Asianet News MalayalamAsianet News Malayalam

ചെന്നായ വിശപ്പടക്കി പിന്മാറിക്കഴിഞ്ഞാൽ, ആകാശത്തുനിന്ന് താടിക്കാരൻ കഴുകൻ താഴെയിറങ്ങി വന്ന് എല്ലുകൾ കൊത്തും

 ചെന്നായ പോകുന്നിടത്തെല്ലാം, തലക്കുമുകളിൽ കഴുകന്റെ സാന്നിധ്യമുണ്ടാകും. തികഞ്ഞ ക്ഷമയോടെ, ഒരു നിഴൽ പോലെ അത് ആ ചെന്നായയെ പിന്തുടരും.

the bearded vulture that stalks the snow wolf to survive in freezing cold alps mountains
Author
Alps, First Published Mar 2, 2020, 3:50 PM IST

ഗ്രീക്ക് മിത്തോളജിയിൽ എസ്‌കലസ്‌ എന്നൊരു നാടകക്കാരനുണ്ടായിരുന്നു. 'തലയ്ക്കു മുകളിൽ നിന്ന് വന്നുവീഴുന്ന എന്തോ ഒന്നിനാൽ തലപിളർന്നുകൊണ്ടാവും നിന്റെ അന്ത്യമെന്ന്' ഒരിക്കൽ അയാളോട് ഏതോ പ്രവാചകൻ പറഞ്ഞു. അതുകേട്ടപ്പോൾ മുതൽ മരണഭയത്താൽ പരിഭ്രാന്തനായി നടപ്പായി എസ്‌കലസ്‌. മേൽക്കൂര ഇടിഞ്ഞു വീഴുമെന്നു ഭയന്ന് അയാൾ വീട്ടിനുള്ളിൽ ഉറങ്ങിയില്ല. കൊമ്പൊടിഞ്ഞു വീണെങ്കിലോ എന്ന വേവലാതിയാൽ മരച്ചുവട്ടിൽ ചെന്ന് നിന്നില്ല. തലക്കുമീതെ ശൂന്യാകാശം മാത്രമുള്ളിടങ്ങളിൽ കഴിച്ചുകൂട്ടി ദിനരാത്രങ്ങൾ എസ്‌കലസ്‌. ഒടുവിൽ മരണമടുത്തപ്പോൾ ഒരു പരുന്ത്, ഇരയായി പിടികൂടിയ ആമയെ കാലിൽ ഇറുക്കിപ്പിടിച്ച് എടുത്ത് പറന്നു പൊങ്ങി, തലയ്ക്കു മുകളിൽ എത്തിയപ്പോൾ വെട്ടിത്തിളങ്ങുന്ന അയാളുടെ കഷണ്ടി കണ്ട് പാറപ്പുറമെന്നു ധരിച്ച് ആ ആമയെ അയാളുടെ തലയിലേക്ക് ഇട്ടു എന്നും, അത്ര ഉയരെനിന്ന് അത് വന്ന് തലക്ക് പതിച്ചതിന്റെ ആഘാതത്താൽ അയാൾ കൊല്ലപ്പെട്ടു എന്നുമാണ് കഥ. 
 

the bearded vulture that stalks the snow wolf to survive in freezing cold alps mountains
 

