തായ്‌ലൻഡിലെ രാജാവാണ് മഹാ വാജിറാലോങ്ങ്കോൺ. നാട്ടിൽ അദ്ദേഹം അറിയപ്പെടുന്നത് കിംഗ് രാമ പത്താമൻ എന്ന പേരിലാണ്. ഭരണഘടനാധിഷ്ഠിതമാണ് എങ്കിലും സാങ്കേതികമായി ഇന്നും രാജഭരണത്തിന്റെ കീഴിലാണ് തായ്‌ലൻഡ് ഉള്ളത്.  360 അംഗ പ്രതിനിധിസഭയും 270 അംഗ സെനറ്റും ഉൾപ്പെടുന്ന നാഷണൽ അസംബ്ളിയുടെ തലവനായ പ്രധാനമന്ത്രി ആണ് കാര്യങ്ങളൊക്കെ നിശ്ചയിച്ചു നടത്തുന്നത് എങ്കിലും, രാജാവിന് ഇന്നും തായ്‌ലൻഡിൽ അനിഷേധ്യമായ ഒരു സ്ഥാനമാണുള്ളത്. രാജാവിന്റെ റോയൽ ജീവിത രീതി നിലനിർത്താൻ വേണ്ടി ഇന്നും കോടിക്കണക്കിനു രൂപയുടെ നികുതിപ്പണം ചെലവിടുന്ന രാജ്യങ്ങളിൽ ഒന്നാണ് തായ്‌ലാൻഡും. നൂറ്റാണ്ടുകളായി തുടരുന്ന ആ രാജഭരണത്തിന്റെ ഇന്നത്തെ പ്രതിനിധിയാണ് കിംഗ് രാമ പത്താമൻ. 

രാജ്യത്ത് കൊവിഡ് പടർന്നു പിടിച്ച സമയത്ത്, അതായത് ഫെബ്രുവരി അവസാനത്തോടെ തന്റെ റോയൽ സംഘവുമായി തായ്‌ലൻഡ് വിട്ട്, തന്റെ സ്ഥിരം അവധിക്കാല സങ്കേതമായ ജർമനിയിലേക്ക് പോയതാണ് രാജാവ്. അവിടേക്കും കൊവിഡ് ഭീതി എത്തിയപ്പോൾ, രാജ്യം സമ്പൂർണ്ണ ലോക്ക് ഡൗണിലേക്കും, ജനങ്ങൾ ഏറെക്കുറെ ഐസൊലേഷനിലേക്ക് മാറിയപ്പോൾ, അവിടെയും തന്റെ സ്വാധീനത്താൽ വ്യത്യസ്തനാവുകയാണ് രാജാവ്. തെക്കൻ ജർമനിയിലെ സ്കീയിങ് റിസോർട്ട് ടൌൺ ആയ ഗാർമിഷ്-പാർട്ടൻക്രിഷനിലെ ഫോർസ്റ്റാർ ലക്ഷ്വറി ഹോട്ടൽ ആയ 'ഗ്രാൻഡ് ഹോട്ടൽ സോനൻബിഷെലിനെ മൊത്തമായി ബുക്ക് ചെയ്ത് അതിനെ ഒരു അന്തഃപുരമാക്കി മാറ്റി അവിടേക്ക് തന്റെ ഇരുപത് പരിചാരികമാരുമൊത്ത് 'സെൽഫ് ഐസൊലേഷനി'ലേക്ക് മാറ്റിയിരിക്കുകയാണ്.

 

 

താൻ മുഴുവനായി ബുക്ക് ചെയ്തതോടെ ഹോട്ടലിന് റെസിഡൻഷ്യൽ സ്റ്റാറ്റസ് കൈവന്നു എന്നും, പോരാത്തതിന് തന്റെ കൂടെയുള്ള സംഘത്തിന്റെ സ്വഭാവം 'ഹോമോജീനിയസ്' അഥവാ  'ഏകാത്മകം' ആണെന്നും,  അതിനാൽ അതിനുള്ളിൽ കൊവിഡ് ഭീതിയില്ല എന്നുമാണ് രാജാവിന്റെ വാദം. മാത്രമല്ല, കോവിഡ് സാധ്യത സംശയിച്ച സംഘത്തിലെ 119 പേരെ അദ്ദേഹം തിരികെ പറഞ്ഞയക്കുകയും ചെയ്തു. ആ പടുകൂറ്റൻ ഹോട്ടൽ സമുച്ചയത്തിൽ ഇപ്പോൾ അദ്ദേഹവും ഇരുപത് പരിചാരികമാരും, അവർക്ക് വേണ്ട സേവനങ്ങൾ നൽകാനായി അത്യാവശ്യം വേണ്ടുന്ന ഹോട്ടൽ ജീവനക്കാരും മാത്രമാണുള്ളത്. 

