Asianet News MalayalamAsianet News Malayalam

Covid 19 : കൂടെക്കിടക്കാന്‍ കൊവിഡ് പോസിറ്റീവായ സ്ത്രീയെ വേണം; ഈ വൈറല്‍ മെസേജിന്റെ രഹസ്യം!

"കൊവിഡ് പോസിറ്റീവാകണം. താല്‍പ്പര്യമുള്ള സ്ത്രീകള്‍ കൊവിഡ് പോസിറ്റീവാണ് എന്ന സര്‍ട്ടിഫിക്കറ്റുമായി വരണം. സെക്‌സിലേക്ക് ഒന്നും പോവണമെന്നില്ല, ഉമിനീരും ശ്വാസോച്ഛാസവും മറ്റും ശരീരത്തിലായാല്‍ മതി."

Thai man looks for covid infected woman for a date
Author
Thailand, First Published Jan 14, 2022, 5:54 PM IST

''കൂടെക്കിടക്കാനൊരു സ്ത്രീ വേണം, പക്ഷേ ഒരു കണ്ടീഷനുണ്ട്. അവള്‍ കൊവിഡ് പോസിറ്റീവ് ആയിരിക്കണം.'' തായ്‌ലാന്റിലെ ഒരു ലൈന്‍ മെസേജിംഗ് ഗ്രൂപ്പില്‍ വന്ന ഈ മെസേജാണ് ഇപ്പോള്‍ അവിടത്തെ പ്രധാന ചര്‍ച്ചാ വിഷയം. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് അതിവേഗമാണ് ഫേസ്ബുക്കില്‍ വൈറലായത്. 

എന്താണ് ഈ മെസേജിനു പിറകിലെ രഹസ്യം?  ആ നിലയിലേക്കാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. 

നാലു ദിവസം മുമ്പാണ് ഈ മെസേജ് പ്രചാരത്തിലായത്. ''കൊവിഡ് പോസിറ്റീവ് ആയ ഒരു പങ്കാളിയെ ഡേറ്റിംഗിന് വേണം. സമയം രാത്രി പത്തു മണി.''ഇങ്ങനെയാണ് ആ സന്ദേശം ആരംഭിക്കുന്നത്. തന്റെ ക്‌ളയന്റിനു വേണ്ടി എന്നു പറഞ്ഞാണ് ഒരാള്‍ ഈ സന്ദേശം പോസ്റ്റ് ചെയ്തത്.  

''എന്റെ ക്ലയന്റിന് കൊവിഡ് പോസിറ്റീവാകണം. താല്‍പ്പര്യമുള്ള സ്ത്രീകള്‍ കൊവിഡ് പോസിറ്റീവാണ് എന്ന സര്‍ട്ടിഫിക്കറ്റുമായി വരണം. െസക്‌സിലേക്ക് ഒന്നും പോവണമെന്നില്ല, ഉമിനീരും ശ്വാസോച്ഛാസവും മറ്റും ശരീരത്തിലായാല്‍ മതി. വരുന്ന സ്ത്രീക്ക് മൂവായിരം മുതല്‍ അയ്യായിരം വരെ തായി ബാത് (12,000 രൂപ) പ്രതിഫലം നല്‍കും.'' എന്നതായിരുന്നു മെസേജ്. ഈ പറഞ്ഞ വ്യവസ്ഥകളോടെ സ്ത്രീകളെ സംഘടിപ്പിച്ചു കൊടുക്കാന്‍ തയ്യാറുള്ള ആള്‍ക്ക് 600 ബാത് (1400 രൂപ) കമീഷന്‍ ഇനത്തില്‍ നല്‍കുമെന്നും സന്ദേശത്തില്‍ പറയുന്നു.  

ഈ മെസേജ് പുറത്തുവന്നതോടെ വലിയ തരത്തിലുള്ള ചര്‍ച്ചയാണ് തായ് ഫേസ്ബുക്ക് ഇടങ്ങളില്‍ നടക്കുന്നത്. ഇന്‍ഷുറന്‍സ് തുക തട്ടാനാണ് ഇങ്ങനെയൊരു ശ്രമം എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. 

