Asianet News MalayalamAsianet News Malayalam

ഇന്ത്യകണ്ട ഏറ്റവും വലിയ ഫ്രോഡ് ആരാണ്? തട്ടിപ്പിനെ ഒരു കലയാക്കി അതിനെ ഉപാസിച്ചു ഈ വിദ്വാൻ

താജ് മഹൽ മൂന്നുവട്ടവും, റെഡ് ഫോർട്ട് രണ്ടുവട്ടവും, രാഷ്‌ട്രപതി ഭവൻ ഒരിക്കലും ഇന്ത്യയിൽ ടൂറിസ്റ്റുകളായെത്തിയ സായിപ്പന്മാർക്ക് വിറ്റുകാശാക്കിയിട്ടുണ്ട് നമ്മുടെ നട്‌വര്‍ലാൽ. ടാറ്റ, ബിർള, മിത്തൽ, അംബാനി അങ്ങനെ പല പ്രമുഖരും നട്‌വര്‍ലാലിന്റെ തട്ടിപ്പുകൾക്കിരയായി പണം നഷ്ടപ്പെടുത്തിയിട്ടുണ്ട്. 

The biggest con man india has ever seen, the man who sold Tajmahal thrice, the legendary fraudster Natwarlal
Author
Delhi, First Published Nov 26, 2019, 5:04 PM IST

രണ്ടുതരം തട്ടിപ്പുകാരുണ്ട് ഈ ലോകത്ത്. ഒന്ന്, തട്ടിപ്പിനെ ഉപജീവനമാക്കിയവർ. രണ്ട്, തട്ടിപ്പ് ഒരു  കലയാക്കി അതിനെ ഉപാസിച്ചു ജീവിക്കുന്നവർ. രണ്ടാമത് പറഞ്ഞ കൂട്ടത്തിലാണ്, ഇന്ത്യ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ തട്ടിപ്പുകാരനായ, മിഥിലേഷ് കുമാർ ശ്രീവാസ്തവയുടെ സ്ഥാനം. പേര് കേട്ടിട്ടില്ല എന്നാണോ? ഇത് ആ മനുഷ്യന്റെ വീട്ടുകാർ ഇട്ട പേരാണ്. അത് തികയില്ല എന്ന് ബോധ്യപ്പെട്ട അയാൾ ഇടയ്ക്കിടെ പുതിയ പേരുകൾ സ്വീകരിച്ചുകൊണ്ടിരുന്നു. ഓരോതവണ പേരുമാറ്റുമ്പോഴും അതിനെ സാധൂകരിക്കാനുള്ള രേഖകളും അയാൾ സ്വയം ചമച്ചുകൊണ്ടിരുന്നു. അതിൽ ഒരു പേര് പൊലീസുകാർ പറഞ്ഞു പ്രസിദ്ധമാക്കി, അതാണ് ഇന്ത്യയിലെ തട്ടിപ്പിന്റെ പര്യായമായ ശ്രീമാൻ നട്‌വര്‍ലാല്‍. 

ബിഹാറിലെ സിവാൻ ജില്ലയിലെ ബാംഗ്‌റാ ഗ്രാമത്തിൽ ജനിച്ച ശ്രീവാസ്തവ അഭിഭാഷകനാകാൻ വേണ്ടി ബിരുദപഠനമൊക്കെ പൂർത്തിയാക്കിയ ആളാണ്. അതിനുശേഷമാണ്, അയാൾ ആളെപ്പറ്റിക്കാൻവേണ്ടി ഇറങ്ങിത്തിരിക്കുന്നത്. ഇരുപത്തൊന്നാമത്തെ വയസ്സിൽ ഇന്ദ്രപ്രസ്ഥ ഓട്ടോമൊബൈൽസ് എന്ന കമ്പനിയിലൂടെ പ്രൊപ്രൈറ്ററാണ് താനെന്നും പറഞ്ഞുകൊണ്ട് ശ്രീവാസ്തവ, കമ്പനിയുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് പിൻവലിച്ചുകളഞ്ഞത് 19  ലക്ഷം രൂപയാണ്. അന്നത്തെ പത്തൊമ്പത് ലക്ഷം രൂപ. 

