Asianet News MalayalamAsianet News Malayalam

നോർവീജിയൻ എംബസി കീഴടക്കി താലിബാൻ, വൈൻകുപ്പികളും കുട്ടികളുടെ പുസ്തകങ്ങളും നശിപ്പിച്ചു

അതേസമയം എംബസികൾ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ നയതന്ത്ര സ്ഥാപനങ്ങളിൽ തങ്ങൾ ഇടപെടില്ലെന്നായിരുന്നു താലിബാൻ നേരത്തെ പറഞ്ഞിരുന്നത്. 

Taliban Taking Over Norway Embassy
Author
Kabul, First Published Sep 10, 2021, 11:52 AM IST

കാബൂളിലെ നോർവീജിയൻ എംബസി താലിബാൻ ഏറ്റെടുത്തു. തുടർന്ന്, അവർ അവിടെയുള്ള വൈൻ കുപ്പികൾ തകർക്കുകയും സ്ഥാപനത്തിലെ പുസ്തകങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഇറാനിലെ നോർവീജിയൻ അംബാസഡർ സിഗ്വാൾഡ് ഹേഗാണ് താലിബാൻ എംബസി പിടിച്ചെടുത്ത കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. "നോർവീജിയൻ എംബസി താലിബാൻ കീഴടക്കിയിരിക്കുന്നു. അവർ അത് പിന്നീട് ഞങ്ങൾക്ക് തിരികെ നൽകുമെന്ന് പറയുന്നു. എന്നാൽ, അതിന് മുൻപ് വൈൻ കുപ്പികൾ തകർക്കുകയും കുട്ടികളുടെ പുസ്തകങ്ങൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തോക്കുകൾ താരതമ്യേന അപകടം കുറഞ്ഞവയാണ്" സിഗ്വാൾഡ് ഹോഗ് ട്വീറ്റിൽ പറഞ്ഞു.  

താലിബാൻ നഗരം ഏറ്റെടുക്കുന്നതിനുമുമ്പ് തന്നെ നോർവേ കാബൂളിലെ നയതന്ത്ര ചുമതല ഒഴിഞ്ഞു. സ്കാൻഡിനേവിയൻ അയൽ രാജ്യമായ ഡെൻമാർക്കിന്റെ സഹായത്തോടെയായിരുന്നു ഇത്. അതേസമയം എംബസികൾ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ നയതന്ത്ര സ്ഥാപനങ്ങളിൽ തങ്ങൾ ഇടപെടില്ലെന്നായിരുന്നു താലിബാൻ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ, പറഞ്ഞതുപോലെയൊന്നുമല്ല അവർ ഇപ്പോൾ  പ്രവർത്തിക്കുന്നത്. കഴിഞ്ഞ മാസം ഡെൻമാർക്കും നോർവേയും കാബൂളിലെ എംബസികൾ അടച്ചുപൂട്ടുകയാണെന്നും അഫ്ഗാനിസ്ഥാനിൽ സുരക്ഷാസ്ഥിതി മോശമായതിനാൽ തങ്ങളുടെ ജീവനക്കാരെ ഒഴിപ്പിക്കുകയാണെന്നും പ്രഖ്യാപിച്ചിരുന്നു.

അതേസമയം, ഹിബത്തുല്ല അഖുൻസാദയുടെ നേതൃത്വത്തിൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ ഒരു പുതിയ സർക്കാർ രൂപീകരിക്കുകയാണ്. താലിബാന്റെ ഇടക്കാല ഗവൺമെന്റിൽ പ്രത്യേകമായി നിയുക്തനായ ആഗോള ഭീകരൻ സിറാജുദ്ദീൻ ഹഖാനി ആക്ടിംഗ് ഇന്റീരിയർ മന്ത്രിയായി സ്ഥാനം നേടിയിട്ടുണ്ട്. യുഎൻ സുരക്ഷാ കൗൺസിലിന്റെ ഭീകരവാദ കരിമ്പട്ടികയിൽ ഉൾപ്പെട്ട 14 താലിബാൻ അംഗങ്ങളെങ്കിലും അഫ്ഗാനിസ്ഥാന്റെ പുതിയ മന്ത്രിസഭയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇത് അന്താരാഷ്ട്ര സമൂഹത്തെ ആശങ്കാകുലരാക്കുന്നു.  


 

Follow Us:
Download App:
  • android
  • ios