സിഡ്‌നിയിലുള്ള ഒരു ദമ്പതികൾ ഓസ്‌ട്രേലിയയിൽ ജോലിക്കായി കൊണ്ടുവന്ന ഫിലിപ്പീനോ യുവതിയെ മൂന്നുവർഷമായി വീട്ടിൽ അടിമയെപ്പോലെ പണിയെടുപ്പിച്ചതിന് നടപടി നേരിടുകയാണ്. സിഡ്‌നി ദമ്പതികളായ ജോഷ്വയും ഷീലാ മക്അലറിന്റെയും ആ സ്ത്രീയെ 24 മണിക്കൂറും ജോലിചെയ്യാൻ നിർബന്ധിക്കുകയും ആരൊയൊക്കെ കാണാമെന്നും, എവിടെയൊക്കെ പോകാമെന്നുമുള്ള കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. ഒരു അടിമയെന്ന നിലയിൽ തന്റെ ജീവിതം എങ്ങനെയായിരുന്നുവെന്ന് അവർ പിന്നീട് വെളിപ്പെടുത്തുകയായിരുന്നു.

ഒരിക്കൽ വീട്ടിൽ നിന്ന് രക്ഷപ്പെടാൻ അവൾ ശ്രമിച്ചപ്പോൾ, ഭർത്താവും ഭാര്യയും കൂടി അത് തടയാനായി ഒരു സ്വകാര്യ ഡിറ്റക്ടീവിനെ നിയമിച്ചു അവളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ തുടങ്ങി. ഇനി ഒരിക്കൽ കൂടി അവൾ അവിടെനിന്ന് രക്ഷപ്പെടാതിരിക്കാൻ അവർ ശ്രദ്ധിച്ചു. സിഡ്‌നിയുടെ തെക്ക് റോക്ക്‌ഡെയ്‌ലിൽ നിന്നുള്ള ദമ്പതികളുടെ മേൽ, 2014 നവംബർ 26 -നും 2016 ഒക്ടോബർ 30 -നും ഇടയിൽ നിർബന്ധിത വേല ഉൾപ്പെടെയുള്ള നിരവധി കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഈയാഴ്ച സിഡ്നിയിൽ നടന്ന വാദത്തിൽ, മൂന്ന് വർഷത്തേക്ക് മുഴുവൻ സമയവും ജോലി ചെയ്യാനുള്ള ദമ്പതികളുടെ തീരുമാനം അനുസരിക്കുകയല്ലാതെ തനിക്ക് മുന്നിൽ മറ്റൊരു വഴിയുമുണ്ടായിരുന്നില്ല എന്ന് ആ സ്ത്രീ കോടതിയിൽ പറഞ്ഞു.  

2012 അവസാനത്തോടെ, ഷീല രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണിയായിരിക്കുമ്പോഴാണ് ഒരു മുഴുവൻ സമയ ബേബി സിറ്ററിനായുള്ള അന്വേഷണം ആരംഭിച്ചത്. വേണമെങ്കിൽ നീട്ടാമെന്ന നിഗമനത്തിൽ, ഒരു സ്ത്രീക്ക് മൂന്ന് മാസത്തെ ടൂറിസ്റ്റ് വിസ നൽകി കൊണ്ടുവരാമെന്നായിരുന്നു പദ്ധതി. പീഡനത്തിനിരയായ പെൺകുട്ടി ഫിലിപ്പീൻസിൽ ജോലിചെയ്ത് പ്രതിമാസം വലിയ കുഴപ്പമില്ലാത്ത ഒരു തുക കണ്ടെത്തുന്നുണ്ടായിരുന്നു. എന്നാൽ, ഞങ്ങൾ ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകാമെന്നും, അവിടെ ഇരട്ടി ശമ്പളം നൽകാമെന്നും  ഷീല അവളോട് പറയുകയായിരുന്നു.  

