Asianet News MalayalamAsianet News Malayalam

അഫ്ഗാൻ-ഇന്ത്യ സൗഹൃദ അണക്കെട്ട് തകർക്കാൻ ശ്രമിച്ച് താലിബാൻ, ശ്രമം പരാജയപ്പെടുത്തിയെന്ന് പ്രതിരോധ മന്ത്രാലയം

അഫ്ഗാൻ-ഇന്ത്യ സൗഹൃദ അണക്കെട്ട് എന്നറിയപ്പെടുന്ന ഇത് യുദ്ധക്കെടുതിയിൽ ഇല്ലാതായി. തുടർന്ന് ഇന്ത്യയാണ് 1700 കോടി രൂപ മുടക്കി രണ്ടാമതും അണകെട്ട് പണിതത്.  

Taliban tried to attack India built salma dam thwarted  by afghan force
Author
Afghanistan, First Published Aug 5, 2021, 1:08 PM IST

ഹെറാത്ത് പ്രവിശ്യയിൽ ഇന്ത്യ നിർമ്മിച്ച സൽമ അണക്കെട്ട് ആക്രമിക്കാൻ ശ്രമിച്ച താലിബാന്റെ നീക്കത്തെ തകർത്ത് അഫ്ഗാൻ സൈന്യം. ഇന്ത്യയുടെയും അഫ്ഗാനിസ്ഥാന്റെയും സൗഹൃദത്തിന്റെ അടയാളമായിട്ടാണ് ആ അണക്കെട്ട് കണക്കാക്കപ്പെടുന്നത്. ചൊവ്വാഴ്ച രാത്രിയാണ് സൽമ ഡാം താലിബാൻ ആക്രമിക്കാൻ ശ്രമിച്ചതെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയ വക്താവ് ഫവാദ് അമൻ ട്വീറ്റ് ചെയ്തു. എന്നാൽ, താലിബാന് കനത്ത തിരിച്ചടി നൽകിയെന്നും, അവർ ഹെറാത്ത് പ്രവിശ്യ വിട്ടു പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

മേഖലയിലെ നിരവധി ജില്ലകൾക്ക് വെള്ളം എത്തിക്കുന്ന ആ ഡാം മൂന്നാമത്തെ തവണയാണ് താലിബാൻ ആക്രമിക്കാൻ ശ്രമിക്കുന്നത്. ചൊവ്വാഴ്ച കാബൂളിലെ അഫ്ഗാൻ പ്രതിരോധമന്ത്രിയുടെ വസതിക്ക് നേരെയും താലിബാൻ ചാവേർ ആക്രമണം നടത്തി. അതിൽ എട്ട് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. "സൽമ ഡാമിൽ താലിബാൻ നടത്തിയ ആക്രമണം പരാജയപ്പെട്ടു! തീവ്രവാദി താലിബാൻ ഹെറാത്ത് പ്രവിശ്യയിലെ സൽമ അണക്കെട്ട് ഇന്നലെ രാത്രിയാണ് ആക്രമിച്ചത്. പക്ഷേ, ഭാഗ്യവശാൽ അവർക്ക് കനത്ത നാശനഷ്ടം സംഭവിക്കുകയും, പ്രത്യാക്രമണത്തിന്റെ ഫലമായി പ്രദേശത്ത് നിന്ന് പലായനം ചെയ്യുകയും ചെയ്തു" അമൻ ട്വീറ്റിൽ പറഞ്ഞു

അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ അണക്കെട്ടുകളിൽ ഒന്നായ ഇത് ഹെറാത്തിലെ ചെഷ്ടെ ഷെരീഫ് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 640 ദശലക്ഷം ഘനമീറ്റർ ജലസംഭരണ ശേഷിയാണ് അണക്കെട്ടിനുള്ളത്. പ്രവിശ്യയിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വെള്ളവും വൈദ്യുതിയും എത്തിക്കുന്നത് ഇതിൽ നിന്നാണ്.  പ്രദേശത്തെ 2,00,000 ഏക്കർ കൃഷിഭൂമിയിൽ ജലസേചനത്തിനുള്ള വെള്ളവും ഇവിടെ നിന്നാണ് എടുക്കുന്നത്. അഫ്ഗാൻ-ഇന്ത്യ സൗഹൃദ അണക്കെട്ട് എന്നറിയപ്പെടുന്ന ഇത് യുദ്ധക്കെടുതിയിൽ ഇല്ലാതായി. തുടർന്ന് ഇന്ത്യയാണ് 1700 കോടി രൂപ മുടക്കി രണ്ടാമതും അണകെട്ട് പണിതത്.  സൽമ അണക്കെട്ട് അഫ്ഗാനിസ്ഥാനിൽ ഇന്ത്യൻ സർക്കാർ ഏറ്റെടുത്ത ഏറ്റവും പ്രധാനപ്പെട്ട ഒരു അടിസ്ഥാന സൗകര്യ പദ്ധതിയാണ്. 2016 ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഖാനിയും ചേർന്ന് അണക്കെട്ട് ഉദ്ഘാടനം ചെയ്തു.
 

Follow Us:
Download App:
  • android
  • ios