ഈ കഥ മിക്കവാറും നുണക്കഥയാകാനാണ് സാധ്യത. അത്ര കൃത്യതയോടെ ഇടണമെങ്കിൽ അതൊരു ഒന്നൊന്നര ഇടീൽ ആകണം. പക്ഷേ, അങ്ങനെ ആമകളെ പിടികൂടി പാറപ്പുറത്തിട്ട് പുറന്തോടടർത്തി, ഉള്ളിലെ സ്വാദിഷ്ടമായ മാംസം ആഹരിക്കാനുള്ള ബുദ്ധി ചിലയിനം പരുന്തുകൾക്ക് ഉണ്ട് എന്നത് സത്യമാണ്. പറയാൻ പോവുന്നത് അതിലും വിശേഷപ്പെട്ട ഒരിനം ശവംതീനിക്കഴുകനെപ്പറ്റിയാണ്. കാണാൻ നല്ല ഭംഗിയാണ് ഈ കഴുകന്മാർക്ക്. വെളുപ്പും കറുപ്പും ഇടകലർന്ന നിറം. നല്ല വെളുത്ത താടി. ആഫ്രിക്കയിലെയും, ഏഷ്യയിലെയും, യൂറോപ്പിലെയും മഞ്ഞുമൂടിക്കിടക്കുന്ന മലനിരകളിൽ മാത്രമാണ് ഇവ കണ്ടുവരുന്നത്.  
 

the bearded vulture that stalks the snow wolf to survive in freezing cold alps mountains

 

'ലാമെർജീയർ' എന്നും 'ഓസ്സിഫ്രേജ്' എന്നും പേരുകളുള്ള ഈ താടിക്കാരൻ കഴുകച്ചാർ അടിസ്ഥാനപരമായി ഒരു ശവംതീനിയാണ്. എന്നാൽ, ഇതിന്റെ ആഹാരക്രമത്തിൽ 95 ശതമാനവും ഒരേയൊരു വിശിഷ്ടഭോജ്യമാണ്. എല്ലിൻ കഷ്ണങ്ങൾ. മഞ്ഞുറഞ്ഞു കിടക്കുന്നആൽപ്സ് പർവ്വതനിരകളിലെ ചെന്നായ്ക്കളെപ്പറ്റി ഡോകുമെന്ററി പിടിക്കാനിറങ്ങിയ ബിബിസി സംഘം അക്കൂട്ടത്തിൽ ഒരു ചെന്നായയുടെയും, അതിന്റെ പിന്നാലെ തന്നെ കറങ്ങുന്ന ഒരു കഴുകന്റേയും ജീവിതം കാമറയിൽ പകർത്തി. 

 

ബഹുരസമാണ്  കഴുകച്ചാർക്ക് ചെന്നായുമായുള്ള ആത്മബന്ധം. ചെന്നായ് പോകുന്നിടത്തെല്ലാം, തലക്കുമുകളിൽ കഴുകന്റെ സാന്നിധ്യമുണ്ടാകും. തികഞ്ഞ ക്ഷമയോടെ, ഒരു നിഴൽപോലെ അത് ആ ചെന്നായയെ പിന്തുടരും. ചെന്നായയ്‌ക്കാണെങ്കിൽ വല്ലാത്ത ഘ്രാണശക്തിയാണ്.  ഈ പിന്തുടരൽ സാധാരണ കഴുകന്മാരുടെ പിന്തുടരലിൽ നിന്ന് വ്യത്യസ്തമാണ്. സാധാരണഗതിയിൽ ഒരു കഴുകൻ ഭൂമിയിലെ ഒരു ജന്തുവിനെ വട്ടമിട്ടു പറക്കുന്നത് അതൊന്നു ചത്തുകിട്ടുന്നതും കാത്തുകൊണ്ടാണ്. അക്കാര്യത്തിൽ അപാരമായ ക്ഷമയുള്ള വർഗമാണ് കഴുകന്മാർ. എത്രനേരം വേണമെങ്കിലും അവ ഇരയുടെ പതനത്തിനായി കാത്തിരിക്കും. ഒടുവിൽ ചത്തതോ അർദ്ധപ്രാണനായതോ ആയ ഇരയെ അവർ അടുത്ത് പറന്നിറങ്ങിച്ചെന്നു കൊത്തിവലിക്കും. അതാണ് പതിവ്. എന്നാൽ, ഈ വെള്ളത്താടിക്കാരൻ കഴുകച്ചാർ ചെന്നായയുടെ പിന്നാലെ കൂടിയിരിക്കുന്നത് അത് ചത്തുകിട്ടാൻ വേണ്ടിയല്ല. അതിന്റെ പ്ലാൻ മറ്റൊന്നാണ്. 