 

 

സാമൂഹ്യമാധ്യമങ്ങളിലൂടെ ലോകമെമ്പാടുമുള്ള തായ്‌ലൻഡുകാർ തങ്ങളുടെ രാജാവിന്റെ ഈ പരിഹാസ്യമായ നടപടിയെ വിമർശനങ്ങൾ കൊണ്ടും ട്രോളുകൾ കൊണ്ടും മൂടുകയാണ്. തങ്ങളുടെ ജീവൻ പോലും അപകടത്തിലാക്കിയാണ് അവരിൽ പലരും അത് ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്. രാജവാഴ്ചയ്ക്ക് ഇന്നും കാര്യമായ സ്വാധീനങ്ങളുള്ള തായ്‌ലൻഡിൽ 'രാജാവിനെ ദുഷിക്കുന്നതും കളിയാക്കുന്നതും അപമാനിക്കുന്നതും' ഒക്കെ അക്ഷന്തവ്യമായ അപരാധങ്ങളാണ്.  'Why do we need a king’ അഥവാ 'നമുക്കിങ്ങനെ ഒരു രാജാവിനെ പോറ്റേണ്ട കാര്യമുണ്ടോ' എന്നർത്ഥം വരുന്ന ഒരു വാചകം ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡിങ് ആയിരിക്കുകയാണ്തായ് ഭാഷയിൽ.   

 

 

തായ്‌ലൻഡ് കൊവിഡ് ഭീതിയിൽ പതിയെ സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക് നീങ്ങുകയാണ്. സ്ഥിരീകരിച്ച കേസുകൾ 1524 കടന്നു. മരണം ഒമ്പതായി. ഇങ്ങനെ രാജ്യമെമ്പാടും കൊറോണയുടെ ആശങ്കയും ആകുലതയും നടമാടുമ്പോഴാണ് അതിൽ നിന്നൊക്കെ ഒളിച്ചോടി രാജാവ് തന്റെ ഇരുപതോളം സഖിമാരുമൊത്ത് ഐസൊലേഷൻ ഹോളിഡേ ആഘോഷിക്കാൻ ബവേറിയയിലേക്ക് പോയത്. 

 

 

ഏഴു പതിറ്റാണ്ടോളം തായ്‌ലൻഡിലെ ജനപ്രിയ രാജാവായിരുന്ന പിതാവ് ഭൂമിബോൽ അതുല്യതേജിന്റെ നിര്യാണശേഷം 2016 സിംഹാസനത്തിൽ അവരോധിതനായ തായ്‌ലൻഡ് രാജാവ് മഹാ വാജിറാലോങ്ങ്കോണിന്റെ 'പ്ലേയ് ബോയ്' അഥവാ കാസനോവ സ്വഭാവം കുറേക്കാലമായി ഒളിഞ്ഞും തെളിഞ്ഞും ചർച്ചയിൽ വരുന്നതാണ്. ഭാര്യക്ക് പുറമെ നിരവധി യുവതികളെ ലൈംഗിക പങ്കാളികളായി സൂക്ഷിക്കുന്ന ഈ അറുപത്തെട്ടുകാരൻ സദാ വിദേശരാജ്യങ്ങളിൽ വിനോദസഞ്ചാരത്തിലാണ്. ഏറ്റവും ഒടുവിലായി ജർമനിയിലെ ഐസൊലേഷൻ നിയമങ്ങൾ പട്ടാപ്പകൽ ലംഘിച്ചുകൊണ്ട്  രാജാവ് ചെയ്തിരിക്കുന്ന ഈ അതിക്രമം അദ്ദേഹത്തിന്റെ ജനപ്രിയതയ്ക്ക് വീണ്ടും ഇടിവുണ്ടാക്കിയിരിക്കയാണ്.