ദുറോവിന്റെ അപ്രതീക്ഷിത പ്രതികരണവും, അദ്ദേഹത്തിന്റെ വാക്കുകളിലെ പരിഹാസവും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി.

ടെലഗ്രാമിന്റെ സ്ഥാപകനും സിഇഒയുമായ പവൽ ദുറോവ് അടുത്തിടെ അസാധാരണമായ ഒരു വാഗ്ദാനം നടത്തിയതാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. പാരീസിലെ ലൂവ്രെ മ്യൂസിയത്തിൽ നിന്ന് മോഷണം പോയ അമൂല്യമായ ആഭരണങ്ങൾ വിലയ്ക്ക് വാങ്ങാൻ താൻ തയ്യാറാണ് എന്നായിരുന്നു അദ്ദേഹത്തിൻറെ വാഗ്ദാനം. എന്നാൽ, ഈ ആഭരണങ്ങൾ പാരീസിലെ ലൂവ്രെ മ്യൂസിയത്തിനല്ല, പകരം ലൂവ്രെ അബുദാബിക്ക് സംഭാവന ചെയ്യണം എന്നായിരുന്നു പവൽ ദുറോവിൻ്റെ ഉപാധി. എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ദുറോവിൻ്റെ കുറിപ്പ് ഇങ്ങനെ ആയിരുന്നു: 'മോഷ്ടിക്കപ്പെട്ട ആഭരണങ്ങൾ വാങ്ങി ലൂവ്രെയ്ക്ക് തിരികെ സംഭാവന ചെയ്യാൻ എനിക്ക് സന്തോഷമുണ്ട്. ഞാൻ ഉദ്ദേശിച്ചത് ലൂവ്രെ അബുദാബി ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ; കാരണം ലൂവ്രെ അബുദാബിയിൽ നിന്ന് ആരും ഒന്നും മോഷ്ടിക്കില്ല.'

ഈ മാസം ആദ്യം, ഒക്ടോബർ 19 -നാണ് അപ്പോളോ ഗാലറിയിൽ എട്ട് മിനിറ്റ് കൊണ്ട്, ചക്രവർത്തിനി മേരി-ലൂയിസ്, ചക്രവർത്തിനി യൂജെനി എന്നിവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന, ഏകദേശം 102 മില്യൺ യുഎസ് ഡോളർ (ഏകദേശം 850 കോടിയിലധികം രൂപ) വിലമതിക്കുന്ന എട്ട് ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടത്. കവർച്ചയെക്കുറിച്ച് ദുറോവ് അഭിപ്രായപ്പെട്ടത് സംഭവത്തിൽ തനിക്ക് ഒട്ടും അത്ഭുതമില്ല എന്നായിരുന്നു. ഒരുകാലത്ത് മഹത്തരമായിരുന്ന ഒരു രാജ്യത്തിന്റെ തകർച്ചയുടെ മറ്റൊരു ദുഃഖകരമായ അടയാളമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Scroll to load tweet…

ദുറോവിന്റെ അപ്രതീക്ഷിത പ്രതികരണവും, അദ്ദേഹത്തിന്റെ വാക്കുകളിലെ പരിഹാസവും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. ചിലർ ഇതിനെ നർമ്മം കലർന്ന അഭിപ്രായമായി വിശേഷിപ്പിച്ചപ്പോൾ, മറ്റ് ചിലർ ഇത് ഫ്രാൻസ് കേസ് കൈകാര്യം ചെയ്ത രീതിക്കെതിരെയുള്ള രൂക്ഷ വിമർശനമായി വിലയിരുത്തി. ഈ പോസ്റ്റ് അതിവേഗം വൈറലാവുകയും എക്‌സിൽ ഒരു മില്യണിലധികം കാഴ്ചക്കാരെ നേടുകയും ചെയ്തു. ഫ്രഞ്ച് അധികൃതർ നിലവിൽ കവർച്ചയെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്.