ബെംഗളൂരുവിൽ 'സോംബി ഡ്രഗ്' ഉപയോഗിച്ചതെന്ന പേരിൽ പ്രചരിച്ച വീഡിയോയിലെ യുവാവിനെ കുറിച്ച് വെളിപ്പെടുത്തലുമായി പൊലീസ്. മയക്കുമരുന്നിന്റെ ഉപയോഗമല്ല യുവാവ് അങ്ങനെ നില്‍ക്കാന്‍ കാരണമെന്നും വീഡിയോ പ്രചരിപ്പിക്കും മുമ്പ് പരിശോധിക്കണമെന്നും പൊലീസ്.
വ്യാപകമായി കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പ്രചരിച്ചിരുന്നു. ബെംഗളൂരുവിൽ നിന്നും പകർത്തിയിരിക്കുന്ന ഈ ദൃശ്യങ്ങളിൽ അനങ്ങാതെ ഏറെ നേരം നിൽക്കുന്ന ഒരു യുവാവിനെയാണ് കാണുന്നത്. ഇത് ബെംഗളൂരുവിലും 'സോംബി ഡ്രഗ്' എത്തി എന്ന് പറഞ്ഞാണ് വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. എന്നാൽ, അതിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് പൊലീസ്.
വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് സംഭവത്തെ കുറിച്ച് ബെംഗളൂരു സിറ്റി പൊലീസ് അന്വേഷണം നടത്തിയത്. ബഗലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള നിട്ടെ മീനാക്ഷി ഇൻസ്റ്റിറ്റ്യൂട്ടിന് സമീപത്തായിരുന്നു യുവാവ് നിന്നിരുന്നത്. അന്വേഷണത്തിൽ യുവാവിനെ പൊലീസ് കണ്ടെത്തി. ഉടൻ തന്നെ യുവാവിനെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. യുവാവിന്റെ രക്തപരിശോധനയിൽ യാതൊരുവിധ മയക്കുമരുന്നിന്റെയോ സൈക്കോട്രോപിക് പദാർത്ഥങ്ങളുടെയോ സാന്നിധ്യം കണ്ടെത്തിയിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. ആരോഗ്യപ്രശ്നം കാരണമാണ് യുവാവ് അനങ്ങാതെ നിന്നത്. ആർത്രൈറ്റിസിന് മരുന്ന് കഴിക്കുന്നയാളാണ് യുവാവ്. ഡോക്ടർ നിർദ്ദേശിച്ച മരുന്നിനൊപ്പം മദ്യം കൂടി കഴിച്ചതോടെ ശാരീരികാസ്വസ്ഥതയുണ്ടായി, ഒപ്പം ആശയക്കുഴപ്പത്തിലുമായി. അതോടെയാണ് വീഡിയോയിൽ കണ്ടതുപോലെ അനങ്ങാതെ നിന്നത് എന്നും പൊലീസ് പറയുന്നു. മൂന്നുമാസം മുമ്പ് ജീവിക്കാനായി തൊഴിൽ തേടി നഗരത്തിലെത്തിയ യുവാവാണ് ഇത് എന്നും പൊലീസ് പറഞ്ഞു.
'എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നതിനു മുമ്പ് ചിന്തിക്കുക. തെറ്റായ വിവരങ്ങൾ സത്യത്തേക്കാൾ വേഗത്തിൽ പരക്കുന്നു. അതിന്റെ ഫലം കൂടുതൽ കാലം നിലനിൽക്കുന്നതാണ്. ഉത്തരവാദിത്തമുള്ളവരായിരിക്കുക. എന്തെങ്കിലും പ്രചരിപ്പിക്കുന്നതിനു മുമ്പ് അത് സത്യമാണോ എന്ന് പരിശോധിക്കുക' എന്നും പൊലീസ് എക്സിൽ (ട്വിറ്റർ) പങ്കുവച്ച പോസ്റ്റിൽ പറയുന്നു. ഒപ്പം, മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള സംശയം തോന്നുകയാണെങ്കിൽ അത് പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഉത്തരവാദിത്തപ്പെട്ടവരെ അറിയിക്കുക, മയക്കുമരുന്നിനോട് പൊലീസിന് വിട്ടുവീഴ്ചയില്ല എന്നും പൊലീസ് പറഞ്ഞു.