ആ പെൺകുട്ടി മുമ്പൊരിക്കലും വിദേശത്ത് പോയിട്ടില്ല. അതുകൊണ്ട് തന്നെ ഈ ഓഫർ അവൾ ആവേശത്തോടെ സ്വീകരിച്ചു. അതോടൊപ്പം അവിടെ വന്ന് സാഹചര്യങ്ങളും ജോലിയും ഒന്നും ഇഷ്ടപ്പെട്ടില്ലെങ്കിൽ തിരികെ വീട്ടിലേയ്ക്ക് മടങ്ങിക്കൊള്ളാനും ദമ്പതികൾ അവളോട് പറഞ്ഞു. ഇഷ്ടപ്പെട്ടില്ലെങ്കിൽ തിരികെ വരാമല്ലോ എന്ന് കരുതി ഒന്ന് പോയി നോക്കാൻ തന്നെ അവൾ തീരുമാനിച്ചു. പാസ്‌പോർട്ട് എടുക്കാനാവശ്യമായ പണം ദമ്പതികൾ അവൾക്ക് നൽകി. മൂന്ന് മാസത്തെ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കണമെന്ന് അവളോട് പറഞ്ഞു. വിസയ്ക്കുള്ള അപേക്ഷയിൽ, പെൺകുട്ടിക്ക് അവരോടൊപ്പം താമസിക്കാമെന്നും അവളുടെ ഭക്ഷണ, യാത്രാ ചെലവുകളുടെ ഉത്തരവാദിത്തം തങ്ങൾ ഏറ്റെടുക്കുമെന്നും അവർ എഴുതിയിരുന്നു. 2013 മെയ് മാസത്തിൽ തങ്ങൾക്ക് ഒരു കുഞ്ഞ് ജനിക്കുമെന്നതിനാൽ, ദൈനംദിന ജോലികൾ ചെയ്യാൻ സഹായിക്കണമെന്ന് ജോലിക്കെത്തിച്ച സ്ത്രീയോട് അവർ പറഞ്ഞു.

അങ്ങനെ അവളുടെ വിസ ആ വർഷം ഏപ്രിലിൽ അനുവദിക്കപ്പെട്ടു. എന്നാൽ, അതിൽ കൂടുതൽ നാൾ നിൽക്കാനുള്ള അനുവാദം ഉണ്ടായിരുന്നില്ല. കൂടാതെ  അവൾക്ക് ഓസ്‌ട്രേലിയയിൽ ജോലി ചെയ്യാൻ അനുവാദവുമില്ലായിരുന്നു. എന്നാൽ അവളോട് ദമ്പതികൾ പറഞ്ഞു: “നിങ്ങൾക്ക് ഒരു പ്രശ്‌നവും ഉണ്ടാകില്ല. ഇത് ഒരു നല്ല രാജ്യമാണ്. നിങ്ങൾക്ക് ഇവിടെ ഒന്നും സംഭവിക്കില്ല. നിങ്ങൾ ജോലി ചെയ്യുന്നുവെന്ന കാര്യം ആരോടും പറയണ്ട. നിങ്ങൾ ഞങ്ങളോടൊപ്പം താമസിക്കുകയും എന്നെ സഹായിക്കുകയും ചെയ്യുന്നു എന്ന് കരുതിയാൽ മതി. ”  
 
ഏതാനും ആഴ്ചകൾക്കുശേഷം, മെയ് ആറിന് പെൺകുട്ടി സിഡ്നിയിൽ എത്തി. എന്നാൽ, പിന്നീട് ദമ്പതികൾ അവളെ വീട്ടിലേക്ക് പോകാൻ അനുവദിക്കുകയില്ലെന്ന് അറിയിച്ചു. “നിങ്ങളെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരാൻ ഞാൻ ധാരാളം പണം ചെലവഴിച്ചു. നിങ്ങളുടെ കുടുംബത്തിലെ ഒരാൾ രോഗിയാണെങ്കിലും മരിച്ചാലും നിങ്ങൾ വീട്ടിൽ പോകില്ല. അഞ്ച് വർഷത്തിന് ശേഷം മാത്രമേ വീട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റിന് ഞാൻ പണം നൽകൂ. കുട്ടികളെ നോക്കാനും വീട്ടുജോലികൾ ചെയ്യാനും, പാചകം ചെയ്യാനും നിങ്ങളെ ഞാൻ ചുമതലപ്പെടുത്തുന്നു"  എന്നാണ് ഷീല പറഞ്ഞത്.

താമസമോ, ഭക്ഷണമോ സൗജന്യമല്ലെന്നും എന്നാൽ പ്രതിമാസം അവളോട് പറഞ്ഞിരുന്ന തുകയ്ക്ക് പുറമെ 100 ഡോളർ നൽകാമെന്നും അവർ പറഞ്ഞു. വീട്ടിൽ നിന്ന് പുറത്തുപോകണമെങ്കിൽ അവരുടെ അനുമതി വേണം. മാത്രമല്ല അവളെ അവിടെയുള്ള മറ്റ് ഫിലിപ്പിനോകളുമായി ഇടപഴകുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുകയും ചെയ്തു അവർ. അവൾക്കാണെങ്കിൽ ഇംഗ്ലീഷ് നേരെ സംസാരിക്കാൻ അറിയില്ല. കൂടാതെ ഓസ്‌ട്രേലിയയിൽ വേറെ ആരെയും അറിയുകയുമില്ല. പുറമേ അപരനാമത്തിൽ മാത്രം അറിയപ്പെടാനും, ഒരു ബന്ധത്തിലും ഏർപ്പെടാതിരിക്കാനും അവളോട് അവർ പറഞ്ഞു.

