155 മില്യൺ ഡോളർ കൈക്കൂലി വാങ്ങി. ചൈനയിലെ മുന്‍ ബാങ്കറുടെ വധശിക്ഷ നടപ്പിലാക്കി. ടിയാൻജിനിലെ കോടതിയാണ് ശിക്ഷ നടപ്പിലാക്കിയത്. രാജ്യത്തിനും ജനങ്ങൾക്കും കനത്ത നഷ്ടമുണ്ടാക്കിയ ഗുരുതരമായ കുറ്റകൃത്യമാണിതെന്ന് കോടതി വിലയിരുത്തല്‍.
കൈക്കൂലി വാങ്ങിയ മുൻ ബാങ്കറുടെ വധശിക്ഷ നടപ്പിലാക്കി ചൈനയിലെ കോടതി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അസറ്റ് മാനേജ്‌മെന്റ് സ്ഥാപനമായ ചൈന ഹുവാറോങ് ഇന്റർനാഷണൽ ഹോൾഡിംഗ്സ് മുൻ ജനറൽ മാനേജർ ബായ് ടിയാൻഹുയിയെയാണ് ചൊവ്വാഴ്ച ചൈന വധശിക്ഷയ്ക്ക് വിധേയനാക്കിയത് എന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സുപ്രീം പീപ്പിൾസ് കോടതിയുടെ അംഗീകാരത്തിന് പിന്നാലെ വടക്കൻ ചൈനയിലെ ടിയാൻജിൻ മുനിസിപ്പാലിറ്റിയിലെ ഒരു കോടതിയാണ് വധശിക്ഷ നടപ്പാക്കിയതെന്നും റിപ്പോർട്ടുകൾ പറയുന്നു. 1.1 ബില്യൺ യുവാൻ (155 മില്യൺ ഡോളർ) കൈക്കൂലി വാങ്ങിയതിനാണ് ബായ് ടിയാൻഹുയി കുറ്റക്കാരനാണ് എന്ന് തെളിഞ്ഞത്. 2014നും 2018നുമിടയിൽ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ടാണ് കൈക്കൂലി വാങ്ങിയത്.
2024 മെയ് 28 -ന് കൈക്കൂലി വാങ്ങിയതിന് ടിയാൻഹുയി കുറ്റക്കാരനാണ് എന്ന് ടിയാൻജിൻ സെക്കൻഡ് ഇന്റർമീഡിയറ്റ് പീപ്പിൾസ് കോടതി കണ്ടെത്തി. പിന്നാലെയാണ് ഇയാളെ വധശിക്ഷയ്ക്ക് വിധിക്കുന്നത്. ശിക്ഷ വിധിച്ചതിന് ശേഷം ടിയാൻഹുയിയുടെ സ്വകാര്യ സ്വത്തുക്കളും കണ്ടുകെട്ടി. 'ബായ് ടിയാൻഹുയി വാങ്ങിയ കൈക്കൂലി വളരെ വളരെ വലുതായിരുന്നു, കുറ്റകൃത്യത്തിന്റെ സാഹചര്യങ്ങളും, സാമൂഹിക ആഘാതവും ഗുരുതരമായിരുന്നു' എന്നാണ് കോടതി പറഞ്ഞത്.
ഈ കുറ്റകൃത്യം രാജ്യത്തിന്റെയും ചൈനീസ് ജനതയുടെയും തന്നെ താൽപ്പര്യങ്ങൾക്ക് ഹാനികരമായിരുന്നു എന്നും കോടതി കൂട്ടിച്ചേർത്തു. ശിക്ഷയെ ന്യായീകരിച്ചുകൊണ്ട് കോടതി പറഞ്ഞത് ഇയാൾക്ക് നിയമപ്രകാരം കഠിനമായി ശിക്ഷ തന്നെ നൽകണം എന്നായിരുന്നു. ടിയാൻഹുയിക്കെതിരെ പ്രത്യക്ഷവും വ്യക്തവുമായ തെളിവുകളുണ്ട് എന്നും കോടതി നിരീക്ഷിച്ചു. അതേസമയം, ഇയാളുടെ വധശിക്ഷ നടപ്പിലാക്കിയെങ്കിലും ഏത് തരത്തിലാണ് നടപ്പിലാക്കിയത് എന്ന വിവരം പുറത്ത് വിട്ടിട്ടില്ല. എന്നാൽ, ശിക്ഷ നടപ്പിലാക്കും മുമ്പ് അടുത്ത ബന്ധുക്കൾക്ക് അദ്ദേഹത്തെ കാണാനുള്ള അവസരം നൽകിയിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു.
