാണ് ഈ യന്ത്രം വികസിപ്പിച്ചെടുത്തത്. അതിന്റെ ഡയറക്ടർ, ഡോക്ടർ ഡെത്ത് എന്നറിയപ്പെടുന്ന ഡോ ഫിലിപ്പ് നിറ്റഷ്‌കെയാണ് ഈ ഉപകരണത്തിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. 

Switzerland legalises Sarco suicide capsule
Author
Switzerland, First Published Dec 7, 2021, 2:55 PM IST

ലോകത്തെ പല രാജ്യങ്ങളിലും ദയാവധം അനുവദനീയമാണ്. എന്നാൽ, സ്വിറ്റ്‌സർലൻഡി(Switzerland)ൽ അത് അനുവദനീയല്ല. പകരം ഒരാൾക്ക് സ്വയം വിഷം കുത്തിവച്ച് ആത്മഹത്യ(suicide) ചെയ്യാം. എന്നാൽ പക്ഷേ, അതിനും ചില മാനദണ്ഡങ്ങൾ പാലിക്കണം. മാരകമായ അസുഖം, മാനസികാരോഗങ്ങൾ ഇല്ലാതിരിക്കുക, സ്വാർത്ഥ ഉദ്ദേശങ്ങൾ ഇല്ലാതിരിക്കുക എന്നിവയാണ് അവയിൽ ചിലത്. വിദേശീയർക്കും ഇവിടെ വന്ന് വേണമെങ്കിൽ ആത്മഹത്യ ചെയ്യാം. ഇതിനെ 'അസിസ്റ്റഡ് സൂയിസൈഡ്' എന്ന് വിളിക്കുന്നു. അതായത് മറ്റൊരാളുടെ സഹായത്തോടെ നടത്തുന്ന ആത്മഹത്യ. ഇതിനായി നിരവധി ഏജൻസികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ ഒരു മിനിറ്റിനുള്ളിൽ മരിക്കാൻ സഹായിക്കുന്ന ആത്മഹത്യാ യന്ത്ര(Sarco suicide capsule)ത്തിന് നിയമനാനുമതി നൽകാനിരിക്കയാണ് സ്വിറ്റ്‌സർലൻഡ്.

ഇനി മുതൽ ആളുകൾക്ക് വേദനയും വെപ്രാളവുമില്ലാതെ മരിക്കാൻ ഈ ശവപ്പെട്ടിയുടെ ആകൃതിയുള്ള യന്ത്രം സഹായിക്കുമത്രെ. 2020 -ൽ സ്വിറ്റ്‌സർലൻഡിൽ 1,300 -ഓളം പേർ ഇതുപോലെ അസിസ്റ്റഡ് സുയിസൈഡിന് വിധേയമായിരുന്നു. ലിക്വിഡ് സോഡിയം പെന്റോബാർബിറ്റൽ കഴിക്കുന്നതായിരുന്നു നിലവിലെ രീതി. എന്നാൽ, ഈ യന്ത്രത്തിലാകട്ടെ ഓക്‌സിജന്റെ അളവ് പതുക്കെ പതുക്കെ കുറയ്ക്കുന്നതിലൂടെയാണ് മരണം സംഭവിക്കുന്നത്. ഇതിന്റെ പേര് സാർക്കോ മെഷീൻ. ഇത് ഉള്ളിൽ നിന്ന് പ്രവർത്തിപ്പിക്കാം. ഇനി ഭയമുള്ളവർക്ക് അതിനകത്ത് കിടന്ന് വെറുതെ കണ്ണിറുക്കിയാൽ മതി, യന്ത്രം പ്രവർത്തിക്കാൻ തുടങ്ങും. ഈ പ്രക്രിയയ്ക്ക് ഒരു മിനിറ്റിൽ താഴെ സമയമെടുക്കും.  

ഇത് ഒരു 3-ഡി പ്രിന്റഡ് ക്യാപ്‌സ്യൂൾ ആണ്. ഇത് എവിടേയ്ക്ക് വേണമെങ്കിലും കൊണ്ടുപോകാം. ഒരു ബട്ടൺ അമർത്തുന്നതോടെ യന്ത്രം പ്രവർത്തിക്കാൻ തുടങ്ങും. അതോടെ ഉപകരണത്തിനുള്ളിൽ നൈട്രജൻ നിറയുകയും, ഓക്‌സിജന്റെ അളവ് ഏകദേശം 30 സെക്കൻഡിനുള്ളിൽ 21 ശതമാനത്തിൽ നിന്ന് 1 ശതമാനമായി കുറയുകയും ചെയ്യുന്നു. രോഗിക്ക് പിന്നാലെ ബോധം നഷ്ടപ്പെട്ട് തുടങ്ങും. ഏകദേശം പത്ത്  മിനിറ്റുകൾക്കുള്ളിൽ മരണം സംഭവിക്കും. ഓക്സിജന്റെ അളവ് കുറയുമ്പോൾ ഹൈപ്പോക്സിയ, ഹൈപ്പോകാപ്നിയ എന്നിവ സംഭവിക്കുകയും, അങ്ങനെ വ്യക്തി മരണത്തിന് കീഴ്‌പ്പെടുകയും ചെയ്യുന്നു. 

എക്‌സിറ്റ് ഇന്റർനാഷണൽ എന്ന കമ്പനിയാണ് ഈ യന്ത്രം വികസിപ്പിച്ചെടുത്തത്. അതിന്റെ ഡയറക്ടർ, ഡോക്ടർ ഡെത്ത് എന്നറിയപ്പെടുന്ന ഡോ ഫിലിപ്പ് നിറ്റഷ്‌കെയാണ് ഈ ഉപകരണത്തിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. നിലവിൽ രണ്ട് സാർകോ യന്ത്രങ്ങൾ മാത്രമേ നിർമ്മിച്ചിട്ടുള്ളൂ. എന്നാൽ, എക്‌സിറ്റ് ഇന്റർനാഷണൽ മൂന്നാമത് ഒരു യന്ത്രം കൂടി നിർമ്മിക്കാൻ പദ്ധതിയിടുന്നു. അത് അടുത്ത വർഷം സ്വിറ്റ്‌സർലൻഡിൽ അത് പ്രവർത്തനത്തിന് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു.  

എന്നാൽ, ഇത് അപകടകരമാണ് എന്നും ​ഗ്യാസ് ചേംബറിൽ കുറഞ്ഞ ഒന്നുമല്ലായെന്നും ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുകയാണ് എന്നും വിമർശനം ഇപ്പോൾ തന്നെ ഉയർന്ന് കഴിഞ്ഞു. 

Follow Us:
Download App:
  • android
  • ios