ഒരിക്കൽ അവൾ മറ്റൊരു ഫിലിപ്പിനോയുമായി സംസാരിക്കുകയും അവളുടെ ഫോൺ നമ്പർ നൽകുകയും ചെയ്തപ്പോൾ ദമ്പതികൾ അവളുടെ ഫോൺ നമ്പർ മാറ്റിച്ചു. പിന്നീട് വിസ കാലഹരണപ്പെട്ടപ്പോൾ, അവൾ വീട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നുവെന്ന് ദമ്പതികളോട് പറഞ്ഞു. എന്നാൽ “നിങ്ങളുടെ യാത്രാ ചെലവുകൾക്കായി ഞങ്ങൾ ചിലവഴിച്ച പണം നൽകുന്നതുവരെ നിങ്ങൾക്ക് വീട്ടിലേക്ക് പോകാൻ കഴിയില്ല" എന്നതായിരുന്നു അവരുടെ മറുപടി. ഇനി പണം നൽകാതെ തിരികെ പോയാൽ, ഫിലിപ്പൈൻസിലെ ആളുകളെയും പൊലീസിലെ   ഉയർന്നവരേയുമൊക്കെ എനിക്കറിയാം, നിങ്ങൾ നേരത്തെ വീട്ടിൽ പോയാൽ നിങ്ങളെയോ കുടുംബത്തെയോ ഉപദ്രവിക്കാൻ ഞാൻ ആളുകളെ നിയമിക്കും” എന്ന ഭീഷണിയും മുഴക്കി. മുഴുവൻ സമയവും കുട്ടിയെ നോക്കിയും, ശമ്പളമില്ലാതെ ആഴ്ചയിൽ 6-7 ദിവസം ദമ്പതികളുടെ പലചരക്ക് കടയിൽ ജോലി ചെയ്തും കഷ്ടപ്പെട്ടു എന്നവർ കോടതിയിൽ പറഞ്ഞു.

എന്നാൽ, 2017 ജൂലൈയിൽ ആന്റി-സ്ലേവറി ഓസ്‌ട്രേലിയയിൽ നിന്ന് ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസിന് ഇതിനെ കുറിച്ച് ഒരു സൂചന ലഭിച്ചു. 2019 ഒക്ടോബറിൽ ദമ്പതികൾക്ക് കോടതിയിൽ ഹാജരാകാൻ നോട്ടീസ് നൽകി. കഴിഞ്ഞ ഒക്ടോബറിൽ ഇരുവരും ഇക്കാര്യവുമായി ബന്ധപ്പെട്ട നിരവധി കുറ്റസമ്മതം നടത്തി. ഓസ്‌ട്രേലിയയിലേക്ക് വരുന്നതിനുമുമ്പ് താൻ സന്തുഷ്ടയായിരുന്നുവെന്നും തൊഴിൽ സുരക്ഷയുണ്ടായിരുന്നുവെന്നും പെൺകുട്ടി ഇംപാക്റ്റ് പ്രസ്താവനയിൽ പറഞ്ഞു. “ഞാൻ അടിമയാണെന്ന് തോന്നി, പക്ഷേ ഞാൻ ഒന്നും പറഞ്ഞില്ല” ആ സ്ത്രീ എഴുതി. എന്നാൽ, ഇപ്പോൾ അവൾ അഞ്ച് വർഷമായി സ്വതന്ത്രമായി ഓസ്‌ട്രേലിയയിൽ താമസിക്കുന്നു. അതേസമയം, ദമ്പതികൾക്ക് പരമാവധി 10 വർഷം തടവ് അനുഭവിക്കേണ്ടി വരും. വ്യാഴാഴ്ച നടന്ന ഒരു വാദത്തിൽ, ഇരയ്ക്ക് നഷ്ടപരിഹാരം നൽകാൻ ദമ്പതികൾ തയ്യാറാണെന്ന് അറിയിക്കുകയുണ്ടായി.  ജൂൺ 11 നാണ് ശിക്ഷാവിധി വരിക.  

 

(ചിത്രം പ്രതീകാത്മകം)