ലോകത്തെ മാറിവരുന്ന കാലാവസ്ഥാവ്യതിയാനത്തിന് നമ്മളും കാരണക്കാരാണ്. അതുകൊണ്ടുതന്നെ അതിനുള്ള പരിഹാരവും നമ്മൾ തന്നെയാണ് കണ്ടെത്തേണ്ടത്. നാം ചെയ്യുന്ന ചെറിയ പ്രവൃത്തികൾക്ക് പോലും ലോകത്തിൽ വളരെ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നതിനൊരു ഉദാഹരണമാണ് തെലങ്കാനയിൽ നടപ്പാക്കിയ 'ഗ്രീൻ ചലഞ്ച്' എന്ന പരിപാടി. ജീവിതകാലത്ത് ഒരു തയ്യെങ്കിലും നട്ടുപിടിപ്പിക്കാൻ ഓരോരുത്തരെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.

'ഗ്രീൻ ചലഞ്ച്' എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്  രാജ്യസഭാ എംപി ജെ. സന്തോഷ് കുമാറാണ്. സന്തോഷ് കുമാർ തന്‍റെ ജന്മദിനത്തിൽ തനിക്ക് സമ്മാനം നൽകാൻ ജനങ്ങളോട് ഇന്‍റർനെറ്റിലൂടെ ആവശ്യപ്പെടുകയുണ്ടായി. അതും ഒരു സാധാരണ സമ്മാനമല്ല, മറിച്ച് അദ്ദേഹത്തിന്‍റെ ജന്മദിനത്തിൽ ഒരു തൈ നടാനും സെൽഫി ക്ലിക്കുചെയ്യാനും, അത് സമ്മാനമായി അയക്കാനുമാണ് അദ്ദേഹം ആളുകളോട് ആവശ്യപ്പെട്ടത്. അങ്ങനെയാണ്  #greenindiachallenge എന്ന പദ്ധതി പിറവി കൊള്ളുന്നത്. എന്നാൽ, വളരെ പെട്ടെന്ന് തന്നെ ആളുകളുടെ മനസ്സിൽ ഈ പദ്ധതി ഇടം പിടിക്കുകയാണുണ്ടായത്. എല്ലാ മേഖലകളിലുമുള്ള ആളുകളിൽ നിന്നും മികച്ച രീതിയിലുള്ള പ്രതികരണമാണ് പരിപാടിക്ക് ലഭിച്ചത്. നിരവധി രാഷ്ട്രീയക്കാരും സെലിബ്രിറ്റികളും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും ഇത് പ്രോത്സാഹിപ്പിക്കുകയും അതിൽ ചേരുകയും ചെയ്‍തു. സന്തോഷ് കുമാറിനായി ജന്മദിനാശംസകളും തോട്ടങ്ങളിൽ തൈ നടുന്നതിന്‍റെ ചിത്രങ്ങളും കുറേ നാളുകളായി ഇന്‍റര്‍നെറ്റിൽ നിറയുകയാണ്.  

തെലങ്കാനയുടെ പച്ചപ്പ് 24 ശതമാനത്തിൽ നിന്ന് 33 ശതമാനമായി ഉയർത്തുന്നതിനായിട്ടാണ്  സംസ്ഥാനവ്യാപകമായി വൃക്ഷത്തൈ നടീൽ പരിപാടി 2015 -ൽ ആരംഭിച്ചത്. ഇന്നുവരെ സംസ്ഥാനത്തൊട്ടാകെ മൂന്ന് കോടി തൈകൾ നട്ടുപിടിപ്പിക്കാൻ ഈ പദ്ധതി വഴി സാധിച്ചിട്ടുണ്ട്. നാലുവർഷത്തിനുള്ളിൽ 230 കോടി തൈകൾ നടണമെന്നാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ഏതു വലിയ യാത്രയും തുടങ്ങുന്നത് ഒരു ചുവടിൽ നിന്നാണ്.  നമ്മൾ ചെയ്യുന്ന വളരെ  നിസാരമായ  കാര്യങ്ങൾക്ക് വളരെ വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കും എന്ന് ഗ്രീൻ ചലഞ്ച് തെളിയിക്കുന്നു. നാടിനെ കൂടുതൽ ഹരിതാഭമാക്കാൻ അനവധിയാളുകളാണ് ദിനവും ഈ പദ്ധതിയുടെ ഭാഗമാകുന്നത്.