സമീപഭാവിയില്‍ നടന്നേക്കാം എന്ന് ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്ന ചിലതൊക്കെ കാണുമ്പോള്‍ വേദപുസ്തക കഥകളിലെ മഹാമാരികള്‍ ഓര്‍മ്മ വരും. കൊവിഡ് 19 , എബോള, വെട്ടുകിളി ആക്രമണം, പന്നിപ്പനി, പക്ഷിപ്പനി, അമേരിക്കയിലെയും, ആമസോണിലെയും, ഓസ്ട്രേലിയയിലെയും കാറ്റും കാട്ടുതീയും, ലോക്ക്ഡൗണ്‍ കാരണം ലോകത്തു പരന്ന ഇരുട്ട്, സാമ്പത്തികമാന്ദ്യം  ഇവ ഒന്നൊന്നായി ചേര്‍ത്തുവായിച്ചാല്‍, യഹോവ ഈജിപ്തിലെ ജനങ്ങള്‍ക്കുമേല്‍ പറഞ്ഞുവിട്ട പത്തു മഹാമാരികളെ ഓര്‍മിപ്പിക്കുന്ന പലതുമാണോ ഇന്ന് ലോകത്ത് നടക്കുന്നത്, എന്ന് തോന്നിയേക്കാം. 

വെട്ടുകിളികളുടെ എട്ടാം പ്ലേഗ് 

ബൈബിളിലെ പുറപ്പാടിന്റെ പുസ്തകം പത്താമധ്യായത്തിൽ യഹോവ ഈജിപ്തിലെ ഫറവോയോട് മോശെയും അഹരോനും വഴി ഇങ്ങനെ പറഞ്ഞയക്കുന്നു, "എന്റെ ജനത്തെ വിട്ടയപ്പാൻ നിനക്കു മനസ്സില്ലെങ്കിൽ ഞാൻ നാളെ നിന്റെ രാജ്യത്തു വെട്ടുകിളിയെ വരുത്തും. നിലം കാണ്മാൻ വഹിയാതവണ്ണം അവ ഭൂതലത്തെ മൂടുകയും കൽമഴയിൽ നശിക്കാതെ ശേഷിച്ചിരിക്കുന്നതും പറമ്പിൽ തളിർത്തു വളരുന്ന സകലവൃക്ഷവും തിന്നു കളകയും ചെയ്യും. നിന്റെ ഗൃഹങ്ങളും നിന്റെ സകലഭൃത്യന്മാരുടെയും സകലമിസ്രയീമ്യരുടെയും വീടുകളും അതുകൊണ്ടു നിറയും" 

ഈ പറയുന്ന വെട്ടുകിളികൾ ഈജിപ്തിലെ ജനതയ്ക്കുമേൽ പറന്നിറങ്ങിയ എട്ടാമത്തെ മഹാമാരിയാണ്. കൃഷിയിടങ്ങളിൽ പുതപ്പുപോലെ പറന്നിറങ്ങുന്ന വെട്ടുകിളികൾ ലോകത്തിൽ ഏറ്റവുമധികം വിളനാശമുണ്ടാക്കുന്ന ജീവിവർഗ്ഗങ്ങളിൽ ഒന്നാണ്. ഒരു കൂട്ടം കർഷകരുടെ മാസങ്ങൾ നീണ്ട കഠിനാദ്ധ്വാനത്തിന്റെ ഫലം, വിശാലമായ പാടങ്ങളിൽ വിളഞ്ഞുനിൽക്കുന്ന ധാന്യങ്ങൾ, അവ മൊത്തം തിന്നുതീർക്കാൻ വെട്ടുകിളിക്കൂട്ടത്തിന് നിമിഷങ്ങൾ മതി. കാരണമെന്തെന്നോ? ഒന്നും രണ്ടുമായല്ല, ലക്ഷക്കണക്കിന് വെട്ടുകിളികളാണ് ഒന്നിച്ച് കൃഷിയിടങ്ങളിലേക്ക് പറന്നിറങ്ങുന്നത്.  അതീവ ഉപദ്രവകാരിവികളായ ഇവ  ഒറ്റദിവസം കൊണ്ട് തിന്നു തീർക്കുക, പത്ത് ആനകൾ, 25 ഒട്ടകങ്ങൾ, അല്ലെങ്കിൽ 2500 ആളുകൾ കഴിക്കുന്ന ധാന്യങ്ങളാണ്. വിളകളുടെ ഇല, പൂവ്, പഴം, ചില, തണ്ട് എന്നിങ്ങനെ എന്ത് കണ്ടോ അതൊക്കെ അവ അകത്താക്കും. ഇവ ആകാശത്തുനിന്ന് കൂട്ടമായി വന്നിറങ്ങുന്ന ആക്കത്തിൽ തന്നെ വിളകൾ പാതിയും നശിച്ചുപോകും. 

