Asianet News MalayalamAsianet News Malayalam

മുസഫർപൂര്‍ അഗതിമന്ദിരത്തിലെ പെൺകുട്ടികൾ അനുഭവിച്ചത് പറഞ്ഞറിയിക്കാനാകാത്ത ക്രൂരബലാത്സംഗങ്ങൾ

അത്താഴത്തിൽ ആന്റിമാർ മയക്കുമരുന്ന് കലർത്തും, രാത്രിയിൽ അപരിചിതർ പലരും മുറിക്കുള്ളിൽ നുഴഞ്ഞുകയറി പീഡിപ്പിക്കും, അർദ്ധനഗ്നരായി, ദേഹം നുറുങ്ങുന്ന വേദനയോടെ രാവിലെ എഴുന്നേൽക്കുമ്പോഴും തങ്ങൾക്ക് രാത്രി എന്താണ് പറ്റിയത് എന്ന് തിരിച്ചറിയാൻ ആ കുട്ടികൾക്ക് സാധിക്കാറില്ല. 

The cruel acts of rape endured by the children of Muzaffarpur Shelter home
Author
Muzaffarpur, First Published Jan 21, 2020, 1:05 PM IST
  • Facebook
  • Twitter
  • Whatsapp

മുസഫർപൂർ പട്ടണത്തിലെ ഇടുങ്ങിയ ഗലികളിൽ ഒന്നിൽ സ്ഥിതിചെയ്തിരുന്ന ഒരു മൂന്നുനിലക്കെട്ടിടത്തിലായിരുന്നു ബ്രജേഷ് ഠാക്കൂര്‍ എന്ന സമൂഹത്തിലെ ഉന്നതനായ ഒരു വ്യക്തി, സേവാ സങ്കൽപ് ഏവം വികാസ് സമിതി എന്ന തന്റെ എൻജിഒയുടെ ബാനറിൽ സർക്കാർ ധനസഹായത്തോടെ നടത്തിപ്പോന്നിരുന്ന  ആ വനിതാ ഷെൽട്ടർ ഹോം പ്രവർത്തിച്ചിരുന്നത്. വേറെയും പല സന്നദ്ധ സംഘടനകളുടെയും നടത്തിപ്പുകാരനായിരുന്ന ബ്രജേഷ് ഠാക്കൂര്‍, പ്രാതാ കമൽ എന്ന പേരിൽ ഒരു പത്രവും നടത്തിപ്പോന്നിരുന്നു. അക്ഷരാർത്ഥത്തിൽ സമൂഹത്തിലെ രാഷ്ട്രീയമടക്കം എല്ലാ മേഖലകളിലും കാര്യമായ സ്വാധീനമുണ്ടായിരുന്ന ഒരു ഉന്നതൻ തന്നെയായിരുന്നു ബ്രജേഷ്. ഇന്നലെ കോടതി ബ്രജേഷ് ഠാക്കൂറിനെ ഈ കേസിൽ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയിരിക്കുകയാണ്.കേസ് പൊലീസ് അന്വേഷണം തുടങ്ങിയതിനു പിന്നാലെ ബിഹാർ സർക്കാർ ആ അഗതിമന്ദിരത്തിലെ കുട്ടികളെ മറ്റൊരു സർക്കാർ അഗതി മന്ദിരത്തിലേക്ക് മാറ്റിയിരുന്നു. നവംബറിൽ അന്വേഷണം സിബിഐ ഏറ്റെടുക്കുകയുമുണ്ടായി. ആ അന്വേഷണത്തെത്തുടർന്ന് സിബിഐ മുസഫർപൂർ അഡീഷണൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്മേൽ നടന്ന വിചാരണയ്‌ക്കൊടുവിലാണ് ഇന്നലെ ജസ്റ്റിസ് സൗരഭ് കുലക്ഷേത്ര  ഠാക്കൂറിനെയും മറ്റു പതിനെട്ടുപേരെയും കുറ്റക്കാരെന്നു വിധിച്ചുകൊണ്ട് ഉത്തരവിട്ടത്. 

വിവരങ്ങൾ പുറത്തെത്തിച്ചത് TISS -ന്റെ ഓഡിറ്റ് 

ഈ പീഡനങ്ങളുടെ കഥകൾ ആദ്യം പുറത്തുവന്നത് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് ബിഹാറിലെ അനാഥാലയങ്ങളെയും അഗതിമന്ദിരങ്ങളെയും കേന്ദ്രീകരിച്ചു നടത്തിയ ഒരു സോഷ്യൽ ഓഡിറ്റിലൂടെയാണ്. ഈ ഓഡിറ്റ് റിപ്പോർട്ടിലാണ്, തങ്ങൾ സർവേ നടത്തിയപ്പോൾ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, പല ഷെൽട്ടർ ഹോമുകളിലും പെൺകുട്ടികൾ നിരന്തരം ബലാത്സംഗത്തിന് ഇരയാക്കപ്പെടുന്നുണ്ട് എന്നുള്ള ഞെട്ടിക്കുന്ന വിവരം പുറം ലോകമറിയുന്നത്. ഓഡിറ്റ് റിപ്പോർട്ട് വന്നതോടെ അത് വലിയ കോലാഹലങ്ങൾക്ക് കാരണമായി. ആരോപണവിധേയമായ ഷെൽട്ടർ ഹോമുകളിലെ പെൺകുട്ടികൾ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കപ്പെട്ടു. അവരിൽ പലരും നിരന്തരം ബലാത്സംഗങ്ങൾക്ക് ഇരയാക്കപ്പെട്ടിട്ടുണ്ട് എന്ന വിവരം സ്ഥിരീകരിക്കപ്പെട്ടു. ഏറ്റവും ചുരുങ്ങിയത് 34 പെൺകുട്ടികളെങ്കിലും ബലാത്സംഗത്തിന് വിധേയരായിട്ടുണ്ടെന്നാണ് വൈദ്യപരിശോധനാ റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നത്. 
 

The cruel acts of rape endured by the children of Muzaffarpur Shelter home
 

ജനലുകളില്ലാത്ത ഒരു മൂന്നുനിലക്കെട്ടിടത്തിലാണ്  ഏഴിനും പതിനേഴിനും ഇടക്ക് വയസ്സുള്ള 44 പെൺകുട്ടികളെ പാർപ്പിച്ചുപോന്നിരുന്നത്. അതിനുള്ളിലേക്ക് നേരം പുലർന്നത് പോലും സൂര്യപ്രകാശം അരിച്ചാണ് കടന്നുവന്നിരുന്നത്. " രാവിലെ ഏറെ വൈകിയേ ഞങ്ങളൊക്കെ എണീക്കാറുള്ളൂ..." - ബിഹാറിലെ മുസഫർപൂരിലെ അഗതിമന്ദിരത്തിൽ നടന്ന പീഡനങ്ങളുടെ വാർത്തകൾ പുറംലോകം അറിഞ്ഞതിനു ശേഷം അവരെ ചെന്നുകണ്ടു സംസാരിച്ച ബിബിസിയുടെ ലേഖകനോട് അവിടത്തെ ഒരു പെൺകുട്ടി പറഞ്ഞത് ഇങ്ങനെയായിരുന്നു. അവിടത്തെ രാത്രികൾക്ക് പതിവിലുമേറെ ദൈർഘ്യമുണ്ടായിരുന്നു. രാത്രിയുടെ ഇരുട്ടിൽ അവരുടെ മുറികളിലേക്ക് അവറിയാതെ അപരിചിതർ കടന്നുവരും. ബോധം കെട്ടുറങ്ങുന്ന അവരെ അവർപോലുമറിയാതെ ബലാത്സംഗം ചെയ്യും. അടുത്ത ദിവസം ബോധം തെളിയുമ്പോൾ ദേഹത്ത് കടിച്ചതിന്റെയും, തല്ലിയതിന്റെയുമൊക്കെ പാടുകൾ കാണും. രാത്രി പതിവുപോലെ ഉറങ്ങാൻ കിടന്ന അവരിൽ പലരും രാവിലെ ബോധം തെളിഞ്ഞ് എണീക്കുമ്പോൾ വിവസ്ത്രരായ അവസ്ഥയിലായിരിക്കും. 
 

The cruel acts of rape endured by the children of Muzaffarpur Shelter home
 

മുസഫർപൂർ ഒരു ജനത്തിരക്കേറിയ പട്ടണമാണ്. ഇവിടത്തെ ഇടുങ്ങിയ തെരുവുകൾ വിലകുറഞ്ഞ വസ്ത്രങ്ങൾക്കും, കുപ്പിവളകൾക്കും, ക്രിമിനൽ കുറ്റകൃത്യങ്ങൾക്കും പ്രസിദ്ധമാണ്. വീടുവിട്ടോടി വന്നവർ, വേശ്യാവൃത്തിക്കായി കടത്തിക്കൊണ്ടു പോയവരിൽ നിന്ന് പൊലീസ് രക്ഷിച്ചു കൊണ്ടുവരുന്നവർ, ഒളിച്ചോടിപ്പോയി നഗരത്തിൽ ഒറ്റക്ക് പെട്ടുപോയവർ, ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരുടെ ആശ്രയമില്ലാത്ത ബന്ധുക്കൾ അങ്ങനെ പൊലീസിന് പരിപാലിക്കാൻ പ്രയാസമുള്ള ചെറുപ്പം പെൺകുട്ടികളാണ് ഈ അഗതിമന്ദിരത്തിലേക്ക് താമസിക്കാനായി വരാറുള്ളത്. 
 

The cruel acts of rape endured by the children of Muzaffarpur Shelter home
2018  മാർച്ചിലാണ് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് തങ്ങളുടെ നൂറുപേജുള്ള ഓഡിറ്റ് റിപ്പോർട്ട് ബിഹാർ സർക്കാരിന് മുന്നിൽ വെക്കുന്നത്. ആരെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് ബിഹാറിലെ അഗതിമന്ദിരങ്ങളുടെ പരിതാപകരമായ സ്ഥിതിയെപ്പറ്റി അതിലുണ്ടായിരുന്നത്. പൊലീസിന്റെ അടിയന്തരമായ ഇടപെടൽ വേണമെന്ന് TISS ഓഡിറ്റിൽ സർക്കാരിനോട് നിർദേശിച്ചു. മുംബൈ TISS കാമ്പസിലെ എട്ടു ഗവേഷകർ, ബിഹാറിലെ 38 ജില്ലകളിലായി ആറുമാസത്തോളം നടത്തിയ പഠനത്തിനൊടുവിലായിരുന്നു ഓഡിറ്റ് റിപ്പോർട്ട് വന്നത്. സംസ്ഥാനത്തെ 110 ഷെൽട്ടർ ഹോമുകളിലും അവർ പഠനങ്ങൾ നടത്തി. അതിൽ 71 സ്ഥാപനങ്ങളും കുട്ടികളെ പാർപ്പിക്കുന്നവയായിരുന്നു.

ഈ ഓഡിറ്റ് റിപ്പോർട്ടിലാണ് ബ്രജേഷ് ഠാക്കൂര്‍ എന്ന പത്രമുതലാളി നടത്തിയിരുന്ന ഈ എൻജിഒയെപ്പറ്റി ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. കുട്ടികളെ ഈ ഷെൽട്ടർ ഹോമിൽ തടങ്കലിൽ ഇട്ടിരിക്കുകയാണെന്നും അവർക്ക് ഭക്ഷണം കഴിക്കാൻ വേണ്ടി മെസ് ഹാളിലേക്ക്‌ പോകുന്നതല്ലാതെ  കിടന്നുറങ്ങുന്ന മുറികൾ വിട്ടിറങ്ങാനുള്ള അനുവാദം പോലുമില്ല എന്നതും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. പൊലീസിന് ആശങ്കയുണർത്തിയത് അവിടത്തെ കുട്ടികൾ നിരന്തരമായി ലൈംഗിക പീഡനങ്ങൾക്ക് വിധേയരാകുന്നുണ്ട് എന്നുള്ള ഓഡിറ്റ് റിപ്പോർട്ടിലെ നിരീക്ഷണമായിരുന്നു. 

സംഗതി വിവാദമായതോടെ പൊലീസ് ഇടപെട്ടു. അവർ കുട്ടികളെ ഓരോരുത്തരെയായി ചോദ്യം ചെയ്തു. അതോടെ പുറത്തുവന്നത് അവർ നിസ്സഹായരായി അനുഭവിച്ചുകൊണ്ടിരുന്ന കൊടിയ പീഡനങ്ങളുടെ ഭീകരമായ കഥകളായിരുന്നു. വേലിതന്നെ വിളവുതിന്നുന്നതിന്റെ ഒരു വലിയ ഉദാഹരണമായിരുന്നു ഈ കേസ്. 

ഓഡിറ്റിങ്ങിനു വന്നവർക്ക് മനസ്സിലാകാതിരുന്നത് ഒരു കാര്യമായിരുന്നു. സ്ഥാപനത്തിന്റെ കലവറയിൽ വേണ്ടത്ര ഭക്ഷണസാധനങ്ങളുണ്ട്. അവിടെ മെസ് ഹാളിലും സുഭിക്ഷമായ ഭക്ഷണം വിളമ്പുന്നുണ്ട്. എന്നിട്ടും അവിടത്തെ പെൺകുട്ടികളിൽ ഭൂരിഭാഗവും തീരെ ഓജസ്സില്ലാത്തവരായിരുന്നു. പലരെയും ക്ഷയവും ത്വഗ്രോഗങ്ങളും മറ്റും അലട്ടിയിരുന്നു.  പലരുടെയും കയ്യിൽ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതിന്റെ വടുക്കൾ ഉണ്ടായിരുന്നു. പെൻസിലുകൾ  കൂർപ്പിക്കാൻ വേണ്ടി നൽകിയിരുന്ന ബ്ലേഡുകൾ കൊണ്ട് കൈകളിൽ വരഞ്ഞ് പലരും സ്വയം വേദനിപ്പിക്കാൻ ശ്രമിച്ചിരുന്നു. പലരുടെയും ദേഹത്ത് ഇരുപതിനും ഇരുപത്തഞ്ചിനും ഇടക്ക് മുറിവുകളുള്ളതായി ഓഡിറ്റിംഗിന് വന്ന ഗവേഷകർ ശ്രദ്ധിച്ചു. ഇതൊക്കെ അവർ ഈ സ്ഥാപനത്തിൽ നിരന്തരമായ മാനസികവും ശാരീരികവുമായ പീഡനങ്ങൾക്ക് വിധേയരാകുന്നതിന്റെ ലക്ഷണങ്ങളാണ് എന്ന് അവർ മനസ്സിലാക്കി. പതുക്കെ ആ കുട്ടികൾ ഗവേഷകരോട് ചിലതൊക്കെ തുറന്നു പറഞ്ഞു. 

" രാത്രിയാവുമ്പോൾ പേടിയാകും.." ഒരു കുട്ടി പറഞ്ഞു. അവിടത്തെ സ്ത്രീകളായ കെയർ ടേക്കർമാർ തന്നെയാണ് ബ്രജേഷ്  ഠാക്കൂറിന്റെ നിർദേശപ്രകാരം പെൺകുട്ടികളുടെ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തിയിരുന്നത്. അതിനുശേഷം  ഠാക്കൂര്‍ കൊണ്ടുവന്നിരുന്ന അപരിചിതർ ഒന്നുമറിയാതെ ഉറങ്ങിക്കിടക്കുന്ന ഈ കുട്ടികളുടെ മുറികളിലേക്ക് നുഴഞ്ഞുകയറി അവരെ ബലാത്സംഗം ചെയ്യുമായിരുന്നു. അടുത്ത ദിവസം അർദ്ധനഗ്നരായി, ദേഹം നുറുങ്ങുന്ന വേദനയോടെ എഴുന്നേൽക്കുമ്പോഴും തങ്ങൾക്ക് രാത്രി എന്താണ് പറ്റിയത് എന്ന് അവർക്ക് തിരിച്ചറിയാൻ സാധിക്കാറില്ല. "നോക്ക് ആ പെണ്ണിനെ അവന്മാർ തുലച്ചു കളഞ്ഞു " എന്നൊക്കെ കെയർ ടേക്കർ ആന്റിമാർ പരസ്പരം പറയുന്നത് കേട്ടവരുണ്ട് കുട്ടികൾക്കിടയിൽ. 

പൊലീസ് ഇടപെട്ട ശേഷമാണ് വൈദ്യ പരിശോധന നടത്തപ്പെട്ടതും, 42 പെൺകുട്ടികളിൽ 34 പേരും വളരെ അടുത്ത ദിവസങ്ങളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട് എന്ന് തെളിഞ്ഞതും. ഈ കണ്ടെത്തലുകൾ വന്നതോടെ പൊലീസ് നടപടി സ്വീകരിച്ചു. രണ്ടാഴ്ചയ്ക്കകം ബ്രിജേഷ്  ഠാക്കൂര്‍ അറസ്റ്റുചെയ്യപ്പെട്ടു, കൂടെ ഒമ്പത് ഷെൽട്ടർ ഹോം ജീവനക്കാരും. അവരിൽ ഏഴുപേരും  ഠാക്കൂറിനെ സഹായിച്ച വനിതാ കെയർ ടേക്കർമാർ ആയിരുന്നു. സംസ്ഥാന ശിശുക്ഷേമ സമിതിയിലെ ഒരു അംഗത്തിന്റെ പേരിലും പൊലീസ് കേസെടുത്തു എങ്കിലും അയാൾ ഒളിവിൽ പോയതിനാൽ ഇതുവരെ പിടികൂടാനായിട്ടില്ല. തനിക്കുനേരെ ഉയർന്നുവന്ന ആരോപണങ്ങൾ ഒന്നടങ്കം നിഷേധിച്ച  ഠാക്കൂര്‍ അന്നുപറഞ്ഞത് രാഷ്ട്രീയത്തിലെ തന്റെ എതിരാളികൾ കെട്ടിച്ചമച്ച ഇല്ലാക്കഥകളാണ് ഇതൊക്കെയും എന്നാണ്. ബീഹാർ സർക്കാർ അക്രഡിറ്റേഷനുള്ള ജേർണലിസ്റ്റ് ആയ  ഠാക്കൂര്‍ നടത്തുന്ന പത്രത്തിന് ആകെയുള്ളത് തുലോം തുച്ഛമായ സർക്കുലേഷൻ മാത്രമാണ്. തന്റെ ഷെൽട്ടർ ഹോമിലെ കുട്ടികളെ പട്നയിലെ രാത്രി ഏറെ വൈകി നടക്കുന്ന പാർട്ടികൾക്ക് സപ്ലൈ ചെയ്യുന്നു ബ്രജേഷ് എന്നൊരു ആരോപണവും ഈ കേസിന്റെ അന്വേഷണത്തിനിടെ ഉയർന്നുവന്നിരുന്നു.  ഠാക്കൂറിന്റെയും അയാൾ കൊണ്ടുവന്നുകൊണ്ടിരുന്ന മറ്റ് അപരിചിതരുടെയും പീഡനങ്ങൾ സഹിക്കാൻ വയ്യാതെ പെൺകുട്ടികളിൽ പലരും കൂട്ടമായി ഒളിച്ചോടിയിരുന്നു. ഷെൽട്ടർ ഹോമിൽ നിന്ന് ആളെക്കാണാതായിട്ട് അയാൾ ഒരിക്കലും അത് പൊലീസിൽ അറിയിക്കുകയുണ്ടായിരുന്നില്ല. 

The cruel acts of rape endured by the children of Muzaffarpur Shelter home

 കഴിഞ്ഞ കുറേ വർഷങ്ങളായി സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ പല ഓഡിറ്റുകളും മുസഫർപൂരിലെ ഇതേ ഷെൽട്ടർ ഹോമിൽ നടന്നിട്ടുണ്ട് എങ്കിലും അന്നൊക്കെ അവിടെ യാതൊരു കുഴപ്പവുമില്ല എന്ന റിപ്പോർട്ടാണ് നല്കപ്പെട്ടിരുന്നു. അത്രയ്ക്കുണ്ടായിരുന്നു  ബ്രജേഷ്  ഠാക്കൂറിന്റെ സ്വാധീനം. എന്തായാലും ഈ കേസ് വെളിയിൽ വന്നതോടെ മുഖ്യമന്ത്രി നിതീഷ് കുമാർ സംസ്ഥാനത്തെ ഷെൽട്ടർ ഹോമുകളുടെ ശോചനീയമായ അവസ്ഥക്ക് പുരോഗമനമുണ്ടാകാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios