കഴിഞ്ഞ എട്ടു വർഷമായി അദ്ദേഹം താമസിക്കുന്നത് ഒരു ഏറു മാടത്തിലാണ്. അതുകൊണ്ട് തന്നെ ഇരുപത്തിയെട്ടു-കാരനായ അദ്ദേഹത്തെ എല്ലാവരും കറാച്ചിയിലെ ടാർസൻ എന്നാണ് വിളിക്കുന്നത്.
പാക്കിസ്ഥാനിൽ (Pakistan) നിന്നുള്ള ഫർമാൻ അലി (Farman Ali) ഒറ്റരാത്രി കൊണ്ട് ഒരു ഇന്റർനെറ്റ് സെൻസേഷനായി (Internet sensation) മാറിയിരിക്കയാണ്. എങ്ങനെയെന്നല്ലേ? സാമൂഹ്യ മാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ അസാധാരണമായ താമസത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെയാണ് അദ്ദേഹം പ്രശസ്തനായത്.
കഴിഞ്ഞ എട്ടു വർഷമായി അദ്ദേഹം താമസിക്കുന്നത് ഒരു ഏറു മാടത്തിലാണ്. അതുകൊണ്ട് തന്നെ ഇരുപത്തിയെട്ടു-കാരനായ അദ്ദേഹത്തെ എല്ലാവരും കറാച്ചിയിലെ ടാർസൻ എന്നാണ് വിളിക്കുന്നത്. ഇന്നത്തെ കാലത്ത് പലരും ലക്ഷങ്ങളും കോടികളും ചിലവിട്ടാണ് തങ്ങളുടെ സ്വപ്‍നഭവനങ്ങൾ നിർമ്മിക്കുന്നത്. എന്നാൽ ഈ യുവാവ് ഒരു മരത്തെ തന്നെ തന്റെ വീടാക്കി മാറ്റി. പലരും അദ്ദേഹത്തിന്റെ ഈ വ്യത്യസ്ത ജീവിതം കണ്ട് ആശ്ചര്യപ്പെടുന്നു.
എന്നാൽ ഈ ജീവിതം അദ്ദേഹം തിരഞ്ഞെടുത്തത് സ്വന്തം ഇഷ്ടപ്രകാരമല്ല. അലിയുടെ അച്ഛനും അമ്മയും മരിച്ചു. സ്വന്തമായി ഒരു വീട് വാങ്ങാനുള്ള പണവും കൈയിലില്ല. അത്ര പരിതാപകരമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. കുറച്ചുകാലം തെരുവിൽ താമസിച്ചു. എന്നാൽ പലപ്പോഴും ആളുകൾ അദ്ദേഹത്തെ ഓടിച്ചു വിട്ടു, അതുമല്ലെങ്കിൽ ഉപദ്രവിച്ചു. അങ്ങനെയാണ് ആരും ശല്യപ്പെടുത്താത, സ്വസ്ഥത കെടുത്താത്ത തന്റേതായ ഒരു ഇടം അദ്ദേഹം കണ്ടെത്തിയത്.
പാക്കിസ്ഥാനിലെ ഏറ്റവും വലിയ നഗരമായ കറാച്ചിയിൽ കാറുകൾ കഴുകിയും ആളുകളുടെ വീടുകൾ തൂത്തുവാരിയും മറ്റുള്ളവർക്ക് പലചരക്ക് സാധനങ്ങൾ വാങ്ങി നൽകിയുമാണ് അദ്ദേഹം ഉപജീവനം കഴിക്കുന്നത്. പലപ്പോഴും അവർ പ്രതിഫലമായി അദ്ദേഹത്തിന് ഭക്ഷണവും വെള്ളവും നൽകുന്നു, കുറച്ച് പണവും. മിച്ചം പിടിക്കാൻ മാത്രമൊന്നുമില്ല അത്. അതുകൊണ്ട് തന്നെ തട്ടി മുട്ടിയാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്.
എന്നാൽ 28-കാരന്റെ കഥ ഇപ്പോൾ പാകിസ്ഥാനിൽ വൈറലാണ്. താൻ മറ്റ് ഗതിയില്ലാതെയാണ് കറാച്ചിയിലെ മരത്തിൽ താമസിക്കാൻ തുടങ്ങിയതെന്ന് അദ്ദേഹം പറയുന്നു. സാധ്യമായ എല്ലാ വാതിലുകളിലും മുട്ടി. ബന്ധുക്കളോടും പരിചയക്കാരോടും സഹായം അഭ്യർത്ഥിച്ചു. എന്നാൽ ആരും ആ പാവപ്പെട്ട മനുഷ്യനെ സഹായിക്കാൻ മനസ്സ് കാണിച്ചില്ല. അഭിമുഖത്തിൽ, താൻ ഒരു ഘട്ടത്തിൽ വിവാഹിതനായിരുന്നുവെന്നും എന്നാൽ ജീവിക്കാൻ ഗതിയില്ലാതായപ്പോൾ, അവൾ ഇട്ടിട്ടു പോയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. അതോടെ ജീവിതത്തിൽ ഫര്‍മാന്‍ ഒറ്റക്കായി.
പൊതുസ്ഥലത്തുള്ള ഒരു മരത്തിലാണ് അദ്ദേഹം വീട് വച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഏറുമാടത്തിനകത്ത് അത്യാവശ്യം സൗകര്യങ്ങളൊക്കെ ഉണ്ട്. മുളയും മരവും കൊണ്ട് തീർത്ത കൂടാരത്തിനെ മഴയിൽ നിന്നും കാറ്റിൽ നിന്നും രക്ഷിക്കാൻ ബെഡ്ഷീറ്റുകൊണ്ടും, തുണികൊണ്ടും മറച്ചിരിക്കുന്നു. അതിനകത്ത് ഒരു താത്കാലിക കട്ടിലും അദ്ദേഹം ഇട്ടിട്ടുണ്ട്. പുറമെ, എല്ലാ ദിവസവും രാവിലെ മുഖം കഴുകാൻ ഒരു സിങ്ക്, പാചകം ചെയ്യാനും വെള്ളം ചൂടാക്കാനും ഒരു ചെറിയ സ്റ്റോവ്, ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഒരു ചെറിയ ലൈറ്റ്, ഫോൺ ചാർജർ എന്നിവ അദ്ദേഹം അതിനകത്ത് സജ്ജീകരിച്ചിട്ടുണ്ട്.