 

 

വരുന്ന വേനൽക്കാലമാകുമ്പോഴേക്കും, ഹോൺ ഓഫ് ആഫ്രിക്കയിൽ നിന്ന് ഒരു വമ്പിച്ച വെട്ടുകിളിക്കൂട്ടം തന്നെ ഇന്ത്യയിലെ കൃഷിയിടങ്ങളിലേക്ക് പറന്നിറങ്ങും എന്നാണ് കാർഷിക ദുരന്തങ്ങൾ പ്രവചിക്കുന്ന പല അന്താരാഷ്ട്ര ഏജൻസികളും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷന്റെ (FAO) വെബ്‌സൈറ്റിൽ ഏപ്രിൽ 21 -ന് വന്ന ഒരു അറിയിപ്പിൽ പറയുന്നത്, ഈ വസന്തകാലത്ത് യെമൻ, കിഴക്കൻ ആഫ്രിക്ക, തെക്കൻ ഇറാൻ എന്നിവിടങ്ങളിൽ പെറ്റുപെരുകാൻ പോകുന്ന വെട്ടുകിളികൾ അവയുടെ പ്രയാണം തുടങ്ങുമെന്നും വേനൽക്കാലമടുപ്പിച്ച് തെക്കേ ഏഷ്യൻ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലേക്ക് വന്നിറങ്ങും എന്നാണ്. ലോക്ക് ഡൗണും, അതുണ്ടാക്കിയ സാമ്പത്തിക മാന്ദ്യവും കാരണം അല്ലെങ്കിൽ തന്നെ പട്ടിണിയിലായിരിക്കുന്ന ജനതയ്ക്ക് ഈ വെട്ടുകിളി ആക്രമണം കടുത്ത ബാധ്യതയായേക്കാം. ഇതുമൂലമുണ്ടായേക്കാവുന്ന കനത്ത ധാന്യനഷ്ടം അടുത്ത ഒരു ക്ഷാമത്തിലേക്ക് നമ്മുടെ രാജ്യത്തെ തള്ളിവിട്ടേക്കും എന്നും ആശങ്കയുണ്ട്. 