ചെന്നായയ്‌ക്കു വിശന്നാൽ അതിങ്ങനെ മണം പിടിച്ചു പിടിച്ചു നടക്കും. മഞ്ഞുമലയിൽ എവിടെയെങ്കിലും ചത്തുമലച്ചു കിടക്കുന്ന റെയിൻഡീയറിനെയോ മറ്റേതെങ്കിലുമൊരു ഇരയെയോ തപ്പിയെടുക്കും ഒടുവിൽ ചെന്നായ. ചെന്നായയ്‌ക്ക് ഇര കിട്ടി എന്നറിഞ്ഞാൽ പിന്തുടരലും പറക്കലും നിർത്തി അത് ചെന്നായ തന്റെ മൃഷ്ടാന്ന ഭോജനം നടത്തുന്നതിന്റെ അടുത്തുള്ള ഏതെങ്കിലും പാറക്കെട്ടിന്മേൽ പറന്നിറങ്ങി, ചിറകുകൾ ഒതുക്കി, വിശ്രമിക്കും. അവിടെയും തികഞ്ഞ ക്ഷമയാണ് താടിക്കാരൻ കഴുകന്. ചെന്നായ ആഹരിക്കുന്ന മാംസത്തിൽ നിന്ന് ഒരു പങ്കൊന്നും ആഗ്രഹിക്കുന്നവനല്ല ഈ കഴുകൻ. ചെന്നായ കഴിച്ചു തീരും വരെ കാത്തിരിക്കാൻ അവൻ തയ്യാർ. അവനുവേണ്ടത് ചെന്നായയുടെ അത്താഴം കഴിയുമ്പോൾ അവശേഷിക്കുന്ന എല്ലിൻ കൂടു മാത്രമാണ്. 

 

the bearded vulture that stalks the snow wolf to survive in freezing cold alps mountains

 

തനിക്ക് വേണ്ടത് തിന്നുതീർത്ത ശേഷം ചെന്നായ് ഇരയെ ഉപേക്ഷിച്ചു മാറുമ്പോൾ കഴുകൻ അടുത്തുചെല്ലും. അവൻ മറ്റുകഴുകന്മാരിൽ നിന്ന് വ്യത്യസ്തനാണ് എന്ന് നേരത്തെ പറഞ്ഞല്ലോ. അവന് ഇറച്ചിയോ തോലോ ഒന്നും വേണ്ട. ചെന്നായ് ഉപേക്ഷിച്ച ഇരയുടെ ശരീരത്തെ അവൻ വലിയ എല്ലിൻ കഷ്ണങ്ങളായി ഭാഗിക്കും. അതും കൊക്കിൽ ഒതുക്കി അമ്പത് മീറ്ററോളം ഉയരത്തിലേക്ക് പറന്നുയരും. അവിടെ ഏതെങ്കിലും പാറയുടെ മുകളിൽ എത്തുമ്പോൾ കൊക്കിലെ എല്ല് അവൻ താഴേക്ക് ഇട്ടുകളയും. താഴെ വീഴുന്ന എല്ലിൻ കഷ്ണങ്ങൾ പലതായി മുറിയും. ഇങ്ങനെ തന്റെ തൊണ്ടയ്ക്ക് പാകത്തിന് വലിപ്പത്തിൽ ആകും വരെ കഴുകച്ചാർ ഈ എല്ലുകൾ ആകാശത്തേക്ക് കൊത്തിയെടുത്ത് കൊണ്ടുപോയി താഴേക്ക് ഇട്ടുകൊണ്ടിരിക്കും. താഴെ പാറപ്പുറത്തേക്ക് പറന്നിറങ്ങി ആ എല്ലിൻ കഷ്ണങ്ങൾ ഒന്നൊന്നായി കൊത്തിയെടുത്ത് വിഴുങ്ങും നമ്മുടെ കഴുകച്ചാർ. 

