ലോകമെമ്പാടുമുള്ള യുവജനപ്രക്ഷോഭങ്ങളില്‍ ലൂഫിയുടെ ഈ പതാക പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2023-ല്‍ ഇന്തോനേഷ്യയിലെയും ന്യൂയോര്‍ക്കിലെയും പലസ്തീന്‍ അനുകൂല പ്രകടനങ്ങളിലാണ് ഈ പതാക ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ പിന്നീട് ഇത് പല രാജ്യങ്ങളിലെയും ജെന്‍ സി…..

ലോകമെമ്പാടും അഴിമതിക്കും സാമൂഹിക അസമത്വത്തിനും ഏകാധിപത്യത്തിനുമെതിരെ ജെന്‍ സി പ്രതിഷേധം ഉയരുമ്പോള്‍, അവരുടെ പോരാട്ടങ്ങള്‍ക്ക് പുതിയൊരു മുഖമുദ്രയുണ്ട്: 'സ്‌ട്രോ-ഹാറ്റ് പൈറേറ്റ്‌സ്' എന്ന കടല്‍ക്കൊള്ള സംഘത്തിന്റെ പതാക. വൈക്കോല്‍ തൊപ്പിയണിഞ്ഞ ഒരു തലയോട്ടിയും അസ്ഥികൂടവും. ജാപ്പനീസ് അനിമേയായ 'വണ്‍ പീസി'ലെ കടല്‍ക്കൊള്ളക്കാരുടെ പതാക എങ്ങനെയാണ് ജെന്‍സി പ്രക്ഷോഭത്തിന്റെ കൊടിക്കൂറയായത്?

ഏതാണ് ഈ പതാക?

'വണ്‍ പീസ്' എന്ന പ്രശസ്തമായ ജാപ്പനീസ് മാംഗ, ആനിമേഷന്‍ പരമ്പരയിലാണ് ലോകം ആ പതാക കണ്ടത്. കഥാനായകനായ മങ്കി ഡി ലൂഫി എന്ന പയ്യന്റെ നേതൃത്വത്തിലുള്ള കടല്‍ക്കൊള്ളക്കാരുടെ കൊടിയടയാളമാണ് അത്. കറുത്ത പശ്ചാത്തലത്തില്‍ വെള്ള നിറത്തിലുള്ള തലയോട്ടിയും അതിനു താഴെ X ആകൃതിയില്‍ ക്രമീകരിച്ച രണ്ട് അസ്ഥികളുടെയും ചിത്രമാണ് ഈ പതാകയിലുള്ളത്. സ്‌ട്രോ-ഹാറ്റ് പൈറേറ്റ്‌സ് എന്നുപേരുള്ള സംഘം സഞ്ചരിക്കുന്ന കപ്പലിലുള്ളത് ആ കൊടിയാണ്. ജോളി റോജര്‍ എന്ന പേരുള്ള ഈ പതാകയുമാണ് റബ്ബര്‍ ശരീരമുള്ള ലൂഫി കടല്‍ക്കൊള്ളക്കാരുടെ രാജാവാകുക എന്ന സ്വപ്‌നത്തിലേക്ക് നടന്നുചെല്ലുന്നത്. അതിരുകളില്ലാത്ത സ്വാതന്ത്ര്യമാണ് ആത്യന്തികമായി അവന്‍ ആഗ്രഹിക്കുന്നത്. ഈ ലക്ഷ്യത്തിലേക്കുള്ള യാത്ര അടിച്ചമര്‍ത്തുന്ന ഭരണാധികാരികളെയും അഴിമതി നിറഞ്ഞ 'വേള്‍ഡ് ഗവണ്‍മെന്റി'നെയും ഇവര്‍ എതിര്‍ക്കുന്നു. ലോകമെങ്ങും വന്‍ ഹിറ്റായി മാറിയ 'വണ്‍ പീസ്' മുന്നോട്ടുവെക്കുന്ന പതാക തങ്ങളുടെ നിരാശകള്‍ പ്രകടിപ്പിക്കാന്‍ ഏറ്റവും യോജിച്ച ചിഹ്നമായി പുതുതലമുറ കാണുന്നുവെന്ന് വേണം കരുതാന്‍.

ലോകത്തെ വിറപ്പിച്ച ജെന്‍സി പ്രക്ഷോഭങ്ങള്‍

ലോകമെമ്പാടുമുള്ള യുവജനപ്രക്ഷോഭങ്ങളില്‍ ലൂഫിയുടെ ഈ പതാക പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2023-ല്‍ ഇന്തോനേഷ്യയിലെയും ന്യൂയോര്‍ക്കിലെയും പലസ്തീന്‍ അനുകൂല പ്രകടനങ്ങളിലാണ് ഈ പതാക ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ പിന്നീട് ഇത് പല രാജ്യങ്ങളിലെയും ജെന്‍ സി പ്രതിഷേധങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി.

