ആന്ദ്രേ ചികാത്തിലോ അറിയപ്പെട്ടിരുന്നത് 'റോസ്തോവിലെ കശാപ്പുകാരൻ' എന്നായിരുന്നു. സോവിയറ്റ് യൂണിയനിലെ ഏറ്റവും കുപ്രസിദ്ധനായ സീരിയൽ കില്ലർ ആയിരുന്നു ആന്ദ്രേ. 1978 -നും 1990 -നുമിടയിൽ അയാൾ തന്റെ കൊലപാതകങ്ങൾ തുടർന്നുകൊണ്ടിരുന്നു. ഇടക്ക് ഒന്നുരണ്ടുവട്ടം പിടിക്കപ്പെട്ടപ്പോഴൊക്കെ വളരെ വിദഗ്ധമായി കേസിൽ നിന്ന് ഊരിപ്പോന്നു. ഒടുവിൽ 1992 -ൽ തെളിവുസഹിതം പിടികൂടി, വിചാരണ ചെയ്ത് വധശിക്ഷയ്ക്ക് വിധേയനാക്കപ്പെടുന്നതുവരെ, സ്ത്രീകളെയും കുഞ്ഞുങ്ങളെയുമായി ചുരുങ്ങിയത് 55 പേരെയെങ്കിലും കൊന്നുകളഞ്ഞിട്ടുണ്ട് ആന്ദ്രേ. 

 ഉക്രെയിനിലെ ഒരു ഗ്രാമത്തിൽ 1936 -ൽ ജനിച്ച ആന്ദ്രേക്ക് ജന്മനാ തലയ്ക്കുള്ളിൽ നീരുകെട്ടുന്ന, 'ഹൈഡ്രോസിഫാലസ്' എന്ന അപൂർവ രോഗമുണ്ടായിരുന്നു. ആന്ദ്രെയുടെ മൂത്ര/ശുക്ലവിസർജ്ജനങ്ങൾ അവതാളത്തിലാക്കിയിരുന്നു ആ രോഗം. ലിംഗോദ്ധാരണം നേടാനും, നിലനിർത്താനും ഏറെ മാനസിക സമ്മർദ്ദങ്ങളിലൂടെ കടന്നുപോകേണ്ടി വന്നിരുന്നു അയാൾക്ക്. ഇതേപ്പറ്റി പറയാൻ ഒരു കാരണമുണ്ട്. a എന്നൊരു തിയറി വിചാരണക്കാലയളവിൽ ഉന്നയിക്കപ്പെട്ടിരുന്നു. 

 

 

സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ആന്ദ്രേയെ സഹപാഠികൾ വല്ലാതെ കളിയാക്കുമായിരുന്നു. ഇഷ്ടമില്ലാതെയാണ് ആന്ദ്രെയുടെ അച്ഛൻ സൈനികസേവനത്തിന് പറഞ്ഞയക്കപ്പെട്ടത്. അവിടെ ചെന്നപാടെ ജർമൻകാരുടെ തടവിലായ അദ്ദേഹം ദീർഘകാലം തടവിൽ കിടന്നു പീഡനങ്ങൾ അനുഭവിച്ചിരുന്നു. ഇതിന്റെ പേരിൽ ഗ്രാമത്തിലെ ചില കുട്ടികൾ ആന്ദ്രേയെ കളിയാക്കിക്കൊണ്ടിരുന്നു. റഷ്യയെ നിരാശപ്പെടുത്തിയ ഭീരുവിന്റെ പിന്മുറക്കാർ എന്നാണ് ആന്ദ്രേയെയും സഹോദരങ്ങളെയും കൂട്ടുകാർ കളിയാക്കിക്കൊണ്ടിരുന്നത്. അതും ബാല്യം തൊട്ടേ ആന്ദ്രെയുടെ സ്വഭാവരൂപീകരണത്തെ വിപരീതമായി സ്വാധീനിച്ചിട്ടുണ്ട്. 