The biggest con man india has ever seen, the man who sold Tajmahal thrice, the legendary fraudster Natwarlal

 

നട്‌വര്‍ലാല്‍ കുറ്റകൃത്യങ്ങൾ ചെയ്തുപോയിട്ടുള്ളത് സ്വന്തം കഴിവിൽ അറിയാതെ പ്രലോഭിതനായിട്ടാണ്. ഉദാ. ഒപ്പുകൾ, അത് എത്ര സങ്കീര്‍ണമായാലും ശരി, ഒരൊറ്റവട്ടം കണ്ടാൽ അതിനെ അതുപോലെ ഒരു മില്ലീമീറ്റർ പോലും മാറ്റമില്ലാതെ പുനഃസൃഷ്ടിക്കാൻ നട്‌വര്‍ലാലിന് സാധിക്കും. ഒപ്പ് ആദ്യമിട്ട വ്യക്തി പോലും സംശയത്തോടെ നോക്കിപ്പോകും, അതിൽ ഏതാണ് ഒറിജിനൽ ഏതാണ് അനുകരണം എന്ന്. വ്യാജഒപ്പിട്ട് ആയിരം രൂപ അടിച്ചുമാറ്റിയതാണ് നട്‌വര്‍ലാലിന്റെ പേരിലുള്ള ആദ്യത്തെ ഗുരുതരമായ കുറ്റം. പ്രസിഡണ്ട് രാജേന്ദ്രപ്രസാദിന്റെ മുതൽ ധിരുഭായ് അംബാനിയുടെ വരെ ഒപ്പുകൾ ലാൽ അനുകരിച്ചിട്ടുണ്ട്. മുത്തശ്ശിക്കഥകൾ തൊട്ട് അമിതാബ് ബച്ചന്റെ മിസ്റ്റർ നട്‌വര്‍ലാൽ എന്ന ചിത്രം വരെ  തന്റെ പ്രവർത്തനങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്ന കുറ്റസമ്മതമൊഴി നട്‌വര്‍ലാലിന്റേതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആ ചിത്രത്തിൽ നിന്നാണ് തന്റെ പ്രസിദ്ധമായ പേരും ശ്രീവാസ്തവ കണ്ടെടുക്കുന്നത്. 

The biggest con man india has ever seen, the man who sold Tajmahal thrice, the legendary fraudster Natwarlal

 

താജ് മഹൽ മൂന്നുവട്ടവും, റെഡ് ഫോർട്ട് രണ്ടുവട്ടവും, രാഷ്‌ട്രപതി ഭവൻ ഒരിക്കലും ഇന്ത്യയിൽ ടൂറിസ്റ്റുകളായെത്തിയ സായിപ്പന്മാർക്ക് വിറ്റുകാശാക്കിയിട്ടുണ്ട് നമ്മുടെ നട്‌വര്‍ലാൽ. ടാറ്റ, ബിർള, മിത്തൽ, അംബാനി അങ്ങനെ പല പ്രമുഖരും നട്‌വര്‍ലാലിന്റെ തട്ടിപ്പുകൾക്കിരയായി പണം നഷ്ടപ്പെടുത്തിയിട്ടുണ്ട്. 

