സാൻ ബെർണാർഡിനോ കൗണ്ടിയിൽ ഞായറാഴ്ച ഉച്ചയോടെയാണ് ഈ പാവയെ കണ്ടെത്തിയത്. ബെയർ വാലി റോഡിന്റെ അടുത്തുള്ള ഒരു കൺവീനിയൻസ് സ്റ്റോറിന് പുറത്താണ് പാവയെ കണ്ടത്.
കാലിഫോർണിയയിൽ കണ്ടെത്തിയ ഒരു വിചിത്രമായ പാവയാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്. കണ്ടാൽ മനുഷ്യന്റെ ചർമ്മം കൊണ്ട് നിർമ്മിച്ചതായി തോന്നിക്കുന്ന ഈ വിചിത്രമായ ടെഡി ബിയർ പ്രദേശത്തെ താമസക്കാരെയും അധികൃതരേയും ഒരുപോലെ ആശങ്കാകുലരാക്കി.
ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, ഈ പാവ ചിലപ്പോൾ ഏതെങ്കിലും പ്രാങ്കിന്റെയോ മറ്റോ ഭാഗമായിരിക്കാം എന്ന് കരുതപ്പെട്ടുവെങ്കിലും സംഭവത്തിൽ അന്വേഷണം പോലും പ്രഖ്യാപിച്ചിരുന്നു.
സാൻ ബെർണാർഡിനോ കൗണ്ടിയിൽ ഞായറാഴ്ച ഉച്ചയോടെയാണ് ഈ പാവയെ കണ്ടെത്തിയത്. ബെയർ വാലി റോഡിന്റെ അടുത്തുള്ള ഒരു കൺവീനിയൻസ് സ്റ്റോറിന് പുറത്താണ് പാവയെ കണ്ടത്. പൊലീസ് എത്തിയപ്പോൾ, അവർ ആദ്യം കരുതിയത് അതൊരു സാധാരണ ടെഡി ബിയറാണ് എന്നാണ്. പക്ഷേ അത് വളരെ അസാധാരണമായിരുന്നു. തുകൽ പോലെയുള്ളതും മനുഷ്യരുടേതിന് സമാനമായ ചർമ്മം കൊണ്ടു മൂടിയതും ആയിരുന്നു അത്. ഒപ്പം അതിന് കരടിയുടെ മൂക്കും ചുണ്ടുകളും തുന്നിച്ചേർത്തിരുന്നു, കൂടാതെ കണ്ണുകൾ വേണ്ടിടത്ത് വെറും ദ്വാരങ്ങളായിരുന്നു.
മനപ്പൂർവ്വം ആരോ തുന്നിച്ചേർത്തത് പോലെയായിരുന്നു അതിന്റെ ചർമ്മവും മറ്റും. ഏതായാലും, സംഗതി എല്ലാവരേയും ആശങ്കപ്പെടുത്തിയെങ്കിലും പിന്നീട്, ഈ പാവയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഒരു Etsy ഷോപ്പ് മുന്നോട്ട് വന്നു.
Etsy ഷോപ്പായ ഡാർക് സീഡ് ക്രിയേഷനാണ് ഈ പാവ നിർമ്മിച്ചിരിക്കുന്നത് ഞങ്ങളാണ് എന്ന് പറഞ്ഞിരിക്കുന്നത്. കടയുടെ ഉടമ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് ഇങ്ങനെയാണ്, 'അതേ, വാർത്തയിൽ കാണുന്ന വീഡിയോയിലെ കരടിയെ ഞാൻ ഉണ്ടാക്കിയതാണ്. ന്യൂസ് ആർട്ടിക്കിളുകളിൽ കാണിക്കുന്നത് തന്റെ ഷോപ്പാണ്. കഴിഞ്ഞ ആഴ്ച ഞാൻ Victorville CA-യിലെ ഒരു Etsy യൂസറിന് അയച്ചതാണ് ആ കരടിയെ. നിങ്ങൾക്കും ഇത്തരം ഒന്ന് ഓർഡർ ചെയ്യാം. വാങ്ങുന്നവരുടെ ഉദ്ദേശത്തെ കുറിച്ച് തനിക്ക് അറിയില്ല' എന്നും ഇയാൾ കുറിച്ചു.
