Asianet News MalayalamAsianet News Malayalam

ഇന്നേക്ക് 99 വർഷം മുമ്പ് നാസി പാർട്ടിയുടെ തലപ്പത്തേക്ക് അഡോൾഫ് ഹിറ്റ്‌ലർ എത്തിപ്പെട്ടത് ഇങ്ങനെ

പരാജയപ്പെട്ട ഒരു ഫൈൻ ആർട്‍സ് വിദ്യാർത്ഥി,  ശാരീരികമായ യാതൊരുവിധ ആകർഷകത്വവും ഇല്ലാതിരുന്ന ഒരു ദുർബല മനുഷ്യൻ, എങ്ങനെയാണ് ഒരു ജനാധിപത്യഭരണവ്യവസ്ഥയുടെ ഏകഛത്രാധിപതിയായി മാറിയത് ? 

The day when Adolf Hitler was elected as the leader of Nazi Party
Author
Berlin, First Published Jul 29, 2020, 12:05 PM IST

അഡോൾഫ് ഹിറ്റ്‌ലര്‍ എന്നത് ചരിത്രത്തിലെ ഏറ്റവും (കു)പ്രസിദ്ധമായ പേരുകളിൽ ഒന്നാണ്. ജർമനി എന്ന രാഷ്ട്രത്തെക്കൊണ്ട്, മറ്റുള്ളവർക്കുമേൽ അചിന്ത്യമായ ക്രൂരതകൾ പ്രവർത്തിപ്പിച്ചു ദുഷ്ടനായ ഒരു രാഷ്ട്ര നേതാവായിരുന്നു ഹിറ്റ്‌ലര്‍.ഇന്ന്, 2020 ജൂലൈ 29 -ന് അഡോൾഫ് ഹിറ്റ്‌ലര്‍ നാസിപാർട്ടിയുടെ തലപ്പത്ത് വന്നിട്ട് 99 വർഷം തികയുന്നു. പരാജയപ്പെട്ട ഒരു ഫൈൻ ആർട്‍സ് വിദ്യാർത്ഥി,  ശാരീരികമായ യാതൊരുവിധ ആകർഷകത്വവും ഇല്ലാതിരുന്ന ഒരു ദുർബല മനുഷ്യൻ, എങ്ങനെയാണ് ഒരു ജനാധിപത്യഭരണവ്യവസ്ഥയുടെ ഏകഛത്രാധിപതിയായി മാറിയത്? അവിടെയിരുന്നുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ വംശഹത്യയുടെ തിരക്കഥ രചിച്ചത്? അത് വിജയകരമായി നടപ്പിലാക്കിയത്? 

ഹിറ്റ്‌ലര്‍ ജനിച്ചത് 1889 -ലാണ്. അയാൾ ജന്മം കൊണ്ട് ഒരു ഓസ്ട്രിയൻ പൗരനായിരുന്നു. ഓസ്ട്രിയക്കാരും വംശീയമായി നോക്കിയാൽ ജർമ്മൻ ഭാഷ സംസാരിക്കുന്ന ജർമ്മൻ വംശജർ തന്നെ, എങ്കിലും അവർ ഭൂമിശാസ്ത്രപരമായി ജർമ്മൻ സാമ്രാജ്യത്തിന്റെ ഭാഗമല്ല. 1914 -ൽ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് ഹിറ്റ്ലർക്ക് 25 വയസ്സ് പ്രായം. അന്ന് ബവേറിയൻ ആർമിയുടെ ഭാഗമാകാൻ ഹിറ്റ്‌ലര്‍ സന്നദ്ധത പ്രകടിപ്പിക്കുന്നു. ബവേറിയ അന്ന് ജർമൻ സാമ്രാജ്യത്തിന്റെ ഭാഗം. ആ യുദ്ധത്തിൽ ഒരു 'ഡിസ്പാച്ച് റണ്ണർ'  ആയി ജോലി ചെയ്ത കാലത്താണ് ആദ്യായി ഹിറ്റ്‌ലർ തന്റെ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ പ്രസക്തി അനുഭവിക്കുന്നത്. ഇപ്പോഴും ഓട്ടത്തോട് ഓട്ടം തന്നെ. സന്ദേശങ്ങൾ ഒരു യുദ്ധമുഖത്തു നിന്ന് മറ്റൊന്നിലേക്കിങ്ങനെ കൊണ്ടുപൊയ്ക്കൊണ്ടിരിക്കും. യുദ്ധത്തിനിടെ ഹിറ്റ്‌ലര്‍ക്ക് മെഡലുകൾ കിട്ടുന്നു. ഒരിക്കൽ സാരമായ പരിക്കും ഏൽക്കുന്നു ഹിറ്റ്‌ലര്‍ക്ക്. 

