തായ്‌വാനിൽ കാമുകിയെ പ്രപ്പോസ് ചെയ്യാനെത്തിയ യുവാവ് ആഡംബര കാർ തെറ്റായി പാർക്ക് ചെയ്തതിനെ തുടർന്ന് പോലീസ് പിടിയിലായി. തുടർന്നുണ്ടായ പരിശോധനയിൽ കാറിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയതോടെ പ്രണയാഭ്യർത്ഥന അറസ്റ്റിലും വലിയ കേസിലും കലാശിച്ചു. 

പ്രപ്പോസൽ വീഡിയോയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ വലിയ കാഴ്ചക്കാരാണ് ഉള്ളത്. ഇഷ്ടപ്പെട്ട ആളെ പ്രപ്പോസൽ ചെയ്യാനായി, അതിന് പറ്റിയ തീമിന് വേണ്ടി പലരും പല ത്യാഗങ്ങളും സഹിക്കുന്നു. ഏറ്റവും ഒടുവിലായി ഒരു പ്രപ്പോസൽ വീഡിയോയ്ക്ക് വേണ്ടി തയ്യാറായി എത്തി, ഒടുവില്‍ പോലീസിന്‍റെ പിടിയിലായ ഒരു തായ് യുവാവിന്‍റെ അനുഭവം സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ചിരിപ്പിച്ചു. കഴിഞ്ഞ ജൂൺ 8 -നായിരുന്നു തായ്‌വാനിൽ ഈ സംഭവം നടന്നത്. അറസ്റ്റിലേക്കും നീണ്ട ജയില്‍ വാസത്തിലേക്കുമെത്തിയ ആ പ്രണയാഭ്യര്‍ത്ഥയുടെ കഥ ഇപ്പോൾ തായ് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

തെറ്റായി പാര്‍ക്ക് ചെയ്ത കാര്‍

സോങ്‌ഷാൻ ജില്ലയിലെ ഒരു നൂഡിൽസ് കടയ്ക്ക് പുറത്ത് 29 വയസ്സുള്ള ഹുവാങ് എന്ന യുവാവ് തന്‍റെ ആഡംബര മെഴ്‌സിഡസ് ബെൻസ് കാർ പാർക്ക് ചെയ്‌തു. സമ്മര്‍ദ്ദം മൂലം വാഹനം തെറ്റായ സ്ഥലത്താണ് യുവാവ് പാര്‍ക്ക് ചെയ്തത്. ഇത് സ്വാഭാവികമായും ഗതാഗതക്കുരുക്ക് ഉണ്ടാക്കി. ഇതോടെ മറ്റ് വാഹനങ്ങളിലെ യാത്രക്കാര്‍ തന്നെയാണ് പോലീസിനെ വിവരം അറിയിച്ചതും. പിന്നാലെ പോലീസ് സ്ഥലത്തെത്തി. തെറ്റായ് സ്ഥലത്ത് പാര്‍ക്ക് ചെയ്ത വാഹനം കസ്റ്റഡിയിൽ എടുത്തു. വാഹനം ഉടമയെ പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചപ്പോൾ അയാൾ അസ്വാഭാവികമായ രീതിയില്‍ അസ്വസ്ഥനായി. ഇതോടെ സംശയം തോന്നിയ പോലീസ് വാഹനം പരിശോധിച്ചപ്പോഴാണ് സത്യം പുറത്തായത്.

മയക്കുമരുന്ന് കേസിലേക്ക്

ഹുവാങ് എന്നാണ് കാറുടമയുടെ പേര്. അദ്ദേഹത്തോടൊപ്പം ഒരു യുവതിയും ഉണ്ടായിരുന്നു. തെറ്റായ സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്തതിനെ കുറിച്ച് ചോദിച്ചപ്പോൾ ഹുവാങ് അസ്വസ്ഥനായി. ഇതോടെയാണ് പോലീസ് വാഹനം പരിശോധിക്കാന്‍ തീരുമാനിച്ചത്. വാഹനം പരിശോധിച്ച പോലീസ് ഞെട്ടി, കാറിന് മുന്നില്‍ മധ്യഭാഗത്തായി ഒരു വെളുത്ത പൊടിയുടെ കവര്‍. മയക്ക് മരുന്ന് തിരിച്ചറിയാന്‍ തായ് പോലീസിന് വലിയ സമയം വേണ്ടിവന്നില്ല. ഇതോടെ റോങ് സൈഡ് പാര്‍ക്കിംഗിനോപ്പം മയക്കുമരുന്ന് കേസുമായി. വെറുമൊരു പാര്‍ക്കിംഗ് ലംഘനം കുറച്ച് കൂടി വലിയൊരു കേസിലേക്ക് നീങ്ങി. ഇതിനിടെ അസ്വസ്ഥനായ ഹുവാങ് പോലീസിനെ അക്രമിക്കാന്‍ ശ്രമം നടത്തി. ഇതോടെ പോലീസ് അദ്ദേഹത്തെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു.

വിൽ യു മാരി മീ

കസ്റ്റഡിയില്‍ വച്ച നടത്തിയ പരിശോധനയില്‍ ഹുവാങ് കെറ്റാമെന്‍ എന്ന രാസലഹരി ഉപയോഗിച്ചെന്ന് സമ്മതിച്ചു. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഹുവാങിന്‍റെ ശക്തമായ മയക്കുമരുന്ന് ബന്ധവും മറ്റ് കുറ്റകൃത്യങ്ങളും പോലീസ് ചികഞ്ഞെടുത്തു. കാറില്‍ നിന്നും മറ്റ് ചില തെളിവുകളും പോലീസ് കണ്ടെടുത്തു. എന്നാല്‍ പോലീസ് കാറിന്‍റെ ഡിക്കി തുറന്നപ്പോഴാണ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയത്. അവിടെ ഒരു വലിയ ബാനർ മടക്കി വച്ചിരുന്നു. അത് തുറന്ന് നോക്കിയ പോലീസ് കണ്ടത് 'Will You Marry Me' എന്ന് വലിയ അക്ഷരങ്ങളില്‍ എഴുതിയതാണ്. ഹുവാങ് തന്‍റെ കാമുകിയോട് വിവാഹ അഭ്യര്‍ത്ഥനയ്ക്കായി എത്തിയതായിരുന്നു. പോലീസിനോട് ഹുവാങ് ഇത് സമ്മതിക്കുമ്പോൾ ആദ്യം ഞെട്ടിയത് കാമുകയാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സംഗതി എന്താണെങ്കിലും ഹുവാങിന്‍റെ ബാനറിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമത്തില്‍ വൈറലായി. പിന്നാലെ പ്രണയമാണെങ്കിൽ പോലും സത്യസന്ധവും ധാര്‍മ്മികവുമല്ലെങ്കില്‍ അത് പരാജയപ്പെടുമെന്ന് നിരവധി പേരാണ് എഴുതിയത്.