Asianet News MalayalamAsianet News Malayalam

എന്നിട്ടും നിങ്ങള്‍ക്കെങ്ങനെയാണ് താലിബാനെ വെള്ളപൂശാനാവുന്നത്?

ദില്ലിയിലടക്കം ജീവിക്കുന്ന അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്ക് താലിബാനെ കുറിച്ച് എന്താണ് പറയാനുള്ളത്? അവരെങ്ങനെയാണ് താലിബാന്‍ വിജയത്തെ കാണുന്നത്. ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ ചരിത്രാധ്യാപകനും ശ്രദ്ധേയനായ ചരിത്രകാരനുമായ ഡോ. യാസര്‍ അറഫാത്ത് എഴുതുന്നു 
 

Taliban is anti human and anti islam writes dr pk yassar arafath
Author
Delhi, First Published Aug 16, 2021, 3:54 PM IST

 മതവും അതിന്റെ ശുദ്ധിയും ഉറപ്പുവരുത്താന്‍ തോക്കെടുത്ത് ഇറങ്ങി പുറപ്പെട്ടവര്‍ തന്നെയാണ് ഏതുമതത്തിന്റെയും യഥാര്‍ത്ഥ ശത്രുക്കള്‍ എന്ന് താലിബാന്‍ ഭീകരര്‍ വീണ്ടും തെളിയിക്കുകയാണ്. വിശ്വാസത്തിന്റെയുള്ളില്‍ നിന്ന് നോക്കിയാലും, അതിന്റെ പുറത്തു നിന്ന് നോക്കിയാലും താലിബാന്‍ മനുഷ്യവിരുദ്ധമാണ്.

 

Taliban is anti human and anti islam writes dr pk yassar arafath

 

ഡല്‍ഹിയില്‍ നിങ്ങള്‍ക്ക്  ആയിരക്കണക്കിന് അഫ്ഗാന്‍ അഭയാര്‍ത്ഥികളെ കാണാന്‍ കഴിയും. പഷ്തൂണും ദാരിയും സംസാരിക്കുന്ന അതിസുന്ദരരായ മനുഷ്യര്‍. വൈകുന്നേരങ്ങളെ ആഘോഷങ്ങളാക്കി മാറ്റി, സംഗീതം പൊഴിക്കുന്ന അഫ്ഗാന്‍ റെസ്റ്ററന്റുകളില്‍ വൈകുവോളം ഇരുന്നു സംസാരിക്കുന്നവരെ ധാരാളമായി കണ്ടിരുന്നു കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ്.  'കാബൂളി-ഉസ്ബെക്കി'യും, 'ബോറാനി-ബഞ്ചനും', വാഴയിലയുടെ വലുപ്പമുള്ള തന്തൂര്‍ റൊട്ടിയുമൊക്കെ കഴിക്കുകയും, കഴിപ്പിക്കുകയും ചെയ്യുന്ന, സൗഹൃദം നിറഞ്ഞ മനുഷ്യരെ കിഡ്ക്കിയിലും, ലജ്പത്നഗറിലും, ഭോഗലിലും, ജംഗ്പുരയിലും യഥേഷ്ടം കാണാം. ഇവിടെങ്ങളിലൊക്കെ ഉണക്കപ്പഴങ്ങളും, മാറ്റുകളും, അച്ചാറുകളും, പാലുല്‍പ്പന്നങ്ങളും വില്‍ക്കുന്ന അഫ്ഗാന്‍ കടകളും കാണാന്‍ കഴിയും.

നാല്‍പ്പതോളം കൊല്ലങ്ങളായി ജീവിക്കുന്നവര്‍ തൊട്ട്, കഴിഞ്ഞ ഡിസംബറില്‍ ജീവനും കൊണ്ടോടി രക്ഷപ്പെട്ടവര്‍ വരെ നിരവധി അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ ഇന്ത്യയിലുണ്ട്. , ഇന്ത്യ പലഘട്ടത്തില്‍ അഭയം നല്‍കിയ നിരവധി അഫ്ഗാനികള്‍. അനൗപചാരിക കണക്കുകള്‍ അനുസരിച്ചു അറുപതിനായിരത്തോളം അഫ്ഗാനികള്‍ ദില്ലി മുതല്‍ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളില്‍ അഭയം തേടിയിട്ടുണ്ട്. ഇതില്‍ ഭൂരിപക്ഷം പേരും അഭയാര്‍ഥികളായത് താലിബാന്‍ അഫ്ഗാന്‍ ഭരണത്തിലിരുന്ന 1996-2001 കാലഘട്ടത്തിലാണ്. ഇപ്പോഴും ഇരുപതിനായിരത്തോളം അഭയാര്‍ത്ഥികള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

അഫ്ഗാനിസ്താനിലെ രണ്ടുകോടിയോളമുള്ള ആണുങ്ങളില്‍ ഒരുലക്ഷത്തില്‍ കൂടുതല്‍ പേര്‍ സ്വന്തം ജനതയ്ക്കു മേല്‍ തോക്കെടുത്തു രക്തക്കളം തീര്‍ക്കുന്നവരാണ്. അവരിലേറെയും പഷ്തൂണ്‍ ഗോത്രവംശജരാണ്. നൂറില്‍ ഒരാള്‍ തോക്കെടുക്കുന്ന,  ലോകത്തിലെ ഏറ്റവും സൈനികവല്‍കരിക്കപ്പെട്ട സമൂഹങ്ങളിലൊന്ന് എന്ന് അഫ്ഗാനിസ്ഥാനിലെ പഷ്തൂണ്‍ ഗോത്രത്തെ വിശേഷിപ്പിക്കാം.

 

Taliban is anti human and anti islam writes dr pk yassar arafath

 

ഭയന്നു വിറച്ചുള്ള ജീവിതം

ഇന്ത്യയിലെ അഫ്ഗാന്‍ അഭയാര്‍ത്ഥികളിലെ ഭൂരിപക്ഷത്തിനും പറയാന്‍ ചുരുങ്ങിയത് ഒരു താലിബാന്‍ കഥ എങ്കിലുമുണ്ട്. അതില്‍ ഭര്‍ത്താക്കന്മാര്‍ ക്രൂരമായി കൊലചെയ്യപ്പെട്ടതിനു ശേഷം കൈക്കുഞ്ഞുങ്ങളുമായി മൈലുകള്‍ നടന്നു ഇന്ത്യയിലേക്കെത്തിയ നിരവധി സ്ത്രീകളുടെ അനുഭവങ്ങളുണ്ട്. തങ്ങള്‍ ഇന്ത്യയിലാണെന്ന് ഉറ്റവരോട് പോലും വെളിപ്പെടുത്താതെ രഹസ്യമായി ഇന്ത്യയില്‍ ജീവിക്കുന്നവരുടെ നെഞ്ചിടിപ്പുകളുണ്ട്.  ഗോത്രനിയമം തെറ്റിച്ചതിനു അഫ്ഗാനിലേക്ക് തിരിച്ചുകൊണ്ടുപോയി ക്രൂരമായി കൊല്ലും എന്ന ഭയപ്പാടോടെ ജീവിക്കുന്നവരുടെ പേക്കിനാവുകളുണ്ട്. ഇതേ ഭയത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്ത നൂറുകണക്കിന് മനുഷ്യര്‍ ഇന്ത്യയിലെ അഫ്ഗാനികള്‍ക്കിടയിലുണ്ട്. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന ചെറുപ്പക്കാരാണ് അഭയാര്‍ത്ഥികളിലെ ആദ്യ തലമുറയ്ക്ക് നാട്ടിലെ വിവരങ്ങള്‍ കൈമാറുന്നത്. വെറുതെ പറയുകയല്ല, ഫോട്ടോയില്‍ പെട്ടാല്‍ താലിബാന്‍ ആളെ അയച്ചു കൊന്നുകളയും എന്ന് ഭയപ്പെടുന്ന ആദ്യകാല അഭയാര്‍ത്ഥികള്‍ ഇപ്പോഴും ദില്ലിയിലുണ്ട്.

