ഹെല്‍മറ്റ് ധരിച്ച ഒരു യുവാവ് നീല വസ്ത്രം ധരിച്ച യുവതിയുടെ ചുണ്ടുകളില്‍ ചുംബിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. കമിതാക്കളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ  ഓഫീസിനരികെ നില്‍ക്കുന്ന ജനകീയ പ്രക്ഷോഭകരെയും കാണാം. 

രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് ജനകീയ പ്രതിഷേധം കത്തിപ്പടരുന്ന ശ്രീലങ്കയില്‍നിന്നും സവിശേഷമായ ഒരു ഫോട്ടോ വൈറലായി. ആയിരക്കണക്കിനാളുകള്‍ പ്രതിഷധിക്കുന്ന ഇടത്ത് വെച്ച്, ഒരു യുവതിയും യുവാവും ചുണ്ടുകളില്‍ ചുംബിക്കുന്ന ചിത്രമാണ് െവെറലായത്. കലാപങ്ങള്‍ക്കിടയിലും പ്രണയത്തിന് ഒരിടമുണ്ടെന്ന മട്ടില്‍ ശ്രീലങ്കയ്ക്കു പുറത്ത് സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായ ചിത്രം എന്നാല്‍, ലങ്കയില്‍ അത്ര നല്ല പ്രതികരണമല്ല സൃഷ്ടിച്ചത്. പ്രതിഷേധത്തിന്റെ സ്വഭാവം മാറ്റുന്ന വിധത്തിലാണ് കമിതാക്കളുടെ ചുംബനമെന്നാണ് ലങ്കന്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗമാളുകള്‍ ഉയര്‍ത്തുന്ന പ്രതിഷേധം. എന്നാല്‍, പ്രതിഷേധത്തിനിടയിലുള്ള ചുംബനത്തെ മോശമായി കാണേണ്ട എന്ന അഭിപ്രായക്കാരും ശ്രീലങ്കയിലുണ്ട്. 

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നട്ട തിരിയുന്ന ശ്രീലങ്കയില്‍ കഴിഞ്ഞ ആഴ്ചയാണ് ജനകീയപ്രക്ഷോഭം വന്‍കലാപമായി മാറിയത്. ജനങ്ങളുടെ മാര്‍ച്ചുകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നേരെ സൈന്യത്തെയും പൊലീസിനെയും ഇറക്കിവിടുന്ന സര്‍ക്കാര്‍ നിലപാടുകള്‍ പുല്ലുപോലെ കണക്കാക്കിയാണ് പ്രക്ഷോഭകര്‍ തെരുവിലിറങ്ങിയത്. തുടര്‍ന്ന് ആയിരക്കണക്കിനാളുകള്‍ പ്രസിഡന്റിന്റെ കൊട്ടാരം വളയുകയും പേടിച്ചുവിറച്ച പ്രസിഡന്റ് ഗോത്തബയ രജപക്‌സെ രായ്ക്കുരാമാനം നാടുവിടുകയുമായിരുന്നു. ഇതോടെ വീണ്ടും കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ആയിരങ്ങള്‍ വീണ്ടും തെരുവിലിറങ്ങുകയും സൈന്യം അടക്കം ഇതിന് അനുകൂലമായ നിലപാട് എടുക്കുകയും ചെയ്തു. അതിനിടെ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ ഔദ്യോഗിക വസതിക്ക് കലാപകാരികള്‍ തീയിടുകയും ചെയ്തു. അരാജകത്വം നിലവില്‍വന്ന ലങ്കയില്‍ ഇതുവരെ നിയമവാഴ്ച നടപ്പായിട്ടില്ല. 

Scroll to load tweet…


അതിനിടെയാണ്, പ്രതിഷേധം രാജ്യവ്യാപകമായി പടര്‍ന്നത്. പ്രതിഷേധങ്ങളുടെ പല തരം ചിത്രങ്ങള്‍ക്കിടയിലാണ് കലാപത്തിനിടെയുള്ള ചുംബന രംഗം പുറത്തുവന്നത്. ഹെല്‍മറ്റ് ധരിച്ച ഒരു യുവാവ് നീല വസ്ത്രം ധരിച്ച യുവതിയുടെ ചുണ്ടുകളില്‍ ചുംബിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. കമിതാക്കളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനരികെ നില്‍ക്കുന്ന ജനകീയ പ്രക്ഷോഭകരെയും കാണാം. സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്ന ചിത്രം അതിവേഗമാണ് ലോകമാകെ വൈറലായത്. ശ്രീലങ്കന്‍ പ്രക്ഷോഭത്തിന്റെ വ്യത്യസ്തമായ ചിത്രം എന്ന നിലയിലാണ് ഈ ഫോട്ടോഗ്രാഫ് സ്വീകരിക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പല തരം ചര്‍ച്ചകളാണ് നടക്കുന്നത്. ലങ്കയ്ക്കു പുറത്ത് പൊതുവെ ഈ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാല്‍, പ്രക്ഷോഭത്തിന് നിറം കെടുത്തുന്ന വിധത്തിലുള്ള ഉത്തരവാദിത്തമില്ലായ്മയുടെ സൂചനയാണ് ഈ ചിത്രമെന്നാണ് ശ്രീലങ്കന്‍ സോഷ്യല്‍ മീഡിയയില്‍നിന്നുയര്‍ന്ന വിമര്‍ശനം. എന്നാല്‍, ഈ ഫോട്ടോയ്ക്ക് കൈയടിക്കുന്നവരും ലങ്കന്‍ സോഷ്യല്‍ മീഡിയയിലുണ്ട്. 

കലാപ കലുഷിതമായ ശ്രീലങ്കയില്‍ പ്രധാനമന്ത്രിയായ റെനില്‍ വിക്രമസിംഗെ ആക്ടിങ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മുമ്പാകെയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍, റെനില്‍ വിക്രമസിംഗെയെ അംഗീകരിക്കില്ലെന്ന നിലപാടാണ് പ്രക്ഷോഭകര്‍ക്ക്. പുതിയ പ്രധാനമന്ത്രിയെ നാമനിര്‍ദേശം ചെയ്യുന്നത് തീരുമാനിക്കാന്‍ പാര്‍ലമെന്റ് സമ്മേളനം ചേരും. എസ് ജെ ബി പാര്‍ട്ടി നേതാവ് സജിത് പ്രേമദാസയുടെ പേര് പ്രതിപക്ഷം മുന്നോട്ട് വെച്ചേക്കുമെന്നാണ് അറിയുന്നത്. 

സ്പീക്കര്‍ ആക്ടിങ് പ്രസിഡന്റാകണമെന്നാണ് പ്രക്ഷോഭകാരികളുടെ ആവശ്യം. ഗോ ഹോം റെനില്‍ എന്ന് പുതിയ ബാനറുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം അരങ്ങൂതകര്‍ക്കുന്നത്. റെനില്‍ രാജി വയ്ക്കാതെ പ്രസിഡന്റ് ഓഫീസ് ഒഴിയില്ലെന്ന് പ്രക്ഷോഭകര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രസിഡന്റിന്റെ കൊട്ടാരത്തിനകത്ത് പ്രക്ഷോഭകര്‍ വീണ്ടും പ്രവേശിച്ചിട്ടുണ്ട്. പ്രധാന ഇടങ്ങളിലെല്ലാം ടെന്റുകള്‍ സ്ഥാപിച്ച് പ്രക്ഷോഭകാരികള്‍ ഇവിടെ തന്നെ തുടരുകയാണ്.