Asianet News MalayalamAsianet News Malayalam

താലിബാന്‍കാരുടെ മുന്നിലേക്ക് മുദ്രാവാക്യങ്ങളുമായി സ്ത്രീകള്‍, ആകാശത്തേക്ക് നിറയൊഴിച്ചു

പ്രതിഷേധക്കാരുടെ മുന്നില്‍ വെച്ചു തന്നെ താലിബാന്‍കാര്‍ ബാനറുകള്‍ പിടിച്ചെടുക്കുകയും വലിച്ചു കീറുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

Taliban fire into air to disperse womens rally
Author
First Published Sep 29, 2022, 7:15 PM IST

ഇറാനില്‍ പ്രതിഷേധക്കൊടുങ്കാറ്റ് ഇളക്കിവിട്ട 22 വയസ്സുകാരിയുടെ മരണത്തില്‍ പ്രതിഷേധിച്ച് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്താനിലും വനിതാ പ്രക്ഷോഭം. ഇറാന്‍ എംബസിക്കു മുന്നില്‍ നിലയുറപ്പിച്ച താലിബാന്‍ സൈനികര്‍ക്കു മുന്നിലേക്കാണ് മുപ്പതോളം വനിതകള്‍ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള മുദ്രാവാക്യങ്ങളും ബാനറുകളുമായി ഇരമ്പി എത്തിയത്. പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ താലിബാന്‍ സൈനികര്‍ ആകാശത്തേക്ക് വെടിവെച്ചതായി എ എഫ് പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധക്കാരുടെ മുന്നില്‍ വെച്ചു തന്നെ താലിബാന്‍കാര്‍ ബാനറുകള്‍ പിടിച്ചെടുക്കുകയും വലിച്ചു കീറുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരോട് അവ ഡിലിറ്റ് ചെയ്യാന്‍ താലിബാന്‍കാര്‍ നിര്‍ബന്ധം പിടിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കി. 

മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ മഹ്‌സ അമീനി എന്ന 22 വയസുകാരി മരിച്ച സംഭവമാണ് ഇറാനില്‍ പ്രതിഷേധക്കൊടുങ്കാറ്റ് ഇളക്കി വിട്ടത്. ഹിജാബ് ധരിച്ചില്ല എന്നു പറഞ്ഞ് മതപൊലീസ് അറസ്റ്റ് ചെയ്ത യുവതിയുടെ മരണത്തില്‍ പ്രതിഷേധിച്ച് സ്ത്രീകളടക്കം പതിനായിരക്കണക്കിന് പേരാണ് തെരുവില്‍ ഇറങ്ങിയത്. പ്രക്ഷോഭം അടിച്ചമര്‍ത്താനായി ഇറാന്‍ പൊലീസും സൈന്യവും തെരുവില്‍ ഇറങ്ങിയതോടെ ദിവസങ്ങള്‍ നീണ്ടു നിന്ന സംഘര്‍ഷമാണുണ്ടായത്. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 75 പേരാണ് പൊലീസ് നടപടിക്കിടെ മരിച്ചത്. ആയിരക്കണക്കിനാളുകള്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇറാനിലെ ഭരണകൂടത്തോടുള്ള പ്രതിഷേധവും മത പൊലീസിന്റെ വിളയാട്ടത്തിനെതിരൊയ രോഷവുമായിരുന്നു പ്രതിഷേധത്തില്‍ ഉയര്‍ന്നു കേട്ടത്. 

'ഏകാധിപതിയുടെ മരണം' എന്ന മുദ്രാവാക്യമാണ് ഇറാന്‍ തലസ്ഥാനത്ത് ഉയര്‍ന്നത്. ശരിയായ രീതിയില്‍ ശിരോവസ്ത്രം ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത ശേഷം ക്രൂരമായി ആക്രമിക്കപ്പെട്ട് 22 കാരി കൊല്ലപ്പെട്ടതിന്റെ പേരിലാണ് പ്രക്ഷോഭം എന്നത് അംഗീകരിക്കാതെ വിദേശ ഗൂഢാലോചന എന്ന് പറഞ്ഞ് പ്രക്ഷോഭത്തെ തള്ളുകയാണ് ഇറാന്‍ ഭരണകൂടം ചെയ്യുന്നത്. വാട്‌സാപ്പ്, ലിങ്ക്ഡ് ഇന്‍, ഇന്‍സ്റ്റഗ്രാം എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഇറാന് പുറത്തേക്ക് പ്രക്ഷോഭ വീഡിയോകള്‍ പുറത്തെത്തുന്നതിനെ തടഞ്ഞിരിക്കുകയാണ് സര്‍ക്കാര്‍. എങ്കിലും നിരവധി സ്ത്രീകള്‍ പൊതു നിരത്തില്‍ ഹിജാബ് ഊരി എറിയുകയും കത്തിക്കുകയും മുടി മുറിച്ച് കളയുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. 

ഇറാനിലെ പ്രക്ഷോഭത്തിന് പിന്തുണയുമായി ലോകമാകമാനം പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നുണ്ട്. അതിനിടെയാണ്, തങ്ങളും സമാനമായ അവസ്ഥയിലാണ് കഴിയുന്നതെന്ന് വിളിച്ചു പറഞ്ഞുകൊണ്ട് അഫ്ഗാനിസ്താനിലും സ്ത്രീകള്‍ തെരുവിലിറങ്ങിയത്. പ്രതിഷേധിച്ച സ്ത്രീകളെയെല്ലാം ആക്രമിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത താലിബാന്റെ നടപടികളെ തുടര്‍ന്ന് കഴിഞ്ഞ കുറേ കാലമായി ഇവിടെ സ്ത്രീകളുടെ മുന്നേറ്റങ്ങള്‍ ഉണ്ടായിരുന്നില്ല. അതിനിടെയാണ് തലസ്ഥാനമായ കാബൂളിലെ ഇറാന്‍ എംബസിക്കു മുന്നില്‍  നിരവധി സ്ത്രീകള്‍ തെരുവിലിറങ്ങിയത്. 

'സ്ത്രീകള്‍, ജീവിതം, സ്വാതന്ത്ര്യം' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇറാനില്‍ പ്രക്ഷോഭം നടക്കുന്നത്. അതേ മുദ്രാവാക്യവുമായാണ് അഫ്ഗാനിസ്താനിലും സ്ത്രീകളുടെ പ്രകടനം നടന്നത്. താലിബാന്‍ സൈനികര്‍ കാവല്‍ നില്‍ക്കുന്ന എംബസിക്കു മുന്നിലേക്ക് സ്ത്രീകള്‍ മുദ്രാവാക്യങ്ങളുമായി ഇരമ്പി എത്തുകയായിരുന്നു. തുടര്‍ന്നാണ് താലിബാന്‍കാര്‍ ഇവരെ തടഞ്ഞത്. ആകാശത്തേക്ക് നിറയൊഴിച്ച താലിബാന്‍കാര്‍, പ്രകടനമായെത്തിയ സ്ത്രീകളെ കൈകാര്യം ചെയ്യുകയായിരുന്നു. പ്രതിഷേധക്കാരുടെ കൈയില്‍നിന്നും ബാനറുകള്‍ പിടിച്ചുവാങ്ങുകയും അവ കീറിക്കളയുകയും ചെയ്തതായി എ എഫ് പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 'ഇറാനിതാ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു, ഇനി നമ്മുടെ ഊഴമാണ്' എന്ന പ്ലക്കാര്‍ഡുകളും ബാനറുകളുമാണ് സ്ത്രീകള്‍ ഉയര്‍ത്തിയത്. 
 

Follow Us:
Download App:
  • android
  • ios