 

The day when Adolf Hitler was elected as the leader of Nazi Party

 

1918 -ൽ ഒന്നാം ലോകമഹായുദ്ധം അവസാനിച്ച് അധികം താമസിയാതെ, ഒക്ടോബർ മാസത്തിൽ ജർമനിയിൽ വിപ്ലവമുണ്ടാകുന്നു. കൈസർ വില്യം അധികാരഭ്രഷ്ടനാക്കപ്പെടുന്നു. നവംബറിൽ സമാധാന ഉടമ്പടി ഒപ്പുവെക്കപ്പെടുന്നു. ജർമനിയുടെ പരാജയം സായുധമായ പരാജയം മാത്രമായിട്ടല്ല പട്ടാളത്തിന്റെ വിവിധ ശ്രേണികളിൽ ഉള്ളവർ കണ്ടിരുന്നത്. ഉടമ്പടി ഒപ്പുവെച്ചതടക്കം പലതിലും, ജർമൻ ജനതയിലെ ഒരു വിഭാഗം, വിശിഷ്യാ ജൂതർ, വൈദേശിക സ്വാധീനത്തിൽ മയങ്ങി സ്വന്തം രാജ്യത്തെ ഒറ്റുകൊടുത്തു എന്നൊരു പ്രചാരണം സജീവമായി. ഉടമ്പടിയിൽ ഒപ്പിട്ടില്ലായിരുന്നു എങ്കിൽ, യുദ്ധം അല്പനാൾ തുടർന്നിരുന്നെങ്കിൽ ചിലപ്പോൾ തങ്ങൾ ജയിച്ചിരുന്നേനെ എന്നുപോലും കരുതിയിരുന്ന ഓഫീസർമാരുണ്ടായിരുന്നു അന്ന് ജർമൻ സേനയിൽ. അതുകൊണ്ട്, ഇങ്ങനെ ഒരു ഒത്തുതീർപ്പ് സന്ധിയിൽ ഒപ്പിടാൻ മുൻകൈ എടുത്തവർ ഈ ഗൂഢാലോചനാ സിദ്ധാന്തക്കാർ 'നവംബർ ക്രിമിനലുകൾ' എന്നുവിളിച്ചു. 

 

The day when Adolf Hitler was elected as the leader of Nazi Party

 

1919 ജൂണിൽ അതിനിടെ വാഴ്സാ ഉണ്ടംപാടി ഒപ്പുവെക്കപ്പെടുന്നു. ഇതിലെ പല ഉപാധികളും ജർമനിക്ക് കടുത്ത സാമ്പത്തിക നഷ്ടവും ഭൂനഷ്ടവും ഉണ്ടാക്കുന്നതായിരുന്നു. സ്വന്തം മണ്ണിന്റെ നല്ലൊരു ഭാഗം അന്ന് ജർമനിക്ക് നഷ്ടപ്പെട്ടു. ഒപ്പം കനത്തൊരു തുക യുദ്ധച്ചെലവിലേക്ക് നഷ്ടപരിഹാരമായും സഖ്യകകൾക്ക് നൽകേണ്ടിയും വന്നു അവർക്ക്. ഒന്നാം ലോകമഹായുദ്ധത്തിന്റെ സകല പിഴയും ജർമനിയുടെ തലയിലേക്ക് എടുത്തു വെക്കുന്ന ഒന്നായിരുന്നു വാഴ്സാ ഉടമ്പടി. 

ജൂലൈ മാസത്തിൽ, അപ്പോഴും സൈന്യത്തിന്റെ ഭാഗമായിരുന്ന ഹിറ്റ്‌ലര്‍ക്ക് ഒരു കോവേർട്ട് ഓപ്പറേഷന്റെ ചുമതല ലഭിക്കുന്നു. എന്താ? ജർമൻ വർക്കേഴ്സ് പാർട്ടി(DAP)യിൽ ചേർന്ന് സൈന്യത്തിനുവേണ്ടി ചാരപ്പണി എടുക്കണം. അത് അത്ര പ്രയാസമുള്ള പണി ആയിരുന്നില്ല. കാരണം ആകെ പത്തമ്പത് അംഗങ്ങൾ മാത്രമാണ് അന്ന് DAP യിൽ ഉണ്ടായിരുന്നത്. ഓഗസ്റ്റിൽ അതിനിടെ വെയ്മർ കോൺസ്റ്റിട്യൂഷൻ നിലവിൽ വന്നു. 

