ഇന്ത്യ കാത്തുകാത്തിരുന്ന റഫാൽ വിമാനങ്ങളുടെ ആദ്യ ലോട്ടിന്റെ ഡെലിവറിക്കായി അഞ്ചു വിമാനങ്ങൾ ഫ്രാൻസിലെ ദസൗ ഏവിയേഷന്റെ റൺവേയിൽ നിന്ന് ഇന്ത്യൻ മണ്ണ് ലക്ഷ്യമാക്കി ടേക്ക് ഓഫ് ചെയ്തു. ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെ അത് അംബാലയിലെ എയർബേസിന്റെ റൺവേയിൽ ടച്ച് ഡൌൺ ചെയ്തു. ഈ ക്വിക്ക് ഡെലിവെറിക്ക് പിന്നിൽ പ്രവർത്തിച്ച കരങ്ങൾ ആരുടെതെന്ന് കണ്ടെത്താൻ സോഷ്യൽ മീഡിയക്ക് ഏറെ നേരമൊന്നും വേണ്ടിവന്നില്ല. അദ്ദേഹത്തിന്റെ പേര് ഹിലാൽ അഹമ്മദ് റാഥേര്‍ എന്നായിരുന്നു.

നിലവിൽ ഫ്രാൻസിലെ ഇന്ത്യയുടെ 'എയർ അറ്റാഷെ' ആണ് എയർ കമ്മഡോർ ഹിലാൽ അഹമ്മദ് റാഥേര്‍. ദക്ഷിണ കശ്മീരിലെ അനന്ത നാഗ് സ്വദേശിയാണ് റാഥേര്‍. ഇന്ത്യയിലേക്കുള്ള അഞ്ചു റഫാൽ വിമാനങ്ങളുടെ ഡെലിവറി വേഗത്തിലാക്കാൻ വേണ്ടി കരുക്കൾ നീക്കിയ റാഥേര്‍ തന്നെയാണ് അവയെ ഇന്ത്യയിലേക്ക് 'സീ ഓഫ്' ചെയ്തതും. ഇന്ത്യയുടെ ആവശ്യങ്ങൾക്കനുസൃതമായി റഫാൽ വിമാനങ്ങളെ 'കസ്റ്റമൈസ്' ചെയ്തെടുക്കാനും വേണ്ട അത്യാധുനിക മിസൈൽ സംവിധാനങ്ങൾ തിരഞ്ഞെടുക്കാനും ഒക്കെ പ്രവർത്തിച്ചതും കമ്മഡോർ റാഥേര്‍ തന്നെയാണ് എന്ന് പറയപ്പെടുന്നു. 

 

 
അനന്ത നാഗിൽ ഒരു മധ്യവർഗ കുടുംബത്തിൽ, പൊലീസ് ഇൻസ്‌പെക്ടറുടെ മകനായി ജനിച്ച ഹിലാൽ കഠിന പരിശ്രമത്തിലൂടെയാണ് വ്യോമസേനയിൽ പ്രവേശനം നേടുന്നത്. പരിശീലനത്തിന് ശേഷം 1988 ഡിസംബർ 17 നാണ് ഹിലാൽ അഹമ്മദ് റാഥേര്‍ ഭാരതീയ വ്യോമസേനയിലേക്ക് കമ്മീഷൻ ചെയ്യപ്പെടുന്നത്. എൻഡിഎയിലെ പരിശീലനം സ്വോർഡ്‌ ഓഫ് ഓണർ നേടിയാണ് റാഥേര്‍ പൂർത്തിയാക്കിയത്.  ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജി(DSSC)ൽ ഉയർന്ന മാർക്കോടെ ഗ്രാജ്വേറ്റ് ചെയത ശേഷം അമേരിക്കയിലെ എയർ വാർ കോളേജിൽ നിന്നും അദ്ദേഹം ഡിസ്റ്റിംക്ഷനോടെ ഉന്നത പഠനം പൂർത്തിയാക്കി.

1993 -ൽ അദ്ദേഹം ഫ്ലൈറ്റ് ലെഫ്റ്റനന്റ് ആകുന്നു. 2004 വിങ് കമാണ്ടർ, 2016 -ൽ ഗ്രൂപ്പ് ക്യാപ്റ്റൻ, 2019 -ൽ എയർ കമ്മഡോർ പദവികൾ അദ്ദേഹത്തെ തേടിയെത്തി. വ്യോമസേനയുടെ വായു സേനാ മെഡൽ, വിശിഷ്ട സേവാ മെഡൽ എന്നീ അംഗീകാരങ്ങൾ നേടിയിട്ടുള്ള ഈ ഡെക്കറേറ്റഡ് ഫൈറ്റർ പൈലറ്റിന്, മിറാഷ് മുതൽ റഫാൽ വരെ  വിവിധ പോർവിമാനങ്ങളിലായി 3000 ഫ്ളയിങ് അവേഴ്‌സിന്റെ പരിചയവും ഉണ്ട്.

2019 -ൽ അന്നത്തെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പങ്കെടുത്ത ഒരു ചടങ്ങിൽ ഗ്രൂപ്പ് ക്യാപ്റ്റൻ ആനന്ദിനൊപ്പം കമ്മഡോർ റാഥേര്‍ ശസ്ത്രപൂജാ ചടങ്ങ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി പ്രചരിച്ചിരുന്നു. 

 

 മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റൻ വിവേക് വിക്രം ഉൾപ്പടെ ഏഴംഗ വ്യോമസേന സംഘമാണ് ഫ്രാൻസിൽ നിന്ന് റഫാലുകൾ ഇന്ത്യയിൽ എത്തിച്ചത്.

 

 

 

ഇന്ത്യയുടെ ആകാശത്തേക്ക് റഫാലുകൾക്ക് അകമ്പടി സേവിക്കാൻ വേണ്ടി അംബാല എയർ ബേസിൽ നിന്ന് രണ്ട് സുഖോയ് യുദ്ധവിമാനങ്ങളും  രാകി ഓഫ് ചെയ്തിരുന്നു. ഒടുവിൽ ഉച്ചക്ക് മൂന്നുമണിയോടെ അംബാലയിലെ വ്യോമസേന താവളത്തിൽ അഞ്ച് വിമാനങ്ങളും ഇറങ്ങി. ജലാഭിവാദ്യം നൽകി വ്യോമസേന റഫാലുകളെ സ്വീകരിച്ചു. മൂന്ന് അത്യാധുനിക മിസൈലുകളുടെ കരുത്തോടെ ഒരുമാസത്തിനുള്ളിൽ റഫാൽ വ്യോമസേനയുടെ ഭാഗമാകും.