ജംഗ്പുരിയിലെ ഒരു കാബൂള്‍ റെസ്റ്ററന്റിന്റെ കഥ പറയാം. സുഹൃത്ത് മഹേഷുമൊത്ത് ഒരിക്കല്‍ അവിടെ പോയി. രുചികരമായ ഭക്ഷണം. അതു കഴിഞ്ഞപ്പോള്‍ കട ഉടമയോ് സ്വാഭാവികമായ ഒരു കാര്യം ചോദിച്ചു. ''ഒരു ഫോട്ടോ എടുത്തോട്ടെ'' 

അയാള്‍ ഒന്ന് ഞങ്ങളെ നോക്കി, ക്ഷമാപണത്തോടെ അത് നിരസിച്ചു. താലിബാന്‍ ഭയം, മറ്റൊന്നുമല്ല അയാളെ അതിനു പ്രേരിപ്പിച്ചത്. കുടുംബവുമായി ഇന്ത്യയിലെത്തി പത്തുവര്‍ഷം കഴിഞ്ഞിട്ടും, തങ്ങളെ തേടി താലിബാന്‍ വരും എന്ന് ഭീതിയോടെ കഴിയുന്നവരെ എനിക്കറിയാം. ഗര്‍ഭിണിയായിരിക്കെ തങ്ങളുടെ ഭര്‍ത്താക്കന്മാരെ കൊന്നുകളഞ്ഞ താലിബാന്‍ തീവ്രവാദികളെ കുറിച്ചോര്‍ത്ത് വര്‍ഷങ്ങള്‍ക്കുശേഷവും ഉറക്കം കെടുന്ന അഫ്ഗാന്‍ വനിതകളെ കിഡ്ക്കിയിലും ബോഗിലിലും ഇപ്പോഴും കാണാന്‍ കഴിയും. 

കോസ്മെറ്റിക് കടകളിലും സലൂണുകളിലും  ജോലിചെയ്യുന്ന അഫ്ഗാനികളുടെ അവസ്ഥ മറ്റൊന്നാണ്. താലിബാന്‍ വിലക്കിയതാണ് കോസ്‌മെറ്റിക്‌സ്, സലൂണ്‍ കടകള്‍. അവിടെ ജോലി ചെയ്യുന്നതെങ്ങാന്‍ താലിബാന്‍ അറിഞ്ഞാല്‍ നാട്ടിലുള്ള കുടുംബത്തെ മുഴുവന്‍ കൊന്നുകളയും എന്നാണ് അവരുടെ ഭയം. കുട്ടികള്‍ സ്‌കൂളില്‍ പോയെന്നു പറഞ്ഞ് താലിബാന്‍ തങ്ങളുടെ അയല്‍പക്കത്തെ വീടുതന്നെ ബോംബിട്ടു തകര്‍ത്തു്വെന്ന് ഇപ്പോഴും ഭീതിയോടെ ഓര്‍ക്കുന്ന ഫര്‍സാനയെ നിങ്ങള്‍ കേള്‍ക്കണം.

 

Taliban is anti human and anti islam writes dr pk yassar arafath

 

സൊഹ്‌റാബിന്റെ കരച്ചില്‍ 

ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ചരിത്ര ക്ളാസില്‍ 'ആധുനിക-പൂര്‍വ്വ ഏഷ്യയിലെ പരിസ്ഥിതി വിചാരങ്ങള്‍' എന്ന പേപ്പര്‍  ചര്‍ച്ച ചെയ്യുമ്പോള്‍, എനിക്ക് 'ബാബര്‍നാമയിലെ അഫ്ഗാനിസ്ഥാന്‍' എന്ന റിസര്‍ച്ച് പേപ്പര്‍ എഴുതണം എന്ന് ആവശ്യപ്പെട്ട സൊഹ്‌റാബ് എന്റെ വിദ്യാര്‍ത്ഥിയാണ്. അത് ക്ലാസില്‍ പ്രസന്റ് ചെയ്യുമ്പോള്‍, അവന്‍ പൊട്ടിക്കരയുകയായിരുന്നു. ക്ലാസ് കഴിഞ്ഞു ക്യാബിനില്‍ വിളിച്ചു സംസാരിച്ചപ്പോള്‍, താടി വടിച്ചതിന്റെ പേരില്‍ താലിബാന്‍ തീവ്രവാദികള്‍ മുഖത്തു ആണിയടിച്ച ഹെറാത്തിലെ അമ്മാവനെ ഓര്‍ത്താണ് കരഞ്ഞുപോയതെന്നു പറഞ്ഞു, അവന്‍. 