ഒരർത്ഥത്തിൽ വിശന്നുവലഞ്ഞു നടക്കുന്ന ചെന്നായ്ക്കളാണ് ഭൂമിയിൽ ഇരയ്ക്കുവേണ്ടി കഷ്ടപ്പെട്ട് തക്കം പാർത്തിരിക്കുന്നതും, ഒരു തീറ്റയ്ക്കുള്ള വക തേടി മണത്തുമണത്ത് മഞ്ഞിൽ തേരാപ്പാരാ നടക്കുന്നതും, അപൂർവം ചിലയവസരങ്ങളിൽ വേട്ടയാടി വേണ്ടത്ര മാംസം അടങ്ങിയ വന്യമൃഗങ്ങളുടെ മൃതദേഹം ഒപ്പിച്ചെടുക്കുകയും ഒക്കെ ചെയ്യുന്നത്.   വിശേഷിച്ച് ഒരു പണിയും എടുക്കാതെ, ഈ ചെന്നായ്ക്കളെ പിന്തുടരുക മാത്രം ചെയ്യുന്ന താടിക്കാരൻ കഴുകൻ ഒടുവിൽ തന്റെ  ഇഷ്ടഭോജ്യമായ എല്ലിൻ കഷ്ണങ്ങൾ വിശേഷിച്ച് ഒരു പ്രയാസവും കൂടാതെ ഒപ്പിച്ചെടുക്കുന്നു. 

 

the bearded vulture that stalks the snow wolf to survive in freezing cold alps mountains

എങ്ങനെ ഈ എല്ലുകൾ അവൻ ദഹിപ്പിക്കുമെന്നല്ലേ? താടിക്കാരൻ കഴുകച്ചാരുടെ ആമാശയത്തിനുള്ളിലാണ് ലോകത്തിലേക്കും വെച്ച് ഏറ്റവും ശക്തമായ ദഹനരസം അഥവാ ആസിഡ് ഉത്പാദിപ്പിക്കപ്പെടുന്നത്. അതുകൊണ്ട് മറ്റുള്ള മാംസഭുക്കുകൾ ദഹിക്കില്ലെന്നുള്ള കാരണത്താൽ ഉപേക്ഷിക്കുന്ന എല്ലുകൾ അവയ്ക്ക് സ്വാദിഷ്ടമായ ഭക്ഷണമായി മാറുന്നു. അതുകൊണ്ടുതന്നെ അവയ്ക്ക് ഇരപിടിക്കുക എന്നത് ഈ മഞ്ഞുമലകളിലെ ചെന്നായ്ക്കളുടെ പിന്നാലെ വിടാതെ കൂടുക എന്ന താരതമ്യേന എളുപ്പമുള്ള പണിയായി മാറുന്നു.  

എന്നാൽ ഇവയുടെ ഈ ശീലം തന്നെയാണ് ഇവയ്ക്ക് ഭീഷണിയാകുന്നതും. വേട്ടക്കാർക്ക് ഈ എല്ലുതീനി കഴുകന്മാരെ പിടിക്കുക എന്നതും എളുപ്പമുള്ള പണിയാകുന്നു. നിലത്ത് ചത്തുകിടക്കുന്ന മൃഗങ്ങളുടെ ജഡങ്ങളിൽ വിഷം കലർത്തുക എന്ന ഒരു എളുപ്പപ്പണി മാത്രം എടുത്താൽ മതി. താഴേക്ക് പറന്നിറങ്ങി ആ വിഷം കഴിച്ച് ചത്തോളും തന്നെത്താൻ ഈ കഴുകന്മാർ. ഇങ്ങനെയുള്ള വേട്ടയാടലുകൾ കാരണം വംശനാശത്തിന്റെ വക്കിലെത്തി നിൽക്കുന്നവർ കൂടിയാണ് ഈ വിശേഷയിനം താടിക്കാരൻ എല്ലുതീനി കഴുകന്മാർ. 

Follow Us:
Download App:
  • android
  • ios