എട്ടു സംസ്ഥാനങ്ങളിൽ നട്‌വര്‍ലാലിനെതിരെ കേസുകളുണ്ട്. അമ്പതിലധികം പേരുകളിൽ അയാൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ആദ്യമായി അറസ്റ്റുചെയ്യപ്പെടുന്നത് 1956 -ൽ മീററ്റിൽ വെച്ചാണ്. പത്തുമാസം കഴിഞ്ഞപ്പോൾ അയാളെ ലക്‌നൗ ജയിലിലേക്ക് മാറ്റി. 1957 -ൽ ജയിലറുടെ യൂണിഫോം മോഷ്ടിച്ച് അതും ധരിച്ച് നട്‌വര്‍ലാൽ വളരെ സിമ്പിളായി ഇറങ്ങിപ്പോയി ജയിലിൽ നിന്ന്. അതിന് സഹായിച്ച ഗാർഡിന് അന്ന് കൈമടക്കിയത് പതിനായിരം രൂപ. എന്നാൽ ആ പതിനായിരത്തിന്റെ കെട്ട് അഴിച്ചുനോക്കിയപ്പോഴാണ് ഗാർഡിന് താനും പറ്റിക്കപ്പെട്ടു എന്ന് ബോധ്യപ്പെടുന്നത്. വീണ്ടും പലതവണ അറസ്റ്റിലാവുകയും, ജയിലിൽ കിടക്കുകയും, സുഖമില്ലെന്ന കാരണം പറഞ്ഞ് പുറത്തിറങ്ങുകയും, വീണ്ടും പോലീസിനെപ്പറ്റിച്ച് മുങ്ങുകയും ഒക്കെയുണ്ടായി നട്‌വര്‍ലാൽ. അവസാനമായി അറസ്റ്റുചെയ്യപ്പെടുമ്പോൾ നട്‌വര്‍ലാലിന് വയസ്സ് 84.

The biggest con man india has ever seen, the man who sold Tajmahal thrice, the legendary fraudster Natwarlal

 

എല്ലാ കേസുകളിലും കൂടി ശിക്ഷിക്കപ്പെട്ടത് ആകെ 117 വർഷത്തെ തടവുശിക്ഷയ്ക്കാണെങ്കിലും ഉള്ളിൽ കിടന്നിട്ടുള്ളത് ഇരുപതിൽ താഴെ വർഷം മാത്രമാണ്. 1996 ജൂൺ 24 -ന്  പൊലീസ് എസ്കോർട്ടോടെ കാൺപൂർ ജയിലിൽ നിന്ന് AIIMS -ൽ ചികിത്സക്ക് പോകും വഴിയിൽ നിസാമുദ്ദീൻ സ്റ്റേഷനിൽ വെച്ച് പൊലീസുകാരെ വെട്ടിച്ച് കടന്നുകളഞ്ഞതാണ് ആശാൻ. പിന്നെ ആരും കണ്ടിട്ടില്ല.  

ജീവിതം പോലെ തന്നെ നട്‌വര്‍ലാലിന്റെ മരണവും ഏറെ ദുരൂഹമാണ്. പതിമൂന്നു വർഷത്തെ ഇടവേളയിൽ രണ്ടുവട്ടം മരിച്ചയാളാണ് നട്‌വര്‍ലാൽ. 2009 ജൂലൈ 25-ന്  മരണപ്പെട്ടു എന്ന് വക്കീലന്മാരും, 1996-ൽ റാഞ്ചിയിൽ തന്റെ കൈകൊണ്ട് സംസ്കരിച്ചു എന്ന് സഹോദരൻ ഗംഗാപ്രസാദ് ശ്രീവാസ്തവയും അവകാശപ്പെടുന്നുണ്ട്. ഇതിൽ ഏത് സാക്ഷ്യമാണ് ശരി, ഇനി രണ്ടും കള്ളമാണോ, നട്‌വര്‍ലാൽ ജീവനോടുണ്ടോ ഇതൊന്നും അറിയാതെ തല്‍ക്കാലം നട്‌വര്‍ലാലിന്റെ കേസ് ഫയൽ ക്ളോസ് ചെയ്ത് മിണ്ടാതിരിക്കുകയാണ് യുപി, ബിഹാർ സർക്കാരുകൾ. ബിഹാറിലെ തന്റെ  ഗ്രാമവാസികളെ കൈയയച്ച് സാമ്പത്തികമായി സഹായിച്ചിരുന്നതുകൊണ്ടാവും അവിടെ ഒരു കൾട്ട് സ്റ്റാറ്റസ് ഉണ്ട് നട്‌വര്‍ലാലിന്. പണ്ട് അയാളുടെ വീടുനിന്നിരുന്നിടത്ത് വിനാവിളംബം ഒരുഗ്രൻ പ്രതിമതന്നെ പണിയാനുള്ള തയ്യാറെടുപ്പിലാണ് നട്‌വര്‍ലാൽ ഫാൻസ്‌. 

 

Follow Us:
Download App:
  • android
  • ios