ഇന്ന് ഭാരതത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചെങ്കോട്ടയിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഒരു പ്രഭാഷണം നടത്തുകയുണ്ടായി. പ്രസ്തുത പ്രസംഗത്തിൽ പ്രധാനമന്ത്രി പരാമർശിച്ച പ്രസക്തമായ പത്തു കാര്യങ്ങളാണ് ഇനി. 

ഇന്ന് രാജ്യത്ത് ഒരു വലിയ പ്രയത്നത്തിന് കൂടി തുടക്കമിടാൻ പോവുകയാണ് എന്ന് മോദി പറഞ്ഞു. അതിന്റെ പേരും അദ്ദേഹം പ്രഖ്യാപിച്ചു, 'ഡിജിറ്റൽ ഹെൽത്ത് മിഷൻ'. ഇന്നുമുതൽ നിങ്ങൾ ഏതൊക്കെ ഡോക്ടറെ കണ്ടു, എന്തൊക്കെ ടെസ്റ്റ് ചെയ്തു, എന്തൊക്കെ രോഗങ്ങൾക്ക് ചികിത്സ തേടി, എന്തൊക്കെ മരുന്ന് കഴിച്ചു, എന്തൊക്കെ ഓപ്പറേഷൻ ചെയ്തു, എപ്പോഴാണ് ഇതൊക്കെ നടന്നത്, പരിശോധനകളുടെ ഫലമെന്താണ് എന്നിങ്ങനെ ഓരോ വ്യക്തിയെയും സംബന്ധിക്കുന്ന സകല മെഡിക്കൽ ഡാറ്റയും ഒരൊറ്റ ഹെൽത്ത് ഐഡിയിൽ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. 

 

 

ഇന്ന് കൊവിഡിനുള്ള ഒന്നല്ല, രണ്ടല്ല, മൂന്നു വാക്സിനാണ് പരീക്ഷണഘട്ടത്തിൽ ഉള്ളത്. ശാസ്ത്രജ്ഞരുടെ ഭാഗത്തുനിന്ന് ഗ്രീൻ സിഗ്നൽ കിട്ടിയാലുടൻ നമ്മൾ കൊവിഡ് വാക്സിൻ വ്യാവസായികാടിസ്ഥാനത്തിൽ നിർമിച്ചു തുടങ്ങും. 

കൊവിഡിന്റെ തുടക്കത്തിൽ രാജ്യത്ത് ഒരേയൊരു ലാബിൽ മാത്രമാണ് കൊവിഡ് പരിശോധിക്കാനുള്ള സൗകര്യമുണ്ടായിരുന്നത്. ഇന്ന് രാജ്യത്ത് 1400 -ൽ പരം ലാബുകളിൽ ടെസ്റ്റിംഗിനുള്ള സൗകര്യമുണ്ട്. മാത്രവുമല്ല ഇന്ന് മാസ്ക്, പിപിഇ കിറ്റ് തുടങ്ങിയവ പ്രാദേശികമായിത്തന്നെ നിർമിക്കുന്നുണ്ട്. 

രാജ്യത്ത് 1300 -ൽ പരം ദ്വീപുകളുണ്ട്. ഇവയെ മുന്നിൽ കണ്ടുകൊണ്ട് പുതിയ വികസന പദ്ധതികൾ കേന്ദ്രം വിഭാവനം ചെയ്തുകൊണ്ടിരിക്കുകയാണ്. അടുത്ത ആയിരം ദിനങ്ങൾക്കുള്ളിൽ ലക്ഷദ്വീപിനെ സബ്മറൈൻ ഒപ്റ്റിക്കൽ ഫൈബർ കേബിൾ കൊണ്ട് ബന്ധിപ്പിക്കും. 

 

 

എൻസിസിയെ രാജ്യത്തെ 173 അതിർത്തി, തീരദേശ ജില്ലകളിലേക്ക് വ്യാപിപ്പിക്കും. ഈ പദ്ധതിയിൽ ഒരു ലക്ഷത്തോളം എൻസിസി കേഡറ്റുകൾക്ക് വിശേഷാൽ പരിശീലനം ലഭ്യമാക്കും. അതിൽ തന്നെ മൂന്നിലൊന്ന് പെൺകുട്ടികളാണ് എന്നുറപ്പുവരുത്തും. 

കഴിഞ്ഞ ഒരു വർഷം കൊണ്ട് ഇന്ത്യയിൽ എഫ്ഡിഐയുടെ കാര്യത്തിൽ സർവകാല റിക്കോർഡാണ്. ഈ കാലയളവിൽ എഫ്ഡിഐയിൽ ഉണ്ടായ വർധന 18 ശതമാനമാണ്. 

രാജ്യത്തിന്റെ പരമാധികാരത്തിന്റെ സംരക്ഷണം നമ്മുടെ പ്രഥമ പരിഗണനകളിൽ ഒന്നാണ്. അത് സംരക്ഷിക്കാൻ നമ്മുടെ വീരജവാന്മാർ നടത്തിയ ജീവത്യാഗങ്ങൾ നമ്മൾ ലഡാക്കിൽ കണ്ടു കഴിഞ്ഞതാണ്. LOC മുതൽ LAC വരെ, രാജ്യത്തിന്റെ പരമാധികാരത്തിനു നേർക്ക് ആര്  വെല്ലുവിളിയുയർത്തിയാലും അവർക്ക് അതെ ഭാഷയിൽ തന്നെ തിരിച്ചടി നൽകാൻ നമ്മുടെ സൈന്യം സജ്ജമാണ്. 

ജൈവ വൈവിധ്യത്തിന്റെ സംരക്ഷണത്തിനും, അത് മെച്ചപ്പെടുത്തുന്നതിനും രാജ്യം പ്രതിജ്ഞാബദ്ധമാണ്. കഴിഞ്ഞ വർഷങ്ങൾക്കിടയിൽ രാജ്യത്ത് കടുവകളുടെ എണ്ണം വർധിച്ചത് നാം കണ്ടു. ഏഷ്യാറ്റിക് ലയണുകളുടെ സംരക്ഷണത്തിനായി പ്രോജക്റ്റ് ലയൺ കൊണ്ടുവരികയാണ്. രാജ്യത്തെ തിരഞ്ഞെടുക്കപ്പെടുന്ന 100 നഗരങ്ങളിലെ പരിസ്ഥിതി മലിനീകരണം തടയാൻ പ്രത്യേക പദ്ധതികൾ നടപ്പിലാക്കപ്പെടും.  

ഈ വർഷം ജമ്മു കശ്മീരിന്റെ വികസനയാത്രയുടെ കൂടി വർഷമാണ്. അവിടത്തെ സ്ത്രീ-ദളിത് ജനതയുടെ ശാക്തീകരണത്തിന്റെ വർഷമാണ്.  അവിടെനിന്ന് അഭയാർഥികളായി പോകേണ്ടി വന്നവർക്ക് അവിടെത്തന്നെ അന്തസ്സായി ജീവിക്കാൻ സാധിക്കുന്ന വർഷം കൂടിയാവും ഇത്. 

കഴിഞ്ഞ വർഷം ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കി അവിടത്തെ ജനങ്ങളുടെ എത്രയോ കാലമായുള്ള ആഗ്രഹം സർക്കാർ പൂർത്തീകരിച്ചു. സിക്കിം ഒരു ജൈവ സംസ്ഥാനം എന്ന നിലക്ക് എങ്ങനെ ഇന്ന് അറിയപ്പെടാൻ തുടങ്ങിയിട്ടുണ്ടോ അതുപോലെ തന്നെ ലഡാക്ക് താമസിയാതെ തന്നെ കാർബൺ ന്യൂട്രൽ സ്റ്റേറ്റ് എന്നറിയപ്പെടും. ആ ദിശയിലുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. 

ഇതിനു പുറമെ സ്ത്രീകളുടെ വിവാഹപ്രായം പുനരാലോചിക്കാൻ വേണ്ടി ഒരു പ്രത്യേക സമിതി രൂപീകരിച്ച വിവരവും അറിയിച്ചു. കമ്മിറ്റിയുടെ നിർദേശങ്ങൾ പരിഗണിച്ച് അധികം വൈകാതെ തന്നെ  ആ പ്രായം പുതുക്കി നിശ്ചയിക്കും.