ഇന്തോനേഷ്യയില്‍ ഈ വര്‍ഷം ഓഗസ്റ്റില്‍, രാഷ്ട്രീയക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്കെതിരെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങളില്‍, തെരുവുകളിലും ഭിത്തികളിലെ ചുവരെഴുത്തുകളിലും ബൈക്ക് റാലികളിലുമെല്ലാം ഈ പതാക പാറിപ്പറന്നു.

ഭരണകൂടത്തെ വിറപ്പിച്ച നേപ്പാളിലെ പ്രക്ഷോഭത്തിലും കണ്ടു ഈ പതാക. സമൂഹമാധ്യമങ്ങളുടെ നിരോധനവും, അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങളും പ്രധാനമന്ത്രിയുടെ രാജിക്ക് വഴിവെച്ചപ്പോള്‍, പ്രതിഷേധക്കാര്‍ കത്തിച്ച അധികാര കേന്ദ്രമായ സിംഗ് ദര്‍ബാറിന്റെ കവാടത്തിന് പുറത്ത് ഈ 'വണ്‍ പീസ്' പതാക തൂങ്ങിക്കിടന്നു.

ഫിലിപ്പീന്‍സില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിലെ അഴിമതിക്കെതിരെ ആയിരക്കണക്കിന് പേര്‍ പ്രതിഷേധിച്ചപ്പോഴും ഈ പതാക ലോകം കണ്ടു.

ഈ ആഴ്ച മഡഗാസ്‌കറില്‍ വെള്ളത്തിന്റെയും വൈദ്യുതിയുടെയും ക്ഷാമത്തിനെതിരെ യുവാക്കള്‍ പ്രസിഡന്റ് ആന്‍ഡ്രി രാജോലിനയുടെ ഭരണകൂടത്തെ അട്ടിമറിച്ച പ്രക്ഷോഭത്തിലും ഈ ചിഹ്നം ഉയര്‍ന്നു കണ്ടു. ഫ്രാന്‍സ്, യുഎസ്എ, പെറു തുടങ്ങിയ രാജ്യങ്ങളിലും ഈ പതാക പ്രത്യക്ഷപ്പെട്ടു.

ഡിജിറ്റല്‍ യുഗത്തിലെ ഐകദാര്‍ഢ്യം

ജെന്‍സി പ്രതിഷേധങ്ങള്‍ക്ക് ഇത്രയധികം ആഗോളബന്ധം ലഭിക്കുന്നതില്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. അതിര്‍ത്തികള്‍ അസാധുവാക്കുന്ന പൊതുവായ ഇന്റര്‍നെറ്റ് സംസ്‌കാരത്തില്‍ വളര്‍ന്ന ഈ തലമുറയ്ക്ക്, ഒരു മീം അല്ലെങ്കില്‍ പതാക എന്നിവയ്ക്ക് ലോകമെമ്പാടും ഒരേ അര്‍ത്ഥം നല്‍കാന്‍ കഴിയും.

മൊറോക്കോയിലെ ആരോഗ്യരംഗത്തെ ഫണ്ടിന്റെ കുറവിനെതിരായ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത് 'GenZ 212' എന്ന ഒരു ഡിസ്‌കോര്‍ഡ് സെര്‍വറില്‍ നിന്നാണ്. ടിക് ടോക്, ഇന്‍സ്റ്റഗ്രാം, ഡിസ്‌കോര്‍ഡ്, സിഗ്‌നല്‍ തുടങ്ങിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി അവര്‍ അതിവേഗം അണിനിരക്കുകയും ഐകദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു.

ജെന്‍ സി പ്രതിഷേധം കേവലം രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്കപ്പുറം തങ്ങള്‍ പങ്കുവെക്കുന്ന പോപ്പ് കള്‍ച്ചര്‍ ചിഹ്നങ്ങളിലൂടെയാണ് പ്രതീകാത്മകമായി ശക്തിപ്പെടുന്നത്. സിനിമകളിലെ 'ഹംഗര്‍ ഗെയിംസ്' സല്യൂട്ട്, ഇന്റര്‍നെറ്റ് മീമായ 'പെപ്പെ ദി ഫ്രോഗ്', 'വി ഫോര്‍ വെന്‍ഡെറ്റ' മാസ്‌ക് തുടങ്ങിയവയും മുന്‍പ് പല പ്രക്ഷോഭങ്ങളുടെയും മുഖമുദ്രയായിട്ടുണ്ട്.

തങ്ങളുടെ നിരാശകളും സ്വാതന്ത്ര്യാഭിലാഷവും പ്രകടിപ്പിക്കാന്‍, ഒരു അനിമേ കഥാപാത്രത്തിന്റെ പതാകയെ ചിഹ്നമായി സ്വീകരിച്ചുകൊണ്ട്, ജെന്‍ സി തങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് പുതിയൊരു ഡിജിറ്റല്‍, സാംസ്‌കാരിക മാനം നല്‍കുകയാണ്.