Asianet News MalayalamAsianet News Malayalam

മരണത്തിന് തൊട്ടുമുമ്പ് ആശുപത്രിക്കിടക്കയിൽ അസൈൻമെന്റ് നോക്കി മാർക്കിടുന്ന അധ്യാപകൻ, നൊമ്പരമായി ചിത്രം

തീരെ വയ്യാതെ ആശുപത്രിയിലേക്കിറങ്ങുമ്പോഴും അദ്ദേഹം തന്റെ ലാപ്‍ടോപ്പും ചാർജ്ജറും എടുക്കാൻ മറന്നില്ല എന്നാണ് മകൾ പറയുന്നത്.

teacher grading students in hospital viral image rlp
Author
First Published Jan 14, 2024, 2:48 PM IST

ആശുപത്രിക്കിടക്കയിൽ വച്ച്, മരിക്കുന്നതിന് തൊട്ടുമുമ്പും വിദ്യാർത്ഥികളുടെ അസൈൻമെന്റ് വിലയിരുത്തി മാർക്ക് നൽകുന്ന അധ്യാപകന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. അധ്യാപകന്റെ മകളായ സാന്ദ്ര വെനേഗാസ് തന്നെയാണ് അച്ഛന്റെ ആശുപത്രിക്കിടക്കയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചത്. 

തന്റെ ജോലിയോടും, വിദ്യാർത്ഥികളോടുമുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥത നെറ്റിസൺസിനെ വല്ലാതെ സ്പർശിച്ച് കഴിഞ്ഞു. തീരെ വയ്യാതെ ആശുപത്രിയിലേക്കിറങ്ങുമ്പോഴും അദ്ദേഹം തന്റെ ലാപ്‍ടോപ്പും ചാർജ്ജറും എടുക്കാൻ മറന്നില്ല എന്നാണ് മകൾ പറയുന്നത്. പിന്നാലെ, അദ്ദേഹത്തെ എമർജൻസി റൂമിലേക്ക് മാറ്റി. ശേഷം അവിടെ വച്ച് വയ്യാത്ത അവസ്ഥയിലും അധ്യാപകൻ തന്റെ വിദ്യാർത്ഥികളുടെ അസൈൻമെന്റ് പരിശോധിക്കുകയും, വിലയിരുത്തി ​ഗ്രേഡുകൾ നൽകുകയുമായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. 

എന്നാൽ, പിറ്റേദിവസം തന്നെ ആ ആശുപത്രിയിൽ വച്ച് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. അധ്യാപകനെന്ന നിലയിൽ അദ്ദേഹത്തിന്റെ ജോലിയെ കുറിച്ചും മകൾ പോസ്റ്റിനൊപ്പം എഴുതിയിട്ടുണ്ട്. അധ്യാപകർ അധികനേരം ജോലി ചെയ്യുന്നത് ആരും അധികം അറിയാറില്ല എന്നാണ് അധ്യാപകന്റെ മകളായ സാന്ദ്ര പറയുന്നത്. "അധ്യാപകർ കുറേയേറെ അധികനേരം ജോലി ചെയ്യുന്നുണ്ട്. അത് പലരും മനസ്സിലാക്കുന്നില്ല. പകർച്ചവ്യാധി സമയത്തോ, ആരോ​ഗ്യം മോശമായിരിക്കുമ്പോഴും ഒക്കെ അവർ ജോലി ചെയ്യുന്നുണ്ട്. ആ സമയത്തും അധ്യാപകർ തങ്ങളുടെ ചുമതലകൾ പൂർത്തിയാക്കുന്നതിനെക്കുറിച്ചോർത്ത് ആധിയിലാണ്" എന്നാണ് അവർ കുറിച്ചത്. 

സാന്ദ്ര പങ്കുവച്ച അധ്യാപകനായ അച്ഛന്റെ ചിത്രം വളരെ വേ​ഗത്തിൽ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളിലും പ്രചരിച്ചു. ഒരുപാട് പേരാണ് ചിത്രത്തിന് കമന്റ് നൽകിയതും അതുപോലെ ആ ചിത്രം വീണ്ടും ഷെയർ ചെയ്തതും. അവസാനനിമിഷം പോലും ജോലി ചെയ്യാൻ കാണിച്ച അദ്ദേഹത്തിന്റെ ആത്മാർത്ഥതയെ അഭിനന്ദിച്ചു കൊണ്ടാണ് മിക്കവരും കമന്റുകൾ നൽകിയിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios