ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ബാരൻ ദ്വീപിൽ അടുത്തിടെ രണ്ട് തവണ പൊട്ടിത്തെറിയുണ്ടായി. സെപ്റ്റംബറിലുണ്ടായ ഈ ചെറിയ സ്ഫോടനങ്ങൾക്ക് കാരണം ഭൂകമ്പമാണെന്ന് കരുതുന്നു. 1787-ൽ ആദ്യമായി ഈ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. 

ന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം ഭൂകമ്പത്തെത്തുടർന്ന് പൊട്ടിത്തെറിച്ചു. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലാണ് ഇന്ത്യയിലെ ഒരേയൊരു സജീവ അഗ്നിപർവ്വതമുള്ളത്. ഇത് കഴിഞ്ഞ ദിവസങ്ങളിൽ രണ്ടുതവണയാണ് പൊട്ടിത്തെറിച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സെപ്റ്റംബർ 13-നും 20-നുമായിരുന്നു ആ പൊട്ടിത്തെറികൾ. പോർട്ട് ബ്ലെയറിൽ നിന്ന് 140 കിലോമീറ്റർ അകലെയാണ് ജനവാസമില്ലാത്ത ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.

രണ്ട് സ്ഫോടനങ്ങൾ

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ബാരൻ ദ്വീപിലുള്ള ഈ അഗ്നിപർവ്വതത്തിൽ എട്ട് ദിവസത്തിനുള്ളിലുണ്ടായ രണ്ട് പൊട്ടിത്തെറികളും തരതമ്യേന ചെറിയ പൊട്ടിത്തെറികളാണെന്ന് ഈ രംഗത്തെ വിദഗ്ദര്‍ അറിയിച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ഔദ്യോഗിക രേഖകൾ പ്രകാരം 2022 -ലാണ് ഈ അഗ്നിപര്‍വ്വതം ഇതിന് മുമ്പ് പൊട്ടിത്തെറിച്ചത്. അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ നിന്നും പുറന്തള്ളപ്പെട്ട ചാരവും ലാവ ഉറച്ചുണ്ടായ പാറകളും കൊണ്ടാണ് ഈ ദ്വീപ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. പ്രദേശത്തെ ജനവാസമില്ലാത്ത ദ്വീപുകളിലൊന്നാണ് ബാരന്‍ ദ്വീപ്.

Scroll to load tweet…

ബാരൻ ദ്വീപ്

ബാരന്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത് ഇന്ത്യൻ, ബർമീസ് ടെക്റ്റോണിക് പ്ലേറ്റുകളുടെ സംഗമസ്ഥാനത്താണ്. ഇതാണ് ഇവിടെ അഗ്നിപര്‍വ്വതം സജീവമാകാന്‍ കാരണവും. 8.34 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണ് ബാരൻ ദ്വീപ്. ഇവിടെ നിന്നും ഏകദേശം 140-150 കിലോമീറ്റർ അകലെയുള്ള സ്വരാജ് ദ്വീപ് (ഹാവ്‌ലോക്ക് ദ്വീപ്), നാർകൊണ്ടം ദ്വീപ് എന്നിവയാണ് ഏറ്റവും അടുത്തുള്ള ജനവാസ കേന്ദ്രങ്ങൾ. 1787-ലാണ് ബാരൻ ദ്വീപിൽ ആദ്യത്തെ അഗ്നിപര്‍വ്വത സ്ഫോടനമുണ്ടായതെന്ന് ആൻഡമാൻ നിക്കോബാർ ഭരണകൂടത്തിന്‍റെ കണക്കുകൾ അവകാശപ്പെടുന്നു. പിന്നീട് നീണ്ട കാലത്തെ സുഷുപ്തിക്ക് ശേഷം 1991, 2005, 2017, 2022 എന്നി വര്‍ഷങ്ങളിൽ അഗ്നി പര്‍വ്വതത്തില്‍ നിന്നും ചെറിയ പൊട്ടിത്തെറികൾ ഉണ്ടായെന്നും സീസ്മോളജി കണക്കുകൾ കാണിക്കുന്നു.