അധ്യാപകൻ വിദ്യാർത്ഥികളോട് അവരുടെ സെൽഫോണുകൾ ഓരോന്നായി ഒരു പാത്രത്തിൽ നിറച്ച് വെച്ചിരിക്കുന്ന വെള്ളത്തിൽ മുക്കിയിടാൻ ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ഈ വീഡിയോയിൽ.
വിദ്യാർത്ഥികൾക്ക് സ്കൂളിൽ ഫോൺ കൊണ്ടുവരാനോ ഉപയോഗിക്കാനോ സാധാരണയായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവാദം നൽകാറില്ല. എന്നാൽ, ചിലപ്പോഴെങ്കിലുമൊക്കെ വിദ്യാർത്ഥികൾ അധ്യാപകരും മാതാപിതാക്കളുമൊന്നും അറിയാതെ തന്നെ ഫോണുമായി ക്ലാസ്സ് മുറികളിൽ എത്താറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ സാധാരണയായി അധ്യാപകർ ചെയ്യാറ് വിദ്യാർത്ഥികളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി സൂക്ഷിച്ച് മാതാപിതാക്കളെ അറിയിക്കുകയോ അവർ വന്നാൽ തിരികെ നൽകുകയോ ഒക്കെയാണ്.
എന്നാൽ, ചൈനയിലെ ഒരു സ്കൂളിൽ വിദ്യാർത്ഥികളുടെ കയ്യിൽ നിന്നും ഫോൺ പിടിച്ചെടുത്ത അധ്യാപകൻ ചെയ്ത കാര്യം കേട്ടാൽ ഏറെ വിചിത്രമായി തോന്നും. ഫോൺ വെള്ളത്തിൽ മുക്കിയിടാൻ വിദ്യാർത്ഥികളെ നിർബന്ധിക്കുകയാണ് അദ്ദേഹം ചെയ്തത്. ഏതായാലും വാർത്ത പുറത്തായതോടെ സമൂഹിക മാധ്യമങ്ങളിൽ ഉൾപ്പടെ വലിയ വിമർശനമാണ് ഈ അധ്യാപകന് നേരിടേണ്ടി വരുന്നത്.
ചൈനയിലെ ഗുയിഷൗ പ്രവിശ്യയിലെ മിംഗ്യ സ്‌കൂളിലാണ് സംഭവം. സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, സോഷ്യൽ മീഡിയാ ഉപയോക്താക്കളെ അമ്പരപ്പിച്ചുകൊണ്ട് ഇതിന്റെ വീഡിയോ നിലവിൽ ചെനീസ് ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. അധ്യാപകൻ വിദ്യാർത്ഥികളോട് അവരുടെ സെൽഫോണുകൾ ഓരോന്നായി ഒരു പാത്രത്തിൽ നിറച്ച് വെച്ചിരിക്കുന്ന വെള്ളത്തിൽ മുക്കിയിടാൻ ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ഈ വീഡിയോയിൽ.
സ്‌കൂളിൽ മൊബൈൽ ഫോണുകളുടെ കർശന നിരോധനത്തിന് പുറമെ സ്‌കൂൾ പരിസരത്ത് ഏതെങ്കിലും തരത്തിലുള്ള പ്രണയബന്ധമോ പുകവലിയോ മദ്യപാനമോ അനുവദനീയമല്ലെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത പുരുഷ അധ്യാപകൻ ഒരു ചൈനീസ് മാധ്യമവുമായുള്ള സംസാരത്തിൽ പറഞ്ഞതായാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ഈ നയങ്ങളെല്ലാം രക്ഷാകർതൃ ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് എന്നും അധ്യാപകൻ പങ്കുവെച്ചു. കൂടാതെ വിദ്യാർഥികൾ ഇലക്‌ട്രോണിക് ഉപകരണങ്ങൾ സ്കൂളിൽ കൊണ്ടുവന്നാൽ കർശന നടപടിയെടുക്കാനും സ്‌കൂളിന് അനുമതി നൽകിയിട്ടുണ്ട്.
എന്നാൽ, ഫോണുകൾ വെള്ളത്തിൽ മുക്കിവയ്ക്കുന്ന സമ്പ്രദായത്തെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഏറെ വിമർശിച്ചു. വിദ്യാർത്ഥികളോടുള്ള പെരുമാറ്റത്തിന് അധ്യാപകനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.