ഏതൊക്കെയാണ് മറ്റുള്ള മഹാമാരികൾ 

പുറപ്പാടിന്റെ പുസ്തകം അഞ്ചു മുതൽ പതിനഞ്ചു വരെ അധ്യായങ്ങളിൽ പറയുന്നത് പത്തു മഹാമാരികളെപ്പറ്റിയാണ്. വെള്ളം രക്തമായി മാറിയ ഒന്നാം പ്ലേഗ്, ദശലക്ഷക്കണക്കിന് തവളകളുടെ ഒഴുക്കുണ്ടായ രണ്ടാം പ്ലേഗ്, പേൻ നിറഞ്ഞ മൂന്നാം പ്ലേഗ്, ഈച്ചകൾ നിറഞ്ഞ നാലാം പ്ലേഗ്, കന്നുകാലികൾ ചത്തൊടുങ്ങിയ അഞ്ചാം പ്ലേഗ്, കൊടിയ വേദനയുണ്ടാക്കുന്ന പരുക്കൾ വരുത്തിയ ആറാം പ്ലേഗ്, കല്ലുമഴയും, കൊടുങ്കാറ്റും കൊണ്ടുവന്ന ഏഴാം പ്ലേഗ്, വെട്ടുകിളികൾ ഇറങ്ങിയ എട്ടാം പ്ലേഗ്, മൂന്നു ദിവസത്തേക്ക് ഈജിപ്തിനെ ഇരുട്ടിലാഴ്ത്തിയ ഒമ്പതാം പ്ലേഗ്, മനുഷ്യന്റെയും മൃഗങ്ങളുടെയും എല്ലാം കടിഞ്ഞൂൽ പ്രസവത്തിലെ പിള്ളേരെ അപഹരിച്ചുകൊണ്ട് കടന്നുപോയ പത്താം പ്ലേഗ് എന്നിവയാണ് അവ. ഈ ലോകത്ത് ഇന്ന് നടക്കുന്ന പലതിനും ഒരു ബിബ്ലിക്കൽ സാമ്യം തോന്നിയാലും കുറ്റം പറഞ്ഞുകൂടാ. അത്തരം ചില സാമ്യങ്ങളെപ്പറ്റിയാണ് ഇനി.
 

ഹോങ്കോങ്ങിൽ ആദ്യത്തെ പ്ലേഗിന്  സമാനമായി പായലുകൾ പൂത്തിറങ്ങി വെള്ളമാകെ ചോപ്പുനിറം പകർന്നത് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. റെഡ് ടൈഡ് എന്നറിയപ്പെടുന്ന ഈ ആൽഗകൾ പൂക്കുന്ന പ്രതിഭാസം, അതിനൊപ്പം സ്രവിപ്പിക്കുന്ന വിഷം കലർന്ന രാസവസ്തുക്കൾ മത്സ്യസമ്പത്തിന് ഏൽപ്പിക്കുന്ന ആഘാതം ചെറുതൊന്നുമല്ല. തവളയും, പേനും, ഈച്ചകളുമൊന്നും ഇതുവരെ വിരുന്നെത്തിയ മട്ടില്ലെങ്കിലും, അഞ്ചാം പ്ലേഗായ കന്നുകാലികളുടെ ചത്തൊടുങ്ങൽ നമ്മൾ പല മഹാവ്യാധികളാൽ പലയിടത്ത് കണ്ടു കഴിഞ്ഞു. എത്രയോ ലക്ഷം പന്നിക്കുട്ടന്മാരെ കൊന്നൊടുക്കാൻ ചൈനയെ നിർബന്ധിതമാക്കിയ ആഫ്രിക്കൻ പന്നിപ്പനിയുടെ ആക്രമണം, ഇന്ത്യയുടെ പലഭാഗങ്ങളിൽ പതിനായിരക്കണക്കിന് കോഴികളെ കൊന്നൊടുക്കാൻ കാരണമായ ഏവിയൻ ഇൻഫ്ളുവൻസ പക്ഷിപ്പനി, ചൈനയിലെ ചെമ്മീൻ കൃഷി ആകെ നശിപ്പിച്ച ഡെക്കാപ്പോഡ് ഇറിഡിസന്റ് വൈറസ് 1 (DIV1) എന്നിങ്ങനെ  മനുഷ്യൻ ഭക്ഷണത്തിനായി വളർത്തുന്ന കന്നുകാലികളെയും പക്ഷികളെയും മത്സ്യവർഗങ്ങളെയും കൊന്നൊടുക്കുന്ന നിരവധി രോഗങ്ങൾ ഭൂമിയിൽ വന്നുപോയ്ക്കഴിഞ്ഞു. അവ ഇനിയും വരാനുള്ള സാധ്യത നിലനിൽക്കുന്നു. യൂറോപ്പിലെ ഒലിവ് തോട്ടങ്ങളെയും, ലോകമെമ്പാടുമുള്ള വാഴപ്പഴ കൃഷിയെയും, തേൻ കൃഷിയെയും ഒക്കെ ബാധിച്ച ബാക്റ്റീരിയൽ ഫംഗൽ ആക്രമണങ്ങളും ഇതോട് ചേർത്തുതന്നെ വെക്കാം. 

 

 

ആറാമത്തെ പ്ലേഗിന് സമാനമായിട്ടാണ് ദേഹത്ത് പരുക്കൾ ഉണ്ടാക്കിക്കൊണ്ട് വന്നുപോയ എബോള എന്ന മാരകരോഗം. അതിനു ശേഷം പരുക്കൾ ഉണ്ടാക്കിയില്ല എങ്കിലും സാർസ്, മെർസ്, നിപ്പ, H1N1, ഡെങ്കി തുടങ്ങി മഹാവ്യാധികൾ പലതും ഭൂതലത്തിൽ വന്നുപോയി. ഈജിപ്തിൽ എന്തായാലും ഇതിന്റെ ഏഴയലത്തുളള രോഗങ്ങൾ വന്ന മട്ടില്ല. 

ഏഴാമത്തെ പ്ലേഗായി വേദപുസ്തകത്തിൽ പറയുന്നത് കല്ലുമഴയും പേമാരിയും കൊണ്ടുവരുന്ന പ്രചണ്ഡവാതങ്ങളെപ്പറ്റിയാണ്. കഴിഞ്ഞ ഇരുപതു വർഷങ്ങൾക്കിടയിൽ നിരന്തരം കൊടുങ്കാറ്റുകളുടെ അക്രമണത്തിനിരയാണ് അമേരിക്ക. ഓസ്‌ട്രേലിയയിലെ ബുഷ് ഫയർ തീപ്പിടുത്തങ്ങളും, ആമസോൺ  കാടുകളിൽ പടർന്നു പിടിച്ച കാട്ടുതീയും നമ്മുടെ പ്രളയങ്ങളും ഒക്കെ ഈ കണക്കിൽ പെടുത്താമെന്നു തോന്നുന്നു.

 

 

എട്ടാമത്തെ മഹാമാരിയായ വെട്ടുകിളികൾ കഴിഞ്ഞാൽ ഒമ്പതാമത്തേത്  ഈജിപ്തിനെ ഇരുട്ടിലാഴ്ത്തിയ മൂന്നു ദിനങ്ങളാണ്. ആർക്കും ആരെയും കാണാൻ വയ്യാത്തത്ര ഇരുട്ട് വ്യാപിച്ചിരുന്നു. ഒരാളും അവരുടെ വീടുകൾ വിട്ടിറങ്ങിയില്ല. എല്ലാവരും അവരവരുടെ വീടുകളിൽ തന്നെ കഴിഞ്ഞു. ആരും പുറത്തിറങ്ങിയതേയില്ല - എവിടെയോ കേട്ടിട്ടുണ്ട് എന്നല്ലേ?   ലോക്ക് ഡൗണുകളാണ് ഈ പ്ളേഗിനെപ്പറ്റി പറയുമ്പോൾ ഓർമയിലേക്ക് വരുന്നത്. മൂന്ന് ദിവസമാണോ, മൂന്നാഴ്ചയാണോ, മൂന്നു മാസമാണോ ഇരുട്ടും വീട്ടിൽ തന്നെയിരിപ്പും എന്നതേ ചോദ്യമുള്ളൂ. 

 

 

പത്താമത്തെ മഹാമാരി കൂടി തന്റെ ജനങ്ങൾക്കുമേൽ യഹോവവർഷിച്ച ശേഷമാണ് ഫറവോ തന്റെ കടുംപിടുത്തം വെടിഞ്ഞ് ഇസ്രായീൽ മക്കളെ സ്വതന്ത്രരാക്കിയത് - അത് കടിഞ്ഞൂൽ സന്തതികളുടെ മരണമായിരുന്നു. ഈയാഴ്ച ഐക്യരാഷ്ട്ര സംഘടനയുടെ വേൾഡ് ഫുഡ് പ്രോഗ്രാം (WFP) ലോകത്തിന് ഒരു മുന്നറിയിപ്പ് നല്കിയതോർക്കുന്നു. "കൊവിഡ് മഹാമാരി ചുരുങ്ങിയത് 13 കോടി പേരെ എങ്കിലും പട്ടിണികിടക്കാൻ നിർബന്ധിതരാക്കിയേക്കാം" എന്നതായിരുന്നു ആ മുന്നറിയിപ്പ്.  ഈ പട്ടിണി നിരവധി ക്ഷാമങ്ങൾക്കും കാരണമായേക്കാം എന്നും ഐക്യരാഷ്ട്ര സഭ അറിയിച്ചു. അല്ലെങ്കിൽ തന്നെ പട്ടിണിയുടെ വക്കിൽ നിൽക്കുന്നവരെ കൊവിഡ് കാരണം അടിച്ചേൽപ്പിക്കപ്പെടുന്ന ലോക്ക് ഡൗണുകൾ പൂർണമായ ക്ഷാമത്തിലേക്ക് തള്ളിവിട്ടേക്കാം എന്നാണ് യുഎന്നിന്റെ പ്രവചനം.  ഈജിപ്തിലെ കടിഞ്ഞൂൽ സന്തതികൾ  എന്നത് പുതുനാഗരികതകളിൽ അഭിരമിച്ചുകൊണ്ട് പ്രകൃതിയെ പരമാവധി ചൂഷണം ചെയ്തു പുളയ്ക്കുന്ന ആധുനിക മനുഷ്യനെ ഉദ്ദേശിച്ചാകാം പറഞ്ഞത്. 

 

 

ഫറവോയെ യഹോവശപിച്ചത് ഇസ്രായീൽ മക്കളെ സ്വതന്ത്രരാക്കാത്തതുകൊണ്ടാണെങ്കിൽ, നമ്മെ ശപിക്കാൻ കാരണങ്ങൾ ഏറെയുണ്ട്. അതിൽ ഏറ്റവും പ്രധാനമായത് പിറന്നു വീണ ഭൂമിയോട്, ഇവിടത്തെ പ്രകൃതിയോട് നമ്മൾ കാണിക്കുന്ന ക്രൂരതകൾ തന്നെയാണ്. പ്രകൃതിവിഭവങ്ങൾ ഇല്ലായ്മ ചെയ്യാൻ നമ്മൾ കാണിക്കുന്ന അമിത ഭോഗേച്ഛയാണ്. ഈജിപ്തുകാരോട് യഹോവപത്താമത്തെ മഹാമാരിക്ക് ശേഷം ക്ഷമിക്കുന്നുണ്ട്. മനുഷ്യന്റെ ശിക്ഷ പത്തു മഹാമാരികളിൽ നിന്നില്ലെങ്കിൽ എന്തുചെയ്യുമെന്നോർക്കുക. കടൽനിരപ്പ് ക്രമാതീതമായി ഉയർന്നാൽ, ഭൂതലത്തിൽ ഊഷ്മാവ് വർധിച്ചു വന്നാൽ, കടലിലെ മത്സ്യസമ്പത്ത് വറ്റിയാൽ, ധ്രുവങ്ങളിലെ മഞ്ഞുമലകൾ ഉരുകിയാൽ എന്തായിരിക്കും അവസ്ഥ?

അന്തമില്ലാത്ത ദുര ഒടുവിൽ ഈ മനുഷ്യരാശിയെ കൊണ്ടുചെന്നെത്തിക്കുക എല്ലാറ്റിനും അവസാനമുണ്ടാകുന്ന ഒരു ദിവസത്തിൽ തന്നെയായിരിക്കും. രാഷ്ട്രീയലാക്കുകളെല്ലാം മാറ്റിവെച്ച് ലോകമെമ്പാടുമുള്ള രാഷ്ട്രനേതാക്കൾ എല്ലാം ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കേണ്ടത് ഈ ഭൂതലത്തിലേക്ക് ഇനിയും മഹാമാരികൾ വന്നുകേറാതിരിക്കാൻ വേണ്ടിയാണ് . എല്ലാം എന്നുമെന്നും ഇതുപോലെ നിലനിന്നുപോകാനാണ്.