എം എ ക്ലാസ്സില്‍ പഠിക്കുകയായിരുന്നു സൊഹ്റാബ്. അന്ന് മുപ്പത്തഞ്ചു വയസ്സ് പ്രായമുണ്ടായിരുന്ന അവന്‍, തന്നെക്കാളും അഞ്ചുവയസ്സു കുറവുള്ള ഒരാളുടെ മുന്നിലാണല്ലോ കരഞ്ഞത് എന്ന് പറഞ്ഞു വീണ്ടും വിഷമിച്ചു. അവനെ ആശ്വസിപ്പിക്കാന്‍, എന്റെ കഴിഞ്ഞ ക്ളാസില്‍ നാല്‍പത്തഞ്ചു വയസ്സുകാരനും ഉണ്ടായിരുന്നു എന്ന് പറയേണ്ടി വന്നു, അന്ന്. അവരുടെ ഗോത്രവിശ്വാസത്തില്‍  വയസ്സിന് മൂത്തവരുടെ മുന്‍പില്‍ മാത്രമേ കരയാന്‍ പാടൂളൂ എന്നുണ്ടത്രേ. 

ആറു വര്‍ഷത്തോളം തന്റെസുഹൃത്തുക്കള്‍ പഠിച്ച, അല്ലെങ്കില്‍ താലിബാന്‍ തോക്കുചൂണ്ടി പഠിപ്പിച്ച സ്ഥലം മദ്രസയായിരുന്നില്ല, മറിച്ചു തടവറയായിരുന്നു എന്ന് പിന്നീടുള്ള സംസാരങ്ങളില്‍ അവന്‍ വിവരിച്ചു. എനിക്ക് നേരിട്ട് കാണാന്‍ കഴിഞ്ഞ,  താലിബാന്‍ മത തീവ്രതയുടെ ഉള്ളുപിടഞ്ഞുജീവിക്കുന്ന ഇരയായിരുന്നു അവന്‍.

താലിബാന്റെ ആദ്യത്തെയും അവസാനത്തെയും ശത്രു

പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളിലിരുന്ന് താലിബാന്‍ മത തീവ്രവാദത്തെ വെള്ളയും മഞ്ഞയും പൂശുന്നവരും, അഫ്ഗാനില്‍ തകര്‍ക്കപ്പെട്ട ബാമിയാന്‍ പ്രതിമകളെ തങ്ങളുടെ താലിബാന്‍ പ്രണയത്തിന്റെ താജ്മഹലായി മനസ്സില്‍ സൂക്ഷിക്കുന്നവരും കൂടിയുള്ള ഈ ലോകത്ത്, താലിബാന്റെ ആദ്യത്തെയും അവസാനത്തെയും ശത്രു 'അറിവും' 'ചിന്തയും' ആണ് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് സൊഹ്റാബും ഫര്‍സാനയും എന്ന് പറയാനാണ് ഇത്രയും എഴുതിയത്.

തോക്കുചൂണ്ടി നിര്‍ജ്ജലീകരിച്ച് നിശ്ശബ്ദമാക്കാന്‍ പറ്റുന്ന അടിമകളെയാണ് താലിബാന്‍ തേടുന്നത്. അടിസ്ഥാനപരമായി അക്രമാസക്തമായ മനുഷ്യന്റെ 'ഏറ്റവും ഇരുണ്ട തൃഷ്ണകളെ സാധിച്ചുകൊടുക്കും' എന്ന ലോകത്തിലെ ഏറ്റവും ലളിതവും ശക്തവും, എന്നാല്‍ എഴുതപ്പെടാത്തതുമായ പരസ്യം, എല്ലാ ക്രിമിനല്‍ കൂട്ടായ്മകളിലും എന്നതുപോലെ താലിബാന്റെ കാര്യത്തിലും പ്രവര്‍ത്തിക്കുന്നത് കാണാം. അടിസ്ഥാന മനുഷ്യചോദനകളെ  മുന്‍നിര്‍ത്തി, മത തീവ്രവാദത്തെ ഒരു ലേബര്‍ മാര്‍ക്കറ്റ് ആക്കി മാറ്റുകയും അതിലേക്കു കഴിഞ്ഞ ഇരുപതു വര്‍ഷമായി 'തൊഴിലാളികളെ' സ്വരുക്കൂട്ടുകയുമാണ് താലിബാന്‍ ചെയ്തത്. ജനാധിപത്യത്തിന്റെയും സ്‌നേഹത്തിന്റെയും അന്തകരായവര്‍ക്കു മാത്രമേ അവരെ കൂടെനിര്‍ത്താന്‍ പറ്റൂ എന്ന് സാരം.   

 

Taliban is anti human and anti islam writes dr pk yassar arafath
അഹമ്മദ് ഷാ മസൂദ്

 

അഹമ്മദ് ഷാ മസൂദിന്റെ കൊല
       
ഇസ്ലാമിക പൂര്‍വ്വ ഗോത്രനിയമങ്ങളും, നൂറ്റാണ്ടുകള്‍ക്കു മുന്‍പ് മുസ്ലിം ലോകത്തെ ചിന്തകര്‍ കവച്ചുവെച്ചു മറികടന്ന പ്രമാണ നിര്‍വചനങ്ങളും തോക്കുചൂണ്ടി വീണ്ടെടുക്കാനും അത് സ്ഥാപിക്കാന്‍ വലിയ രക്തപ്പുഴകള്‍ ഒഴുക്കാനും തയ്യാറായ ഒരു കുറ്റവാളിക്കൂട്ടമാണ് താലിബാനെന്നു തൊണ്ണൂറുകള്‍ക്കു ശേഷമുള്ള അവരുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിച്ചാല്‍ മനസ്സിലാകും. ഈ കുറ്റവാളിക്കൂട്ടത്തിന്റെ മനുഷ്യവിരുദ്ധമായ ആക്രമണങ്ങള്‍ തിരിച്ചറിഞ്ഞ്, അതിനെ അഫ്ഗാനിസ്ഥാനില്‍നിന്നു ഇല്ലാതാക്കേണ്ടതിന്റെ ആവശ്യം ആദ്യം ആദ്യം ഉയര്‍ത്തിയത് അഫ്ഗാനി തന്നെയായ അഹമ്മദ് ഷാ മസൂദ് ആയിരുന്നു. മസൂദിന്റെ ചേര്‍ച്ചയുള്ള ഇസ്ലാമിക ബോധവും, നൂതനമായ വിദ്യാഭ്യാസ ആശയങ്ങളും, ശാസ്ത്രസാങ്കേതിക കാഴ്ചപ്പാടും തങ്ങളുടെ മത-തീവ്രവാദത്തിന്റെ കമ്പോളത്തിനെ കാര്യമായി ബാധിക്കും എന്നു മനസ്സിലാക്കിയ താലിബാന്‍, അദ്ദേഹത്തിനെ ഒരു ബോംബാക്രമണത്തിലൂടെ  കൊന്നുകളയുകയായിരുന്നു.      
                                                                  
പൗരത്വ നിയമവും, ഇറച്ചിക്കൊലകളും, മത-വംശീയതയും തീവ്രവാദമാകുന്നവർ, ഒരു തീവ്ര-ക്രിമിനല്‍ സംഘത്തിന്റെ അക്രമാസക്തത തീവ്രവാദമല്ല, മറിച്ചു പ്രതിരോധമാണ് എന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്, അങ്ങിനെ വിശ്വസിക്കാന്‍ തോന്നുന്നത്, ആ വിശ്വാസത്തില്‍ കുറ്റബോധമില്ലാതാവുന്നത് ഓരോരുത്തരും സ്വയം  പരിശോധിക്കേണ്ടതാണ്.  മതവും അതിന്റെ ശുദ്ധിയും ഉറപ്പുവരുത്താന്‍ തോക്കെടുത്ത് ഇറങ്ങി പുറപ്പെട്ടവര്‍ തന്നെയാണ് ഏതുമതത്തിന്റെയും യഥാര്‍ത്ഥ ശത്രുക്കള്‍ എന്ന് താലിബാന്‍ ഭീകരര്‍ വീണ്ടും തെളിയിക്കുകയാണ്. വിശ്വാസത്തിന്റെയുള്ളില്‍ നിന്ന് നോക്കിയാലും, അതിന്റെ പുറത്തു നിന്ന് നോക്കിയാലും താലിബാന്‍ മനുഷ്യവിരുദ്ധമാണ്.

****

ഇസ്ലാമില്‍ ബലാല്‍ക്കാരമില്ലെന്നു' പറഞ്ഞത് ഖുര്‍ആന്‍ തന്നെയാണ്, അല്ലാതെ കായം കുളം കൊച്ചുണ്ണിയല്ല, ആണോ?!

 

Follow Us:
Download App:
  • android
  • ios