ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് പ്രസ്താവനയില്‍ താലിബാന്‍ ആവശ്യപ്പെട്ടു. അതോടൊപ്പം, അക്രമങ്ങള്‍ ഉണ്ടാവാനിടയുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍നിന്ന് ഇരു രാജ്യങ്ങളും വിട്ടുനില്‍ക്കണമെന്നും താലിബാന്‍ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര സമൂഹത്തിന്റെ വിലക്കുകളും ഭീഷണികളും മറികടന്ന് റഷ്യ യുക്രൈനെ ആക്രമിച്ച സംഭവത്തില്‍ പ്രസ്താവനയുമായി താലിബാന്‍. യുക്രൈനിന് എതിരായ സൈനിക നടപടിക്ക് എതിരെ ലോകത്തെ മിക്ക രാജ്യങ്ങളും രംഗത്തുവന്നതിനു പിന്നാലെയാണ് താലിബാന്‍ പ്രസ്താവനയുമായി രംഗത്തുവന്നത്. താലിബാന്‍ വിദേശകാര്യ വക്താവ് അബ്ദുല്‍ ഖഹാര്‍ ബാല്‍ഖിയാണ് ഈ വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്ന പ്രസ്താവന ടിറ്ററില്‍ പോസ്റ്റ് ചെയ്തത്.
നിരപരാധികളായ സിവിലിയന്‍മാരെ കൊന്നൊടുക്കുന്നതില്‍ ഉല്‍ക്കണ്ഠ പ്രകടിപ്പിച്ച താലിബാന്‍ യുക്രൈനില്‍ കഴിയുന്ന അഫ്ഗാന്‍ പൗരന്‍മാരുടെ ജീവന്‍ രക്ഷിക്കുന്നതിന് വേണ്ട നടപടികള്‍ കൈക്കാള്ളണമെന്ന് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് പ്രസ്താവനയില്‍ താലിബാന്‍ ആവശ്യപ്പെട്ടു. അതോടൊപ്പം, അക്രമങ്ങള്‍ ഉണ്ടാവാനിടയുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍നിന്ന് ഇരു രാജ്യങ്ങളും വിട്ടുനില്‍ക്കണമെന്നും താലിബാന്‍ ആവശ്യപ്പെട്ടു. തങ്ങള്‍ ഇ്ൗ വിഷയത്തില്‍ പക്ഷപാതരഹിതമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കിയ താലിബാന്‍ സമാധാന മാര്‍ഗത്തിലൂടെയും ചര്‍ച്ചകളിലൂടെയും പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്ന് റഷ്യയോടും യുക്രൈനിനോടും ആവശ്യപ്പെട്ടു. യുക്രൈനില്‍ കഴിയുന്ന അഫ്ഗാന്‍ വിദ്യാര്‍ത്ഥികളുടെയും അഭയാര്‍ത്ഥികളുടെയും ജീവന്‍ രക്ഷിക്കുന്നതിന് വേണ്ട നടപടികള്‍ ഇരു കൂട്ടരും കൈക്കൊള്ളണെമന്നും പ്രസ്താവനയില്‍ താലിബാന്‍ ആവശ്യപ്പെട്ടു.
2021 ഓഗസ്റ്റ് 15-ന് സമാനമായ രീതിയിലാണ് ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട അഫ്ഗാന്‍ സര്‍ക്കാറിനെ അക്രമത്തിലൂടെ ്താഴെയിറക്കി താലിബാന്‍ അധികാരം പിടിച്ചടക്കിയത്. 20 വര്‍ഷങ്ങള്‍ക്കു ശേഷം അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിട്ടതിനു പിന്നാലെ താലിബാന്‍ ആരംഭിച്ച അക്രമാസക്തമായ പ്രയാണമാണ് ഇതിനു വഴിയൊരുക്കിയത്. പ്രമുഖ നഗരങ്ങളായ കാന്ദഹാര്‍, ഹെരാത്, മസാറുല്‍ ശരീഫ്, ജലാലാബാദ്, ലഷ്‌കറുല്‍ ഗാ തുടങ്ങിയവ പിടിച്ചടക്കിയ താലിബാന്‍ തലസ്ഥാനമായ കാബൂളിനു നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇതിനു പിന്നാലെ അഫ്ഗാന്‍ ജയിലുകളില്‍ ഉണ്ടായിരുന്ന ഭീകരവാദികളെ മുഴുവന്‍ താലിബാന്‍ മോചിപ്പിച്ചിരുന്നു. അതോടൊപ്പം ജനാധിപത്യ സര്‍ക്കാറിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥരെയും സൈനികരെയും വ്യാപകമായി കൊന്നൊടുക്കുകയും ചെയ്തു. തങ്ങള്‍ അധികാരത്തില്‍ എത്തിയശേഷം താലിബാന്‍ ആദ്യം ചെയ്തത് സ്ത്രീകളുടെയും കുട്ടികളുടെയും വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങളെ ബാധിക്കുന്ന നിയമപരിഷ്‌കാരങ്ങള്‍ കൊണ്ടുവരികയായിരുന്നു. സമാധാനപരമായ പ്രതിഷേധം നടത്തിയവരെ കൊന്നൊടുക്കുകയും സ്ത്രീകള്‍ അടക്കമുള്ള ആക്ടിവിസ്റ്റുകളെ ജയിലിലടക്കുകയുമായിരുന്നു താലിബാന്‍ ചെയ്തത്.
താലിബാന്‍ പ്രസ്താവനയില്‍ പറയുന്ന അഭയാര്‍ത്ഥികള്‍ യുക്രൈനില്‍ എത്തിയതിനു പിന്നിലും ഇതേ കാരണങ്ങളായിരുന്നു. അഫ്ഗാനിസ്താന്‍ താലിബാന്‍ പിടിച്ചടക്കിയതിനു പിന്നാലെയാണ്, ജീവനില്‍ കൊതിപൂണ്ട് ആയിരക്കണക്കിനാളുകള്‍ അഭയാര്‍ത്ഥികളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോയത്. അവരില്‍ പെട്ട ആളുകളാണ് ഇന്ന് യുക്രൈനില്‍ ഉള്ളത്. അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്ക് യുക്രൈന്‍ അഭയം നല്‍കുകയായിരുന്നു. റഷ്യന്‍ ആക്രമണത്തോടെ ഇവരുടെ അവസ്ഥ അങ്ങേയറ്റം മോശമായിരിക്കുകയാണ്. സ്വന്തം നാട്ടിലേക്ക് തിരിച്ചുപോവാനാവാത്ത അവസ്ഥയിലാണ് ഈ അഫ്ഗാന്‍ പൗരന്‍മാര്‍. അതോടൊപ്പം താലിബാന്‍ പരാമര്‍ശിക്കുന്ന അഫ്ഗാന്‍ വിദ്യാര്‍ത്ഥികളും നാട്ടിലേക്ക് മടങ്ങാനാവാത്ത അവസ്ഥയിലാണ്. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിര്‍വഹിക്കാനോ ജോലി ചെയ്യാനോ സ്വതന്ത്രമായി യാത്രചെയ്യാനോ അധികാരമില്ലാത്ത നാടാണിപ്പോള്‍ അഫ്ഗാനിസ്താന്‍. ഈ സാഹചര്യത്തില്‍, യുക്രൈനില്‍നിന്നും സ്വന്തം നാട്ടിലേക്ക് തിരിച്ചുപോവാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് അഫ്ഗാന്‍ വിദ്യാര്‍ത്ഥികളെന്ന് വൈസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
