-30 ഡിഗ്രി തണുപ്പില്‍ ആറ് മണിക്കൂർ; എന്നിട്ടും മരണത്തിന് വിട്ടുകൊടുക്കാതെ ജീവിതത്തിലേക്ക് നടന്ന് കൗമാരക്കാരി!
അസ്ഥി കോച്ചുന്ന തണുപ്പില്‍ അവള്‍ സുഹൃത്തിന്‍റെ വീടു വരെ എത്തി. പക്ഷേ, വാതിലില്‍ മുട്ടി വിളിക്കുന്നതിന് മുമ്പ് ആ വാതിലിന് മുന്നില്‍ അവള്‍ വീണു. പതിയെ ബോധം പോയി.
കാലാവസ്ഥ ഒന്ന് മാറി, രണ്ട് ദിവസം അടുപ്പിച്ച് മഴ പെയ്ത് അന്തരീക്ഷം അല്പമൊന്ന് തണുത്താല്‍ 'ഹോ എന്തൊരു തണുപ്പാണ്' എന്ന് പറഞ്ഞ് ശരീരം കോച്ചിപ്പിടിച്ച് ചുരുണ്ടുകൂടി ഇരിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ അല്പം പഴയൊരു സംഭവം പറയട്ടേ? പഴയതെന്ന് പറഞ്ഞാല്‍ വെറും 43 വര്‍ഷം മുമ്പ് നടന്നത്. കൃത്യമായി പറഞ്ഞാല്‍ 1980-ഡിസംബറില്‍ യുഎസിലെ മിനസോട്ടയിലെ ലെങ്‌ബിയിൽ നടന്ന സംഭവം. അന്ന് വെറും 19 വയസുള്ള ജീൻ ഹില്യാർഡ് വൈകീട്ട് സുഹൃത്തുക്കളുമായി ഒത്തു കൂടിയ ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. എന്നാല്‍, അതിനകം മഞ്ഞുമൂടിയ റോഡിൽ അവളുടെ കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഒരു കുഴിയിൽ വീണു.
ആ ഡിസംബറില്‍ രാത്രിയിലെ താപനില അപ്പോള്‍ -30 ആയിരുന്നു. പക്ഷേ, തണുത്ത് മരച്ച് മരിക്കാന്‍ ജീൻ ഹില്യാർഡ് തയ്യാറായില്ല. അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും ഒരു വിധത്തില്‍ പുറത്തിറങ്ങിയ ജീൻ ഹില്യാർഡ് ഏതാനും മൈലുകള്‍ അകലെയുള്ള സുഹൃത്തിന്‍റെ വീട്ടിലേക്ക് നടക്കാന്‍ തീരുമാനിച്ചു. കാറില്‍ നിന്നും വെസ്റ്റേൺ ബൂട്ടുകളും കോട്ടും കൈത്തണ്ടയ്ക്കുള്ള ഉറകളും ധരിച്ച് അവള്‍ നടപ്പ് ആരംഭിച്ചു. അസ്ഥി കോച്ചുന്ന തണുപ്പില്‍ അവള്‍ സുഹൃത്തിന്‍റെ വീടു വരെ എത്തി. പക്ഷേ, വാതിലില്‍ മുട്ടി വിളിക്കുന്നതിന് മുമ്പ് ആ വാതിലിന് മുന്നില്‍ അവള്‍ വീണു. പതിയെ ബോധം പോയി.