വല്ലാത്തൊരു നാണം കുണുങ്ങി ആയിരുന്നു ആന്ദ്രേ എന്ന് കൂടെപ്പഠിച്ചവർ പലരും പറഞ്ഞിട്ടുണ്ട്. കൗമാരത്തിൽ തന്നെ ആന്ദ്രേ വളരെ കുഴപ്പം പിടിച്ച ഒരു പണി ഒപ്പിച്ചു. പരിചയമുള്ള ഒരു പെൺകുട്ടിയുമായി, തനിച്ചു കിട്ടിയ അവസരത്തിൽ അവൻ ബന്ധപ്പെടാൻ ശ്രമിച്ചു. കാര്യങ്ങൾ വേണ്ടത്ര വ്യക്തതയില്ലാത്ത ഒരു പ്രായത്തിലാൽ ആ പെൺകുട്ടിയുടെ ഇഷ്ടം മാനിക്കാതെ നടത്തിയ ഈ അതിക്രമതത്തിനിടെ ആന്ദ്രെയുടെ പുരുഷത്വം അയാളെ ചതിച്ചു. ആദ്യ ലൈംഗികാനുഭവം തന്നെ ശീഘ്രസ്ഖലനത്തിലാണ് ചെന്നവസാനിച്ചത്. ഒരു പെൺകുട്ടിയുമായി ഇണചേരാനുള്ള ആദ്യത്തെ പരിശ്രമം ചീറ്റിപ്പോയതിന്റെ പേരിൽ ആന്ദ്രേയെ കൂട്ടുകാർ നിരന്തരം കളിയാക്കുന്നതിലേക്കാണ് ആ സംഭവം നയിച്ചത്. ലൈംഗികബന്ധത്തിനുള്ള ആദ്യ ശ്രമത്തിൽ സംഭവിച്ചുപോയ കടുത്ത അപമാനം അവനെ 'സെക്സ്' എന്ന സംഭവത്തെകുറിച്ച് വളരെ അക്രമാസക്തമായ ധാരണകൾ മെനഞ്ഞുകൂട്ടാൻ പ്രേരിപ്പിച്ചു. 

ആന്ദ്രേയെ എങ്ങനെയെങ്കിലും നേർവഴിക്ക് നടത്തണം എന്ന വല്ലാത്ത ചിന്തയുണ്ടായിരുന്ന മൂത്ത സഹോദരി പ്രദേശത്തുതന്നെയുള്ള  ഫായിന എന്നുപേരുള്ള ഒരു പെൺകുട്ടിയുമായി അടുക്കാനുള്ള സാഹചര്യങ്ങൾ അവന് സൃഷ്ടിച്ചു നൽകി. അങ്ങനെ ചേച്ചിയുടെ വിശേഷ താത്പര്യത്തിന്റെ പുറത്ത്, 1963 -ൽ അവരിരുവരും, വിവാഹിതരായി. ആന്ദ്രേക്ക്  ലൈംഗികപരിമിതികൾ ഉണ്ടായിരുന്നിട്ടു കൂടി അവർക്ക് രണ്ടു കുഞ്ഞുങ്ങളുണ്ടായി. 

 

 

പത്തുവർഷത്തോളം വിവാഹജീവിതത്തിൽ ഒതുങ്ങിക്കൂടി ശേഷം ആന്ദ്രേ റോസ്തോവ് ലിബറൽ ആർട്സ് സർവകലാശാലയിൽ നിന്ന് ബിരുദം നേടി, സ്‌കൂൾ അധ്യാപകനായി പുതിയൊരു ജീവിതം തുടങ്ങി. എന്നാൽ ആ സ്‌കൂളിൽ നിന്ന് അധികം താമസിയാതെ തന്നെ അയാൾ കുട്ടികളെ പീഡിപ്പിച്ചതിന്റെ നിരവധി പരാതികൾ ഉയർന്നുവന്നു. ഓരോ പരാതി വരുമ്പോഴും അയാളെ പിരിച്ചു വിടും. അടുത്ത ദിവസം തന്നെ അയാൾ വേറെ ഏതെങ്കിലും നാട്ടിൽ, വേറെ ഏതെങ്കിലും സ്‌കൂളിൽ അധ്യാപകനായി ചേരും, അവിടെയും ഇതുതന്നെ ആവർത്തിക്കും. കുറച്ചു കാലത്തേക്ക് ഇത് തുടർന്ന് ഒടുവിൽ റോസ്‌തോവിലെ ഒരു മൈനിങ് സ്‌കൂളിൽ ജോലി കിട്ടിയതോടെ അയാൾ ഒന്ന് ഒതുങ്ങാൻ തീരുമാനിച്ചു. കുറച്ചു കാലത്തേക്ക് അയാൾ പ്രശ്നങ്ങൾ ഒന്നുമുണ്ടാക്കിയില്ല. 

