ടീമിലുള്ളവരുടെ തെറ്റുകൾക്ക് മുഴുവനും മാനേജർ തന്നെയാണ് പഴി പറയുന്നത്. ജോലിയിലെ ഡെഡ്‍ലൈനൊന്നും നോക്കാതെ എപ്പോഴും ടീമിലുള്ളവർ പാർട്ടിയുമായി നടക്കുകയാണ് എന്നും പോസ്റ്റിൽ കാണാം.
ജോലിസംബന്ധമായ പല പ്രശ്നങ്ങളും ആളുകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ റെഡ്ഡിറ്റിൽ ശ്രദ്ധിക്കപ്പെടുന്നത്. തനിക്ക് ലഭിക്കേണ്ടുന്ന കൂലി കിട്ടുന്നില്ലെന്നും അമിതമായി അധ്വാനിക്കേണ്ടി വരികയാണ് എന്നുമാണ് യുവാവ് പോസ്റ്റിൽ പറയുന്നത്. തീരെ ജോലി ചെയ്യാത്ത ഒരു ടീമിനെ നയിക്കേണ്ടി വരികയാണ് എന്നും എന്നാൽ, അതിനുള്ള ശമ്പളം തനിക്ക് കിട്ടുന്നില്ല എന്നുമാണ് യുവാവിന്റെ പരാതി.
'ടീം ലീഡ് 60 മണിക്കൂർ ജോലി ചെയ്യുന്നു, പക്ഷേ ടീം ക്ലബ്ബുകളിൽ ആസ്വദിക്കുകയാണ്' എന്നാണ് ടെക്കിയായ യുവാവ് എഴുതുന്നത്. കഴിഞ്ഞ നാല് വർഷമായി താൻ ഒരു ഡാറ്റ എഞ്ചിനീയറായി ജോലി ചെയ്യുകയാണ്, മുൻകാലങ്ങളിൽ എടുത്ത ചില മോശമായ തീരുമാനങ്ങൾ കാരണം തന്റെ ശമ്പളം ടീമിലുള്ള മറ്റുള്ളവരുടേതിനേക്കാൾ കുറവാണെന്നും പോസ്റ്റിൽ യുവാവ് വെളിപ്പെടുത്തുന്നുണ്ട്.
'ടീമിലെ ഏറ്റവും കുറഞ്ഞ ശമ്പളം ലഭിക്കുന്ന ആളാണ് ഞാൻ, എന്നിട്ടും അവരെയെല്ലാം കൈകാര്യം ചെയ്യണം, അവരുടെ തെറ്റുകൾ കണ്ടെത്തണം, എന്റെ പ്രോജക്റ്റിലെ ഏറ്റവും നിർണായകമായ ടാസ്ക് പരിഹരിക്കണം. എന്നിട്ടും, ഞാൻ ആഴ്ചയിൽ 60 മണിക്കൂറിൽ കൂടുതലാണ് ജോലി ചെയ്യുന്നത്. അവർ അവരുടെ സമയം ആസ്വദിക്കുമ്പോൾ അതേസമയത്ത് താനിവിടെ വളരെയധികം സമ്മർദ്ദം അനുഭവിക്കുക്കയാണ്' എന്നും യുവാവ് കുറിക്കുന്നു.
ടീമിലുള്ളവരുടെ തെറ്റുകൾക്ക് മുഴുവനും മാനേജർ തന്നെയാണ് പഴി പറയുന്നത്. ജോലിയിലെ ഡെഡ്‍ലൈനൊന്നും നോക്കാതെ എപ്പോഴും ടീമിലുള്ളവർ പാർട്ടിയുമായി നടക്കുകയാണ് എന്നും പോസ്റ്റിൽ കാണാം.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. മിക്കവരും പറഞ്ഞത്, നിങ്ങളൊരു നല്ല ഡെവലപ്പറായിരിക്കാം. എന്നാൽ, നിങ്ങൾ ഒരു നല്ല ടീം ലീഡറല്ല, അതിന് ഇനിയും സ്വയം പരിശീലിക്കേണ്ടിയിരിക്കുന്നു എന്നാണ്.


