സിറിയയില്‍ വന്‍ നാശം വിതച്ച കാട്ടുതീയുമായി ബന്ധപ്പെട്ട്, കാടിന് തീയിട്ടുെവന്ന കേസില്‍ 24 പേരെ പൊതുസ്ഥലത്തു വെച്ച് തൂക്കിക്കൊന്നു. 

സിറിയയില്‍ വന്‍ നാശം വിതച്ച കാട്ടുതീയുമായി ബന്ധപ്പെട്ട്, കാടിന് തീയിട്ടുെവന്ന കേസില്‍ 24 പേരെ പൊതുസ്ഥലത്തു വെച്ച് തൂക്കിക്കൊന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്തില്‍ മൂന്ന് പേരുടെ മരണത്തിനും ആയിരക്കണക്കിന് ഹെക്ടര്‍ വനഭൂമി കത്തിനശിക്കാനും ഇടയാക്കിയ കാട്ടുതീയുമായി ബന്ധപ്പെട്ടാണ് വധശിക്ഷ നടപ്പാക്കിയതെന്ന് സിറിയന്‍ നീതിന്യായ വകുപ്പ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇവരുടെ വിശദവിവരങ്ങളോ എവിടെ വെച്ചാണ് ശിക്ഷ നടപ്പാക്കിയെതന്നോ പുറത്തുവന്നിട്ടില്ല. 

യുദ്ധം തകര്‍ത്തുകളഞ്ഞ സിറിയയില്‍ കുറേക്കാലമായി പൊതുസ്ഥലത്തുള്ള വധശിക്ഷകള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. പതിറ്റാണ്ടു നീണ്ട സംഘര്‍ഷങ്ങളില്‍ രാജ്യത്ത് ലക്ഷക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടിരുന്നു. ജനസംഖ്യയുടെ പകുതിയിലേറെപ്പേര്‍ക്കും വീടും കിടപ്പാടവും നഷ്ടപ്പെട്ടു. രാജ്യത്തിനു പുറത്ത് 50 ലക്ഷം പേരാണ് അഭയാര്‍ത്ഥികളായി കഴിയുന്നത്. 

കഴിഞ്ഞ വര്‍ഷമാണ് വന്‍നാശനഷ്ടമുണ്ടാക്കിയ കാട്ടുതീ ഉണ്ടായത്. ഉഷ്ണതരംഗത്തെ തുടര്‍ന്നാണ് കാട്ടുതീ പടര്‍ന്നതെങ്കിലും ചിലര്‍ ആസൂത്രിതമായി തീയിടുകയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. രാജ്യത്തിന്റെ പൊതുസ്വത്തുക്കള്‍ നശിപ്പിച്ച കേസില്‍ ഭീകരവാദ കുറ്റം ചുമത്തിയാണ് ഇവരെ വധശിക്ഷയ്ക്ക് വിധിച്ചത്. സംഭവത്തില്‍ 17 പേരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചതായും നീതിന്യായ വകുപ്പ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. 

ആഭ്യന്തര യുദ്ധം നടക്കുന്നതിനിടെ, സിറിയന്‍ ജയിലുകളില്‍ രഹസ്യ വിചാരണകള്‍ക്കു ശേഷം ആയിരക്കണക്കിനാളുകളെ കൂട്ടമായി തൂക്കിക്കൊന്നതായി ആംനസ്‌ററി ഇന്റര്‍നാഷനല്‍ അടക്കമുള്ള ഏജന്‍സികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആംനസ്റ്റിയുടെ കണക്കു പ്രകാരം 2011-2015 കാലത്തു മാത്രം 13,000 പേരെയാണ് സിറിയയിലെ സയിദ്‌നയ ജയിലില്‍ മാത്രം തൂക്കിലേറ്റിയത്. ഇവയെല്ലാം കോടതിക്കു പുറത്തുള്ള ശിക്ഷകളായിരുന്നുവെന്നും ആംനസ്റ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.