അങ്ങനെ കുറച്ചു മാസങ്ങൾ പിന്നിട്ടപ്പോഴാണ് ആന്ദ്രേ തന്റെ ആദ്യ കൊലപാതകത്തിൽ ഏർപ്പെടുന്നത്.  ഒമ്പതുവയസ്സുള്ള ലെന എന്ന പെൺകുട്ടിയെ, ഒരു ഒഴിഞ്ഞ ഷെഡിനുള്ളിലേക്ക് വിളിച്ചുകൊണ്ടു പോയ ശേഷം, അവളെ ബലാത്സംഗം ചെയ്ത്, കഴുത്തറത്തു കൊല്ലുകയായിരുന്നു ആന്ദ്രേ. ആ കൊല നടക്കുന്നതിനു മുമ്പ് ലെനയെ ആന്ദ്രേക്കൊപ്പം കണ്ടിരുന്നു എന്ന് പ്രദേശവാസിയായ ഒരാൾ സാക്ഷി പറഞ്ഞു. എന്നാൽ, അയാളുടെ ഭാര്യ ഫായിന ആ സമയത്ത് ആന്ദ്രേ തനിക്കൊപ്പം ഉണ്ടായിരുന്നു എന്ന് ജാമ്യം നിന്നതോടെ അയാളെ അധികാരികൾ സംശയിച്ചില്ല. മാത്രവുമല്ല, മുമ്പൊരിക്കൽ ഒരു ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട ക്രിമിനൽ ഹിസ്റ്ററി ഉണ്ടായിരുന്ന അലക്‌സാണ്ടർ ക്രാവ്ചെങ്കോയുടെ മേൽ കൂടി പൊലീസിന്റെ സംശയം പതിഞ്ഞിരുന്നു. അയാളെ കസ്റ്റഡിയിലെടുത്ത് ക്രൂരമായ ലോക്കപ്പ് പീഡനങ്ങൾക്ക് വിധേയമാക്കിയപ്പോൾ ഒടുവിൽ അയാൾ കുറ്റം സമ്മതിക്കുകയും, അയാളെ പൊലീസ് അധികം താമസിയാതെ വെടിവെച്ചു കൊല്ലുകയുമാണുണ്ടായത്. 

 

 

അതിനുശേഷം വീണ്ടും ആന്ദ്രേ  കുറച്ചു കാലത്തേക്ക് അധികം പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാതെ ഒതുങ്ങിക്കൂടി. അതിനിടെ അയാൾക്ക് റോസ്‌തോവിലെ ഒരു ഫാക്ടറിയിൽ ഗുമസ്തനായി ജോലി കിട്ടിയപ്പോൾ അയാൾ അങ്ങോട്ട് പോയി. അത് അയാൾക്ക് ഏറെ സൗകര്യപ്രദമായ ഒരു ജോലിയായിരുന്നു. ഗ്രാമങ്ങളിൽ നിന്ന്  നഗരത്തിലേക്ക്  കുറേക്കൂടി മെച്ചപ്പെട്ടൊരു ജീവിതം തേടി പുറപ്പെട്ടു വന്നെത്തിയിരുന്ന ചെറുപ്പക്കാരെ തെരഞ്ഞു പിടിച്ച് ഇരയാകാൻ വളരെ എളുപ്പത്തിൽ ആന്ദ്രേക്ക് സാധിച്ചു. 

1981 സെപ്തംബർ 3 -ന് ആന്ദ്രേ, ലാറിസ എന്നുപേരായ ഒരു പതിനേഴുകാരിയെ തന്റെ ഇരയാക്കി. ആളില്ലാത്തിടത്തുവെച്ച് കടന്നു പിടിച്ച്, ആ യുവതിയുടെ വായിൽ ഒരു പിടി മണ്ണ് വാരി കുത്തി നിറച്ചാണ് അവളെ ആന്ദ്രേ നിശബ്ദയാക്കിയത്. അവളെ ബലാത്സംഗം ചെയ്ത് കൊന്നപ്പോൾ അയാൾക്ക് വല്ലാത്തൊരു ആശ്വാസം കിട്ടിയപോലെ ആയിരുന്നു. അതിക്രൂരമായി ആ പെൺകുട്ടിയോട് ഇടപെടുന്നത് അയാൾക്ക് വല്ലാത്തൊരു സുഖം പകർന്നിരുന്നു. പാളിപ്പോയ തന്റെ ആദ്യത്തെ പരിശ്രമത്തിന്റെ ജാള്യത ഇങ്ങനെയുള്ള ആക്രമണങ്ങളിലൂടെ മറയ്ക്കാനാണ് അയാൾ ശ്രമിച്ചുകൊണ്ടിരുന്നത്. 

അത് അയാളുടെ സീരിയൽ കൊലപാതകങ്ങളിൽ ആദ്യത്തേതായിരുന്നു. 1990 വരെ അയാൾ ചുരുങ്ങിയത് 50 പേരെയെങ്കിലും ഇത്തരത്തിൽ കൊന്നുകളഞ്ഞിട്ടുണ്ട്. 1990 -ൽ ആദ്യമായി ആന്ദ്രേ പിടിയിലാകുന്നു. അപ്പോഴേക്കും അതുവരെയുള്ള സീരിയൽ കൊലകൾ ആന്ദ്രേക്ക് 'റോസ്‌തോവിലെ കശാപ്പുകാരൻ' എന്ന കുപ്രസിദ്ധി സമ്മാനിച്ചു കഴിഞ്ഞിരുന്നു. എല്ലാ കൊലപാതകങ്ങൾക്കും ഒരേ പാറ്റേൺ ആയിരുന്നു. ലക്ഷ്യമിടുന്ന ഇരകളെ ആദ്യം തന്നെ, ബലം പ്രയോഗിച്ചോ അല്ലാതെയോ, വിജനമായ ഏതെങ്കിലും ഇടത്തേക്ക് കൂട്ടിക്കൊണ്ടുപോകും ആന്ദ്രേ. അതിനുശേഷം കൈകൾ കെട്ടിയിട്ട്, വായിൽ ഒരുപിടി മണ്ണുവാരിയിട്ട് അവരെ നിശ്ശബ്ദരാക്കും. അതിനു ശേഷം,അവരെ ബലാത്സംഗം ചെയ്ത് കൊന്ന ശേഷം ആന്ദ്രേ അവരുടെ കണ്ണുകൾ കുത്തിപ്പൊട്ടിച്ചു കളഞ്ഞിരുന്നു. അതിനുശേഷം അവരുടെ ശരീരം അയാൾ വല്ലതെ വികൃതമാക്കും. ചില കേസുകളിൽ അവരുടെ ശരീരത്തിലെ അയാൾക്ക് ലൈംഗികാകർഷണം തോന്നിയിരുന്ന ഭാഗങ്ങൾ അറുത്തെടുത്ത് ഭുജിക്കുകയും ചെയ്തിരുന്നു അയാൾ. അയാളുടെ ഈ ശീലം അയാൾക്ക് 'റോസ്‌തോവിലെ നരഭോജി'എന്നൊരു പേരും സമ്മാനിച്ചിരുന്നു. 

 

 

പലയിടത്തും വെച്ച് പൊലീസ് ആന്ദ്രെയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു എങ്കിലും, അയാളുടെ സവിശേഷമായ ബ്ലഡ് ഗ്രൂപ്പ് ടൈപ്പ് അയാളെ രക്ഷിച്ചുകൊണ്ടിരുന്നു. അയാളുടേത് 'നോൺ സെക്രീറ്റർസ്' എന്ന് വിളിക്കപ്പെട്ടിരുന്ന വളരെ അപൂർവമായ ഒരു ബ്ലഡ് ഗ്രൂപ്പ് ആയിരുന്നു. നേരിട്ട് ഒരു ബ്ലഡ് സാമ്പിൾ എടുത്ത് പരിശോധിച്ചാൽ മാത്രമേ അതുമായി മാച്ചിങ് സാധ്യമാകൂ എന്നതായിരുന്നു ഈ ഗ്രൂപ്പിന്റെ സവിശേഷത. ബ്ലഡ് ഗ്രൂപ്പിനെ സംഭവസ്ഥലവുമായി ബന്ധിപ്പിച്ച് കേസ് ശാസ്ത്രീയമായി തെളിയിക്കാൻ പൊലീസിന് സാധിക്കാതെ പോയതോടെ അയാൾ മോചിപ്പിക്കപ്പെട്ടു. 

പൊലീസുമായുണ്ടായ ഈ അസുഖകരമായ ഇടപെടൽ അയാളെ കുറച്ചുകാലത്തേക്ക് അടങ്ങിയിരിക്കാൻ പ്രേരിപ്പിച്ചെങ്കിലും, 1985 -ൽ ആന്ദ്രേ വീണ്ടും രണ്ടു യുവതികളെ സമാനമായ രീതിയിൽ പീഡിപ്പിച്ച് കൊന്നു. 

തൊണ്ണൂറുകളുടെ തുടക്കത്തോടെ ആന്ദ്രേ കൂടുതൽ റിസ്കുകൾ എടുത്തു തുടങ്ങി. പൊതു ഇടങ്ങളിൽ നിന്നുപോലും ഇരകളെ തട്ടിക്കൊണ്ടുപോകാൻ അയാൾ തുടങ്ങി. ഒപ്പം, സ്ത്രീകൾക്ക് പുറമെ ടീനേജ് ബാലന്മാരെയും ഇരയാക്കാൻ തുടങ്ങി ആന്ദ്രേ. 1990 -ൽ ഒരു 22 കാരിയെ പീഡിപ്പിച്ചു കൊന്ന ആന്ദ്രേയെ സംശയാസ്പദമായ സാഹചര്യങ്ങളിൽ പൊലീസ് പിടികൂടി എങ്കിലും അയാൾക്കെതിരെ തെളിവുകളൊന്നും സംഘടിപ്പിക്കാൻ അവർക്ക് സാധിച്ചില്ല. 

 

 

ഒടുവിൽ പൊലീസ് കസ്റ്റഡിയിൽ വെച്ച് ഒരു സൈക്യാട്രിസ്റ്റ് ആന്ദ്രേയെ സമീപിച്ചു. താൻ പൊലീസ് അന്വേഷണസംഘത്തിന്റെ ഭാഗമല്ല, ഒരു വിദ്യാർത്ഥിനി ആണ് എന്ന് പറഞ്ഞു കൊണ്ട് ആന്ദ്രേയെ ഇന്റർവ്യൂ ചെയ്ത ആ പെൺകുട്ടി, താൻ വന്നത് ഒരു സീരിയൽ കില്ലറിന്റെ സൈക്കോളജിക്കൽ പ്രൊഫൈൽ തയ്യാറാക്കാൻ വേണ്ടിയാണ് എന്ന് പറഞ്ഞപ്പോൾ അത് ആന്ദ്രേക്ക് നന്നായി ബോധിച്ചു. അന്നോളം പൊലീസിന്  മുന്നിൽ വെളിപ്പെടുത്താതിരുന്ന പല വിശദാംശങ്ങളും അയാൾ ഈ സൈക്യാട്രിസ്റ്റിനു മുന്നിൽ വെളിപ്പെടുത്തി. അതോടെ പൊലീസ് സംശയിക്കുന്നതിന്റെ ഇരട്ടിയിലധികം പേരെ കൊന്ന ഒരു കൊടും ക്രിമിനലാണ് ആന്ദ്രേ എന്ന സത്യം അന്വേഷണ സംഘത്തിന് ബോധ്യമായി. അതിനു ശേഷം അന്വേഷണ സംഘം ആ വെളിപ്പെടുത്തലുകളെ ആസ്പദമാക്കി വീണ്ടും ആന്ദ്രേയെ ചോദ്യം ചെയ്തപ്പോൾ അയാൾ താൻ 56 കൊലകൾ നടത്തിയിട്ടുണ്ട് എന്ന് സമ്മതിച്ചു. തുടക്കത്തിൽ പൊലീസ് പോലും അയാൾ 36 പേരെ കൊന്നിട്ടുണ്ട് എന്നേ ആരോപിച്ചിരുന്നുള്ളൂ. 

അവസാനമായി ഇൻസ്‌പെക്ടർ  വിക്ടർ ബുറാക്കോവിനാൽ അറസ്റ്റുചെയ്യപ്പെട്ടപ്പോൾ ആന്ദ്രെയുടെ കയ്യിൽ നിന്ന് ഒരു ടോർച്ചർ കിറ്റ് തന്നെ പൊലീസ് കണ്ടെടുത്തിരുന്നു. അതിൽ എട്ടിഞ്ചുനീളത്തിലുള്ള ഒരു കത്തി, ഒരു പത്രം വാസലിൻ ജെല്ലി, രണ്ടു മൂന്ന് കയറുകൾ, ചില മുഷിഞ്ഞ തുണികൾ എന്നിവ അടങ്ങിയതായിരുന്നു ആ കൊലപാതക കിറ്റ്. 

വിചാരണ പുരോഗമിക്കെ കോടതിമുറിയിൽ മാനസികനില തകർന്ന മട്ടിൽ പെരുമാറിയും, അസംബന്ധങ്ങൾ വിളിച്ചു പറഞ്ഞും, പാട്ടുപാടിയും, ജഡ്ജിനെ ഭീഷണിപ്പെടുത്തിയും ഒക്കെ കേസിന്റെ വിചാരണയെ അട്ടിമറിക്കാൻ ശ്രമിച്ചു ആന്ദ്രേ. ഒടുവിൽ കോടതിമുറിക്കുള്ളിൽ തന്നെ ആന്ദ്രേയെ ഒരു ഇരുമ്പുകൂട്ടിൽ ഇട്ടാണ് അയാളുടെ വിചാരണ പൂർത്തിയാക്കിയത്.  52 കേസുകളിൽ കോടതി ആന്ദ്രേയെ കുറ്റക്കാരനാണ് എന്ന് കണ്ടെത്തി. ഒടുവിൽ 1994  ഫെബ്രുവരി 14 -ന് പകൽ തലയ്ക്കു പിന്നിൽ വെടിവെച്ച് റഷ്യൻ സർക്കാർ ആന്ദ്രേയുടെ വധശിക്ഷ നടപ്പിലാക്കി. 

 

 

റഷ്യയിൽ അതിനു ശേഷം നടന്ന ചെസ്സ്‌ബോർഡ് കൊലപാതകങ്ങൾ എന്നപേരിൽ കുപ്രസിദ്ധമായ സീരിയൽ കൊലപാതകങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച കുറ്റവാളി അലക്‌സാണ്ടർ പിച്ചുഷ്‌കിനെ പൊലീസ് ചോദ്യം ചെയ്തപ്പോൾ അയാൾ പറഞ്ഞത് തന്റെ ഉദ്ദേശ്യം ആന്ദ്രേയേക്കാൾ കൂടുതൽ പേരെ കൊന്ന് കൊലപാതകങ്ങളുടെ ചരിത്രത്തിൽ ഒന്നാമനാകുക എന്നതായിരുന്നു എന്നാണ്.    1995 -ൽ പുറത്തിറങ്ങിയ Citizen X എന്ന ടെലി സിനിമ ആന്ദ്രേ ചികാത്തിലോയുടെ സീരിയൽ കൊലപാതകങ്ങളെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ടതാണ്.