തായ്‌ലാന്റില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ കൊവിഡ് -19 രോഗവും തങ്ങളുടെ പരിധിയില്‍ പെടുത്തിയിട്ടുണ്ട്. കൊവിഡ് ബാധിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം തായ് ബാത് (4.4 ലക്ഷം രൂപ) ആണ് ഇന്‍ഷുറന്‍സ് തുകയായി ലഭിക്കുക. ഇതിനെ തുടര്‍ന്ന് കൊവിഡ് പോസിറ്റീവ് ഇന്‍ഷുറന്‍സ് എടുക്കാന്‍ വലിയ തിരക്കാണ് ഇവിടെ. മഹാമാരിയുടെ തുടക്കത്തിലും 2021 പകുതിയിലുമായാണ് ഈ ഇന്‍ഷുറന്‍സ് പദ്ധതി ഏറെ പ്രചാരത്തില്‍വന്നത്. വര്‍ദ്ധിച്ച ഡിമാന്റിനെ തുടര്‍ന്ന് ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ ഈ പദ്ധതി പിന്‍വലിക്കുകയും തായിലാന്റിലെ ഇന്‍ഷുറന്‍സ് കമീഷന്‍ ഇതിനെ കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, ഇന്‍ഷുറന്‍സ് പ്രീമിയം പത്തു മടങ്ങിലേറെയായി വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

കൊവിഡ് വന്നതിനെ തുടര്‍ന്ന് വന്‍തുക ഇന്‍ഷുറന്‍സ് തുക ലഭിച്ച കുടുംബങ്ങള്‍ ആര്‍ത്തുല്ലസിക്കുന്ന വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്ന്, കൊവിഡ് രോഗം ബോധപൂര്‍വം വരുത്തിവെക്കുന്നവര്‍ക്കതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇന്‍ഷുറന്‍സ് അസോസിയേഷന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

കൊവിഡ് ബാധിച്ചയാള്‍ ഉപയോഗിച്ച ഇന്‍ഹേലറുകളും തായ്‌ലാന്റില്‍ ലഭ്യമാണെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വൈസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൊറോണ വൈറസ് അടങ്ങിയ ഇന്‍ഹേലറുകള്‍ എന്നു പറഞ്ഞാണ് ഇവ വില്‍ക്കപ്പെടുന്നത്. ഇന്‍ഷുറന്‍സ് തുക കിട്ടുന്നതിനായി കൊവിഡ് പോസിറ്റീവാകാന്‍ ഈ ഇന്‍ഹേലറുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതായി പറയുന്നു. 

അതിനിടെ, നേരത്തെ പറഞ്ഞ സന്ദേശത്തെക്കുറിച്ച് ഇന്‍ഷുറന്‍സ് കമ്പനികള്‍ അന്വേഷണം ആരംഭിച്ചതായും ആളെ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇന്‍ഷുറന്‍സ് അതോറിറ്റി ഈ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ബോധപൂര്‍വ്വം കൊവിഡ് രോഗം വരുത്തിവെക്കാന്‍ ശ്രമിക്കുകയാണെങ്കില്‍, തുക നല്‍കില്ലെന്ന് മാത്രമല്ല, ഇന്‍ഷുറന്‍സ് തട്ടിപ്പ് കുറ്റം ചുമത്തി ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും അതോറിറ്റി അറിയിച്ചു. ആരങ്കിലും ഇന്‍ഷുറന്‍സ് തുക കിട്ടുന്നതിന് ബോധപൂര്‍വ്വം കൊവിഡ് രോഗം വരുത്തിവെച്ചാല്‍, തടവുശിക്ഷയും മൂന്ന് ലക്ഷം ബാത് (6.6 ലക്ഷം രൂപ) പിഴശിക്ഷയും നേരിടേണ്ടി വരുമെന്ന് ഇന്‍ഷുറന്‍സ് അതോറിറ്റി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 

ടൂറിസത്തെ വ്യാപകമായി ആശ്രയിച്ചിരുന്ന സമ്പദ് വ്യവസ്ഥയാണ് തായ്‌ലാന്റിലേത്. കൊവിഡ് വന്നതിനു ശേഷം അതിര്‍ത്തികള്‍ അടച്ചത് ഇവിടത്തെ സമ്പദ് വ്യവസ്ഥയെ താറുമാറാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പണം കിട്ടാന്‍ ഏതു വഴിയും സ്വീകരിക്കുക എന്ന നിലയിലേക്ക് ആളുകള്‍ എത്തിയത് എന്നാണ് വിലയിരുത്തല്‍. 2017 -നു ശേഷമുണ്ടായ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യം നേരിടുന്ന തായ്‌ലാന്റില്‍ കൊവിഡ് കാലത്തിനു ശേഷം എട്ടു ലക്ഷം പേര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയായി എന്നാണ് കണക്കുകള്‍.  

Follow Us:
Download App:
  • android
  • ios