 

The day when Adolf Hitler was elected as the leader of Nazi Party

 

ചേർന്നത് ചാരപ്പണിക്കായിരുന്നു എങ്കിലും DAP യുടെ ആദർശങ്ങളിലും പ്രവർത്തന ശൈലിയിലും തത്വസംഹിതകളിലും ഹിറ്റ്‌ലര്‍ മോഹിതനാവുകയാണ് ഉണ്ടായത്. അത് മുറുകെപ്പിടിച്ചിരുന്ന ദേശീയതാ ബോധം ഹിറ്റ്ലറെ ഏറെ സ്വാധീനിച്ചു. അത് പട്ടാളത്തിന്റെ 'പഴിചാരൽ ഫിലോസഫി'യുമായി ചേർന്നു നിൽക്കുന്ന ഒന്നായിരുന്നു. ജർമൻ വർക്കേഴ്സ് പാർട്ടി തികഞ്ഞ സെമിറ്റിക് വിരുദ്ധതയും, യഹൂദ വിരുദ്ധതയും, കമ്യൂണിസ്റ്റ് വിരുദ്ധതയും, ആഗോളകുത്തക വിരുദ്ധതയും മുറുകെപ്പിടിച്ചിരുന്ന പാർട്ടിയായിരുന്നു.     

 

The day when Adolf Hitler was elected as the leader of Nazi Party

 

ഇടത് വലത് തത്വശാസ്ത്രങ്ങൾ പലപ്പോഴും നമ്മൾ നിർധാരണം ചെയ്യാറുള്ളത് സാമ്പത്തിക പരിഗണനകൾ മനസ്സിൽ കണ്ടുകൊണ്ടാണ്. തീവ്ര ഇടതു പക്ഷമെന്നത് സാമ്പത്തികമായ നിലഭേദങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്ന, വർഗ്ഗവ്യത്യാസങ്ങൾക്കെതിരെ പോരാടുന്ന, ഒരു സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് പ്രസ്ഥാനമാകുമ്പോൾ, തീവ്ര വലതുപക്ഷം എന്നത് തികഞ്ഞ  ആഗോള കുത്തക മുതലാളിത്ത സെറ്റപ്പ് ആണ്. ഇത് രണ്ടിൽ നിന്നും വ്യത്യസ്തമായിരുന്നു ജർമ്മൻ വർക്കേഴ്സ് പാർട്ടി മുതിർന്നുണ്ടായ നാസി പാർട്ടിയും, ഏതാണ്ട് അതേ സമയം തന്നെ ഇറ്റലിയിൽ പുഷ്ടിപ്പെട്ട ഫാഷിസ്റ്റ് പാർട്ടിയും. അവയുടെ അടിസ്ഥാന ആദർശം തീവ്രദേശീയത ഒന്നുമാത്രമായിരുന്നു. അവരുടെ പ്രധാന തത്വം സ്വന്തം വംശീയതയുടെ ശുദ്ധിയും മഹത്വവുമായിരുന്നു. സെമിറ്റിക് മതങ്ങളോടുള്ള വെറുപ്പായിരുന്നു.ശക്തമായ ഒരു ഗവണ്മെന്റ് എന്ന ഇമേജായിരുന്നു അവർ എന്നും സ്വയം പ്രൊമോട്ട് ചെയ്യാൻ ഉപയോഗിച്ചിരുന്നത്. അത് എന്നും കമ്യൂണിസ്റ്റ് വിരുദ്ധമായിരുന്നു. മുതലാളിത്തവിരുദ്ധവും ആയിരുന്നു ഒരുപരിധിവരെ.

ജർമ്മൻ വർക്കേഴ്സ് പാർട്ടിയിൽ അന്ന് ആകെ പത്തമ്പതു പേരെ ഉണ്ടായിരുന്നുള്ളൂ എന്ന് പറഞ്ഞല്ലോ. DAP 'യുടെ അംഗത്വ രശീതുകുറ്റിയുടെ കൌണ്ടർ ഫോയിലിലെ അമ്പത്തഞ്ചാം നമ്പർ എൻട്രിയാണ് അഡോൾഫ്  ഹിറ്റ്‌ലർ എന്ന പേര്. ഈ ഘട്ടത്തിൽ ജർമൻ രാഷ്ട്രീയ മണ്ഡലത്തിൽ യാതൊരു വിധത്തിലുള്ള ചലനങ്ങളും ഉണ്ടാക്കാൻ പോന്നതായിരുന്നില്ല DAP എന്ന പാർട്ടി. 1921 -ൽ കൂടുതൽ ജനങ്ങളിലേക്ക് എത്തിപ്പെടാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി പാർട്ടി അതിന്റെ പേര്, 'നാഷണൽ ഡെമോക്രാറ്റിക് ജർമൻ വർക്കേഴ്സ് പാർട്ടി (NSDAP) എന്ന് പുനർനാമകരണം ചെയ്യുന്നു. നാസി എന്ന പേര് വരുന്നത് ഈ പുതിയ പേരിലെ നാഷണൽ എന്നത് ജർമൻകാർ ഉച്ചരിച്ചിരുന്ന റീത്തിയിൽ നിന്നാണ്, 'നാത്സിണൽ' എന്നൊക്കെയായിരുന്നു ആ ഉച്ചാരണം. അത് ചുരുങ്ങി ഒടുവിൽ നാസി പാർട്ടി എന്ന പേരിലേക്ക് എത്തുന്നു. 

 

The day when Adolf Hitler was elected as the leader of Nazi Party

 

1921 -ലായിരുന്നു  ഹിറ്റ്‌ലരുടെ ജീവിതത്തിലെ അടുത്ത വഴിത്തിരിവണ്ടാകുന്നത്. പാർട്ടിക്കുള്ളിൽ തന്റെ പ്രസംഗശേഷികൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. അക്കാലത്ത് തന്നെയാണ് നാസി പാർട്ടിയുടെ സ്വസ്തിക, പരുന്ത് ഒക്കെയുള്ള ലോഗോ  ഹിറ്റ്‌ലർ  ഡിസൈൻ ചെയ്യുന്നത്. അക്കൊല്ലം തന്നെയാണ് പാർട്ടിയിലെ തൊഴുത്തിൽ കുറ്റത്തിൽ മനംനൊന്ത്  ഹിറ്റ്‌ലർ താൻ രാജിവെക്കുകയാണ് എന്ന ഭീഷണി ഹിറ്റ്ലറുടെ ഭാഗത്തുനിന്ന് ഉണ്ടായത്. പാർട്ടി എത്തിനിൽക്കുന്ന നിർണായകസന്ധിയിൽ  ഹിറ്റ്‌ലറെപ്പോലെ ഒരു മിടുക്കനായ പ്രഭാഷകൻ മറുകണ്ടം ചാടുന്നത് നാസി വർക്കേഴ്സ് പാർട്ടി നേതൃത്വത്തിന് താങ്ങാൻ സാധിക്കുമായിരുന്നില്ല.  അങ്ങനെ ഹിറ്റ്‌ലർ NSDAP വിട്ടുപോകാതിരിക്കാൻ വേണ്ടി അവർ അയാളെ ചെയർമാൻ സ്ഥാനത്ത് പ്രതിഷ്ഠിച്ചു. 1921 ജൂലൈ 29  ഹിറ്റ്‌ലർ പാർട്ടിയുടെ ചെയർമാൻ ആകുന്നു. ചെയർമാൻ സ്ഥാനത്തിരുന്നുകൊണ്ട്  ഹിറ്റ്‌ലർ  തന്റെ പ്രസംഗത്തിലൂടെ ആയിരങ്ങളെ പാർട്ടിയിലേക്കെത്തിച്ചു. പാർട്ടി വളർത്തി. 

 

The day when Adolf Hitler was elected as the leader of Nazi Party

 

1922 മുസ്സോളിനിയുടെ റോമാ മാർച്ച് നടക്കുന്നു. അവിടെ ഫാഷിസ്റ്റ് പാർട്ടി അധികാരത്തിലേറുന്നു. 1923 -ൽ എറിച്ച് ലുഡൻഡോർഫ് അടക്കമുള്ള ചില സൈനിക-രാഷ്ട്രീയ വ്യക്തിത്വങ്ങളുടെ സഹായത്തോടെ വെയ്മർ ഗവണ്മെന്റിനെ അട്ടിമറിക്കാൻ ഹിറ്റ്‌ലർ ശ്രമിക്കുന്നു. എന്നാൽ 'ബിയർ ഹാൾ പുഷ്ച്' എന്നറിയപ്പെട്ട ആ 'കൂ'  പരാജയപ്പെടുന്നു.  അതോടെ നാസിപാർട്ടി രാജ്യത്ത് നിരോധിക്കപ്പെടുന്നു. ഹിറ്റ്‌ലർ അടക്കമുള്ള അട്ടിമറിക്കാർ അറസ്റ്റിലാകുന്നു. 1924 -ൽ  ഹിറ്റ്‌ലർ ജയിലിൽ അടക്കപ്പെടുന്നു. ജയിൽ വാസത്തിനിടയിലാണ് 'മെയ്ൻ കാംഫ്' അഥവാ 'എന്റെ സംഘർഷങ്ങൾ' എന്ന സ്വന്തം ജീവിതതത്വശാസ്ത്രചിന്തകളടങ്ങിയ ആത്മകഥ എഴുതുന്നത്. അതിലാണ് ഹിറ്റ്‌ലർ ഒന്നാം ലോകമഹായുദ്ധത്തിൽ ജർമനിയുടെ പരാജയ കാരണം രാജ്യത്തിന്റെ വംശീയ അശുദ്ധിയാണ് എന്നതടക്കമുള്ള നിരീക്ഷണങ്ങൾ കുറിക്കുന്നത്. 1925 ജനുവരിയിൽ  ഹിറ്റ്‌ലർ വെയ്മർ റിപ്പബ്ലിക്കിനെ മാനിച്ചുകൊള്ളാം എന്നും, രാഷ്ട്രീയപരമായല്ലാതെ എതിർപ്പുകൾക്ക് മുതിരില്ല എന്നും ഉറപ്പുകൊടുക്കുന്നു. എന്നാൽ, വീണ്ടും ചില പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തി വിലക്കപ്പെടുന്നു. 

 

The day when Adolf Hitler was elected as the leader of Nazi Party

 

1929 ഒക്ടോബർ 24 -ന്  അമേരിക്കൻ ഓഹരിവിപണിയിലുണ്ടായ തകർച്ച ജർമനിയിലും കടുത്ത സാമ്പത്തിക തളർച്ച ഉണ്ടാക്കി. ബാങ്കുകളിൽ പലതും തകർന്നു തരിപ്പണമായി. ജർമനിയിൽ വ്യാപകമായ തൊഴിലില്ലായ്‌മക്കും വിലക്കയറ്റത്തിനും പട്ടിണിക്കും അത് ഇടയാക്കി. 1930 ലെ തെരഞ്ഞെടുപ്പ് നാസി പാർട്ടിയെ ആയിരങ്ങൾ മാത്രം വിശ്വസിച്ചിരുന്ന ഒരു പ്രസ്ഥാനത്തിൽ നിന്ന്, രാജ്യത്തെ തെരഞ്ഞെടുപ്പിൽ 18 ശതമാനം വോട്ടു നേടിയ ദേശീയ പാർട്ടിയാക്കി മാറ്റി. പാർലമെന്റിൽ രണ്ടാമത്തെ വലിയ കക്ഷി. 1933 ആയപ്പോഴേക്കും നാസി പാർട്ടിയുടെ വോട്ട് ഷെയർ 44 ശതമാനമായി അധികരിച്ചു. അക്കൊല്ലം തന്നെ ഹിറ്റ്‌ലർ ചാൻസലർ ആയി അവരോധിക്കപ്പെടുകയും ചെയ്തു.

അധികാരത്തിലേറിയ ശേഷം  ഹിറ്റ്‌ലർ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയുടെ കടക്കൽ കത്തിവെച്ച് സ്വയം ഫ്യൂറർ ആയി അവരോധിച്ചതും, ജർമനിയുടെ ഏകാധിപതിയായ മാറി അതിനെ രണ്ടാം ലോക മഹായുദ്ധവും ജൂത വംശീയഹത്യയും അടക്കമുള്ള ദൗർഭാഗ്യകരമായ അക്രമങ്ങളിലേക്ക് നയിച്ചതും ഒക്കെ ചരിത്രത്തിലെ മറക്കാനാവാത്ത അധ്യായങ്ങളാണ്. അതിന്റെയൊക്കെ തുടക്കം കുറിച്ച  ഹിറ്റ്‌ലറുടെ പാർട്ടിയിലെ സ്ഥാനാരോഹണത്തിന് ഇന്നേക്ക് 99 വയസ്സ്.

Follow Us:
Download App:
  • android
  • ios