ജോർദാൻ ഭാഗ്യവാനായിരുന്നു. വെറും ഭാഗ്യവാനല്ല. അതീവ ഭാഗ്യവാൻ. ആ ഭാഗ്യം അയാളെ തേടിച്ചെല്ലാൻ ഒരിത്തിരി താമസിച്ചു എന്ന് മാത്രം. തന്റെ മുപ്പത്തൊന്നാമത്തെ വയസ്സിലാണ് ജോർദാനെ തേടി അയാളുടെ ജീവിതത്തിലേക്ക് ഭാഗ്യം കടന്നുവന്നത്. കിട്ടിയതോ ഒന്നും രണ്ടുമല്ല 1536  ഏക്കറിൽ പരന്നു കിടക്കുന്ന കോൺവെൽ എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശവും.

ജോർദാന്റെ അമ്മ അവന്റെ എട്ടാമത്തെ വയസ്സിൽ തന്നെ ഒരു രഹസ്യം തന്റെ മകനെ അറിയിച്ചിരുന്നു. ടൗണിലെ ഏറ്റവും കോടീശ്വരന്മാരിൽ ഒരാളായ ചാൾസ് റോജേഴ്‌സ് ആണ് അവന്റെ അച്ഛനെന്ന വിവരം. എന്നാൽ അച്ഛനെ ഒരിക്കലും അതും പറഞ്ഞ് ചെന്ന് ബുദ്ധിമുട്ടിക്കരുത് എന്നും അവർ മകനോട് പറഞ്ഞിരുന്നു. 

 


ജോർദാന്റെ അമ്മ മരിച്ചു. വളരെ കഷ്ടപ്പെട്ട് തന്റെ കാമുകിയും കൈക്കുഞ്ഞുമൊത്തുള്ള ജോർദാന്റെ ജീവിതം അവന്റെ ആശുപത്രിയിലെ ഹെൽപ്പർ ജോലിയുടെ ബലത്തിൽ മുന്നോട്ടു പോവുന്നതിനിടെയാണ് അവൻ പത്രത്തിൽ ഒരു വാർത്ത വായിക്കുന്നത്, ചാൾസ് റോജേഴ്‌സ് എന്ന തന്റെ അച്ഛനെ, തന്റെ എസ്റ്റേറ്റിനുള്ളിൽ മയക്കുമരുന്നിന്റെ ഓവർഡോസ് കാരണം മരിച്ച നിലയിൽ കണ്ടെത്തി എന്നതായിരുന്നു. വിവരമറിഞ്ഞ് അവൻ പോലീസുമായി ബന്ധപ്പെട്ടു.  കാരണം, അവിവാഹിതനായിരുന്ന ചാൾസ് റോജേഴ്‌സിന്റെ കോടിക്കണക്കിനു രൂപയുടെ സ്വത്തിന് വേറെ ഒരു അടുത്ത ബന്ധുവിനും അവകാശമുണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്ന ഒരു സഹോദരൻ ചെറുപ്പത്തിൽ തന്നെ കാൻസർ ബാധിതനായി മരിച്ചു പോയിരുന്നു. ചാൾസിന്റെ അച്ഛൻ, ജോർദാന്റെ മുത്തച്ഛൻ,  ലെഫ്റ്റനന്റ് കമാണ്ടർ ജോൺ  റോജേഴ്‌സ് 2012-ൽ മരണപ്പെട്ടിരുന്നു. ഇനി ഏറ്റവും അടുത്ത രക്തബന്ധുവായി ഇക്കണ്ട സ്വത്തെല്ലാം അനുഭവിക്കേണ്ടുന്നയാൾ താനാണെന്ന് ജോർദാൻ തിരിച്ചറിഞ്ഞു. 

ഒരൊറ്റ കുഴപ്പം മാത്രം. ചാൾസിന്റെ മകനാണ് താൻ എന്നത് അമ്മ പറഞ്ഞു കേട്ടുള്ള അറിവുമാത്രമേ ജോർദാന്  ഉണ്ടായിരുന്നുള്ളൂ. മുമ്പൊരിക്കൽ, അമ്മയുടെ മരണം കഴിഞ്ഞയുടനെ, അച്ഛൻ ചാൾസിനെ ചെന്നുകണ്ട് താൻ മകനാണെന്ന വിവരം ജോർദാൻ വെളിപ്പെടുത്തിയിരുന്നു. അന്ന്, ഡിഎൻഎ ടെസ്റ്റ് റിസൾട്ടും കൊണ്ടുവന്നാൽ അംഗീകരിക്കാം എന്ന മറുപടിയാണ് ചാൾസ് നൽകിയത്. എന്നാൽ അതിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെ ചാൾസ് അവിചാരിതമായി ദുർമരണപ്പെടുകയാണുണ്ടായത്. 

 

ചാൾസിന്റെ മരണ ശേഷം ജോർദാൻ ആ ടെസ്റ്റുമായി മുന്നോട്ടുപോവാതിരിക്കാൻ പരമാവധി പരിശ്രമങ്ങൾ ചാൾസിന്റെ അകന്ന ബന്ധുക്കളിൽ നിന്നും സ്വാഭാവികമായും ഉണ്ടായി. എന്നാൽ അതിനെയൊക്കെ അതിജീവിക്കാൻ പോന്ന ഒരു തുറുപ്പു ചീട്ട് ജോർദാന്റെ കയ്യിലുണ്ടായിരുന്നു. ചാൾസ് എന്ന കോടിപതിയുമായി ജോർദാനെന്ന ദരിദ്രനാരായണനുണ്ടായിരുന്ന അസാമാന്യമായ രൂപസാമ്യമായിരുന്നു അത്.  അതിന്റെ ബലത്തിൽ,കോടതി വഴി, ഡിഎൻഎ ടെസ്റ്റിനുള്ള അനുമതി കിട്ടി. ടെസ്റ്റ് കഴിഞ്ഞു ഫലം വന്നതോടെ ജോർദാന്റെ അവകാശവാദങ്ങൾക്ക് നിയമപരമായ സാധുതയും കിട്ടി. 

1771-ൽ റോജേഴ്‌സ് കുടുംബം സ്വന്തമാക്കിയ ഈ വലിയ എസ്റ്റേറ്റിലെ നല്ലൊരു ഭാഗം  മുത്തച്ഛനായ ലെഫ്റ്റനന്റ് കമാണ്ടർ ജോൺ റോജേഴ്‌സ് 'നാഷണൽ ട്രസ്റ്റ്' എന്ന സന്നദ്ധ സംഘടനയ്ക്ക് എഴുതിക്കൊടുത്തെങ്കിലും, അവിടെ അടുത്ത ആയിരം വർഷത്തേക്ക് തന്റെ അനന്തരാവകാശികൾക്ക് കഴിയാനുള്ള ലീസും ഒപ്പിട്ടുവാങ്ങിയിരുന്നു. അതിനുള്ളിലെ പെൻറോസ് ഹൗസ്‌ എന്ന മാളികയിലേക്ക് കുടുംബ സമേതം താമസം മാറ്റിയിരിക്കുകയാണ് ജോർദാൻ ഇപ്പോൾ. ഒരു ചെറുവിരൽ പോലും അനക്കാതെ ആഴ്ച തോറും ജോർദാന് ഏതാണ്ട് ഒരു ലക്ഷം രൂപ വെച്ച് വാടകയിനത്തിൽ കിട്ടും ജോർദാന്. എസ്റ്റേറ്റിലെ കൃഷിയിടങ്ങളുടെ വാടകയ്ക്ക് പുറമേ സ്റ്റോക്കുകളിലും മറ്റും നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനവും ഇനി ജോർദാനും കുടുംബത്തിന് സ്വന്തമാണ്. 

ഭാഗ്യം വന്നു മുന്നിൽ അവതരിച്ചപ്പോഴും ഒരു സങ്കടം ജോർദാനെ ഇന്നും അലട്ടുന്നുണ്ട്. അച്ഛൻ ചാൾസ് ജീവിച്ചിരുന്ന കാലത്ത് ആ ഡിഎൻഎ ടെസ്റ്റ് നടത്തി താൻ മകനാണെന്ന സത്യം അദ്ദേഹത്തെ അറിയിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം. ആ സത്യമറിഞ്ഞിരുനെങ്കിൽ ഒരു പക്ഷേ, തന്നോടുള്ള പെരുമാറ്റത്തിൽ ഒരു മകനോടുള്ള ആർദ്രത അദ്ദേഹം കാണിച്ചിരുന്നേനെ എന്ന് ജോർദാൻ പറയുന്നു. അപ്രതീക്ഷിതമായി കിട്ടിയ ഈ സൗഭാഗ്യത്തിൽ താൻ ജീവിക്കുന്ന സമൂഹത്തോടുള്ള കടപ്പാട് മറന്നു പെരുമാറാൻ ജോർദാൻ തയ്യാറില്ല. ഒരു ചാരിറ്റി സംഘടന തുടങ്ങുമെന്നും നാട്ടിലെ പാവപ്പെട്ടവരുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങൾക്ക് മുൻകൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.