ജലം ഉറഞ്ഞ ആ കാലാവസ്ഥയില്‍ ആറ് മണിക്കൂറിന് ശേഷം പിറ്റേന്ന് പുലര്‍ച്ചെ സുഹൃത്ത് വാലി നെൽസന്‍ വാതില്‍ തുറന്നപ്പോള്‍, തലേന്ന് രാത്രി യാത്ര പറഞ്ഞിറങ്ങിയ ജീൻ ഹില്യാർഡിന്‍റെ തണുത്തുറഞ്ഞ ശരീരമാണ് കണ്ടത്. ഉടന്‍ തന്നെ അവളെ 10 മിനിറ്റ് അകലെയുള്ള ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിലേക്ക് അവളെ മാറ്റി. പിന്നീട് മിനസോട്ട പബ്ലിക് റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ, വാലി നെൽസൺ ഇങ്ങനെ പറയുന്നു. 'മുറ്റത്തെ മഞ്ഞില്‍ എന്തോ പൊങ്ങി നില്‍ക്കുന്നത് കണ്ട് വലിച്ച് നോക്കിയതാണ്. ഞാന്‍ അത്ഭുതപ്പെട്ടു. അത് തലേന്ന് രാത്രി വീട്ടില്‍ നിന്നും യാത്ര പറഞ്ഞിറങ്ങിയ ജീൻ ഹില്യാർഡായിരുന്നു. ഞാന്‍ അവളെ കോളറിൽ പിടിച്ച് അകത്ത് കയറ്റി. അവള്‍ മരിച്ചെന്നായിരുന്നു ആദ്യ കരുതിയത്. കാരണം അവളുടെ ശരീരം മരവിച്ച് വിറക് കൊള്ളിപോലെയായിരുന്നു. പക്ഷേ, എന്നെ അത്ഭുതപ്പെടുത്തി അവളുടെ മൂക്കില്‍ നിന്നും ചില കുമിളകള്‍ പുറത്ത് വന്നു. ഉടനെ തന്നെ ആശുപത്രിയിലേക്ക് പോയി.'
കുട്ടികള്‍ കരഞ്ഞാല്‍ ഭക്ഷണ ബില്ല് കൂടും; മോശം 'പാരന്‍റിംഗ് ഫീസ്' എന്ന് !
ഫോസ്റ്റൺ ആശുപത്രിയിലെ ഡോക്ടര്‍മാരും ജീന്‍ രക്ഷപ്പെടുമെന്നതില്‍ ഒരു പ്രതീക്ഷയും വച്ചില്ല. കാരണം അവളുടെ മരവിച്ച കൈയില്‍ ഒരു സൂചി കുത്താന്‍ പോലും അവര്‍ക്ക് ഏറെ കഷ്ടപ്പെടേണ്ടിവന്നു. ഇതിനിടെ നിരവധി സൂചികള്‍ ഒടിഞ്ഞ് പോയിരുന്നു. മരിക്കുമെന്ന് ഡോക്ടര്‍മാര്‍ വിധി എഴുതിയെങ്കിലും അവസാന ശ്രമമെന്ന രീതിയില്‍ അവളെ ശരീരം ചൂടാക്കാനായി ഹോട്ട് വാട്ടര്‍ പാഡുകള്‍ ഉപയോഗിച്ചു. ഉച്ചയോടെ ജീൻ ഹില്യാർഡ് ബോധം വീണ്ടെടുത്ത് ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരെയും ഞെട്ടിച്ചു. “എന്തുകൊണ്ടാണ് അവൾ ജീവിച്ചിരിക്കുന്നതെന്ന് എനിക്ക് വിശദീകരിക്കാൻ കഴിയില്ല. അക്ഷരാർത്ഥത്തിൽ അവൾ മരവിച്ചുപോയി. അതൊരു അത്ഭുതമാണ്." എന്നായിരുന്നു അന്ന് അവളെ ചികിത്സിച്ച മെഡിക്കല്‍ സംഘത്തിലെ അംഗമായ ഡോ. ജോർജ് സഥർ ന്യൂയോർക്ക് ടൈംസിനോട് പിന്നീട് പറഞ്ഞത്. മരവിച്ച ആ ശരീരത്തില്‍ നിന്നും നാഡിമിടിപ്പ് പോലും കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല. ആദ്യം മിനിറ്റിൽ വെറും 12 സ്പന്ദനങ്ങളാണ് രേഖപ്പെടുത്തിയ്ത്. 60 നും 100 നും ഇടയില്‍ വേണ്ടിടത്താണ് ഇത്. ശരീര താപനില വളരെ കുറവായിരുന്നു, അത് ഒരു തെർമോമീറ്റർ ഉപയോഗിച്ച് അളക്കാൻ പോലും കഴിയില്ല, സാധാരണ പരിധിയേക്കാൾ 10 ഡിഗ്രി താഴെയായിരുന്നു അവളുടെ താപനില. പിന്നാലെ അവളുടെ ശരീരം ഒരു ഇലക്ട്രിക് തപീകരണ പാഡിൽ പൊതിഞ്ഞ് മണിക്കൂറുകൾ സൂക്ഷിച്ചു. അങ്ങനെ ഏവരെയും അത്ഭുതപ്പെടുത്തി ആ കൗമാരക്കാരിയില്‍ ജീവന്‍റെ സ്പന്ദനങ്ങള്‍ സാധാരണ നിലയിലായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക