Asianet News MalayalamAsianet News Malayalam

മാല്‍കം എക്‌സ് വധത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍, തൊട്ടു പിന്നാലെ മകളെ മരിച്ചനിലയില്‍ കണ്ടെത്തി

കറുത്ത വര്‍ഗക്കാരുടെ അവകാശപ്പോരാളിയായിരുന്ന മാല്‍കം എക്‌സിന്റെ കൊലപാതകത്തിനു പിന്നില്‍ അമേരിക്കന്‍ ഭരണകൂടവും എഫ് ബി ഐയുമാണെന്ന് ആരോപിച്ചതിനു പിന്നാലെ, അദ്ദേഹത്തിന്റെ മകള്‍ മലൈക ഷാബാസിനെ മകളുടെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 

the daughter of Malcolm X  has died US officials say
Author
New York, First Published Nov 23, 2021, 6:14 PM IST
  • Facebook
  • Twitter
  • Whatsapp

കറുത്ത വര്‍ഗക്കാരുടെ അവകാശപ്പോരാളിയായിരുന്ന മാല്‍കം എക്‌സിന്റെ  കൊലപാതകത്തിനു പിന്നില്‍ അമേരിക്കന്‍ ഭരണകൂടവും എഫ് ബി ഐയുമാണെന്ന് ആരോപിച്ചതിനു പിന്നാലെ, അദ്ദേഹത്തിന്റെ മകള്‍ മലൈക ഷാബാസിനെ മകളുടെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബ്രൂക് ലിനിലുള്ള വസതിയിലാണ് മലൈകയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 56 വയസായിരുന്നു. 

മല്‍കം എക്‌സ് വധക്കേസില്‍ പതിറ്റാണ്ടുകളോളം ജയിലില്‍ കഴിഞ്ഞ രണ്ട് പ്രതികള്‍ നിരപരാധികളാണെന്ന് മാന്‍ഹാട്ടന്‍ ജില്ലാകോടതി വിധിയെഴുതി മൂന്നാമത്തെ ദിവസമാണ് മലൈകയുടെ മരണം. കോടതി വിധിയെ തുടര്‍ന്ന്, മലൈകയും സഹോദരങ്ങളും അമേരിക്കന ഭരണകൂടത്തിനും എഫ് ബിഐയ്ക്കും എതിരെ ആരോപണം ഉന്നയിച്ചിരുന്നു. 

 

the daughter of Malcolm X  has died US officials say

മലൈക

 

സംഭവത്തിനു പിന്നിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെന്നും കേസ് റീ ഓപ്പണ്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് മലൈക അടക്കം കുടുംബം നല്‍കിയ പരാതിയില്‍ രണ്ട് വര്‍ഷമായി നടത്തിയ അന്വേഷണത്തിനൊടുവിലായിരുന്നു അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വിവാദമായ ഒരു കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത്. എഫ് ബി ഐയും ന്യൂയോര്‍ക്ക് പൊലീസും കേസില്‍ കുറ്റകരമായ അനാസ്ഥ കാണിച്ചതായും മാന്‍ഹാട്ടന്‍ കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പിതാവിനെ കൊലചെയ്തതിനു പിന്നില്‍ അമേരിക്കന്‍ ഭരണകൂടവും എഫ് ബി ഐയും ആണെന്ന് മലൈകയും സഹോദരങ്ങളും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് മലൈകയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 

മലൈകയുടെ സ്വാഭാവിക മരണമാണ് എന്നാണ് പ്രാഥമിക പരിശോധനകളില്‍ തെളിഞ്ഞതെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷം ഇക്കാര്യ്ം ഉറപ്പുവരുത്താനാവുമെന്നും പൊലീസ് അധികൃതര്‍ പറഞ്ഞു. 

മാല്‍കം എക്‌സിന്റെ ഏറ്റവും ഇളയ മകളാണ് മലൈക. മാലിക് ഇരട്ട സഹോദരിയാണ്. മകളുടെ വീട്ടിലായിരുന്നു മലൈക താമസിച്ചിരുന്നത്. മകളാണ് അവരെ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. സംഭവത്തില്‍ ദുരൂഹതകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. 

 

the daughter of Malcolm X  has died US officials say

മാല്‍ക്കം എക്‌സ്

 

1960-കളില്‍ അമേരിക്കയില്‍ നടന്ന കറുത്ത വര്‍ഗക്കാരുടെ പോരാട്ടത്തിന്റെ മുന്‍നിര പോരാളിയായിരുന്നു മാല്‍ക്കം എക്‌സ് . 1965 ഫെബ്രുവരി 21-ന് വാഷിങ്ടണില്‍ ആഫ്രോ അമേരിക്കന്‍ സമ്മേളനത്തില്‍ സംസാരിച്ചുകൊണ്ടിരിക്കവെ വെടിയേറ്റ് മരിക്കുകയായിരുന്നു. അന്ന് പരിപാടിയിലുണ്ടായിരുന്ന ഭാര്യയുടെയും മക്കളുടെയും മുമ്പിലാണ് മാല്‍ക്കം എക്‌സ് കൊല്ലപ്പെട്ടത്. ഭാര്യ ഗര്‍ഭിണിയായിരുന്നു. മലൈകയും ഇരട്ടസഹോദരിയായ മാലിക്കും അന്ന് അമ്മയുടെ വയറ്റിലായിരുന്നു. 39 വയസ്സുള്ളപ്പോഴാണ് അദ്ദേഹം കൊല ചെയ്യപ്പെട്ടത്. 

സംഭവത്തെ തുടര്‍ന്ന് മൂന്ന് പേരാണ് അറസ്റ്റിലായത്. നോര്‍മന്‍ ബട്‌ലര്‍, തോമസ ജോണ്‍സണ്‍, തോമസ് ഹാഗന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ മൂന്നു പേരെയും പിന്നീട് കോടതി പിന്നീട് 42 വര്‍ഷം തടവുശിക്ഷ വിധിച്ചു. ജയിലില്‍വെച്ച് ഇവര്‍ ഇസ്‌ലാം മതം സ്വീകരിച്ചു. മുഹമ്മദ് എ അസീസ്, ഖലീല്‍ ഇബ്രാഹിം, ഹലീം എന്നിങ്ങനെ പേരു സ്വീകരിച്ചു. 20 വര്‍ഷത്തിലേറെ ഏകാന്ത തടവില്‍ കഴിഞ്ഞ ഇവര്‍ കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് മോചിതരായി. 

 

the daughter of Malcolm X  has died US officials say

മുഹമ്മദ് എ അസീസ്, ഖലീല്‍ ഇബ്രാഹിം

 

അതിനിടെയാണ്, ആരാണ് മാല്‍കം എക്‌സിനെ കൊന്നത് എന്ന പേരില്‍ ഒരു നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി അടുത്ത കാലത്തായി പുറത്തുവന്നത്. നിരവധി തെളിവുകള്‍ പരിശോധിച്ചശേഷം, പൊലീസും പ്രോസിക്യൂഷനും നടത്തിയ തിരിമറികളെ കുറിച്ചുള്ള സൂചനകള്‍ ഡോക്യുമെന്ററി പുറത്തുകൊണ്ടുവന്നു. ആദ്യം പറഞ്ഞ രണ്ട് പ്രതികളും സംഭവസ്ഥലത്തുപോലും ഉണ്ടായിരുന്നില്ലെന്നും അവര്‍ നിരപരാധികളാണെന്നും മൂന്നാമത്തെ പ്രതി മൊഴി നല്‍കിയതും നിര്‍ണായകമായി. ഇതിനു പിന്നാലെയാണ് കുടുംബം കേസ് പുനരേന്വഷിക്കണം എന്നാവശ്യപ്പെട്ടത്. 

 

 

തുടര്‍ന്ന് മാന്‍ഹാട്ടന്‍ കോടതിയും പ്രതികളുടെ അഭിഭാഷകരും ഇന്നസെന്‍സ് എന്ന മനുഷ്യാവകാശ സംഘടനയും ചേര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മാല്‍ക്കം എകസിന്റെ വധത്തെക്കുറിച്ചുള്ള നിര്‍ണായകമായ കണ്ടെത്തലുകള്‍ ഉണ്ടാവുന്നത്. ഒട്ടും എളുപ്പമായിരുന്നില്ല അന്വേഷണം. കേസിലെ നിര്‍ണായക സാക്ഷികളും പ്രതികളില്‍ ഒരാള്‍ പോലും മരിച്ചിരുന്നു. നിലവിലുള്ള തെളിവുകള്‍ പുന:പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് മാന്‍ഹാട്ടന്‍ കോടതി പ്രതികള്‍ നിരപരാധികളാണെന്നും ഒരു തെറ്റും ചെയ്യാതെയാണ് ശിക്ഷ അനുഭവിച്ചതെന്നും കണ്ടെത്തിയത്. എന്നാല്‍, ആരാണ് പ്രതികളെന്ന് കോടതി ചൂണ്ടിക്കാണിച്ചില്ല. 

 

the daughter of Malcolm X  has died US officials say

മാല്‍ക്കം എക്‌സ് വെടിയേറ്റ് മരിച്ചപ്പോള്‍

 

മാല്‍ക്കം എക്‌സ് കൊല്ലപ്പെട്ട് മൂന്ന് വര്‍ഷത്തിനു ശേഷം അറുപതുകളില്‍ അമേരിക്കയില്‍നടന്ന കറുത്ത വര്‍ഗക്കാരുടെ പോരാട്ടത്തിന്റെ മുന്‍നിരയില്‍ മാല്‍ക്കം എക്‌സിനൊപ്പമുണ്ടായിരുന്ന മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയറും വെടിയേറ്റ് മരിച്ചിരുന്നു. ഈ കൊലപാതകം അടക്കം അമേരിക്കന്‍ ഭരണകൂടവും എഫ് ബി ഐയും ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് എന്നാണ് കോടതി വിധിക്കുശേഷം മലൈക അടക്കമുള്ള കുടുംബംഗങ്ങള്‍ ആരോപിച്ചത്. കേസ് അന്വേഷണം നടത്തിയ ഇന്നസെന്‍സ് എന്ന സംഘടനയും ഇതേ ആരോപണം ഉന്നയിച്ചിട്ടുണ്ട്. കോടതിയുടെ ഇടപെടല്‍ വലിയ വാര്‍ത്തയായതിനു പിന്നാലെയാണ് മലൈകയുടെ മരണം. 

അറുപതുകളില്‍ വര്‍ണ്ണവിവേചനത്തിന് എതിരായി ആഫ്രോ അമേരിക്കന്‍ വംശജര്‍ നടത്തിയ ഐതിഹാസിക പോരാട്ടത്തിലെ മുന്‍നിര പോരാളികളായിരുന്നു മാല്‍ക്കം എക്‌സും സമാധാനത്തിനുളള നൊബേല്‍ സമ്മാനം നേടിയ മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയറും. ഇവര്‍ രണ്ടുപേരും മൂന്ന് വര്‍ഷത്തിന്റെ ഇടവേളയില്‍ കൊല്ലപ്പെട്ടത് കറുത്തവരുടെ മുന്നേറ്റത്തെ സാരമായി ബാധിച്ചിരുന്നു. 

വെള്ളക്കാരുടെ ഭീകര സംഘടനയായ കു ക്ലക്‌സ് ക്ലാനിന്റെ ആക്രമണത്തില്‍ പിതാവും മൂന്നു സഹോദരങ്ങളും കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കറുത്തവരുടെ അവകാശസമരങ്ങളിലേക്ക് മാല്‍ക്കം എക്‌സ് എത്തിപ്പെട്ടത്. പിന്നീട്, മനുഷ്യാവകാശ പ്രശ്‌നങ്ങളിലും കറുത്തവരുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തിലും സജീവമായി. പിന്നീട് അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചു. 

മലൈകയുടെ മരണത്തില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ മകള്‍ ബര്‍നിസ് കിങ് അഗാധമായ ദു:ഖം രേഖപ്പെടുത്തി. 

Follow Us:
Download App:
  • android
  • ios