സീമയ്ക്ക് ആറ് സഹോദരങ്ങളുണ്ട്. മകൾക്ക് പുസ്തകം വാങ്ങാൻ പോലുമുള്ള ശേഷി ആ മാതാപിതാക്കൾക്കില്ല. അങ്ങനെയുള്ള അവർ എങ്ങനെയാണ് അവൾക്കായി ട്രൈസൈക്കിളും, സ്‌ട്രെച്ചറുമെല്ലാം വാങ്ങുന്നത്? അവളുടെ പഠിപ്പിന് വേണ്ടുന്ന എല്ലാ സഹായങ്ങളും ചെയ്യുന്നത് സ്‌കൂൾ അധ്യാപകരാണ്. 

രണ്ട് വർഷം മുൻപാണ് 10 വയസ്സുള്ള സീമ(10-year-old Seema)യ്ക്ക് ഒരു അപകടത്തിൽ ഇടതുകാൽ നഷ്ടപ്പെട്ടത്. ബിഹാറിലെ ജമുയി ജില്ല(Jamui district)യിലെ ഫത്തേപൂർ(Fatehpur) ഗ്രാമത്തിലാണ് അവളുടെ വീട്. ഒരു കാൽ നഷ്ടമായിട്ടും, അവളുടെ ആത്മവിശ്വാസത്തിന് എന്നാൽ തരിമ്പും കോട്ടം സംഭവിച്ചില്ല. പഠിക്കാനും, ജീവിതത്തിൽ വിജയിച്ച് കണിക്കാനും അവൾ ആഗ്രഹിച്ചു. തന്റെ അംഗവൈകല്യം ഒരിക്കലും അതിനൊരു തടസ്സമാവരുതെന്ന് അവൾ നിശ്ചയിച്ചു. വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ ദൂരമുണ്ട് അവൾ പഠിക്കുന്ന സ്കൂളിലേയ്ക്ക്. ഈ ഒറ്റക്കാലും വച്ച് മുടന്തി നടന്ന് അവൾ ദിവസവും സ്കൂളിൽ പോയി. അങ്ങനെ ഫത്തേപൂർ മിഡിൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി ഗ്രാമത്തിലെ മറ്റ് പെൺകുട്ടികൾക്ക് ഒരു മാതൃകയായി.

ഇപ്പോൾ അവളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് ശേഷം, രാജ്യമെമ്പാടുമുള്ള നെറ്റിസൺമാരുടെ ഹൃദയം അവൾ കവർന്നു. അവളുടെ ചങ്കൂറ്റത്തെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അഭിനന്ദിക്കുകയും, ബോളിവുഡ് നടൻ സോനു സൂദ് അവളെ സഹായിക്കാൻ മുന്നോട്ട് വരികയും ചെയ്തു. 

ഒരു പാവപ്പെട്ട കുടുംബത്തിലെ അംഗമാണ് സീമ. മൺകുടിലിലാണ് സീമയും കുടുംബവും താമസിക്കുന്നത്. അവളുടെ അമ്മ ബേബി ദേവിയ്ക്ക് ഇഷ്ടികച്ചൂളയിലാണ് ജോലി. അച്ഛൻ ഖീരൻ മാഞ്ചി സംസ്ഥാനത്തിന് പുറത്ത് കൂലിപ്പണി ചെയ്യുന്നു. സീമയ്ക്ക് ആറ് സഹോദരങ്ങളുണ്ട്. മകൾക്ക് പുസ്തകം വാങ്ങാൻ പോലുമുള്ള ശേഷി ആ മാതാപിതാക്കൾക്കില്ല. അങ്ങനെയുള്ള അവർ എങ്ങനെയാണ് അവൾക്കായി ട്രൈസൈക്കിളും, സ്‌ട്രെച്ചറുമെല്ലാം വാങ്ങുന്നത്? അവളുടെ പഠിപ്പിന് വേണ്ടുന്ന എല്ലാ സഹായങ്ങളും ചെയ്യുന്നത് സ്‌കൂൾ അധ്യാപകരാണ്. ഇത്രയൊക്കെ പ്രയാസം നേരിട്ടിട്ടും അവൾ ഒരു ദിവസം പോലും ക്ലാസ് മുടക്കാറില്ലെന്ന് അവളുടെ അധ്യാപകർ പറയുന്നു.

Scroll to load tweet…

റോഡപകടത്തിൽ ഇടതുകാൽ നഷ്ടപ്പെട്ട സീമ എങ്ങനെയാണ് അതിനെ മറികടന്നതെന്ന് മുത്തശ്ശി ലക്ഷ്മി ദേവി ഓർത്തു. "അപകടത്തെത്തുടർന്ന് അവൾക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, തനിക്ക് പഠിക്കാൻ ആഗ്രഹമുണ്ടെന്നും, സ്കൂളിൽ പോകണമെന്നും ഒരു ദിവസം അവൾ എന്നോട് പറഞ്ഞു. അവളുടെ ധൈര്യം കൊണ്ട് മാത്രമാണ് അവൾക്ക് ഇതിനെ തരണം ചെയ്യാൻ സാധിച്ചത്. ഒറ്റക്കാലിൽ നടന്ന് അവൾ സ്കൂളിൽ പോകാൻ തുടങ്ങി." ലക്ഷ്മി പറഞ്ഞു. ഭാവിയിൽ ഒരു അധ്യാപികയാകാനാണ് അവളുടെ ആഗ്രഹം.

വീഡിയോ വൈറലായതിന് ശേഷം ജാമുയി ഡിഎം അവനീഷ് കുമാർ സിംഗ് ബുധനാഴ്ച പെൺകുട്ടിയുടെ വീട് സന്ദർശിച്ച് അവൾക്ക് ഒരു ട്രൈസൈക്കിൾ സമ്മാനിച്ചു. "ഇത്രയേറെ ധൈര്യവും ഇച്ഛാശക്തിയുമുള്ള അവളെ ജില്ലാ ഭരണകൂടം സല്യൂട്ട് ചെയ്യുന്നു. ഗ്രാമത്തിലെ മറ്റ് പെൺകുട്ടികൾക്ക് പഠിക്കാനുള്ള പ്രേരണയാണ് അവൾ. അവൾക്ക് ഒരു കൃത്രിമക്കാൽ നൽകാനും ഞങ്ങൾ തീരുമാനിച്ചു. അത് ഞങ്ങൾ ഒരാഴ്ചയ്ക്കകം അവൾക്ക് നൽകും” അദ്ദേഹം പറഞ്ഞു. അവളുടെ കുടുംബത്തിന് അടച്ചുറപ്പുള്ള ഒരു വീടും അദ്ദേഹം വാ​ഗ്‍ദ്ധാനം ചെയ്തു.